-->

kazhchapadu

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

Published

on

വിപ്ലവകാരികൾ വധിക്കപ്പെടണം. കൊല്ലപ്പെടാത്ത വിപ്ലവകാരികളുടെ അന്ത്യം ദാരുണമായിരിക്കും.

ബസ്സിനകത്ത് ഉന്തും തള്ളും. കോളേജ്  കുമാരന്മാർ ആണ്. 

'കൺസെഷനിൽ യാത്ര ചെയ്യുന്നവരൊന്നും സുഖിച്ചിരിക്കണ്ട. മുഴുവൻ കാശും കൊടുത്തവർ ഇരിക്കട്ടെ! എന്ന് കിളി പറഞ്ഞത്രെ! 

സംഭവം നടന്നതോ, ഇന്നല്ല, രണ്ടു ദിവസം മുമ്പ്. അന്ന് സംഘബലം ഇല്ലാതിരുന്നതിനാൽ വഴക്കുണ്ടാക്കാൻ ഇന്ന് കൂട്ടത്തോടെ വന്നിരിക്കുകയാണ്.  വാക്കുതർക്കം തെറിവിളിയിലും പിന്നെ, ഉന്തിലും തള്ളിലുമെത്തി. ആകെ ഒരു കോലാഹലം. സ്ത്രീകളും കുട്ടികളും അസ്വസ്ഥരായി. വണ്ടി നിർത്തിയപ്പോൾ കോളേജു കുമാരന്മാർ പുറത്തിറങ്ങി. കുറേ മാന്യന്മാർ മധ്യസ്ഥരായി കൂടെയിറങ്ങി. കുറേപ്പേർ കാഴ്ചക്കാരായും ഇറങ്ങി. ഡ്രൈവർ, കണ്ടക്ടർ, കിളി മൂവരും താഴെയുണ്ട്. മറ്റു ചിലർ ബസ്സിൽനിന്നു തല പുറത്തേക്കിട്ടു നോക്കി രസിച്ചു. ചന്ദ്രൻ തന്റെ സീറ്റിൽത്തന്നെ ഉറച്ചിരുന്നു. മുംബൈ മഹാനഗരത്തിലെ ലോക്കൽ ട്രെയിനിൽ നിരന്തരം യാത്ര ചെയ്യുന്നവർക്ക്  ഇതൊരു ചെറിയ തമാശ മാത്രം. 

കൂക്കിവിളി തുടങ്ങി, ആശ്വാസമായി! കോളേജു കുമാരന്മാർ വിജയം ആഘോഷിക്കുകയാണ്. ഡ്രൈവർ, കണ്ടക്ടർ, കിളി മൂവരും വണ്ടിയിൽ കയറി എന്നു മനസ്സിലായി. വണ്ടി വീണ്ടും മുന്നോട്ടു നീങ്ങിയപ്പോൾ പലതരം ചർച്ചകളും തുടങ്ങി. അമ്മയെ തല്ലിയാലും രണ്ടഭിപ്രായം എന്നല്ലെ! ചന്ദ്രൻ മനസ്സിനെ ഓർമ്മകളിലേക്കു തിരിച്ചുവിട്ടു; തൻ്റെ കോളേജിലേക്ക്. 

സൈമൺ. കാട്ടുതീ പോലെയാണ്, വിപ്ലവം അവനിൽ ആളിക്കയറിയത്. ഒരു ബാധപോലെ. അവന്റെ രൂപവും ഭാവവും അത് മാറ്റിമറിച്ചു. ചിരി മാഞ്ഞു പോയി. സ്വരം പരുക്കനായി. എന്തു ചോദിച്ചാലും ഒറ്റവാക്കിൽ മറുപടി. ഒഴിവാക്കാൻ ശ്രമിക്കുന്ന പോലെ. എന്തോ അത്യാവശ്യത്തിന് പോകുന്നതുപോലെ. ധൃതി. തിരക്ക്. അസ്വസ്ഥത. വല്ലാത്ത ഒരു തിടുക്കം. 

“സംഘം ചേർന്നും ചർച്ച ചെയ്തും ഇരിക്കുന്നതിൽ ഒരർത്ഥവുമില്ല. പരിതസ്ഥിതി മാറ്റപെടണം. ഇതൊരു വിഷമവൃത്തമാണ്. ഈ വൃത്തം തകർക്കണം. ചോര ചിന്തേണ്ടിവന്നാലും. ആക്ഷൻ! ആക്ഷൻ!” 

ഒടുവിൽ നാലുപേരും കൂടെ അതു ചെയ്തു! 

തകർന്നുവീണ ജില്ലാകോടതിയുടെ  കനത്ത ചുമരുകൾക്കടിയിൽ ഞെരിഞ്ഞമർന്ന ജീവിതങ്ങളുടെ കണക്ക്, ആദ്യം വളരെ ലളിതമായി തോന്നി. ലളിതമായ ഗണിതം. 

മരിച്ചവർ മൊത്തം 32. അവരിൽ സ്ത്രീകൾ 12, കുട്ടികൾ 3, പുരുഷന്മാർ 17.

ഗുരുതരമായി പരിക്കേറ്റവർ 43. പരിക്കേറ്റവരിൽ സ്ത്രീകൾ 13, കുട്ടികൾ 7, പുരുഷന്മാർ 23.

സംഖ്യകൾ. വെറും അക്കങ്ങൾ. പക്ഷേ ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ ആ അക്കങ്ങൾക്ക് ജീവൻ വച്ചുതുടങ്ങി. തകർന്നുവീണ ചുമരുകൾക്കടിയിൽ നിന്ന് സംഖ്യകളല്ല, ജീവിതങ്ങളാണ് ഉയിർത്തെഴുന്നേറ്റത്. സംഖ്യകളുടെ ലളിതമായ ഗണിതങ്ങൾ മുഴുവനും അവതാളത്തിലാക്കി, ഓരോ ദിവസവും പുതിയ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. ദുരന്തങ്ങളുടെ ഒരു പരമ്പര.

32 + 43 = 75 എന്ന കണക്ക് തെറ്റി. അതു തിരിച്ചറിയാൻ കുറച്ചു ദിവസങ്ങൾക്കൂടി വേണ്ടിവന്നു. ഓരോ ദിവസവും ഒരു പുതിയ ദുരന്ത കഥാപാത്രം കല്ലും മണ്ണും സിമന്റും തട്ടിനീക്കി അവതരിച്ചു.  അവരൊക്കെ എപ്പോൾ ആ കല്ലിനും മണ്ണിനും അടിയിലെത്തി, എന്നറിയില്ല. അനാഥരായ കുട്ടികൾ. വിധവകളായ ഭാര്യമാർ. കൂടപ്പിറപ്പുകൾ നഷ്ടപ്പെട്ട സഹോദരങ്ങൾ. താങ്ങും തണലുമാകേണ്ട മക്കൾ പോയ വൃദ്ധരായ മാതാപിതാക്കൾ. സംഖ്യകളുടെ കൂട്ടലുകൾക്കും കിഴിക്കലുകൾക്കും  അതീതമായ ഒരു ഗണിതം. ജീവിതങ്ങൾ. ആ ജീവിതങ്ങളുടെ കണക്ക് അതിനിയും പൂർത്തിയായിട്ടില്ല. എന്നെങ്കിലും പൂർത്തിയാകുമോ? 

ഈ കണ്ണുനീർ താഴ്വരയിലെ മനം മരവിപ്പിക്കുന്ന കാറ്റിൽ സൈമണിലെ വിപ്ലവജ്വാല കെട്ടടങ്ങി. കലാലയ പ്രേമം പോലെ. കലാലയ പ്രേമം വസന്തകാലത്തിലെ കുളിർക്കാറ്റാണ്. വായുവിൽ സുഗന്ധം. ശരീരത്തിൽ കുളിര്. ഇളം നാമ്പുകൾ തളിർക്കുന്നു. പുതിയ തളിരുകൾ വളരുന്നു. ഗ്രീഷ്മത്തിൽ വാടിപ്പോകുന്ന പ്രേമം. വർഷങ്ങൾക്കുശേഷം, സതീർത്യർ  ഒരുമിച്ചുകൂടി ഇരിക്കുമ്പോൾ പരസ്പരം കളിയാക്കി ചിരിക്കാനൊരു വിഷയം. ആർക്കും പരിഭവമില്ല. ഒരു ചമ്മൽ മാത്രം. വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാവുന്ന ഒരു പ്രമേയം, കൗമാരചാപല്യം. ജീവിത സായാഹ്നത്തിൽ അയവിറക്കാൻ കലാലയ പ്രേമത്തിന്റെ -  കൗമാര ചാപല്യങ്ങളുടെ കുറേ  മധുരസ്മരണകൾ പലരും മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിക്കുന്നു. 

ആളിക്കത്തിയതുപോലെത്തന്നെ സൈമണിലെ വിപ്ലവം കെട്ടടങ്ങി. ബാധ ഒഴിഞ്ഞു. എല്ലാം പഴങ്കഥയായി. അങ്ങനെയെന്തെങ്കിലും സംഭവിച്ചോ, എന്നുപോലും വ്യക്തമല്ല. ഓർമ്മയില്ല. അങ്ങനെയും ഒരു വിപ്ലകാരിയുടെ അന്ത്യം! ജുഗുപ്സാവഹമായ അന്ത്യം! സൈമൺ ഇപ്പോൾ കോടതിയിലാണ്. വിരോധാഭാസം! പേരും പെരുമയും ഉള്ള വലിയ അഭിഭാഷകൻ. 

അജയൻ. ശാന്തം. ഗംഭീരം. അതായിരുന്നു സ്ഥായിയായ ഭാവം. അവൻ ഉറക്കെ ചിരിക്കുന്നത് കേട്ടിട്ടില്ല; വീണ പോലും. അവൾ അവന്റെ നിഴലായിരുന്നു. മനസ്സ് എത്ര ക്ഷുഭിതമായാലും, അവന്റെ മുഖത്ത് ലവലേശം പോലും ഭാവമാറ്റത്തിന്റെ  നിഴലാട്ടമുണ്ടാകില്ല. വളരെ കുറച്ചുമാത്രം സംസാരിച്ചു. അളന്നു തൂക്കി, സാവധാനം, കരുതലോടെ. അതുപോലെതന്നെ വളരെ ജാഗ്രതയോടെയാണ് അവൻ പ്രസ്ഥാനത്തിൽ ചേർന്നത്. യുവത്വത്തിലെ പ്രേമം പോലെ. വേർപ്പിരിയാനാകാത്ത സ്നേഹം. മരണത്തിനുപോലും കീഴടങ്ങാത്ത സ്നേഹം. നരകയാതനകൾ, പീഡനങ്ങൾ ഒന്നിനും അയാളെ കീഴ്പ്പെടുത്താനായില്ല. അവൻ മാത്രമാണ് പിടിയിലായത്. അവൻ കൂട്ടുകാരെ ഒറ്റിക്കൊടുത്തില്ല. ശക്തമായ പ്രലോഭനങ്ങളും മോഹന വാഗ്ദാനങ്ങളും ഭീഷണികളും മർദ്ദനങ്ങളും ഒന്നുമവനെ കീഴ്പ്പെടുത്തിയില്ല. ബാക്കിയെല്ലാവരും രക്ഷപ്പെട്ടു. അജയൻ പോലീസ് കസ്റ്റഡിയിൽ മരിച്ചു. അജയൻ കൊല്ലപ്പെട്ടു. ഒരു വിപ്ലവകാരിയുടെ ധന്യമായ അന്ത്യം. ധീരോദാത്തമായ മരണം.

പക്ഷെ പ്രസ്ഥാനമവനെ ഒരു രക്തസാക്ഷിയാക്കി. അങ്ങനെ അവന്റെ ജീവിതത്തിനും വില നിശ്ചയിക്കപ്പെട്ടു. പെട്ടികൾ നിറയെ വോട്ടുകൾ. ലളിതമായ ഗണിതം. തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനുള്ള കൂട്ടലും കിഴിക്കലും. ദുരന്തം. അധ:പതനം. വ്യവസ്ഥിതി മാറ്റുവാൻ  ഇറങ്ങിപ്പുറപ്പെട്ടവരുടെ പ്രസ്ഥാനം തന്നെ, ആ വ്യവസ്ഥിതിയുടെ അടിയൊഴുക്കിൽ പെട്ടിരിക്കുകയാണ്. ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ ശോചനീയമായ അവസ്ഥ. വിപ്ലവത്തിന്റെ ദാരുണമായ അന്ത്യം.

എന്നിട്ടും പ്രസ്ഥാനം വളർന്നു. ഇന്നും വളരുന്നു!

ഇന്നും പ്രസ്ഥാനത്തിൽ ഉറച്ചുനിൽക്കുന്ന പഴയ കൂട്ടുകാരൻ ഉദയനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ അഭിമാനഭരിതനാകുമായിരുന്നു, ചന്ദ്രൻ.

“അതിലൊന്നും ഒരു  കഥയുമില്ല, കാര്യവുമില്ല, കഴമ്പുമില്ല. ഉദയൻ സാർ വെറുമൊരു രാഷ്ട്രീയക്കാരൻ. വെറും രാഷ്ട്രീയക്കാരൻ. മറ്റേതൊരു നേതാവിനെയും പോലെ ഒരു നേതാവ്. അല്ലെന്നുണ്ടോ?” – എന്ന് മകൻ രഘു പറഞ്ഞപ്പോഴെല്ലാം അമർഷം തോന്നി. പക്ഷെ, ഒളിച്ചോടിയ വിപ്ലവകാരി ആയിപ്പോയില്ലേ? 

"നിനക്കെന്തറിയാമെടാ വിപ്ലവത്തെക്കുറിച്ച്?”

മുഖത്തടിച്ചതുപോലെ ചോദിക്കണമെന്നുണ്ട്. അതിനുള്ള ധാർമ്മികാധികാരമുണ്ടോ? ഒളിവിലും മറവിലും ജീവിച്ചു മടുത്തു. അജയൻ മാത്രമാണ് പിടിക്കപ്പെട്ടത്. അവനൊന്നും വെളിപ്പെടുത്തിയില്ല. എത്ര നാൾ ഭയന്ന് പുറത്തിറങ്ങാതെ കഴിയാൻ? അമ്മാവനാണ് മുംബൈ  മഹാനഗരത്തിലേക്ക് കൊണ്ടു പോയത്. അവിടെ ജോലി ശരിയാക്കിയിരുന്നു. ജീവിത രഥത്തിന്റെ സാരഥ്യം അമ്മാവൻ ഏറ്റെടുത്തു. എതിർക്കുവാനായില്ല.  മുന്നിൽ നഷ്ടങ്ങളുടെ ഗണിതം ഭീമമായിരുന്നു. ഒരു വിപ്ലവകാരിയുടെ അതിദാരുണമായ അന്ത്യം.

എന്തൊക്കെ സമ്മർദ്ദങ്ങളുണ്ടായാലും, ആദർശങ്ങളിൽ പിടിച്ചു നില്ക്കുവാനാകണം. അതിനു കഴിയാത്ത വിപ്ലവകാരി നിരന്തരമായ കുറ്റബോധത്തിനിരയാകുന്നു. ഓർമ്മകൾ എന്നും അയാളെ വേട്ടയാടുന്നു, നൊമ്പരപ്പെടുത്തുന്നു. ഒളിച്ചോടിയവൻ. അതേ, ഒളിച്ചോടിയവൻ. ഭീരു!

 എന്തോ ഒരു ദു:ഖം. നഷ്ടബോധം. കുറ്റബോധം. അസ്വസ്ഥത. ഒരു വിമ്മിഷ്ടം. അതൊരിക്കലും ചന്ദ്രനെ വിട്ടുപോയില്ല. ശരിയാണ്, ജീവിതത്തിന്റെ  വ്യഗ്രതകളിലും, ദാമ്പത്യത്തിന്റെ ഏറ്റക്കുറച്ചിലുകളിലും മുഴുകിയപ്പോൾ അസ്വസ്ഥതയുടെ സത്വം ഒഴിഞ്ഞുമാറി നിന്നപോലെ. സ്വത്വം മറവിയുടെ സുഷുപ്തിയിലും ആലസ്യത്തിലും മയങ്ങിക്കിടന്നു. പക്ഷേ എവിടെയോ, മനസ്സിന്റെ അടിത്തട്ടുകളിലെവിടെയോ, ഒരു കനൽക്കട്ട  നീറിക്കൊണ്ടിരുന്നു.

അമ്മാവന്റെ ശ്രാദ്ധത്തിനാണ് ചന്ദ്രൻ കുടുംബസമ്മേതം നാട്ടിലെത്തിയത്. കുറേ വർഷങ്ങൾക്കുശേഷം. ഉദയനെ ഒന്നു കാണണം എന്ന ആഗ്രഹം കുറേക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നു. 

ബസ്സ് സ്റ്റാൻഡിൽ വന്നു നിന്നു. എല്ലാവരും ഇറങ്ങിക്കഴിഞ്ഞു. പാതി മയക്കത്തിലെന്നപോലെ ചന്ദ്രനും ഇറങ്ങി. പഴയ സതീർത്ഥ്യനെ, മൂന്നു ദശകങ്ങൾക്കുശേഷം, വീണ്ടും കാണുവാൻ പോകുകയാണ്. വികാരവിചാരങ്ങളുടെ വേലിയേറ്റം. മനസ്സിന്റെ തീരം മുഴുവൻ കടൽവെള്ളം തിരയടിക്കുകയാണ്. ഇന്നലെ രാത്രി ഉറക്കം വന്നില്ല. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു. എങ്ങനെ ആ മുഖത്ത് നോക്കും? ലജ്ജയും ആകാംഷയും ആശങ്കയും മനസ്സിൽ നിറഞ്ഞു. അകത്തട്ടിലെ കനൽക്കട്ട പുകയുവാനും  എരിയുവാനും തുടങ്ങിയതുപോലെ. അപകർഷബോധം തികട്ടി വരുന്നു. ശ്രീമതിയുടെയും രഘുവിന്റെയും മുഖത്തുപോലും നോക്കുവാൻ മടി. ഇറങ്ങുന്നതിനു മുമ്പേ, പതിവില്ലാത്ത വിധം, രണ്ടുപ്രാവശ്യം ശങ്കാനിവാരണം നടത്തി. 

“ഇതെന്തു പറ്റി? അസിഡിറ്റി കൂടിയോ? വെളിയിൽ നിന്നും ഭക്ഷണം കഴിക്കരുത്, എത്രപറഞ്ഞാലും രണ്ടാളും കേൾക്കില്ല. ഞാനൊന്നും പറയുന്നില്ല.” 

ശ്രീമതിയുടെ പരാതിക്ക് മറുപടിയൊന്നും പറയാതെ ഡ്രസ്സ് മാറി. 

“ഇത്ര രാവിലെ എങ്ങോട്ടാണാവോ പുറപാട്?” 

തിരിഞ്ഞു നോക്കാതെ ഇറങ്ങിനടന്നു. അവൾ എന്തു വിചാരിച്ചുകാണും എന്നറിയില്ല. അപകർഷതയാൽ നിറഞ്ഞ ദയനീയ മുഖം അവൾ കാണരുതെന്നു തോന്നി. 'അന്യർക്ക് പ്രവേശനമില്ല' എന്ന പലക  തൂക്കി, ഭൂതകാലത്തിന്റെ അടച്ചിട്ട കോട്ടവാതിൽ തുറന്ന്, ഒരു ദിവസം അവളെ ആ ഇരുണ്ട ഇടനാഴികളിലൂടെ കൈപിടിച്ചു നടത്തണമെന്ന് പലപ്പോഴും ആഗ്രഹി ച്ചു. കഴിഞ്ഞില്ല. 

ചന്ദ്രൻ ആ പഴയ വഴികളിലൂടെ നടന്നു. രാത്രിയിലെ ചർച്ചകൾ. അജയന്റെ വീട്ടിൽ, അവന്റെ ഇരുട്ടുമുറിയിൽ ദിവസങ്ങളോളം സ്ഫോടന നിർമ്മാണം. പിന്നെ, ആ ദുരന്ത പരമ്പര. നിലയ്ക്കാത്ത ഓട്ടം. അലക്കും കുളിയുമില്ലാത്ത, ഊണും ഉറക്കവുമില്ലാത്ത രാപകലുകൾ. ഉപദേശങ്ങൾ. കരച്ചിൽ. ശകാരങ്ങൾ. ശാസനകൾ. ഏകാന്തത. പ്രകാശം കടന്നുവരാൻ മടിക്കുന്ന അർത്ഥശൂന്യതയുടെ അന്ധകാരം. പ്രത്യാശയുടെ കുളിർക്കാറ്റ് വീശാത്ത നിസ്സഹായതയുടെ തുരുത്ത്.

കാറ്റിൽ പാറുന്ന കൊടി. ദൂരെ നിന്നുതന്നെ കണ്ടു. ചന്ദ്രന്റെ ചങ്കിടിപ്പ് വർദ്ധിച്ചു. ആരോ ഉള്ളിലിരുന്ന് പെരുമ്പറ അടിക്കുന്നതുപോലെ. പാർട്ടി ഓഫീസിലേക്ക് ഉയരുന്ന ചവിട്ടുകൾ പടിപടിയായി കയറിപ്പോകുന്ന ചന്ദ്രന്റെ കാലുകൾ വിറച്ചു.

"തല്ലി ചതയ്ക്കട്ടെ!”

സുപരിചിതമായ ഘനഗംഭീരമായ ശബ്ദം. ഉദയന്റെ ശബ്ദം. ചന്ദ്രന്റെ ശരീരം കോൾമയിർകൊണ്ടു. പതിനായിരങ്ങളുടെ ഹരമായ, ആവേശമായ ആ ശബ്ദം. ടി വി യിൽ നിന്നും ശ്രവിക്കുന്നതു പോലെതന്നെ. ആ ശാരീരത്തിന്റെ ഗാംഭീര്യത്തിന് ലവലേശം കുറവില്ല. ഗൃഹാതുരതയോടെ ചന്ദ്രൻ കാതോർത്തുനിന്നു. 

"മുഖ്യന്റെ മുന്നറിയുപ്പുണ്ട്!" – വീണ്ടും  ആ ശബ്ദം. സ്ഫുടമായ ഉച്ചാരണം. അതേ ചങ്കൂറ്റം. കൂസലില്ലായ്മ.

"റിസർവിനെ ഇറക്കുമെന്ന്! എനിക്ക് പുല്ലാണ്! തല്ലുകൊള്ളാൻ ചാവേർപ്പടയില്ലേ?! പിന്നെയൊരു പ്രതിഷേധ സമ്മേളനം. ഹർത്താൽ. നാടാകെ ഒന്നിളകി മറിയണം. മറിക്കണം. കുറേക്കാലമായി അണികൾ  ഉറക്കത്തിലാണ്. എല്ലാവരുമൊന്ന് ഉണരട്ടെ. അടുത്ത വർഷത്തേ തിരഞ്ഞെടുപ്പിനുള്ള ശംഖുവിളിയാകട്ടെ ഇത്. " 

കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ. കാതടിപ്പിക്കുന്ന ആരവം. അലമുറയിട്ടു കരയുന്ന മുഖങ്ങളില്ലാത്ത കുറേ മനുഷ്യർ. ദുരന്തങ്ങളുടെ പരമ്പര. അനാഥരായ കുട്ടികൾ. നിരാവലംബരായ മാതാപിതാക്കൾ. അകാലത്തിൽ വൈധവ്യം ഏറ്റുവാങ്ങിയ സ്ത്രീകൾ. മണ്ണിനും കല്ലിനുമടിയിൽ തങ്ങളുടെ കൈകളും കാലുകളും തെരയുന്നവർ. 

വയറിന്റെ അടിത്തട്ടിൽനിന്നും എന്തോ ഉരുണ്ടു കയറുന്നതുപോലെ. ചന്ദ്രൻ വാ പൊത്തി, ഓടി. റോഡിൽ കാലുകുത്തുന്നതിനുമുമ്പേ, വലിയ മുഴക്കത്തോടെ, കണ്ഠം മുഴുവൻ നീറ്റിക്കൊണ്ട് അത് പുറത്തു വന്നു.

 ചോരപുരണ്ട ഒരു കരിക്കട്ട പോലെ, കറുത്തിരുണ്ട എന്തോ.

കണ്ണുകൾ തുറന്നത് കാൻസർ ആശുപത്രിയിലെ ഐസിയുവിലാണ്. പുഞ്ചിരിക്കുവാൻ പണിപ്പെടുന്ന ശ്രീമതിയുടെ ശോകാകുലമായ മുഖം കണ്ടുകൊണ്ട്. കരയാതിരിക്കുവാൻ പണിപ്പെടുന്നതുപോലെ.

കരയരുത്, അതോ കരഞ്ഞോളു, എന്തു പറയണം?
---------
ഷാജൻ റോസി ആൻറണി. മുംബൈക്കടുത്ത്  പൻവേലിൽ  സുഖവാസം. ചില കഥകൾ കലാകൗമുദി തുടങ്ങിയ വാരികകളിൽ വന്നു. 7 കഥകൾ സമാഹരിച്ച് “കാലത്തിന്റെ വികൃതികൾ” എന്ന പുസ്തകം pen books വഴി പ്രകാശനം ചെയ്തു, 20 വർഷങ്ങൾ മുമ്പ്. 

പിന്നെ എഴുത്തിൽ നിന്നും മാറി നിന്നു. വായന തുടർന്നു. ഇപ്പൊൾ വീണ്ടും ചില മാസികകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും എഴുതുന്നു.

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

ഒട്ടകപ്പരുന്ത്  (കെ കെ സിദ്ധിക്ക്, കഥാ മത്സരം)

ഒരുസ്ത്രീയും ഒരു (പര) പുരുഷനും (അനിൽ നാരായണ, കഥാ മത്സരം)

വരൂ പ്രിയദര്‍ശിനി (കുര്യന്‍ ജേ. മാപ്പിളശ്ശേരി, കഥാ മത്സരം)

View More