Image

രണ്ടാം വരവില്‍ ക്യാപ്റ്റനെത്തുന്നത് പുതുമുഖ പടയുമായി(ജോബിന്‍സ് തോമസ്)

ജോബിന്‍സ് തോമസ് Published on 05 May, 2021
രണ്ടാം വരവില്‍ ക്യാപ്റ്റനെത്തുന്നത് പുതുമുഖ പടയുമായി(ജോബിന്‍സ് തോമസ്)
പിണറായി വിജയന്റെ രണ്ടാം വരവാണിത്. എതിരെ വന്ന ആരോപണങ്ങളെയെല്ലാം അതീജീവിച്ച് മിന്നുന്ന വിജയം സ്വന്തമാക്കിയുള്ള രണ്ടാം വരവ്. ക്യാപ്റ്റന്റെ രണ്ടാം വരവില്‍ മന്ത്രിസഭയില്‍ പുതുമയാണ് താരം. നിലവിലുള്ള ഭൂരിഭാഗം മന്ത്രിമാരെയും ഒഴിവാക്കി പകരം പുതുമുഖങ്ങളെ നിരത്താനാണ് സിപിഎം തീരുമാനം. രണ്ട് ടേം മത്സരിച്ചവര്‍ മാറി നില്‍ക്കട്ടെയെന്ന പാര്‍ട്ടി തീരുമാനത്തിന് തെരഞ്ഞെടുപ്പില്‍ ലഭിച്ച സ്വീകാര്യതയാണ് മന്ത്രിസഭയിലും പരിചിതരെ ഒഴിവാക്കി കൂടുതല്‍ പുതുമുഖങ്ങളെ അണി നിരത്തുവാനുള്ള തീരുമാനമെടുക്കാന്‍ സിപിഎം നെ പ്രേരിപ്പിച്ചത്.

എന്നാല്‍ ആരോഗ്യ മന്ത്രി എന്ന നിലയില്‍ മിന്നുന്ന പ്രകടനം നടത്തി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച ഇടത് സര്‍ക്കാരിലെ അമ്മ മുഖമായ ഷൈലജ ടീച്ചര്‍ ആരോഗ്യ മന്ത്രിയായി തുടരും. മെയ് 17 നായിരിക്കും മന്ത്രിമാരെ എല്‍ഡിഎഫ് ചേര്‍ന്ന് തീരുമാനിക്കുക. ലളിതമായ ചടങ്ങില്‍ അന്നു തന്നെ സത്യപ്രതിഞ്ജയും നടന്നേക്കും . ക്യാപ്റ്റന്റെ ക്യാബിനറ്റിലേയ്ക്ക് പരിഗണിക്കപ്പെടുന്നവര്‍ ഇവരാണ്.

പിണറായിക്കൊപ്പം മന്ത്രിസഭയില്‍ രണ്ടാമനായി എത്തുന്നത് മുതിര്‍ന്ന നേതാവ് എംവി ഗോവിന്ദനായിരിക്കും വ്യവസായ വകുപ്പായിരിക്കും ഗോവിന്ദന്‍ കൈകാര്യം ചെയ്യുക. നിയമം, പിന്നോക്ക ക്ഷേമം എന്നീവകുപ്പുകള്‍ കെ രാധാകൃഷ്ണന് ലഭിച്ചോക്കും. ധനകാര്യം എറണാകുളത്തു നിന്നും ജയിച്ച പി.രാജീവിനാണ് മുന്‍ഗണന. മാധ്യമപ്രവര്‍ത്തകയും ആറന്‍മുള എംഎല്‍എയുമായ വീണ ജോര്‍ജ് വിദ്യാഭ്യാസ മന്ത്രിയായി എത്താനാണ് സാധ്യത. എക്സൈസ് വകുപ്പ് വിഎന്‍.വാസവന് ലഭിച്ചേക്കും. കുമ്മനത്തെ പരാജയപ്പെടുത്തിയ വി.ശിവന്‍കുട്ടി സഹകരണ, ദേവസ്വം മന്ത്രിയാകാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനം പിപി ചിത്തരഞ്ജനും വൈദ്യുതി എസി മൊയ്തീനും ലഭിച്ചേക്കും.

ഇവര്‍ക്ക് പുറമേ സജി ചെറിയാന്‍, കെ.ടി ജലീല്‍,പി നന്ദകുമാര്‍,സിഎച്ച് കുഞ്ഞമ്പു, എംബി രാജേഷ്, കാനത്തില്‍ ജമീല, ആര്‍ ബിന്ദു, എന്‍ ഷംസീര്‍, എന്നിവരാണ് സിപിഎമ്മിന്റെ നിലവിലെ പട്ടികയിലുള്ളത്. സ്പീക്കര്‍ സ്ഥാനവും സിപിഎമ്മിനായിരിക്കും. സിപിഐയില്‍ നിന്നും പി.എസ് സുപാല്‍, ചിഞ്ചുറാണി . പി പ്രസാദ്. ഇ ചന്ദ്രശേഖരന്‍ എന്നിവരായിരിക്കും ക്യാബിനറ്റിലേയ്ക്ക് പരിഗണിക്കപ്പെടുക. എന്‍സിപിയില്‍ നിന്നും എ.കെ ശശീന്ദ്രനാണ് പരിഗണനയില്‍ . കുട്ടനാട് നിന്നും വിജയിച്ച തോമസ് കെ. തോമസും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒരു എംഎല്‍എ മാത്രമുള്ളമുള്ളവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കുന്ന കാര്യം പരിഗണനയിലില്ലെങ്കിലും കെ.ബി ഗണേഷ് കുമാറിനും ആന്റണി രാജുവിനും വേണ്ടി ശക്തമായ സമ്മര്‍ദ്ദങ്ങളുണ്ട്.
ജെഡിഎസ്സില്‍ നിന്നും കെ കൃഷ്ണന്‍ കുട്ടിയേയും എല്‍ജെഡിയില്‍ നിന്നും കെപി മോഹനനേയുമാണ് നിലവില്‍ പരിഗണിക്കുന്നത്.  കേരളാ കോണ്‍ഗ്രസില്‍ നിന്നും റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. ഒരു ക്യാബിനറ്റ് സ്ഥാനവും കൂടി ലഭിച്ചാല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള ഡോ.എന്‍ ജയരാജ് ഈ സ്ഥാനത്തേയ്ക്കെത്തും. എന്തായാലും അനന്തപുരിയിലെ അധികാര ഇടനാഴികളില്‍ മന്ത്രി സ്ഥാനങ്ങള്‍ക്കും പ്രധാന വകുപ്പുകള്‍ക്കുമുള്ള ചര്‍ച്ചകളും സമ്മര്‍ദ്ദങ്ങളും ആരംഭിച്ചു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക