Image

മനുഷ്യനന്മയുടെ ചിരിയാഴങ്ങൾ (അനിൽ പെണ്ണുക്കര)

Published on 05 May, 2021
മനുഷ്യനന്മയുടെ ചിരിയാഴങ്ങൾ (അനിൽ പെണ്ണുക്കര)
"ഒരിക്കൽ ക്രിസോസ്റ്റം തിരുമേനിയോട് ഒരാൾ തന്റെ മകന് കല്യാണം കഴിക്കാൻ ഒരു പെൺകുട്ടിയെ അന്വേഷിച്ച് കൊടുക്കണമെന്ന് അപേക്ഷിച്ചു. പെണ്ണിന് വേണ്ട ഗുണങ്ങളെല്ലാം കേട്ട് കഴിഞ്ഞപ്പോൾ തിരുമേനി പറഞ്ഞ് പോലും… ഇത് പോലെ ഒരു പെൺകൊച്ച് ഉണ്ടായിരുന്നെങ്കിൽ, തിരുമേനി അച്ചനാകാൻ ഇറങ്ങി പുറപ്പെടില്ലായിരുന്നു എന്ന്".

ചിന്തകൾക്ക് തിരി കൊളുത്തിയിട്ട ചിരികളുടെ സഹൃദയനാണ് ക്രിസ്റ്റോസം തിരുമേനി. എന്തിലും അദ്ദേഹം ഫലിതങ്ങൾ കണ്ടു പിടിച്ചിരുന്നു. എത്ര വലിയ കാര്യങ്ങൾക്കും അദ്ദേഹത്തിന് ഫലിതങ്ങൾ ഉണ്ടായിരുന്നു. ചിരിച്ചും ചിരിപ്പിച്ചും നമുക്കൊപ്പമുണ്ടായിരുന്ന ആ മനുഷ്യസ്നേഹിയാണ് ഇപ്പോൾ ജീവിതത്തിൽ നിന്ന് യാത്രയായിരിക്കുന്നത്. മരിച്ചവരെ തിരിച്ചു വിളിക്കാൻ കഴിയുമെങ്കിൽ എത്ര നന്നായിരുന്നെന്ന് അതുകൊണ്ട് തന്നെ പലപ്പോഴും ഓർക്കേണ്ടി വരുന്നുണ്ട്. അദ്ദേഹം ഒരാളുടെ മാത്രം ആശ്വാസമായിരുന്നില്ല. ഒരുപാട് മനുഷ്യരെ വിവേചനങ്ങളൊന്നുമില്ലാതെ ചേർത്തു പിടിച്ചിരുന്നയാളായിരുന്നു.

സൂഫി സന്യാസികളെപ്പോലെയാണ് അദ്ദേഹം പലപ്പോഴും സംസാരിക്കാറുള്ളത്, ഭക്തി പ്രസ്ഥാനത്തിലെ ദാർശനികരായ കവികളെപ്പോലെയും. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകനായിരുന്നു അദ്ദേഹം. സൂഫി – ഭക്തിപ്രസ്ഥാന ചരിത്രത്തിലെ മഹാ ദാർശനികരെപ്പോലെ അദ്ദേഹവും മനുഷ്യാനുഭവത്തിന്റെ വലിയൊരു പൂർണതയായാണ് ദൈവത്തെ കണ്ടത്. അതിൽ വേർതിരിവുകളോ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഘടകങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
എല്ലാവർക്കും വീട്, എല്ലാവർക്കും ഭക്ഷണം എന്ന സ്വപ്നത്തിലേക്കായിരുന്നു അദ്ദേഹം ജീവിതം തുറന്നു വച്ചിരുന്നത്. ആ ജീവിതം മാതൃകാപരമായിരുന്നു.

അദ്ദേഹം ക്രിസ്തുമതത്തിന്റെ ചരിത്രത്തെ വിമർശിച്ചുകൊണ്ട് യാഥാർഥ്യത്തിലും സമാധാനത്തിലുമാണ് എന്നും നിലകൊണ്ടത്. കടപട സന്യാസികളുടെ അതിപ്രസരത്തിനിടയ്ക്ക് ക്രിസോസ്റ്റം തിരുമേനിയെപ്പോലെ ഒരാളെ കണ്ടെത്തുക എന്നുള്ളത് ഏറെ പ്രയാസമുള്ള കാര്യമാണ്.

“അന്യനിൽ ദൈവത്തെ കാണാൻ സാധിക്കുന്നവന് മാത്രമേ ലോകത്തിൽ ദൈവത്തെ കാണാൻ കഴിയൂ. ഇതാണ് ഇന്നത്തെ ആവശ്യം. എന്ന് ഒരു പ്രഭാഷണത്തിൽ ക്രിസോസ്റ്റം തിരുമേനി എടുത്തു പറയുമ്പോഴാണ് മതത്തിന്റെയും ദൈവത്തിന്റെയും സത്യമായ നിരീക്ഷങ്ങൾ നമ്മൾ മലയാളികൾ തിരിച്ചറിയുന്നത്.

ആര്‍ക്കും അവകാശപ്പെടാനാവാത്ത നിരവധി സവിശേഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാൾ കൂടിയായിരുന്നു വലിയ മെത്രാപ്പോലീത്ത. ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും തലമുറകളെ നര്‍മം ചാലിച്ച്  പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു അദ്ദേഹം. ജനമനസ്സുകളിൽ എന്നും നിറഞ്ഞുനില്‍ക്കുന്ന ആത്മീയ പ്രഭാഷകൻ. ഒരിക്കല്‍ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താന്‍ പ്രേരിപ്പിക്കുന്നയാള്‍. അങ്ങനെയുള്ളവരാണീ സമൂഹത്തെ നയിക്കാൻ പ്രാപ്തരായുള്ളവർ.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ക്രിസോസ്റ്റം തിരുമേനിയുടെ വേർപാട് സാമൂഹിക സാംസ്കാരിക രംഗത്തിനേറ്റ വലിയ നഷ്ടമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക