Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

Published on 06 May, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)
സ്‌നേഹഗീതങ്ങള്‍

കിരണ്‍ മൗനിയായി. മുമ്പൊരിക്കലും പപ്പയെ ഇങ്ങനെ കണ്ടിരുന്നില്ല. അനീതിക്കും അന്യായത്തിനുമെതിരേ പടവാള്‍ ഓങ്ങുന്ന വ്യക്തി ഇക്കാര്യത്തില്‍ എന്തിന് വഴങ്ങണം. ഈ ഗണേശനും കുഞ്ഞാലിയുമൊക്കെ കോളെജ് കഴിഞ്ഞ് സമൂഹത്തിലേക്കിറങ്ങുന്നത് സ്ത്രീകള്‍ക്കു മുഴുവന്‍ ആപത്തുമായിട്ടായിരിക്കും. മമ്മി ഒരദ്ധ്യാപികയായതുകൊണ്ട് ഇതില്‍ ഒരിക്കല്‍ മാപ്പു കൊടുത്തൂടെ എന്ന ചോദ്യം അര്‍ത്ഥശൂന്യമല്ല. ഇവന്റെ അച്ഛന്റെ മുന്നില്‍ എത്രയോ സ്ത്രീകളുടെ അഭിമാനവും അന്തസ്സും അടിയറവ് വെച്ചതിന്റെ എത്രയോ കഥകളാണ് നാട്ടില്‍ പറഞ്ഞുകേട്ടിട്ടുള്ളത്. മാധ്യമങ്ങള്‍öപലതും അറിയുന്നില്ല, അറിഞ്ഞാലും പലതും പുറത്തുവിടുന്നില്ല. അധികാരമുള്ളവന്റെ മുന്നില്‍ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ ആവേശപൂര്‍വ്വം അവരെ ഇരകളാക്കുന്നത് അന്തസ്സുള്ളവര്‍ ചെയ്യുന്ന കാര്യമാണോ? ഇവരുടെ മുന്നില്‍ നിന്ന് രക്ഷപെടുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന എത്രയോ സ്ത്രീകളുണ്ട്. ലജ്ജയോ മാന്യതയോ ഇല്ലാത്ത ഇത്തരം സ്ത്രീകള്‍ക്ക് എന്ത് വ്യക്തിത്വമാണുള്ളത്?
സത്യത്തില്‍ ജാള്യതയാണ് തോന്നുന്നത്. ഉന്നതരുടെ മണിമന്ദിരങ്ങള്‍ ഒരു വനഭൂമിയായിട്ടാണ് കാണുന്നത്. വനത്തിലെ വന്യമൃഗങ്ങള്‍ ശക്തിയില്ലാത്ത ചെറുമൃഗങ്ങളെ കൊന്നുതിന്ന് സംതൃപ്തിയടയുന്നു. വനത്തിനുള്ളിലെ ദുഃഖവും ആനന്ദവും ഇവിടെ മഹാനഗരങ്ങളില്‍ നടക്കുന്നതല്ലാതെ മനുഷ്യരുടെ ആവശ്യങ്ങള്‍ക്ക് സ്വപ്നസാക്ഷാത്ക്കാരങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്.
ഈ പ്രശ്‌നത്തെ ഏങ്ങനെയും പരിഹരിക്കണമെന്ന ഭാവത്തില്‍ ശങ്കരന്‍ അവളുടെ നേര്‍ക്ക് നോക്കി. അവളുടെ പേര് ചോദിച്ചു. അവള്‍ മറുപടി പറഞ്ഞു.
വിനയപൂര്‍വ്വം ശങ്കരന്‍ എങ്ങിനെയും അവളുടെ മനസ്സിനെ കീഴടക്കാനായി കൈകൂപ്പി പറഞ്ഞു.
''കിരണിന്റെ പപ്പ എഴുതിയ ഒരു നോവലില്‍ മനുഷ്യനെ മഴവില്ലുകളാക്കുന്നുണ്ട്. ആകാശം ഒളിപ്പിച്ചുവച്ച ആയിരമായിരും നിറമാര്‍ന്ന മഴവില്ലുകള്‍ മനുഷ്യന് വേണ്ടി പ്രകാശിപ്പിച്ചു. വിവിധ നിറങ്ങളാല്‍ അത് വര്‍ണ്ണക്കുടകള്‍ നിവര്‍ത്തിയാടി. ആകാശം തിളങ്ങി നിന്നു. അത് ആകാശം ഭൂമിക്ക് നല്കിയ ഒരുപഹാരമായിരുന്നു. പൊടുന്നനേ ആകാശമിരുണ്ടു. മേഘങ്ങള്‍ മഴവില്ലിനെ പൊതിഞ്ഞു. കിരണ്‍, മണ്ണില്‍ മുളച്ച ഈ വാക്കുകള്‍ ആകാശത്ത് കണ്ട നിറമാര്‍ന്ന മഴവില്ലുകളായത് കുട്ടികളാണ്. അവര്‍ കാര്‍മേഘമാകരുത്. മണ്ണിലെ നക്ഷത്രങ്ങളാണവര്‍. ഇടിമിന്നലാകരുത്. കാര്‍മേഘങ്ങള്‍ അവയെ വിഴുങ്ങിയത് എത്ര കഠോരമാണ്. നമ്മള്‍ അറിവുള്ളവര്‍ അത് ചെയ്യണോ?''
തന്തയും മോളും ഒരേ പടവിലാണ് സഞ്ചരിക്കുന്നത്. ഇവള്‍ മറ്റു പെണ്‍കുട്ടികളെപ്പോലെ നിസ്സഹായതയോടെ നോക്കി നില്ക്കുന്നവളും കണ്ണീരൊഴുക്കുന്നവളും അല്ല. കണ്ണീരിന് പകരം ആ കണ്ണുകള്‍ അഗ്നി പരത്തുന്നതാണ്. തിളച്ചു മറിയുന്ന അവളുടെ മനസ്സിലേക്ക് തന്തയുടെ വരികള്‍ ഇട്ടത് ആ മനസ്സൊന്ന് തണുപ്പിക്കാന്‍ വേണ്ടി മാത്രമാണ്. നാടു വാഴുന്നവരുടെ കഴുത്തില്‍ പൂമാല അണിയിക്കാനും വളകളയിക്കാനുമാണ് എന്നെപ്പോലുള്ളവരുള്ളത്. അത് വിധിയുടെ വഴി. അതിനെ വിചിത്രം വിധി ദൈവം എന്നൊക്കെ വിളിക്കാം. പെണ്ണിന് വേണ്ടി വായിക്കുമ്പോള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു പഴമൊഴിയുണ്ട്. വാഴ മുള്ളേല്‍ വീണാലും മുള്ള് വാഴമേല്‍ വീണാലും കേട് വാഴയ്ക്ക്. അതിന് മുള്ളിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
അവളുടെ മിഴികള്‍ ശങ്കരനില്‍ തന്നെയായിരുന്നു. പിന്നീടയാള്‍ അവളെ പുകഴ്ത്തി സംസാരിച്ചു.
''ഇന്നത്തെ സമൂഹത്തില്‍ കിരണിനെപ്പോലെ നിശ്ചയദാര്‍ഢ്യവും ധൈര്യവുമുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നത് സമൂഹത്തിന് അഭിമാനമാണ്. ഒരു പെണ്‍കുട്ടിയെയും കളങ്കപ്പെടുത്തുന്നതും അപമാനിക്കുന്നതും നമ്മുടെ സംസ്കാരത്തിന് ചേര്‍ന്ന കാര്യങ്ങളല്ല. അതിനെ ശക്തിയായി എതിര്‍ക്ക തന്നെ വേണം.''
ആ എതിര്‍പ്പ് നിലനില്ക്കുമ്പോള്‍ തന്നെ അതില്‍ പങ്കുകൊള്ളാനും അതില്‍ നിന്ന് പിന്‍തിരിപ്പിക്കാനും എന്തിന് വന്നുവെന്ന് അവള്‍ ചോദിച്ചത് അയാളുടെ മനസ്സിനെ ഉലച്ചു. വീണ്ടും വീണ്ടും അവള്‍ കയ്യില്‍ നിന്ന് പരാലിനെപ്പോലെ വഴുതി മാറികൊണ്ടിരിക്കയാണ്. എങ്ങിനെയാണ് അവളെ ഒന്നു തളയ്ക്കുക. എല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്ന ചാരുംമൂടനും ഭാര്യയും പരസ്പരം നോക്കി. അവര്‍ ഒരു തീരുമാനത്തില്‍ എത്തട്ടെ എന്നായിരുന്നു അവരുടെ ചിന്ത. ഇതിനിടയില്‍ അവര്‍ ചായ കുടിച്ചു തീര്‍ത്തു.
ഇന്നുവരെ മുന്നില്‍ വന്നിട്ടുള്ള സ്ത്രീകള്‍ അണഞ്ഞ് കരിംതിരിയായി കത്തുന്നവരായിരുന്നു. ഇവള്‍ അണയാത്ത ദീപമെന്ന് ശങ്കരന്‍ കണ്ടു.  ഓരോന്നിനും അവള്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ തീരുമാനങ്ങള്‍ അതെവിധം അനുസരിക്കാനോ ഉള്‍ക്കൊള്ളാനോ അവള്‍ തയ്യാറല്ല. ഉള്ളാലെ അവളോട് ആരാധനയാണ് തോന്നുന്നത്. ഈ കാലത്തിനാവശ്യം ഇങ്ങനെയുള്ള പെണ്‍കുട്ടികളെയാണ്. ഈ സ്വഭാവമുള്ളവരുമായി രമ്യതയിലെത്തുക പ്രയാസമാണ്. ഇവര്‍ ഏത് വെല്ലുവിളികളെയും നേരിടാന്‍ തയ്യാറുള്ളവരാണ്. ഇത്തരത്തിലുള്ള പെണ്‍കുട്ടികളുടെ എണ്ണം സ്തീകള്‍ പീഡനത്തില്‍ നിന്ന് രക്ഷപെടുകതന്നെ ചെയ്യും. വളരെ പ്രതീക്ഷയോടെ വന്നതാണ്. അത് ഇങ്ങനെ വെളിപ്പെടുത്തുമെന്നറിയില്ല.
ചാരുംമൂടനും മകളെ പ്രശംസിച്ചു. സത്യത്തിന്റെ മുഖം ആര് ശ്രമിച്ചാലും വികൃതമാക്കാനാവില്ല. അവള്‍ വെളിച്ചത്തിന്റെ പാതയിലാണ്. ഇരുളിലേക്ക് വഴി നടക്കാന്‍ ഒരുക്കമല്ല. അവള്‍ ആഗ്രഹിക്കുന്ന ഒരു ലോകം കടന്നു വരണമെങ്കില്‍ നീണാള്‍ കാത്തിരിക്കേണ്ടി വരും. അതല്ലെങ്കില്‍ അമേരിക്ക, ബ്രിട്ടനെപ്പോലുള്ള ജനാധിപത്യപ്രക്രീയ ഇവിടെയും ഉണ്ടാകണം. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ അതിനനുവദിക്കുമോ? ഒരിക്കലുമില്ല. മരണം വരെ അള്ളിപ്പിടിച്ചിരിക്കും. നിലവിലിരിക്കുന്ന ജനാധിപത്യ പാരമ്പര്യത്തിന് മാറ്റം വരുത്താന്‍ അവര്‍ സമ്മതിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ കള്ളനും അഴിമതിക്കാരനും കൊലപാതകത്തിന് കൂട്ടുനിന്നവനും അധികാരത്തിലെത്താനാവില്ല. അധികാരത്തിന്റെ പരമസുഖം അനുഭവിച്ചിട്ടുള്ള അച്ഛന്‍ മകനെ അല്ലെങ്കില്‍ മകളെ അധികാരത്തിലെത്തിക്കുന്ന പരിരക്ഷ നടത്തില്ല.
നീരസത്തോടെയിരിക്കുന്ന മകളോട് ഒരിക്കല്‍ക്കൂടി ഓമന ഒരു താക്കീതുപോലെ പറഞ്ഞു.
''ഈ വിഷയത്തില്‍ നീ യാതൊരു പീഡനവും സഹിക്കില്ല. എന്നാല്‍ അപമര്യാദയായി മാന്യതയില്ലാതെ നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നല്ലാതെ എന്ത് കുറ്റമാണ് അവരുടെ മേല്‍ നിനക്ക് ചാര്‍ത്താനുള്ളത്. ഞാന്‍ പറയുന്നത് പോലീസും കോടതിയുമൊന്നുമല്ല. ഇപ്പോള്‍ അവര്‍ ഭയക്കുന്നത് നിയമത്തിന്റെ നൂലാമാലകളെയാണ്. ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ നിങ്ങളുടെ സഹപാഠികളാണെന്നുള്ള കാര്യം അറിഞ്ഞിട്ടും അറിയാതെയിരിക്കുന്നത് നന്നല്ല. നീ ഈ ലോകത്തെ സ്ത്രീകള്‍ക്കായി വാദിക്കേണ്ട ആവശ്യമൊന്നുമില്ല. അത് അവരുടെ ഉത്തരവാദിത്വമാണ്. സ്വയം സൂക്ഷിക്കുക എന്നുള്ളത്. മറ്റുള്ളവരോട് ക്ഷമിക്കാനും അവരെ സ്‌നേഹിക്കാനും നീ ശ്രമിക്കണം.''
മമ്മിയുടെ വാക്കുകള്‍ അവള്‍ നിശബ്ദയായി കേട്ടിരുന്നു. സ്‌നേഹമെന്ന വികാരത്തില്‍ തന്നെ നിശബ്ദയാക്കാനാണ് മമ്മിയുടെ ശ്രമം. സ്‌നേഹം ഒരിക്കലും വിദ്വേഷവും വൈരാഗ്യവും ആഗ്രഹിക്കുന്നില്ല. ആ യാഥാര്‍ഥ്യത്തില്‍ നിന്നും പിന്മാറാന്‍ മനുഷ്യര്‍ക്കാവില്ല. സ്വന്തം വികാരത്തെ സ്‌നേഹത്തിന് മുന്നില്‍ മറ്റുള്ളവരുടെ ഭാവിക്ക് മുന്നില്‍ തളച്ചിടുന്നതാണ് നല്ലത്. പ്രിന്‍സിപ്പലും ഉറപ്പു തന്നിട്ടുള്ളത് അവരില്‍ നിന്ന് ഒരു ശല്യവും ഇനി ഉണ്ടാകില്ലെന്നാണ്. ഗുരുനാഥന്മാര്‍ പറയുന്നത് തള്ളിക്കളയാനാകില്ല. ഇവിടെ വിജയപരാജയങ്ങള്‍ക്ക് പ്രസക്തിയില്ല. സത്യത്തില്‍ എന്തിനാണ് അവരെ സ്ത്രീപീഡനത്തിന് വിചാരണചെയ്ത് ജയിലേക്ക് അയയ്ക്കുന്നത്. അവരുടെ മുന്നില്‍ കീഴടങ്ങുകയെന്ന ധാരണ വേണ്ട. മാത്രവുമല്ല ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല. ഈവിധമുള്ള ദുര്‍ബല ജീവികളോട് ഒരല്പം ദയ കാണിക്കുന്നുവെന്ന് മാത്രം കണ്ടാല്‍ മതി. ഇതിലൂടെ അവര്‍ പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്നറിയുക മാത്രമല്ല ഒരു വെളിച്ചമായി ഈ തീരുമാനത്തെ കരുതുകയും ചെയ്യും.
നിമിഷനേരത്തേക്ക് അയാളുടെ മുഖത്തുനോക്കിയിരുന്നിട്ട് കിരണ്‍ പറഞ്ഞു, ""പപ്പയും മമ്മിയും ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട്, അതുകൊണ്ടു മാത്രം ഇതില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. എന്നാല്‍, എന്റെ കൂട്ടുകാരിയോടുകൂടി ആലോചിച്ചിട്ടേ ഒരു തീരുമാനമറിയിക്കാന്‍ കഴിയൂ. അവള്‍ സമ്മതിക്കുന്നില്ലെങ്കില്‍ കേസ് കേസിന്റെ വഴിക്കു തന്നെ പോകും. ഞാനുമുണ്ടാവും അവളോടൊപ്പം''.
എല്ലാവരുടെയും കണ്ണുകള്‍ തിളങ്ങി. മകളുടെ തീരുമാനത്തില്‍ അഭിമാനം തോന്നി. ശങ്കരന്റെ മുഖത്ത് എന്തെന്നില്ലാത്ത ആഹ്ലാദം അലയടിച്ചു. തുടക്കത്തില്‍ കല്ലുകടി ധാരാളമുണ്ടായിരുന്നെങ്കിലും, ഒടുവില്‍ കാര്യങ്ങള്‍ കലങ്ങിത്തെളിയുകയാണ്. ഇപ്പോഴും വിശ്വാസം വരുന്നില്ല. ഒരു തരത്തിലും പൊരുത്തപ്പെടന്‍ തയ്യാറല്ലാത്തവിധം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നവള്‍ എത്ര വേഗത്തിലാണ് രക്ഷപെടാന്‍ അവസരം ഒരുക്കിയത്. വല്ലാത്തൊരു ആശ്വാസം തോന്നുന്നു.
ശങ്കരന്‍ എഴുന്നേറ്റ് നന്ദി അറിയിച്ച് മന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങാനായി പുറത്തേക്കിറങ്ങി കൈ കൂപ്പി കാറില്‍ യാത്രയായി.
മേഘങ്ങള്‍ വെള്ളപ്പുടവ അണിഞ്ഞു കിടന്നു. രാത്രിയില്‍ ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കിടയില്‍ ധാരാളം പള്ളികളും ആ പള്ളികളില്‍ ധാരാളം മെഴുകുതിരികളും നക്ഷത്രങ്ങളെപ്പോലെ കത്തുന്നുണ്ടായിരുന്നു. അവിടെ ആനയെഴുന്നള്ളത്തും ചെണ്ടമേളങ്ങളുമുണ്ടായിരുന്നു. അതിന്റെ മദ്ധ്യത്തില്‍ ദേവീ കടാക്ഷവുമായി ചന്ദ്രന്‍ എഴുന്നള്ളി വന്നു. മാതാപിതാക്കള്‍ കിരണിനെ അഭിനന്ദനമറിയിച്ചു. മകള്‍ അവരോട് ക്ഷമിച്ചത് നന്നായി. ജീവിതത്തില്‍ ക്ഷമ ഇല്ലെങ്കില്‍ ഒന്നിനും പരിഹാരം കാണാനാകില്ല.
അവരുടെ സംഭാഷണത്തിന് വിരാമമിട്ടുകൊണ്ട് അരുണയുടെ ഫോണ്‍ വന്നു. കിരണ്‍ നടന്ന കാര്യമറിയിച്ചു.
''നിന്റെ തീരുമാനമറിഞ്ഞിട്ടേ കേസ്സില്‍ നിന്ന് പിന്‍മാറുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. നമുക്ക് അവന്മാരോട് യാതോരു സഹാനുഭൂതിയുമില്ല. അവന്റെ തന്ത മന്ത്രിയോ തന്ത്രിയോ ഒന്നുമല്ല നമുക്ക് വിഷയം. എന്റെ മാതാപിതാക്കളുടെ തീരുമാനത്തിന് ഞാന്‍ വഴങ്ങി എന്നു മാത്രമേയുള്ളൂ.... അതേയതേ. വൈകാതെ മറ്റേതെങ്കിലും പെണ്‍കുട്ടികളെ അവന്‍മാര്‍ ഇരകളാക്കും. അവളുമാര്‍ മിണ്ടാതിരിക്കുകയും ചെയ്യും. ഈ പെണ്ണിനും മയക്കുമരുന്നിനും അടിമകളായ ഇവനൊന്നും രക്ഷപെടില്ല. അരുണെ, ഇവനെയൊക്കെ പൊക്കിക്കൊണ്ടുനടക്കാന്‍ നമ്മുടെ സമൂഹത്തില്‍ ധാരാളം വിഡ്ഢികളുമുണ്ട്. എന്തായാലും ഈ കൂട്ടരുമായി ഒരകലം നല്ലതാണ്....''
മൊബൈലില്‍ സംസാരിച്ചുകൊണ്ട് കോണിപ്പടികള്‍ ചവിട്ടി അവള്‍ മുകളിലെ മുറിയിലേക്ക് പോയതും നോക്കി ഓമന നിന്നിട്ട് ഭര്‍ത്താവിനോട് ചോദിച്ചു, ""അല്ല സാറെ ഇവള്‍ വിവാഹം കഴിച്ചാല്‍ ഭര്‍ത്താവിനെയും വരച്ച വരേല്‍ നിര്‍ത്തുമല്ലോ?''
അതുകേട്ട് ചാരുംമൂടന്‍ ചിരിച്ചു. അതിന് സംശയമൊന്നുമില്ല. സ്ത്രീയും പുരുഷനും പരസ്പരം ഐക്യപ്പെടുന്നത് കിടക്കയില്‍ മാത്രം പോരാ. അവര്‍ എല്ലാ രംഗത്തും തുല്യരാണെന്നുള്ള ബോധം പുരുഷനുണ്ടാകണം. അവരെ ക്രൂരമായി പീഡിപ്പിക്കുന്ന എത്രയോ സംഭവങ്ങളാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. സ്‌നേഹം തിരിച്ചറിയുന്നവരില്‍ ഈ പ്രശ്‌നങ്ങളില്ല. സ്ത്രീകളോടും പെണ്‍കുഞ്ഞുങ്ങളോടുമുള്ള സമീപനം ഒരു സങ്കീര്‍ണ്ണ പാതയില്‍കൂടിയാണ് പോകുന്നത്.
മേശപ്പുറത്തുള്ള ഫോണ്‍ ശബ്ദിച്ചു. ഓമന എടുത്തിട്ട് സംസാരിച്ചു. തിരുവനന്തപുരത്തുനിന്നുള്ള ഒരു ചാനല്‍ എന്ന് കേട്ടപ്പോള്‍ റിസീവര്‍ ചാരുംമൂടന് കൈമാറി. ഇന്ന് പത്തുമണിക്കുള്ള സംവാദം സ്ത്രീപീഡനം, അതില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ്.
''ഞാനും ഭാര്യയും ഇതുതന്നെയാണ് ഇപ്പോള്‍ സംസാരിച്ചുകൊണ്ട് നിന്നത്.''
ചാനലില്‍ നിന്നുള്ള ന്യൂസ് റീഡര്‍ ചോദിച്ചു, ""ചാരുംമൂടന്‍, ഇന്ന് ഉന്നതരായ ധാരാളം പേര്‍ സ്ത്രീ പീഡനക്കേസുകളില്‍ പ്രതികളായി അധികാരത്തിലുള്ളവര്‍ വരുന്നതിന്റെ കാരണമെന്താണ്?''
മറുപടിയായി പറഞ്ഞു, ''വേലിതന്നെ വിളവു തിന്നുന്നു എന്നതാണ് ഇതില്‍ക്കടി കാണുന്നത്. ഇത് വളരെ ജാഗ്രതയോടെ കാണേണ്ട വിഷയമാണ്. ആനയെ അടിച്ചും പെണ്ണിനെ രക്ഷിച്ചും വളര്‍ത്തുക എന്നതാണ് പ്രമാണം. ആനയെ അടിച്ചു തന്നെയാണ് പാപ്പാന്‍മാര്‍ വളര്‍ത്തുന്നത്. അതും ഒരു പീഡനമായി പറയുന്നുണ്ട്. പെണ്ണിനെ രക്ഷിക്കേണ്ടവര്‍ ഇന്ന് അവരെ പീഡിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇവരില്‍ കൂടുതലും പ്രമുഖരാണ്. ഇവര്‍ സാധാരണ പിടിക്കപ്പെടാറില്ല. അതിന്റെ കാരണക്കാര്‍ സ്ത്രീകള്‍ തന്നെയാണ്. അവരത് മൂടി വയ്ക്കും. അത് ഭാവിയും ഭയവും ഭീതിയും മൂലമാണ്. ഇതില്‍ ചിലത് മാത്രമാണ് ഇന്നത്തെ ചാനലുകള്‍ വഴി പുറത്തു വരുന്നത്. അതില്‍ ചില ചാനലുകാര്‍ പണം വാങ്ങി ഇത് മൂടി വയ്ക്കുന്നുമുണ്ട്. സത്യത്തില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നതുമാത്രമാണ് പുറത്തുവരുന്നത്. ഒടുവില്‍ എന്താണ് സംഭവിക്കുന്നത്. വരാല്‍ എങ്ങിനെ കയ്യില്‍നിന്ന് തെന്നിമാറി പോകുന്നുവോ അതുപോലെയാണ് നീതിന്യായ വകുപ്പുകളില്‍ നിന്നും ഈ കൂട്ടര്‍ രക്ഷപെടുന്നത്. ഈ കൂട്ടരെ കര്‍ശനമായി ശിക്ഷിക്കാത്തിടത്തോളം നമ്മുടെ നാരിമാര്‍ക്ക് രക്ഷയില്ല. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ചെറുപ്പം മുതലെ ആയോധനകലകളില്‍ സ്വയം പ്രതിരോധിക്കാനുള്ള വിദ്യാഭ്യാസ സംവിധാനം സ്കൂള്‍ തലം മുതലെ തുടങ്ങണമെന്നാണ് എന്റെ അഭിപ്രായം. നിയമം ഉണ്ടെന്ന് പറഞ്ഞിട്ട് എന്തുഫലം. അത് ശക്തമായി ഇടപെട്ടിരുന്നുവെങ്കില്‍ നമ്മുടെ പല മാന്യന്മാരും ഇന്ന് ഇരുമ്പഴികള്‍ എണ്ണുമായിരുന്നു. ഇതുമൂലം സാധാരണ ജനത്തിന്റെ മനോവീര്യം കെട്ടടങ്ങിയിരിക്കുന്നു. ഈ കാര്യത്തില്‍ പനി ബാധിച്ച് വിറച്ചു തുള്ളുന്ന സമീപനമാണ് നമുക്കുള്ളത്. ഇതില്‍ ആരോടും ആദരവ് തോന്നുന്നില്ല. മറിച്ച് ആശങ്കയാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ ഇതുപോലെ പല രംഗങ്ങളില്‍ ധാരാളം പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. വളരെ ആരാധനയോടും അഭിമാനത്തോടും കരഘോഷം മുഴക്കി ഇവരെ സ്വീകരിക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്.''
വീണ്ടും ചോദ്യമെത്തി, ''സാമൂഹ്യ സുരക്ഷ പെണ്ണിനെപ്പോലെ ആണിനും ലഭിക്കേണ്ടതല്ലേ?''
''തീര്‍ച്ചയായും വേണം. സത്യത്തില്‍ അധികാരവും സമ്പത്തുമില്ലാത്തവന് എന്ത് സാമൂഹ്യസുരക്ഷയാണുള്ളത്. എപ്പോഴും സമൂഹം ശിക്ഷിക്കപ്പെടുകയല്ലേ? ഇവിടെ  ജനാധിപത്യദൗര്‍ബല്യങ്ങളും ധാരാളമായുണ്ട്. പലപ്പോഴും സത്യം അട്ടിമറിക്കപ്പെടുന്നു. അതിനാല്‍ മനുഷ്യര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നു. വലിപ്പചെറുപ്പം നോക്കാതെ കുറ്റവാളികളെ ശിക്ഷിക്കപ്പെടാതെ പോയാല്‍ ഒരു സമൂഹവും രക്ഷപെടില്ല.''
സ്വന്തം മുറിയിലേക്ക് പോയ ചാരുംമൂടന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. കസേരയിലിരുന്ന് പ്രായാധിക്യം ബാധിച്ച ജനാധിപത്യത്തെ ഉറ്റുനോക്കി. തൊലിപ്പുറത്താണോ ചുളിവുകള്‍ ഉണ്ടായത്? അതോ കണ്ണുകള്‍ക്കോ? താടിയും മുടിയും പാടെ നരച്ചിട്ടുണ്ട്. താടിയെല്ലുകള്‍ ഉന്തിയും കവിളുകള്‍ ശുഷ്കിച്ചും നില്ക്കുന്നു. ശരീരം മുഴുവനായും മെലിഞ്ഞിട്ടുണ്ട്. മനസ് ഗൗരവത്തോടെ നോക്കി നിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക