Image

ഈ മാസം 19 മുതൽ ന്യു യോർക്ക്-ന്യു ജേഴ്‌സി സാധാരണ നിലയിലേക്ക്

Published on 04 May, 2021
ഈ മാസം 19  മുതൽ   ന്യു യോർക്ക്-ന്യു ജേഴ്‌സി സാധാരണ നിലയിലേക്ക്
ന്യൂയോർക്ക്:  കോവിഡ്  നിരക്ക് കുറയുന്നതിന് അനുസൃതമായി, ജനങ്ങളുടെ സുരക്ഷയെക്കരുതി മുൻപ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്നു.  

ഞായറാഴ്‌ച സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമായിരുന്നു.  ആശുപത്രിയിൽ കോവിഡ് രോഗികളുടെ എണ്ണം: 2539. മരണസംഖ്യ 37 ആയി കുറഞ്ഞു. 16 വയസ്സ് കഴിഞ്ഞ എല്ലാ ന്യൂയോർക്ക് നിവാസികൾക്കും വാക്സിൻ സ്വീകരിക്കാൻ യോഗ്യതയുണ്ട്. സംസ്ഥാനത്ത് 15.7 മില്യൺ ഡോസ് വിതരണം ചെയ്തതിലൂടെ 7 മില്യൺ ജനങ്ങൾ പൂർണമായും വാക്സിൻ സ്വീകരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ഈ മാസം 19 മുതൽ പൂർണ ശേഷിയിൽ ഏകദേശം എല്ലാ ബിസിനസുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്ന്   ഗവർണർ ആൻഡ്രൂ കോമോ തിങ്കളാഴ്‌ച പ്രഖ്യാപിച്ചു. 

റസ്റ്റോറന്റുകൾ, മ്യൂസിയങ്ങൾ, തീയറ്ററുകൾ തുടങ്ങി എല്ലാ മേഖലകൾക്കും പൂർണ ശേഷിയിൽ പ്രവർത്തിക്കാനാകും. ആറടി അകലം ആളുകൾ തമ്മിൽ പാലിക്കണമെന്നു മാത്രം. ന്യൂയോർക്കിനൊപ്പം, ന്യൂജേഴ്സിയിലും  ഈ ഇളവുകൾ പ്രാബല്യത്തിൽ വരും. കണക്ടികട്ട് മാർച്ച് മാസം മുതൽ ഇത്തരത്തിൽ ഇളവുകളോടെ തുറന്ന് പ്രവർത്തിച്ചുവരികയാണ്.

റെസ്റ്റോറന്റുകൾക്ക് 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനുള്ള അനുവാദം മേയ് 7 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കോമോ ഒരാഴ്‌ച മുൻപ് അറിയിച്ചിരുന്നു. നിയന്ത്രണങ്ങൾ നീക്കം ചെയ്തുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തിന് ഉണർവ് നൽകും.

24 മണിക്കൂറും സബ്‌വേ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് കോമോ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനാൽ, ജൂലൈ 1 മുതൽ മുഴുവൻ ശേഷിയോടെ  സബ്‌വേ സേവനങ്ങൾ തുടങ്ങാൻ ആലോചിക്കുന്നതായി  ദിവസങ്ങൾക്ക് മുൻപ്  മേയർ ഡി ബ്ലാസിയോ പറഞ്ഞിരുന്നു. മേയർ പറഞ്ഞതിനേക്കാൾ വേഗം സാധാരണരീതിയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് കോമോ കഴിഞ്ഞ ആഴ്‌ച വ്യക്തമാക്കിയതാണ്.

കായിക വേദികളിൽ 33 ശതമാനം ശേഷിയേ അനുവദിച്ചിട്ടുള്ളു. കൂടുതൽ പേർ വാക്സിൻ സ്വീകരിക്കുന്ന മുറയ്ക്ക് വിപുലീകരിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. ബാറുകളിലും റെസ്റ്റോറന്റുകളിലും ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യു നീക്കം ചെയ്തു. മേയ് 17 മുതൽ ഔട്ഡോർ ഡൈനിങ്ങ് അനുവദിക്കും. അതിരാവിലെ 4 മണി വരെ ഇൻഡോർ ഡൈനിങ്ങ് അനുവദിച്ചുകൊണ്ട് പ്രവർത്തനം മാസാവസാനം ആരംഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക