Image

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതാര് ? തര്‍ക്കം മുറുകുമ്പോള്‍ (ജോബിന്‍സ് തോമസ്)

ജോബിന്‍സ് തോമസ് Published on 06 May, 2021
ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതാര് ? തര്‍ക്കം മുറുകുമ്പോള്‍ (ജോബിന്‍സ് തോമസ്)
'ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞു ഞങ്ങള്‍ അത് ചെയ്തു ' മോഹന്‍ലാല്‍ സിനിമയായ ലൂസിഫറിലെ ഒരു ഡയലോഗ് അനുസ്മരിപ്പിക്കത്തക്ക വിധത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേമത്തെ വിജയത്തെ കുറിച്ച് സംസാരിച്ചത്. ഇതോടെ ഇടത് സോഷ്യല്‍ മീഡിയ പോരാളികള്‍ കാര്യങ്ങള്‍ ഏറ്റെടുത്തു. നേമത്ത് വിജയിച്ച വി.ശിവന്‍കുട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തില്‍ ക്രെഡിറ്റ് നല്‍കി സോഷ്യല്‍ മീഡിയയിലാകെ ഫ്ളക്സുകളും ബാനറുകളും ഉയര്‍ന്നു.

24 മണിക്കൂര്‍ പിന്നിട്ടില്ല നേമത്തെ അക്കൗണ്ട് പൂട്ടിച്ചതില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നും കോണ്‍ഗ്രസിന്റെ മിടുക്കാണ് ഇതിനു കാരണമെന്നുമുള്ള അവകാശവാദങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. അധികം വൈകിയില്ല ഇതേ അവകാശവാദമുമായി നേമത്തു മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനും രംഗത്തെത്തി. എന്നാല്‍ എന്താണ് സത്യം ? ആരാണ് ആ അക്കൗണ്ട് പൂട്ടിച്ചത് ? ഇരുകൂട്ടരുടേയും അവകാശവാദങ്ങള്‍ക്കിടയില്‍ നിക്ഷ്പക്ഷരായ വോട്ടര്‍മാര്‍ കണ്‍ഫ്യൂഷനിലാണ്.

ഇതിന്റെ യാഥാര്‍ത്ഥ്യം അറിയണമെങ്കില്‍ 2011 മുതലുള്ള കണക്കുകള്‍ പരിശോധിക്കേണ്ടി വരും

2011 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ 1,16,608 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 43,661 വോട്ടുകളായിരുന്നു രാജഗോപാല്‍ നേടിയത്. ശിവന്‍കുട്ടിയാകട്ടെ 50,076 വോട്ടുകളും യുഡിഎഫ് 20,248 വോട്ടുകളും നേടി. ഇതില്‍ വി.ശിവന്‍കുട്ടി വിജയിക്കുകയും രാജഗോപാല്‍ രണ്ടാമതെത്തുകയും ചെയ്തു.

2016 ല്‍ എത്തിയപ്പോല്‍ കളം മാറി കവിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലം പിടിക്കാനുറച്ചാണ് ബിജെപി ഇറങ്ങിയത്. പരമാവധി വോട്ടുകള്‍ ബിജെപി ചെയ്യിച്ചപ്പോള്‍ സിപിഎം മണ്ഡലം വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമവും നടത്തി. തീ പാറിയ പോരാട്ടത്തില്‍ ബിജെപിയുടെ ഒ രാജഗോപാലായിരുന്നു അന്ന് വിജയിച്ചത്. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാജഗോപാലിന്റെ വിജയം. 1,42,882 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ അദ്ദേഹം 67813 വോട്ടുകള്‍ നേടി. തൊട്ടുപിന്നിലെത്തിയ വി ശിവന്‍കുട്ടി 59142 വോട്ടുകളാണ് നേടിയത്. അന്ന് യുഡിഎഫിനായി മത്സരിച്ച ജെഡിയുവിലെ വി.സുരേന്ദ്രന്‍ പിള്ളയാകട്ടെ നേടിയത് 13,860 വോട്ടുകള്‍ മാത്രം .

അതായത് 2011 ലെ അപേക്ഷിച്ച് 26,274 വോട്ടുകള്‍ കൂടുതല്‍ വരികയും ഇതില്‍ കുറച്ച് വോട്ടുകളും ബിജെപി വിജയം തടയാന്‍ കോണ്‍ഗ്രസില്‍ നിന്നും ചോര്‍ന്ന ഒരു പരിധിവരെ വോട്ടുകളും സിപിഎം സ്വന്തമാക്കി അവരുടെ വോട്ടുയര്‍ത്തി. പുതിയ വോട്ടുകളില്‍ ഭൂരിഭാഗവും യുഡിഎഫില്‍ നിന്നും ചോര്‍ന്ന സിപിഎം വിരുദ്ധ വോട്ടുകളും ചേര്‍ന്നാണ് രാജഗോപാലിന് വിജയമൊരുക്കിയത്. 2016 ല്‍ യുഡിഎഫില്‍ നിന്നും തീര്‍ത്തും അലസമായ സമീപനമാണ് ഉണ്ടായതെന്ന് വ്യക്തം. ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നതും പരാജയപ്പെടും എന്ന പ്രചരണവും ഇതിന് കാരണമായി. ഇത് ഒരു പരിധിവരെ ബിജെപി അക്കൗണ്ട് തുറക്കാന്‍ എളുപ്പമായി. മാത്രമല്ല കാലങ്ങളായി മത്സരിക്കുന്ന ഒ.രാജഗോപാലിനോടുള്ള ഒരു സഹതാപതരംഗവും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു.

ഇനി 2021 ലേയ്ക്ക് വരാം ഈ വര്‍ഷം മണ്ഡലത്തില്‍ വോട്ടുകള്‍ കൂടിയെങ്കിലും ചെയ്ത വോട്ടിന്റെ എണ്ണത്തില്‍ കാര്യമായ വിത്യാസം ഇല്ലായിരുന്നു 2016 ല്‍ ചെയ്തത് 1,42,882 വോട്ടുകളാണെങ്കില്‍ ഈ വര്‍ഷം ചെയ്തത് 1,42,578 വോട്ടുകളായിരുന്നു ഇതില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി പിടിച്ചത് 55,837 വോട്ടുകളാണ്. അതായത് 2016 ലെ അപേക്ഷിച്ച് 2.23 %വോട്ടുകള്‍ കുറഞ്ഞു. രണ്ടാമതെത്തിയ കുമ്മനം രാജശേഖരനാകട്ടെ 51,888 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 11 ശതമാനത്തിലേറെ വോട്ടിന്റെ കുറവ്. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിലെ വിഐപി സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ നേടിയത് 36,524 വോട്ടുകളാണ് 2016 ലെ അപേക്ഷിച്ച് 23000 ത്തില്‍ അധികം വോട്ടുകള്‍ കൂടുതല്‍. സിപിഎമ്മിന് വോട്ട് കുറഞ്ഞപ്പോഴും മുരളീധരന്‍ പിടിച്ച അധിക വോട്ടുകളാണ് ഇവിടെ ബിജെപിയുടെ പരാജയം ഉറപ്പാക്കിയതെന്ന് ഉറപ്പിച്ചു പറയാം.

അതിശക്തനായ സ്ഥാനാര്‍ത്ഥിയെന്ന പരിവേഷത്തോടെയാണ് കെ.കരുണാകരന്റെ മകന്‍ കെ. മുരളീധരന്‍ നേമത്ത് മത്സരിക്കാനെത്തുന്നത്. മാത്രമല്ല മുരളീധരന്‍ വിജയിക്കുമെന്ന പ്രതീതി പോലും മണ്ഡലത്തിലുണ്ടായി. ഈ ഘടകങ്ങളും ശബരിമല വിഷയത്തിന്റെ പേരില്‍ നേമം മണ്ഡലത്തില്‍ ഉണ്ടാകാനിടയുള്ള സിപിഎം വിരുദ്ധ വോട്ടുകളും മുരളീധരന് ലഭിച്ചു. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ യുഡിഎഫിനാണ് കൂടുതല്‍ പങ്കെന്നത് ഈ കണക്കുകളില്‍ നിന്നും വ്യക്തം. എന്നാല്‍ അക്കൗണ്ട 2016 ല്‍ തുറന്നതിലെ യുഡിഎഫിന്റെ പങ്കും പ്രധാനമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക