Image

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

Published on 06 May, 2021
വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)
ഞാൻ നല്ല വേഗത്തിൽ നടക്കുന്ന ഒരാൾ ആണ്.പലപ്പോഴും നടത്തത്തിന്റെയും, ഓട്ടത്തിന്റെയും ഇടയ്ക്കുള്ള ഒരു പാകത്തിൽ ആണ് എന്റെ നടത്തം.കുട്ടിക്കാലം മുതൽ ധാരാളം നടന്ന്, നടന്ന് ആണ് ശീലം.ഓർമയിൽ ഉള്ള അതിവേഗ നടത്തങ്ങളിൽ ഒന്ന് പ്രീ ഡിഗ്രി കാലത്ത് തൃശൂർ സെന്റ്‌.മേരീസ് കോളേജിൽ നിന്ന് വൈകിട്ട് മൂന്നരക്ക് വടക്കേ ബസ് സ്റ്റാന്റിലേക്ക്‌ ഉള്ള നടത്തം ആണ്.മൂന്നരക്ക് കോളേജ് വിടും,മൂന്ന് നാൽപ്പതിന് സ്റ്റാൻഡിൽ നിന്ന് വീടിന്റെ അവിടേക്കുള്ള ബസ് പുറപ്പെടും.പത്ത് മിനിറ്റ് നേരം കൊണ്ട് ഏകദേശം ഒന്നര കിലോമീറ്റർ ദൂരം നടക്കണം. അതൊരു കണ്ണ് കാണാത്ത പാച്ചിൽ ആയിരുന്നു.ചിലപ്പോൾ ഓടി പാഞ്ഞു ചെല്ലുമ്പോഴേക്കും , സ്റ്റാൻഡ് വിട്ട് പോകുന്ന ബസിന്റെ പിൻഭാഗം കാണാം.പിന്നെ വേറെ വഴിയില്ല, ഏതെങ്കിലും അത്താണി-മെഡിക്കൽ കോളേജ് ബസിൽ കയറുക.തിരൂർ അമ്പലം സ്റ്റോപ്പിൽ ഇറങ്ങി രണ്ട് കിലോമീറ്ററിൽ അധികം നടക്കുക.അഞ്ചു മണിയോടെ വീട് എത്താം.

തിരൂർ നിന്ന് വീട്ടിലേക്കുള്ള ദൂരം നടന്ന് വർഷങ്ങളുടെ പരിചയം ഉണ്ട്. അഞ്ചാം ക്‌ളാസ് മുതൽ പത്താം ക്‌ളാസ് വരെ-ഒറ്റയ്ക്ക് , കൂട്ടായി, പതുക്കെ, വേഗത്തിൽ, അതിവേഗത്തിൽ, സന്തോഷിച്ചും, സങ്കടപ്പെട്ടും, കോപിച്ചും,ആഹ്ലാദിച്ചും എത്രയോ തവണ നടന്ന വഴി....

വഴിയിലെ പോസ്റ്റ് ഓഫീസ്, റേഷൻ കട, ബബ്ലൂസ് നാരകം ഉണ്ടാകുന്ന പട്ടന്മാരുടെ വീട്, 'യുയുത്സു' എന്ന അന്നോളം കേൾക്കാത്ത പേരുള്ള വീട്, റെയിൽ പാത, അതിന്റെ അടുത്ത് കുഞ്ഞിപ്പാലു ചേട്ടന്റെ കട, പത്ത് പൈസക്ക് കുപ്പിവള കിട്ടുന്ന 'സൗന്ദര്യ' എന്ന കട, നല്ല എരിവുള്ള സംഭാരവും, ഉപ്പിലിട്ട നെല്ലിക്കയും കിട്ടുന്ന അമ്മൂമ്മയുടെ പീടിക - ഒരു ഗ്ലാസ് സംഭാരം പകുത്ത് നാലും, അഞ്ചും പേര് കുടിക്കുന്ന സൗഹൃദത്തിന്റെ വഴി....വീണു കിട്ടിയ ഒരു മാങ്ങ കല്ലിൽ എറിഞ്ഞു തകർത്ത് അതിൽ നിന്ന് ഒരു തുണ്ട് കിട്ടുമ്പോൾ ഉള്ള സന്തോഷത്തിന്റെ വഴി, ആരോടും പറയാത്ത കൗതുകങ്ങളും, കുസൃതികളും, കുറുമ്പുകളും "ഒരു അമ്മ സത്യ'ത്തിന്റെ ഉറപ്പിൽ കൂട്ടുകാരനോട് പങ്കു വച്ച വിശ്വാസത്തിന്റെ വഴി, ഏകാന്തമായ നടപ്പ് നേരങ്ങളിൽ ജീവിതത്തെ പറ്റി ചിന്തിച്ചു തീരുമാനങ്ങൾ എടുത്ത വഴി....

നടക്കുക എന്നത് ധ്യാനത്തോളം തുല്യമായ ഒരു പ്രവർത്തിയാണ്.തോളിൽ കയ്യിട്ടു, കൂട്ടായി നടക്കുമ്പോൾ അത് ഉള്ളിൽ ഉള്ള നീറ്റലുകളെ പതുക്കെ അലിയിച്ചു കളയലാണ്.ഏറെ ഇഷ്ട്ടപ്പെട്ട ഒരാൾക്ക് ഒപ്പം നടക്കുമ്പോൾ , അത് ഏറെ പ്രിയപ്പെട്ട ഒരു ഓർമ്മയെ സൃഷ്ടിക്കൽ ആണ്.ഏറ്റവും സുന്ദരമായ നടത്തം ഒറ്റയ്ക്കുള്ള നടത്തമാണ്...അവനവനോട് മിണ്ടിയും, സ്വന്തം ഉള്ള് കണ്ടും, മനസ് മുന്നിലേക്കും, പിന്നിലേക്കും അയച്ചു വിട്ടും, ഇടയ്ക്ക് അറിയാതെ ഉറക്കെ ഒന്ന് ആത്മഗതം ചെയ്തും, ചിലപ്പോൾ ഒന്ന് ചിരിച്ചും, നിനച്ചിരിക്കാതെ കണ്ണൊന്ന് നിറഞ്ഞും തനിയെ അങ്ങനെ നടക്കുക...

ചാറ്റൽ മഴയത്തും, ചെറു മഴയത്തും, പെരുമഴയത്തും നടന്ന് നോക്കണം. ഇളവെയിലിലെ നടത്തവും, പൊരിവെയിലിലെ നടത്തവും ഒന്ന് അറിഞ്ഞു വയ്ക്കണം.കാറ്റിലൂടെയും, കാട്ടിലൂടെയും നടക്കണം.മഞ്ഞിലൂടെ, മലയിലൂടെ നടക്കണം.പുഴയോരത്ത്, കടൽ തീരത്ത് , സൂചി കുത്താൻ ഇടമില്ലാത്ത തിരക്കിൽ, ആരോരും ഇല്ലാത്ത വിജനതയിൽ -ഓരോ നടത്തവും ഓരോ അനുഭവമാണ്.

രാത്രി നടത്തങ്ങൾക്ക് കൊതിപ്പിക്കുന്ന വശ്യതയാണ്...സന്ധ്യകൾ കവിത പോലുള്ള നടത്ത നേരങ്ങൾ ആണ്.പ്രഭാത നടത്തങ്ങൾ പ്രാർത്ഥനകൾ ആണ്.

നടന്നാൽ നാട് കാണാം, നാട്ടുകാരോട് നാല് വർത്തമാനം പറയാം.എന്നും നടന്ന് പോകുന്ന ഒരാളെ രണ്ട് ദിവസം കണ്ടില്ലെങ്കിൽ "അയ്യോ , എന്ത് പറ്റി ഇന്ന് കണ്ടില്ലല്ലോ " എന്ന് വഴിയും, വഴിയിലുള്ളവരും വേവലാതിപെടും.

അടുത്ത തവണ വീടിന് അടുത്ത് ഉള്ള ഇത്തിരി ദൂരം പോകാൻ വണ്ടിയുടെ താക്കോൽ തിരക്കണ്ട....മണ്ണിൽ ചവിട്ടി, ചുറ്റും ഉള്ളവരോട് ഒന്ന് ചിരിച്ചു , കൈ വീശി പതുക്കെ നടക്കാം.

എത്ര കാലമായി നമ്മൾ ഇങ്ങനെ ഒന്ന് നടന്നിട്ടല്ലേ?
വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക