Image

ഒരു മുഴം മുമ്പേ എറിഞ്ഞ് ജോസഫ്(ജോബിന്‍സ് തോമസ്)

ജോബിന്‍സ് തോമസ് Published on 04 May, 2021
ഒരു മുഴം മുമ്പേ എറിഞ്ഞ് ജോസഫ്(ജോബിന്‍സ് തോമസ്)
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പാരജയം യുഡിഎഫിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്ന അസ്വസ്ഥതകള്‍ ചെറുതല്ല. കക്ഷികള്‍ പരസ്പരവും പ്രധാന കക്ഷിയായ കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തല്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ കനത്ത പരാജയം ഏല്‍ക്കേണ്ടി വന്ന കേരള കോണ്‍ഗ്രസിന്റെ നേതാവ് പിജെ ജോസഫ് ഒരു മുഴം മുമ്പേ എറിഞ്ഞു കഴിഞ്ഞു.   തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഘടക കക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യമെന്നാണ് അദ്ദേഹം ചോദിച്ചത്.

കോണ്‍ഗ്രസും ആത്മപരിശോധന നടത്തണമെന്നും മുന്നണിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന കെട്ടുറപ്പ് ഇപ്പോഴില്ലെന്നും ഇത് പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയാണോ തോല്‍വിക്ക് കാരണമെന്ന് ചോദ്യത്തിന് 'തീര്‍ച്ചയായും' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

യുഡിഎഫ് ജോസഫിന് നല്‍കിയ പത്ത് സീറ്റുകളില്‍ രണ്ടിടത്തു മാത്രമാണ് വിജയം കാണാനായത്. എട്ടിടത്തും കനത്ത പരാജയമാണ് ഏല്‍ക്കേണ്ടി വന്നത്. ജോസഫിന്റെ സ്വന്തം ജില്ലയായ ഇടുക്കിയില്‍ ജോസഫ് മത്സരിച്ച തൊടുപുഴ സീറ്റില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. മറ്റ് നാല് സീറ്റുകളിലും എല്‍ഡിഎഫ് മിന്നുന്ന വിജയം നേടുകയും ചെയ്തു. ജോസ് കെ മാണിയെ പുറത്താക്കിയപ്പോള്‍ മധ്യ കേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം ഇടുക്കി ജില്ലകളില്‍ തന്റെ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമാണെന്നാണ് ജോസഫ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്.

എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം അസ്ഥാനത്തായതോടെ അടുത്ത മുന്നണി യോഗത്തില്‍ ജോസഫ് ഏറെ പഴി കേള്‍ക്കേണ്ടിവരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഒരു മുഴം മുമ്പേ എറിഞ്ഞ് കുറ്റം മുഴുവന്‍ കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ച് തടിതപ്പാന്‍ ജോസഫ് ശ്രമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക