Image

പ്രായമായവരിൽ രോഗവ്യാപനം കുറയുന്നു; യുവാക്കൾക്കിടയിൽ രോഗവർദ്ധനവ് ആശങ്ക പടർത്തുന്നു  

Published on 04 May, 2021
പ്രായമായവരിൽ രോഗവ്യാപനം കുറയുന്നു; യുവാക്കൾക്കിടയിൽ രോഗവർദ്ധനവ് ആശങ്ക പടർത്തുന്നു  

അമേരിക്കയിൽ കോവിഡ് കേസുകളും മരണനിരക്കും അഞ്ചിലൊന്നായി  ചുരുക്കാൻ സാധിച്ചത്  വാക്സിൻ വിതരണം ഊർജ്ജിതമാക്കിയതുകൊണ്ടാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജനുവരി മധ്യത്തിൽ പ്രതിവാര കോവിഡ് മരണനിരക്ക് 3400 ൽ എത്തിയിരുന്നത് നിലവിൽ 660 ആയി കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം 2,51,000- ത്തിൽ നിന്ന് 49,400 ആയി കുറഞ്ഞു. 

വാക്സിന് ഉപയോഗാനുമതി ലഭ്യമായ പ്രാരംഭഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കായിരുന്നു കുത്തിവയ്പ്പ്  സ്വീകരിക്കാൻ മുൻഗണന നൽകിയിരുന്നത്. അതുകൊണ്ടു തന്നെ 65 പിന്നിട്ടവരിൽ ഇതിനോടകം 83 % പേരും ഒരു ഡോസ് വീതമെങ്കിലും സ്വീകരിക്കുകയും  70 % പേർ പൂർണമായും വാക്സിനേറ്റഡ് ആകുകയും ചെയ്തു. എന്നാൽ, ചെറുപ്പക്കാരിൽ നല്ലൊരു ശതമാനം വാക്സിൻ നേടിയിട്ടില്ല. അതിനാൽ തന്നെ, നിലവിൽ രോഗം കൂടുതൽ വ്യാപിക്കുന്നതും ആശുപത്രിയിൽ ചികിത്സ തേടുന്നതും ഈ വിഭാഗത്തിൽപ്പെട്ടവരാണ്. മിഷിഗണിലെ സ്ഥിതിഗതികൾ ഇത്തരത്തിലാണെന്ന് സിഡിസി ഡയറക്ടർ ദോ.റോഷെൽ വാലെൻസ്കി കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു.

ഒറിഗോൺ  ഗവർണർ കേറ്റ് ബ്രൗൺ ചെറുപ്പക്കാർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്ന് വ്യാപനതോത് ചൂണ്ടിക്കാട്ടി അഭ്യർത്ഥിച്ചു.

 16 നും 35 നും ഇടയിൽ പ്രായമുള്ള തദ്ദേശവാസികൾ വാക്സിൻ സ്വീകരിച്ചാൽ 100 ഡോളർ സേവിങ്സ് ബോണ്ട് വാഗ്ദാനം ചെയ്താണ്  വെസ്റ്റ് വിർജീനിയ ഗവർണർ ജിം ജസ്റ്റിസ് യുവാക്കളിലെ  വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നത്.

'വാക്സിൻ സ്വീകരിക്കുന്ന വിഭാഗത്തിന് പ്രതിരോധ ശേഷി കൂടുതലായിരിക്കും. അതിനാൽ, തന്നെ അവർക്കിടയിലെ രോഗവ്യാപനം കുറയും. ഏത് വിഭാഗക്കാരാണോ, വാക്സിൻ സ്വീകരിക്കാത്തത് , അവർ രോഗവാഹകരാകും.' മുൻ സിഡിസി ഡയറക്ടർ ഡോ. റിച്ചാർഡ് ബെസർ അഭിപ്രായപ്പെട്ടു.
യുവാക്കൾ കൂടി വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ, പിന്നെ അപകടസാധ്യത കൗമാരക്കാരിലൂടെ ഉള്ള വ്യാപനത്തിനാകും. ഇതിന് പ്രതിവിധി എന്ന നിലയിൽ 12 മുതൽ 15  വയസ്സുകാർക്ക് ഫൈസർ വാക്സിൻ സ്വീകരിക്കാൻ എഫ്ഡിഎ യുടെ അനുമതി അടുത്ത ആഴ്ച ലഭിക്കുമെന്ന് സൂചനയുണ്ട്.

ഫൈസറും മോഡേണയും 6 മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ എല്ലാ പ്രായക്കാർക്കുവേണ്ടിയും വാക്സിൻ പരീക്ഷണങ്ങൾ നടത്തിവരികയാണ്. ഇവ ഫലപ്രദമാകുമെന്നും ഈ വര്‍ഷം അവസാനത്തോടെ ഉപയോഗാനുമതി ലഭിച്ചേക്കുമെന്നുമാണ് അറിയുന്നത്.

എല്ലാ പ്രായക്കാർക്കും ഫലപ്രദമായ വാക്സിൻ കണ്ടെത്തുകയും വിതരണം നടത്തുകയും ചെയ്യുമ്പോഴാണ് രോഗവ്യാപനം ശരിയായ അർത്ഥത്തിൽ സാധ്യമാകുക. അല്ലാത്ത പക്ഷം, വാക്സിൻ ലഭിക്കാത്ത വിഭാഗക്കാരിൽ നിന്ന് ഭീഷണി നേരിട്ടുകൊണ്ടിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക