Image

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

Published on 25 April, 2021
ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

read 2 articles

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

റിസ് അഹമ്മദ്: മികച്ച നടനുള്ള ഓസ്‌കർ നാമനിർദ്ദേശം ലഭിക്കുന്ന ആദ്യ മുസ്ലീം

സ്റ്റേജിൽ റിസ് അഹമ്മദ് ഒരു പ്രൊഫഷണൽ ഡ്രമ്മറുടെ  കൈവഴക്കത്തോടെ കാണിക്കുന്ന വിസ്മയാവഹമായ പ്രകടനത്തോടെയാണ് 'സൗണ്ട് ഓഫ് മെറ്റൽ' എന്ന സിനിമ ആരംഭിക്കുന്നത്. കേൾവിശക്തി നഷ്ടപ്പെടുന്ന  ഒരു ഡ്രമ്മറുടെ  ജീവിത സംഘര്‍ഷങ്ങള്‍,  രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിലൂടെ അധികം വാക്കുകൾ പറയാതെ നിയന്ത്രിതമായ അഭിനയ മികവു കൊണ്ട് മറ്റൊരു തലത്തിലെത്തിച്ചിരിക്കുകയാണ് 38 കാരനായ അഹമ്മദ്.
 
ബ്രിട്ടീഷ്-പാകിസ്ഥാനി സംഗീതജ്ഞനും  റാപ്പറും  നടനും  ആക്ടിവിസ്റ്റുമായ അഹമ്മദ്,  സിനിമയ്ക്ക് വേണ്ടി ഡ്രമ്മിംഗ് പഠിച്ചെടുക്കുകയായിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക്  ആംഗ്യഭാഷയും അഭ്യസിച്ചു.  അഭിനയ രംഗത്ത്  ഇതിനോടകം പകർന്നാടിയ വേഷങ്ങളിൽ അദ്ദേഹം തന്റെ കഴിവും വൈവിധ്യവും പ്രകടിപ്പിച്ചിരുന്നെങ്കിലും മികച്ച നടനുള്ള ഓസ്കാർ  നാമനിർദ്ദേശം നേടുന്ന ആദ്യ മുസ്ലീം എന്ന ചരിത്രപ്രധാനമായ ഏടിലൂടെ റിസ്‌വാൻ അഹമ്മദ്  തരംഗമാവുകയാണ്. എന്നാൽ,  ബ്രിട്ടീഷ് എന്നുമാത്രം തന്നെ വിളിച്ചാൽ മതിയെന്ന് മാധ്യമങ്ങളോട് പറയുന്ന അഹമ്മദ് ഒരു പ്രത്യേക  മതവിശ്വാസി അല്ലെന്നതാണ് സത്യം. ഇന്ത്യക്കാർക്കും  മറ്റു  ദക്ഷിണേഷ്യൻ വംശജർക്കും സ്ഥിരമായി ഇംഗ്ലീഷ് സിനിമകളിൽ നൽകുന്ന പ്രത്യേക ചട്ടക്കൂട് ഭേദിച്ച്, അഭിനയത്തിന്റെ വേറിട്ട മേച്ചിൽപ്പുറങ്ങൾ തേടാൻ അഹമ്മദ് കാണിക്കുന്ന ധൈര്യമാണ് അദ്ദേഹത്തിലെ നടനെ ഇന്ന് കാണുന്ന നിലയിൽ ആക്കിത്തീർത്തത് .ചിത്രത്തിന്റെ കോ-എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അഹമ്മദ്.
 
റൂബൻ എന്ന ഡ്രമ്മർ മയക്കുമരുന്നിന് അടിമപ്പെട്ട്  കേൾവി നഷ്ടപ്പെടുന്നതാണ്  സിനിമയുടെ ഹൃദയഭാഗം, അറുപതിലേറെ നടന്മാരെ ഈ കഥാപാത്രം ഏൽപ്പിക്കാൻ പരീക്ഷിച്ച ശേഷമാണ് അഹമ്മദിന് നറുക്കുവീണത്. ആ തിരഞ്ഞെടുപ്പ് തെറ്റിയില്ലെന്ന് റൂബൻ അയാളിൽ 100 ശതമാനം ഭദ്രമായിരുന്നെന്നും , സിനിമ കണ്ടിറങ്ങുന്ന ആരും സമ്മതിക്കും. തന്റെ ശ്രവണശേഷി വീണ്ടെടുക്കാനുള്ള റൂബന്റെ ശ്രമങ്ങളിലൂടെ ചിത്രം പുരോഗമിക്കുമ്പോൾ , അവിടെ വംശവും മതവും അപ്രസക്തമാവുകയും കാണികൾ ആ നടന്റെ തീവ്രയാതനകൾ തങ്ങളിലേക്ക് അടുപ്പിച്ച് യഥാർത്ഥ ജീവിതമുഹൂർത്തമായി ഏറ്റുവാങ്ങുന്ന തരത്തിൽ മികച്ച പ്രകടനമാണ് അഹമ്മദിന്റേത്. സിനിമ എപ്പോഴും ദൃശ്യവിസ്മയമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ' സൗണ്ട് ഓഫ് മെറ്റൽ' കണ്ണുകളേക്കാൾ കാതുകൾകൊണ്ടാണ് പ്രേക്ഷകർ ഏറ്റുവാങ്ങുന്നത്.
 
കോവിഡിനെത്തുടർന്ന് ഉണ്ടായ ബന്ധുക്കളുടെ മരണം ഉൾപ്പെടെയുള്ള വ്യക്തിപരമായ ചില ആഘാതങ്ങൾ, അഹമ്മദിനെ മികച്ച രീതിയിൽ യാതനകൾ അഭിനയിച്ചു ഫലിപ്പിക്കാൻ സഹായിച്ചതായി അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. 
 
അഹമ്മദിനൊപ്പം  ചില കടുത്ത എതിരാളികളും മാറ്റുരയ്ക്കുന്നുണ്ട്. ചാഡ്വിക്ക് ബോസ്മാൻ  (മാ റെയ്‌നിസ്  ബ്ലാക്ക് ബോട്ടം) , ആന്റണി ഹോപ്കിൻസ് (ദി ഫാദർ ); സ്റ്റീവൻ യൂൻ (മിനാരി); ഗാരി ഓൾഡ്‌മാൻ (മാങ്ക്) എന്നിവരാണ് അഹമ്മദിനെക്കൂടാതെ മികച്ച നടനുള്ള പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക