Image

അന്തര്‍സംസ്ഥാന ഓക്സിജന്‍ നീക്കം തടസപ്പെടരുത്; ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Published on 22 April, 2021
അന്തര്‍സംസ്ഥാന ഓക്സിജന്‍ നീക്കം തടസപ്പെടരുത്; ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം


ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മെഡിക്കന്‍ ഓക്‌സിജന് ക്ഷാമം നേരിടുന്നതിനിടെ ഓക്‌സിജന്‍ വിതരണം സുഗമമാക്കാന്‍ കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കി. അന്തര്‍ സംസ്ഥാന ഓക്‌സിജന്‍ നീക്കത്തിന് തടസമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. തങ്ങളുടെ സംസ്ഥാനത്തേക്കുള്ള ഓക്‌സിജന്‍ വിതരണം അയല്‍ സംസ്ഥാനങ്ങള്‍ തടയുന്നുവെന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തുടനീളം ഓക്‌സിജന്‍ വിതരണം തടസപ്പെടാതിരിക്കാന്‍ കേന്ദ്രം ഉത്തരവിറക്കിയത്. 

അന്തര്‍ സംസ്ഥാന മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഓക്‌സിജനുമായി എത്തുന്ന വാഹനങ്ങളെ തടസമില്ലാതെ കടത്തി വിടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ഉത്തരവില്‍ പറയുന്നു. അതാത് സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ക്ക് മാത്രം ഓക്‌സിജന്‍ വിതരണം പരിമിതപ്പെടുത്തിയാല്‍ മതിയെന്ന നിയന്ത്രണങ്ങള്‍ ഓക്‌സിജന്‍ നിര്‍മാതാ
ക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. തങ്ങളുടെ ജില്ലയിലൂടെയോ പ്രദേശങ്ങളിലൂടെയോ മറ്റിടങ്ങളിലേക്ക് ഓക്‌സിജനുമായി കടന്നുപോകുന്ന വാഹനങ്ങളെ പിടിച്ചെടുക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ശ്രമിക്കരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക