Image

സംസ്ഥാന പാര്‍ട്ടി പദവി : ജോസഫിന്റെ നീക്കങ്ങള്‍ ഇങ്ങനെ

ജോബിന്‍സ് തോമസ് Published on 08 May, 2021
സംസ്ഥാന പാര്‍ട്ടി പദവി : ജോസഫിന്റെ നീക്കങ്ങള്‍ ഇങ്ങനെ

പി സി തോമസിന്റെ ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസില്‍ ലയിച്ചെങ്കിലും തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ സംസ്ഥാന പാര്‍ട്ടി പദവിയിലേയ്ക്ക് പോലും എത്താനാവാത്ത സാഹചര്യത്തില്‍ പിജെ ജോസഫ് മറ്റു വഴികള്‍ തേടുന്നു എന്നാണ് സൂചന. സംസ്ഥാന പാര്‍ട്ടി പദവി വേണമെങ്കല്‍ നാല് എംഎല്‍എമാര്‍ വേണം അല്ലെങ്കില്‍ രണ്ട് എംഎല്‍എമാരും ഒരു എംപിയും വേണം. ആറു ശതമാനം വോട്ട് വേണം. ഇതിലൊന്നും നിലവില്‍ ജോസഫിന്റെ പാര്‍ട്ടിക്ക് ഇല്ല. 

ഉള്ളതാവട്ടെ രണ്ട് എംഎല്‍എമാര്‍ മാത്രം പിജെ ജോസഫും മോന്‍സ് ജോസഫും . ഇനി രണ്ട് എംഎല്‍എമാര്‍ കൂടി ഒപ്പം ചേര്‍ന്നാല്‍ മാത്രമെ ജോസഫിന് സംസ്ഥാന പാര്‍ട്ടി ആവശ്യവുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാന്‍ കഴിയു. ഇതിനായി ജോസഫ് നോട്ടമിട്ടിരിക്കുന്നത് കേരളാ കോണ്‍ഗ്രസ് ജേക്കബിലെ ഏക എംഎല്‍എ അനൂപ് ജേക്കബിനേയും പാലായില്‍ നിന്നു വിജയിച്ച മാണി സി കാപ്പനേയുമാണ്.

ഇതിനായുള്ള നീക്കങ്ങള്‍ ജോസഫ് ആരംഭിച്ചെങ്കിലും ഇവര്‍ ഇതിന് തയ്യാറാകുമോ എന്നതാണ് പ്രധാനം. മാണി സി കാപ്പന്‍ എന്‍സികെ എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇത് ജോസഫില്‍ ലയിപ്പിച്ച് ജോസഫിന്റെ കീഴിലാകാന്‍ കാപ്പന്‍ എത്രത്തോളം സമ്മതിക്കുമെന്നറിയില്ല. 

അനൂപിന്റെ കാര്യത്തിലേയ്ക്ക് വന്നാല്‍ തന്റെ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ചാണ് ജോസഫിനൊപ്പം ചേര്‍ന്നത്. ജോണി നെല്ലൂര്‍ നേതൃ നിരയിലുള്ള പാര്‍ട്ടിയിലേയ്ക്ക് അനൂപ് എത്താനുള്ള സാധ്യതയും കുറവാണ്. 

ഇനി യുഡിഎഫ് അധികാരത്തില്‍ വരുകയും തങ്ങള്‍ ജയിക്കുകയും ചെയ്താല്‍ മന്ത്രി സ്ഥാനം ഉറപ്പുള്ളവരാണ് അനൂപും മാണി സി കാപ്പനും . ജോസഫിനൊപ്പം ലയിച്ചാല്‍ ജോസഫിന്റെ പാര്‍ട്ടിക്ക് കിട്ടുന്ന മന്ത്രി സ്ഥാനങ്ങള്‍ വേണം ഇവരും പങ്കുവയ്ക്കാന്‍ . ജോസഫ് സംസ്ഥാന പാര്‍ട്ടിയാകാന്‍ ഒരുങ്ങുമ്പോഴും ഇത്തരം വെല്ലുവിളികള്‍ ഇനിയും ബാക്കിയാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക