Image

ജാതകദോഷം (ചെറുകഥ: സാംജീവ്)

Published on 05 May, 2021
 ജാതകദോഷം (ചെറുകഥ: സാംജീവ്)
ഡോറാ ഫിലിപ്പിന്റെ പ്രസംഗം ചന്ദനമഴപോലെയാണ്. പ്രസംഗിക്കുമ്പോൾ അവർ പ്ലാറ്റുഫോമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കും. അവരുടെ നടപ്പിനൊരു ചന്തമുണ്ട്. അതിന് താളമുണ്ട്, ലയമുണ്ട്. അവരുടെ കാതുകളിൽ ഇളകിയാടുന്ന കുണ്ഡലങ്ങളുണ്ട്. അവയുടെ ചലനത്തിനും താളമുണ്ട്, ലയമുണ്ട്.

ഡോറാ ഫിലിപ്പിന്റെ ശബ്ദധോരണി ശാന്തമായ നദീപ്രവാഹം പോലെയാണ്. മിസ്സിസ്സിപ്പി നദിയുടെ ശരത്ക്കാലപ്രവാഹം പോലെ അതു അതിശക്തമായി ഒഴുകിക്കൊണ്ടേയിരിക്കും. ഇന്ന് സ്നേഹമാണ് അവരുടെ പ്രസംഗവിഷയം.

“ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷയിൽ സംസാരിച്ചാലും എനിക്ക് സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്ക് പ്രവചനവരം ഉണ്ടായിട്ട് സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹം ഇല്ലായെങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹമില്ല എനിക്ക് ഒരു പ്രയോജനവും ഇല്ല. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു. സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.”

സ്നേഹത്തെക്കുറിച്ചുള്ള ബൈബിൾ സൂക്തങ്ങളെല്ലാം ഡോറാ ഫിലിപ്പിന് മന:പാഠമാണ്.
ദിവസം നാലുനേരം ഇൻസുലിൻ കുത്തിവയ്ക്കുന്ന പ്രമേഹരോഗിയാണ് ഞാൻ. ചിലപ്പോൾ ഹൈപ്പോഗ്ലൈസീമിയാ എന്ന സ്ഥിതിയുണ്ടാകാകാം. രക്തത്തിൽ പഞ്ചസാരയുടെ അളവ് വേണ്ട അളവിൽ നിന്ന് കുറയുന്ന സ്ഥിതിയാണത്. അതപകടമാണ്.
നാവ് കുഴയും.
ശരീരം വിയർക്കും..
അമിതമായ വിശപ്പുണ്ടാകും.
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടുന്ന എന്തെങ്കിലും ഉടനെ കഴിക്കണം. അവഗണിക്കുന്നത് ആപത്ക്കരമാണ്. ബോധം നഷ്ടപ്പെടാം. ഒരുപക്ഷേ മരണംപോലും സംഭവിക്കാം.
അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺ സംസ്ഥാനത്തിൽ പാലസ് എന്നു നാമകരണം ചെയ്തിട്ടുള്ള സ്പോർട്സ് അരീനയിലാണ് പ്രസിദ്ധ സുവിശേഷപ്രസംഗകയായ മ്സ് ഡോറാ ഫിലിപ്പിന്റെ പ്രസംഗം സംഘടിപ്പിച്ചിരുക്കുന്നത്. ഞാൻ അവരുടെ ശബ്ദധോരണിയിൽ ലയിച്ചിരിക്കുകയാണ്. പെട്ടെന്നാണത് സംഭവിച്ചത്.
ഹൈപ്പോഗ്ലൈസീമിയാ.
പോക്കറ്റിൽ തപ്പിനോക്കി.സാധാരണപോക്കറ്റിൽ സൂക്ഷിക്കാറുള്ള പഞ്ചസാരമിട്ടായി എടുത്തിട്ടില്ല.
ഞാൻ എഴുനേറ്റു. പഞ്ചസാരയുടെ അംശമുള്ള എന്തെങ്കിലും ഉടനെ കഴിച്ചേപറ്റൂ.
പിറകിലും പാർശ്വഭാഗങ്ങളിലും ഇരുന്നവർ പ്രതിഷേധം പ്രകടിപ്പിച്ചു.
ഡോറാ ഫിലിപ്പിന്റെ പ്രസംഗത്തിനിടയിൽ എഴുനേറ്റ് ശല്യമുണ്ടാക്കുന്ന ഇവനാര്?
“അവിടിരിയെടാ.” ചിലർ വിളിച്ചുകൂവി.
പക്ഷേ ഞാനത് അവഗണിച്ചു.
ഞാൻ വേച്ചുവേച്ച് കോറിഡറിലേയ്ക്ക് നടന്നു. രണ്ട് സെക്യൂരിറ്റിജീവനക്കാർ അടുത്തു വന്നു. അവരും ക്രിസ്ത്യാനികളാണ്. സെക്യൂരിറ്റിബാഡ്ജിനോടൊപ്പം വേദവാക്യങ്ങളെഴുതിയ ബാഡ്ജുകളും അവർ കുപ്പായത്തിൽ തുന്നിവച്ചിട്ടുണ്ട്.
ഒരുവൻ ചോദിച്ചു.
“നിങ്ങൾക്കെന്താണ് വേണ്ടത്?
നിങ്ങൾ മീറ്റിംഗിൽ എന്തിന് ശല്യമുണ്ടാക്കുന്നു?”
“ഞാൻ ഡയബറ്റിക്ക് രോഗിയാണ്. രക്തത്തിൽ പഞ്ചസാര കുറയുന്നു. എന്തെങ്കിലും ഉടനെ കഴിക്കണം.” ഞാൻ പറഞ്ഞു.
“നാശം. വേഗം ഇറങ്ങിപ്പോകുക. മടങ്ങിവരരുത്.”
“മടങ്ങിവന്ന് ശല്യമുണ്ടാക്കരുത്.” സെക്യൂരിറ്റിജീവനക്കാർ കല്പിച്ചു.

വൃത്താകൃതിയിലുള്ള സ്റ്റേഡിയത്തിനു പുറംചുറ്റായി വൃത്താകൃതിയിലുള്ള വരാന്തയുണ്ട്. വരാന്തയോട് അനുബന്ധമായി ഫാസ്റ്റ്ഫുഡ് വില്ക്കുന്ന കടകളുടെ ഒരു നിരതന്നെയുണ്ട്.
കണ്ണാടിയലമാരയിൽ ഭക്ഷണസാധനങ്ങൾ അടുക്കിവച്ചിരിക്കുന്നു. ഡോണറ്റുണ്ട്, മഫിനുണ്ട്. ആശ്വാസമായി. ഓടിച്ചെന്ന് ആദ്യംകണ്ട കടയിൽനിന്ന് രണ്ട് ഡോണറ്റ് ഓർഡർ ചെയ്തു. പഞ്ചസാര ധാരാളമുള്ള വിഭവമാണ്. ഹൈപ്പോഗ്ലൈസീമിയ തടയാൻ പറ്റിയ പലഹാരമാണത്. കച്ചവടക്കാരൻ കാഷ്കൌണ്ടറിലാണ്. അയാൾ കണക്കുകൾ ശരിയാക്കുകയാണ്. മാനേജർ അടുത്തുണ്ട്.
മാനേജർ പറഞ്ഞു.
“ഞങ്ങൾ കച്ചവടം ക്ലോസ്സ് ചെയ്തുകഴിഞ്ഞു, സോറി.”
“എന്റെ ഷുഗർലവൽ താഴുകയാണ്. ഞാൻ ഡയബറ്റിക്ക് രോഗിയാണ്.” ഞാൻ ദൈന്യഭാവത്തിൽ മൊഴിഞ്ഞു.
മാനേജർ അയാളുടെ ഉത്തരം ആവർത്തിച്ചു.
“ഞങ്ങൾ കച്ചവടം ക്ലോസ്സ് ചെയ്തുകഴിഞ്ഞു, സോറി.”
“സർ, എനിക്ക് എന്തെങ്കിലും ഉടനെ ഭക്ഷിച്ചേ പറ്റൂ. ഞാൻ ഡയബറ്റിക്ക് രോഗിയാണ്.”
“ഞങ്ങൾ കച്ചവടം ക്ലോസ്സ് ചെയ്തുകഴിഞ്ഞു, സോറി.”
“ഞാൻ നിങ്ങൾ പറയുന്ന വില തരാം.”
“ഞങ്ങൾ കച്ചവടം ക്ലോസ്സ് ചെയ്തുകഴിഞ്ഞു, സോറി.”

അയാൾ യന്ത്രമാണ്. യന്ത്രത്തിന് വികാരമില്ല, ദയയില്ല, സ്നേഹമില്ല, ഭയമില്ല.
യന്ത്രത്തിന് നിയമങ്ങളുണ്ട്. പ്രിപ്രോഗ്രാം ചെയ്തിരിക്കുന്ന നിയമങ്ങൾ. ആ നിയമങ്ങളനുസരിച്ച് യന്ത്രം ചലിക്കും. യന്ത്രത്തിന്റെ നാവ് വീണ്ടും വീണ്ടും ചലിച്ചു.
“ഞങ്ങൾ കച്ചവടം ക്ലോസ്സ് ചെയ്തുകഴിഞ്ഞു, സോറി”

അടുത്തകടയിലേയ്ക്കു ചെന്നു; അല്ല ഓടി. അവിടെ വലിയ ഒരു പ്ലാസ്റ്റിക്ക് പാത്രത്തിൽ ഹോട്ട്ഡോഗ് കൂട്ടിയിട്ടിരിക്കുന്നു. ചതച്ചരച്ച മാംസം ചെറിയ സിലിണ്ടർപോലെയാക്കി പുഴുങ്ങിയെടുക്കുന്ന ഒരു ഭക്ഷ്യവിഭവമാണ് ഹോട്ട്ഡോഗ്. സിലിണ്ടറിന് ആറിഞ്ച് നീളവും അരമുക്കാൽ ഇഞ്ച് വ്യാസവുമുണ്ടാകും. തല്ക്കാലം അതിൽ ഒരെണ്ണംമതി എന്റെ ജീവൻ രക്ഷിക്കാൻ.
“ഒരെണ്ണം തരൂ. ഞാൻ ഡയബറ്റിക്ക് രോഗിയാണ്. എന്റെ ഷുഗർലവൽ താഴുന്നു.”
“സർ, ഞങ്ങൾ 8 മണിക്ക് കച്ചവടം ക്ലോസ്സ് ചെയ്തുകഴിഞ്ഞു, സോറി.” ഞാൻ വാച്ചിൽ നോക്കി. സമയം കൃത്യം 8 മണി.
“നിങ്ങൾ നാളെരാവിലെ പത്തുമണിക്ക് വരൂ. മാനേജരെ കാണൂ.”
കച്ചവടക്കാരൻ തുടർന്നുപറഞ്ഞു.
ഞാൻ പറഞ്ഞത് അയാൾ വിശ്വസിച്ചില്ല.ഭക്ഷണം യാചിക്കുന്ന ഒരു തെരുവുതെണ്ടിയാണ് ഞാനെന്ന് അയാൾ കരുതിയിരിക്കണം. അയാൾ എന്നെ അടിമുടി നോക്കി. എന്നിട്ട് പ്ലാസ്റ്റിക്ക് പാത്രത്തിൽ കൂട്ടിയിട്ടിരുന്ന ഹോട്ട്ഡോഗ് അയാളെടുത്ത് കുപ്പത്തൊട്ടിയിലിട്ടു. ഞാൻ ആർത്തിയോടെ കുപ്പത്തൊട്ടിയിലേയ്ക്ക് നോക്കി. വിശക്കുന്ന വയറിനുമുമ്പിൽ ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നു. പക്ഷേ അതു രാജ്യത്തിന്റെ നിയമമാണ്.
എട്ട് മണിക്ക് കച്ചവടം  നിറുത്തണം.
ദിവസത്തെ വരവുചെലവ് കണക്കുകൾ കൃത്യമായി എഴുതണം
വിറ്റുതീരാത്ത, ചീത്തയാകാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങൾ  അന്നന്നു നശിപ്പിച്ചിരിക്കണം. അവ ആർക്കും സൗജന്യമായി നല്കാനും പാടില്ല.
ഇതൊക്കെ രാജ്യത്തിന്റെ നിയമമാണ്.
ഓടിച്ചെന്ന് കുപ്പത്തൊട്ടിയിൽനിന്നും ഒരു ഹോട്ട്ഡോഗെടുത്ത് തിന്നണമെന്നുതോന്നി. കച്ചവടക്കാരൻ അതനുവദിക്കുകയില്ല. അയാൾ പിടിച്ച് പുറന്തള്ളും. അയാൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിളിക്കും. ഒരു സ്വിച്ചമർത്തിയാൽ പോലീസ് വരും. അതിക്രമിച്ചുകടന്നതിന് അവർ അറസ്റ്റുചെയ്യും, തുറുങ്കിലടയ്ക്കും, കേസെടുക്കും.
ഇല്ല, അതു പറ്റുകയില്ല.
നിയമം പാലിച്ചേപറ്റൂ.
നിയമത്തിന് കണ്ണില്ല, കാതില്ല, വിശക്കുന്ന വയറുമില്ല.
നിയമം ഭരിക്കുന്ന രാജ്യമാണ് അമേരിക്ക.
കടയുടമസ്ഥൻ ‘ക്ലോസ്സ് ചെയ്തുകഴിഞ്ഞു’ എന്നൊരു ചുവന്നബോർഡ് കടയ്ക്കുമുമ്പിൽ തൂക്കിയിട്ടു.
അടുത്ത കടയിലേയ്ക്ക് നടന്നു; അല്ല, ഓടി.

“സർ, ക്ലോസ്സുചെയ്തു കഴിഞ്ഞു.”ചെറുപ്പക്കാരനായ മാനേജർ ചെറിയ പുഞ്ചിരിയോടെ മൊഴിഞ്ഞു. അയാളുടെ പുഞ്ചിരിയിൽ ഒളിഞ്ഞിരുന്നത് പരിഹാസമായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. ഞാൻ ജീവന്മരണ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്.
“സർ, എനിക്കെന്തെങ്കിലും കഴിച്ചേപറ്റൂ. എന്റെ ഷുഗർലവൽ താഴുന്നു. ഞാൻ ഡയബറ്റിക്ക് രോഗിയാണ്.”
“അതു നിങ്ങളുടെ പ്രശ്നം. എന്റെ പ്രശ്നമല്ല.” അയാൾ വീണ്ടും ചിരിച്ചു.
“നിങ്ങൾ ബംഗ്ലാദേശിൽ നിന്നും വന്നയാളാണോ?”
“അല്ല, ഇൻഡ്യയിൽ നിന്ന്.”
“എല്ലാം ഒരുപോലെ.” അയാൾ വീണ്ടും ചിരിച്ചു. എന്റെ വിഷമസ്ഥിതി അയാൾ ആസ്വദിക്കുന്നതുപോലെ തോന്നി. അയാളുടെ പരിഹാസച്ചിരിയിൽ ഒളിച്ചിരുന്ന കൂരമ്പുകൾ ഞാൻ കണ്ടു. അയാൾ എന്തോ പിറുപിറുത്തു. ഞാൻ കേട്ടില്ല.
“കാലം മാറി. കാലാവസ്ഥ മാറി. രാജ്യം മാറി. പക്ഷേ സ്വഭാവം മാറിയില്ല. തെണ്ടി എവിടെച്ചെന്നാലും തെണ്ടിതന്നെ. ജാത്യാലുള്ളത് തൂത്താൽ പോകുമോ?” എന്നായിരിക്കുമോ അയാൾ പിറുപിറുത്തത്?
അയാളുടെ കടയിലെ ഭക്ഷണപദാർത്ഥങ്ങൾ തട്ടിയെടുക്കാനുള്ള അടവായിട്ടാണ് എന്റെ അപേക്ഷയെ അയാൾ കണ്ടത്.


ഇനിയെന്ത്? ഇനി ഞാനെന്തുചെയ്യും? അല്പനിമിഷങ്ങൾ കഴിഞ്ഞാൽ ഞാൻ താഴെ വീഴാം.
അതാ, അല്പമകലെ ഒരു പെൺകുട്ടി നില്ക്കുന്നു. അവൾ ഐസ്ക്രീം തിന്നുകയാണ്..
പത്തു വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി.

ചുവന്നനിറമുള്ള ഐസ്ക്രീം.
സ്ട്രാബറി പഴത്തിന്റെ ചാറു കൊണ്ടുണ്ടാക്കിയ ഐസ്ക്രീം.
ഞാൻ ആ കുട്ടിയുടെ അടുത്തേയ്ക്കുചെന്നു, കൈനീട്ടി. വിറയ്ക്കുന്ന കൈകൾ ആർത്തിയോടെ നീട്ടി.

ശ്രീമാൻ കേശവപ്പണിക്കരാണ് എന്റെ ജാതകമെഴുകിയത്, അൻപതുകൊല്ലം മുമ്പ്. എന്റെ മുത്തച്ഛന്റെ സ്നേഹിതനായിരുന്നു കേശവപ്പണിക്കർ. ജാതകം വായിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞുവത്രേ.
“ഇവന്റെ ഗ്രഹനിലയിൽ ഒരു ജാതകദോഷം ഞാൻ കാണുന്നുണ്ട്.”
“ജാതകദോഷമോ? എന്താണത്?” കുടുബാംഗങ്ങൾ ഉത്ക്കണ്ഠാകുലരായി.
“അതിൽ വിഷമിക്കാനൊന്നുമില്ല. ഏതു ജാതകദോഷത്തിന്റെ കാഠിന്യവുംഈശ്വരധ്യാനവും സത്പ്രവർത്തികളും കൊണ്ട് ലഘൂകരിക്കാവുന്നതേയുള്ളു. ഇവൻ ഇരന്നു ഭക്ഷിക്കുമെന്ന് ഒരു ജാതകദോഷമുണ്ട്.” ജോത്സ്യൻ കേശവപ്പണിക്കർ വിശദീകരിച്ചു.
എന്റെ അമ്മയുടെ മനസ്സിനെ എക്കാലവും വേദനിപ്പിച്ച ഒന്നായിരുന്നു കേശവപ്പണിക്കർ പറഞ്ഞ ജാതകദോഷം. ഞാൻ അമേരിക്കയിലേയ്ക്ക് പോകാൻ തീരുമാനിച്ചപ്പോൾ അമ്മ വേദനയോടെ പറഞ്ഞു.
“ഇവിടെ ദൈവം നല്കിയ സൗഭാഗ്യങ്ങളെല്ലാം ഇട്ടെറിഞ്ഞിട്ട് പരദേശത്ത് പോകുകയാ. ഇനി അവിടെച്ചെന്ന് ആരുടെയൊക്കെ നിന്ദച്ചോറ് കഴിക്കണമെന്നാർക്കറിയാം! ഹാ, തലേലെഴുത്ത് അമർത്തിച്ചെരച്ചാൽ മായുമോ? ഇരന്നുണ്ണുമെന്ന് നിന്റെ ജാതകത്തിലുള്ളതാ.”
ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു. എച്ചിൽക്കഷണത്തിനുവേണ്ടി കൈനീട്ടുന്ന നിസ്സഹായനായ മനുഷ്യനാണ് ഞാൻ.

ചുവന്ന ഐസ്ക്രീംതിന്നുകൊണ്ടിരുന്ന പെൺപൈതൽ അത്ഭുതത്തോടെ എന്നെ തുറിച്ചുനോക്കി. മനുഷ്യത്വത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത ആ പെൺകുട്ടി പകുതി തിന്നുകഴിഞ്ഞ ഐസ്ക്രീം എന്റെ കൈകളിലേയ്ക്ക് തന്നു.
അവൾ മാലാഖയാണ്. ദൈവം മനുഷ്യരെ സഹായിക്കാൻ മാലാഖമാരെ അയച്ചിട്ടുണ്ട്. ഏലിയാവ് പ്രവാചകന്റെ അടുത്തേയ്ക്ക് ദൈവം മാലാഖയെ അയച്ചു, കാക്കയുടെ രൂപത്തിൽ. എന്നെ സഹായിക്കാൻ ഇതാ ദൈവം മാലാഖയെ അയച്ചിരിക്കുന്നു, പത്തു വയസ്സകാരി പൈതലിന്റെ രൂപത്തിൽ.
ചുരുണ്ട മുടിയും നീലക്കണ്ണുകളുമുള്ള മാലാഖ.
മനുഷ്യസ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത മാലാഖ.

ഞാൻ പോക്കറ്റിൽ പരതി. കൈയിൽകിട്ടിയ അഞ്ചുഡോളർബിൽ ആ മാലാഖയുടെ കൈയിലേയ്ക്കു വച്ചുകൊടുത്തു. അവളുടെ കണ്ണുകൾ വിടർന്നു. അവളുടെ ചുവന്ന ചുണ്ടുകളിൽ നൈർമ്മല്യത്തിന്റെ മന്ദസ്മിതം വിരിഞ്ഞു. അത്ഭുതത്തോടെ അവൾ അതു വാങ്ങി.
“ജൂലീ..”
താക്കീതിന്റെ വിളി.
മുന്നറിയിപ്പിന്റെ വിളി.
അപായസൂചനയുടെ അലാറം.
അതവളുടെ അമ്മയാണ്.
ഞാൻ കൊടുത്ത ഡോളർബിൽ ജൂലി വാങ്ങുന്നത് അവളുടെ അമ്മ കണ്ടുകഴിഞ്ഞു.

പത്തുവയസ്സുള്ള പെൺകുട്ടി അന്യന്റെ സമ്മാനം വാങ്ങുന്നതിനെതിരെ നിയന്ത്രണങ്ങളുണ്ട്. അന്യന്റെ ഉദ്ദേശ്യമെന്താണെന്ന് ആർക്കറിയാം?“വശീകരണം” എന്ന കുറ്റത്തിന്റെ പരിധിയിയിൽ എന്റെ അഞ്ചുഡോളർ സമ്മാനം വരുമോയെന്ന് എനിക്കറിഞ്ഞുകൂടാ.
അഞ്ചുഡോളർ ബിൽ ജൂലിയുടെ വിറയ്ക്കുന്ന കൈകളിൽ നിന്ന് താഴെ വീണു.
ഞാൻ ഗൗനിച്ചില്ല. ഞാൻ വേഗത്തിൽ നടന്നു, ആർത്തിയോടെ ചുവന്ന ഐസ്ക്രീം നുണഞ്ഞുകൊണ്ട്.

കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തെത്തിയപ്പോൾ തിരിഞ്ഞുനോക്കി.
ഇല്ല; സെക്യൂരിറ്റിപോലീസുകാരാരും പിന്തുടരുന്നില്ല.
സ്റ്റേഡിയത്തിൽ ഡോറാ ഫിലിപ്പിന്റെ പ്രസംഗം നിലച്ചിരിക്കാം. ഒരു ഗാനം ഉയർന്നുകോൾക്കാം.
ഇനി ഐ-75 എന്ന അന്തർസംസ്ഥാന രാജവീഥിയിലേയ്ക്ക്.
മിസ്സിസ്സിപ്പിനദിപോലെ പായുന്ന ഗതാഗതപ്രവാഹത്തിന്റെ ഒരു ബിന്ദുവായി എന്റെ ചെറിയ കാറും അലിഞ്ഞുചേർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക