Image

നിയമസഭയിലെ  മഞ്ഞുമാസപ്പക്ഷി (രവിമേനോൻ)

Published on 03 May, 2021
നിയമസഭയിലെ  മഞ്ഞുമാസപ്പക്ഷി (രവിമേനോൻ)

തന്റെ ആ പഴയ `മഞ്ഞുമാസപ്പക്ഷി''യാണ് അരൂരിലെ പുതിയ എം എൽ എ എന്നറിഞ്ഞപ്പോൾ വിദ്യാസാഗറിന് അത്ഭുതം.

ദലീമ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചതും നിയമസഭയിലേക്ക് മത്സരിച്ചതുമൊന്നും അറിഞ്ഞിട്ടില്ല അദ്ദേഹം. തുടക്കക്കാരിയുടെ ആകാംക്ഷയോടെ വർഷവല്ലകി സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ നിശ്ചലയായി നിന്ന് പാടുന്ന ആ പഴയ പാട്ടുകാരിയാണ് ഇന്നും വിദ്യയുടെ ഓർമ്മയിലെ ദലീമ.  ``കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്'' (1997) എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി രചിച്ച ``മഞ്ഞുമാസപ്പക്ഷി മണിത്തൂവൽ കൂടുണ്ടോ'' എന്ന ഗാനം യേശുദാസിനൊപ്പം പാടിയ ഗായിക. സിനിമക്കും ആൽബങ്ങൾക്കും വേണ്ടി നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും മലയാളി  സംഗീതാസ്വാദകരുടെ മനസ്സിൽ ദലീമയ്ക്ക് ഇടം നേടിക്കൊടുത്തത് ``മഞ്ഞുമാസപ്പക്ഷി'' തന്നെ.

ഇഷ്ടഗായികയായ എസ് ജാനകിയുടെ ശബ്ദത്തിൽ വേണം ആ പാട്ട് റെക്കോർഡ് ചെയ്യാൻ എന്നായിരുന്നു വിദ്യാസാഗറിന്റെ മോഹം. ``ഏതെങ്കിലും പാട്ടുകാരനെ അല്ലെങ്കിൽ പാട്ടുകാരിയെ മനസ്സിൽ കണ്ട് പാട്ട് ചിട്ടപ്പെടുത്തുന്ന പതിവില്ല എനിക്ക്. കമ്പോസിംഗ് കഴിഞ്ഞ ശേഷമാണ് അനുയോജ്യമായ ശബ്ദം നിശ്ചയിക്കുക. പാട്ടിന്റെ ഭാവത്തിനും റേഞ്ചിനും ഇണങ്ങുന്ന ശബ്ദമാകണമല്ലോ. ഈ ഗാനത്തിന് ജാനകിയുടെ ശബ്ദം മാത്രമേ യോജിക്കൂ എന്നായിരുന്നു എന്റെ വിശ്വാസം.''-- വിദ്യ.

എസ് ജാനകിയുടെ ശബ്ദസൗകുമാര്യത്തോടും ആലാപന ശൈലിയോടും ആദ്യകാലം മുതലേ സവിശേഷമായ  ആഭിമുഖ്യമുണ്ട് വിദ്യാസാഗറിന്. ``മലരേ മൗനമാ'' ആ ആത്മബന്ധത്തിന്റെ ഏറ്റവും നല്ല ഉദാഹരണം. ``മഞ്ഞുമാസപ്പക്ഷി ജാനകിയമ്മയുടെ അല്ലാതെ മറ്റാരുടെയും ശബ്ദത്തിൽ സങ്കല്പിക്കാനാവില്ലായിരുന്നു എനിക്ക്. നിർഭാഗ്യവശാൽ ആ സമയത്ത് അവർ സ്ഥലത്തില്ല. മടങ്ങിവരാൻ സമയമെടുക്കും. പാട്ട് ഉടൻ റെക്കോർഡ് ചെയ്യുകയും വേണം. ശരിക്കും ധർമ്മസങ്കടത്തിലായി ഞാൻ.''

ആയിടയ്ക്കാണ് ജാനകിയെ ഓർമ്മിപ്പിക്കുന്ന ശബ്ദമുള്ള ഒരു ഗായികയുടെ പേര് ആരോ വിദ്യയുടെ ശ്രദ്ധയിൽ പെടുത്തിയത്. ``പാട്ടു കേട്ടപ്പോൾ എനിക്കും കൗതുകം തോന്നി. ജാനകിയമ്മയുടെ ശബ്ദം എന്നൊന്നും പറയാൻ വയ്യ. എങ്കിലും എവിടെയൊക്കെയോ ഒരു സാമ്യമുണ്ട്. പ്രത്യേകിച്ച് വാക്കുകൾ ഉച്ചരിക്കുന്നതിൽ. പെട്ടെന്ന് കേട്ടാൽ ജാനകിയമ്മയെ ഓർമ്മവന്നേക്കാം. ചെന്നൈയിൽ വിളിച്ചുവരുത്തി അവരെക്കൊണ്ടു പാടിച്ചു നോക്കി. ഒരു പരീക്ഷണം നടത്തുന്നതിൽ തെറ്റില്ല എന്നായിരുന്നു എന്റെ തോന്നൽ. കൃഷ്ണഗുഡിയുടെ സംവിധായകൻ കമലും എതിർത്തൊന്നും പറഞ്ഞില്ല.''


https://youtu.be/tBfkgfJ0Cl4

``മഞ്ഞുമാസപ്പക്ഷി'' ദലീമ പാടി റെക്കോർഡ് ചെയ്യുന്നത് അങ്ങനെയാണ്. സിനിമയിൽ അതിനു മുൻപ് അധികം പാട്ടൊന്നും പാടിയിട്ടില്ല അവർ. ഒരു മഞ്ഞുതുള്ളിപോലെ, ഹിറ്റ് ലിസ്റ്റ്, കല്യാണപ്പിറ്റേന്ന് എന്നീ ചിത്രങ്ങളിൽ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചില പാട്ടുകൾ മാത്രം. കല്യാണപ്പിറ്റേന്നിൽ കൃഷ്ണചന്ദ്രനോടൊപ്പം പാടിയ തെച്ചിമലർക്കാടുകളിൽ എന്ന ശീർഷകഗാനം ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ മാസ്റ്റർ ആണെന്ന പ്രത്യേകതയുണ്ട്.

എന്നാൽ  ` സിനിമയിൽ ദലീമയുടെ ബ്രേക്ക് `മഞ്ഞുമാസപ്പക്ഷി'' തന്നെ. ആ പാട്ടിലൂടെ കൈവന്ന ഭാഗ്യം പ്രയോജനപ്പെടുത്താൻ അവർക്ക് കഴിഞ്ഞോ എന്നത് മറ്റൊരു ചോദ്യം.

സോളോ ആയാണ് റെക്കോർഡ് ചെയ്തതെങ്കിലും സുമനേശരഞ്ജിനി ഉൾപ്പെടെ പല രാഗങ്ങളുടെ മിശ്രിതമായിരുന്ന ആ പാട്ട് `കൃഷ്ണഗുഡി''യിൽ ഉപയോഗിച്ചത്  യേശുദാസിനൊപ്പമുള്ള യുഗ്മഗാനമായാണ്.  ``ഈണത്തിന് അനുസരിച്ച് കാവ്യഭംഗിയാർന്ന വരികളാണ് ഗിരീഷ് എഴുതിത്തന്നത്. ഏതു സംഗീത സംവിധായകനേയും പ്രചോദിപ്പിക്കാൻ പോന്ന വരികൾ. അതുകൊണ്ടുതന്നെ ഗിരീഷിന്റെ മരിക്കാത്ത ഓർമ്മ കൂടിയാണ് എനിക്കാ പാട്ട്.'' -- വിദ്യ പറയുന്നു.


https://www.youtube.com/watch?v=eoIOReKU9uw

ഏതാണ്ടതേ കാലത്താണ് ``ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി'' എന്ന  സംഗീതപരമ്പരയിൽ പാടാൻ ദലീമ എത്തുന്നതും. ദൂരദർശനു വേണ്ടി എന്റെ രചനയിൽ എം എസ് നസീം ഒരുക്കിയ മെഗാ പരമ്പര. ജാനകിയമ്മയുടെ നിത്യഹരിത ഗാനങ്ങളാണ് ദലീമ ആ പരിപാടിയിൽ പാടിയത്. പിന്നീട് നസീമിന്റെ തന്നെ സ്മരണാഞ്ജലി എന്ന ദൂരദർശൻ പരമ്പരയിലും കേട്ടു ദലീമയുടെ ശബ്ദം.

വിനയമാണ് ഈ ഗായികയുടെ മുഖമുദ്ര; എസ് ജാനകിയോടുള്ള അഗാധമായ ആരാധനയും. രാഷ്ട്രീയത്തിൽ പുതിയ ഇന്നിങ്സിന് തുടക്കമിടുന്ന ദലീമയ്ക്ക് ആശംസകൾ..

 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക