Image

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

ഷാജീ രാമപുരം Published on 07 May, 2021
 അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം  -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.
ന്യൂയോര്‍ക്ക്: അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം മാനവരാശിക്ക് നല്‍കിയ ദിവ്യപ്രവാചകനെയാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് ഇപ്പോള്‍ യൂറോപ്പില്‍ ആയിരിക്കുന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അഭിപ്രായപ്പെട്ടു. 


വ്യത്യസ്ഥത നിറഞ്ഞതായ ജീവിതശൈലി കൊണ്ടും, സകലരെയും ആകര്‍ഷിക്കുന്നതും ആദരിക്കുന്നതുമായ സ്‌നേഹസ്പര്‍ശം കൊണ്ടും, മനുഷ്യനും പ്രകൃതിയും ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന തിരിച്ചറിവ് സകലര്‍ക്കും തന്റെ സന്ദേശത്തിലൂടെ പകര്‍ന്നു നല്‍കിയ ആത്മീയ ആചാര്യനായ ബിഷപ് ഡോ.മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ എന്നും ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കും. 


വിശാല മാനവികതയുടെ പ്രഘോഷകനായി ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക് അതീതമായി സര്‍വ്വ മനുഷ്യരെയും സ്‌നേഹിക്കുകയും, കരുതുകയും ചെയ്യുന്ന തിരുമേനിയുടെ ജീവിത ശൈലി ഏവര്‍ക്കും ഒരു മാതൃകയാണ്. നര്‍മ്മ രസത്തിലൂടെ രൂപപ്പെടുത്തുന്നതായ ദൈവീക ചിന്തകള്‍ ഏത് മനുഷ്യ ഹൃദയങ്ങളെയും സ്വാധീനിക്കുന്നതാണ്. 


1988 മാര്‍ച്ച് 1 മുതല്‍ 1993 വരെ ബിഷപ് ഡോ.മാര്‍ ക്രിസോസ്റ്റം ഭദ്രാസനാധിപനായി പ്രവര്‍ത്തിച്ച കാലയളവില്‍ ആണ് ആദ്യമായി നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന് ഡയോസിഷന്‍ സെന്റര്‍ എന്ന പേരില്‍ ഒരു ആസ്ഥാനം പെന്‍സില്‍വാനിയായില്‍ വാങ്ങുന്നത്. ഈ കാലയളവില്‍ തിരുമേനിയുടെ നേതൃത്വം ഭദ്രാസനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടതും മറക്കാനാവാത്തതും ആണ്. 


ഭാരതം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ബിഷപ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം മാര്‍ത്തോമ്മാ സഭക്കു മാത്രമല്ലാ ലോകത്തിലെ ആകമാന സഭകള്‍ക്കും ഒരു തീരാ നഷ്ടംമാണെന്ന് ക്രിസ്തിയ സഭകളുടെ ലോക കൗണ്‍സില്‍ (ഡബ്ല്യൂ.സി.സി) എക്സിക്യൂട്ടിവ് അംഗം കൂടിയായ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് അഭിപ്രായപ്പെട്ടു.

 അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം  -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക