Image

താടിയ്ക്ക് മാസ്ക് വയ്ക്കുന്ന പ്രബുദ്ധ കേരളം

അനിൽ പെണ്ണുക്കര Published on 08 May, 2021
താടിയ്ക്ക് മാസ്ക് വയ്ക്കുന്ന പ്രബുദ്ധ കേരളം

ബീഡി വലിക്കാൻ മാസ്ക് അഴിക്കും, ശ്വാസം വിടാൻ മാസ്ക് അഴിക്കും, ഇടയ്ക്കൊന്ന് മൂക്ക് ചൊറിഞ്ഞാൽ അതിനും മാസ്ക് അഴിക്കും, ഡബിൾ മാസ്ക് ഇടാൻ പറഞ്ഞാൽ രണ്ടും താടിയ്ക്ക് തിന്നാൻ കൊടുക്കും. എന്നിട്ട് കാലും നീട്ടിയിരുന്ന് ഡൽഹിയിലെ മുഖ്യമന്ത്രിയെയും യു പി യിലെ ഭരണാധികാരികളെയും ഒക്കെ വാതോരാതെ കുറ്റം പറയും. ഇതാണ് പ്രബുദ്ധരായ നമ്മൾ മലയാളികളുടെ യഥാർത്ഥ അവസ്ഥ. എന്ത്‌ കോവിഡ് എന്ത് വാക്‌സിൻ എന്ന മട്ടിലാണ് ഇവിടുത്തെ ഹോട്ടലുകളിലും കടകളിലും തെരുവുകളിലുമൊക്കെ ആളുകൾ നടക്കുന്നത്. ആർക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല.

ഏഴുമണി കഴിഞ്ഞാൽ കടകൾ അടയ്ക്കണമെന്നാണ്. ആരും അടയ്ക്കില്ല പോലീസ് വരും വരെ ചാവിയും കയ്യിൽ പിടിച്ചു കാത്തിരിക്കും. പിന്നെങ്ങനെയാണ് ഈ സാമൂഹ്യവ്യാപനത്തെ തടയാനാവുക. കരുതുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ. മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ജാഗ്രത വേണ്ട സമയമാണ് എന്നിട്ടും എത്ര ലാഘവത്തോടെയാണ് നമ്മളൊക്കെ തെരുവുകളിൽ പെരുമാറുന്നത്, രോഗികൾ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരേ കുടുംബത്തിലെ ആറും ഏഴും പേരാണ് ഒരേ സമയം ആശുപത്രികളിൽ കഴിയുന്നത്, എന്നിട്ടും എന്താണ് നമ്മളുടെ അനാസ്തകൾ തുടരുന്നത്.

മൂന്നും നാലും നേരം സാനിറ്റയ്സർ എടുത്ത് പെരുമാറിയിരുന്ന കടകളിൽ ഒന്നുമിപ്പോൾ സാനിറ്റൈസർ പോയിട്ട് ഒരു ഡെറ്റോൾ പോലുമില്ല. സത്യത്തിൽ ആദ്യഘട്ടത്തെക്കാൾ പേടിക്കേണ്ട സമയത്ത് നമ്മൾക്കെല്ലാം കളിമട്ടാണ്. അതിനിടയിൽ ഏറ്റവും ബഹുരസം എന്താണെന്ന് വച്ചാൽ. ഉത്തരവാദിത്തം വേണ്ട രാഷ്ട്രീയകാരൊക്കെ ഇപ്പോൾ കൃത്യമായി ഇടപെടേണ്ട സമയത്ത് ഇലക്ഷൻ വിലയിരുത്തലുമായി വലിയ തിരക്കുകളിലാണ്. അടച്ചിടുന്നതിന്റെ തൊട്ട് മുൻപ് വരെ കുടിയന്മാർ കാണിച്ച മിനിമം മര്യാദ പോലും ഇവിടുത്തെ രാഷ്ട്രീയക്കാർക്കില്ല എന്നതാണ് സത്യം.

ഒരുഭാഗത്ത് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണം ക്രമതീതമായി ഉയരുന്നു. കോടതി വരെ ഗവണ്മെന്റിനെയും ഇലക്ഷൻ കമ്മീഷനെയും തുറന്നു വിമർശിച്ചിരിക്കുന്നു. ലോകം മുഴുവൻ ഈ രാജ്യത്തിന്റെ ദുരിതം കണ്ട് നടുങ്ങി നിൽക്കുകയാണ് എന്നിട്ടും ഇവിടുത്തെ ജനങ്ങൾക്ക് ഏതപ്പാ കോതമങ്കലം എന്ന മട്ടാണ്. തിരുത്തേണ്ടതുണ്ട് ശീലങ്ങൾ. ഈ ഒരാഴ്ചയെങ്കിലും അടങ്ങി ഒതുങ്ങി വീട്ടിലിരുന്നില്ലെങ്കിൽ. പിന്നെ നാട്ടിലിറങ്ങാൻ നമ്മളുണ്ടാകില്ലെന്ന് മറക്കേണ്ട. സുരക്ഷിതരായിരിക്കുക.. ശീലങ്ങൾ തിരുത്തുക.. മാസ്ക് ധരിക്കുക.. കൈകൾ തേഞ്ഞു പോകില്ല കഴുകിക്കൊണ്ടേയിരിക്കുക..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക