Image

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

Published on 05 May, 2021
സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.


കുവൈറ്റ്: പ്രവാസി മലയാളികളുടെ കുട്ടികള്‍ക്ക് തനത് സംസ്‌കാരവും, പാരമ്പര്യവും പകര്‍ന്നു നല്‍കുക, അവരുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനൊപ്പം മലയാള ഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കി നടത്തി വരുന്ന സാരഥി ഗുരുകുലം പഠന ക്ലാസിന്റെ പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

സാരഥി ഗുരുകുലത്തിന്റെ കീഴില്‍ 400 ലധികം കുട്ടികള്‍, പൂമൊട്ടുകള്‍, ദളങ്ങള്‍, കണിക്കൊന്ന, സൂര്യകാന്തി എന്നീ വിഭാഗത്തില്‍ ഭാഷാ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ക്ളാസ്സുകള്‍ തരം തിരിച്ച് കേരള ഭാഷമിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സിലബസ്സ് പ്രകാരം മലയാള ഭാഷാ പഠനം നടത്തി വരുന്നത്. 20 പേര്‍ അടങ്ങുന്ന സാരഥി ഗുരുകുലം അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ളാസ്സുകള്‍ നടന്നു വരുന്നത്.

സാരഥി കുവൈറ്റ് പ്രസിഡന്റ് സജീവ് നാരായണന്റെ സ്വാഗത പ്രസംഗത്തോട് തുടക്കം കുറിച്ച പരിപാടിയുടെ ഉദ്ഘാടനം ആചാര്യ കെ എന്‍ ബാലാജി ( കോട്ടയം ഗുരുനാരായണ നികേതന്‍) നിര്‍വഹിച്ചു.


ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്ക് ആശംസകളും ആശീര്‍വാദവും അര്‍പ്പിച്ചു കൊണ്ട് സാരഥി ജനറല്‍ സെക്രട്ടറി ബിജു സി വി, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു സജീവ്, ഗുരുദര്‍ശന വേദി ചീഫ് കോഡിനേറ്റര്‍ വിനീഷ് വിശ്വം എന്നിവര്‍ സംസാരിച്ചു.

പ്രവേശനോത്സവത്തിനു നന്ദി അര്‍പ്പിക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഗുരുകുലം ചീഫ് കോഡിനേറ്റര്‍ മനു കെ മോഹന്‍ ചടങ്ങിന് സമാപനം കുറിച്ചു. തുടര്‍ന്ന് ആദ്ധ്യാത്മിക ക്ലാസ് അജയകുമാര്‍ ജെ യുടെ നേതൃത്വത്തിലും മലയാളം ക്ലാസ് മുബിന സിജുവിന്റെ നേതൃത്വത്തിലും തുടക്കം കുറിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക