Image

ചൈനീസ് അംബാസഡര്‍ താമസിച്ച പാക്കിസ്ഥാന്‍ ഹോട്ടലില്‍ ഭീകരാക്രമണം; 4 മരണം

Published on 22 April, 2021
ചൈനീസ് അംബാസഡര്‍ താമസിച്ച പാക്കിസ്ഥാന്‍ ഹോട്ടലില്‍ ഭീകരാക്രമണം; 4 മരണം
ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം. നാലുപേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റതായി പാക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഈ ഹോട്ടലിലാണ് ചൈനീസ് അംബാസഡര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ സ്‌ഫോടന സമയം ചൈനീസ് സംഘം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല.

പാക്കിസ്ഥാനിലെ ആഡംബര ഹോട്ടല്‍ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ്ങിലാണ് സംഭവം. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ താലിബാന്‍ ഏറ്റെടുന്നു.

ചൈനീസ് അംബാസഡര്‍ നോങ് റോങ്ങിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമായിരുന്നു ഹോട്ടലില്‍ താമസിച്ചിരുന്നത്. സ്‌ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. ബലൂച് പ്രവിശ്യ മുഖ്യമന്ത്രി ജാം കമലുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, സംഭവത്തില്‍ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന്‍ കോണ്‍സുലേറ്റ്, പ്രവിശ്യയുടെ പാര്‍ലമെന്റ് മന്ദിരം തുടങ്ങിയവയുടെ സമീപത്തായാണ് ഈ ഹോട്ടലും സ്ഥിതി ചെയ്യുന്നത്.

പാര്‍ക്കിങ്ങിലെ ഏതോ വാഹനത്തില്‍ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ അസര്‍ ഇക്രം അറിയിച്ചു.

ചൈനയുടെ ബെല്‍റ്റ് – റോഡ് പദ്ധതിയുടെ ഭാഗമായ ഗ്വാദര്‍ തുറമുഖത്തിന്റെ വിപുലീകരിച്ച ഭാഗം ബലൂചിസ്ഥാനിലാണു വരുന്നത്. മാത്രമല്ല, ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിര്‍ണായക മേഖലയായും ഈ തുറമുഖം മാറുന്നുണ്ട്. ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണോ ആക്രണമെന്ന് ഇപ്പോള്‍ വ്യക്തമല്ല. നേരത്തേയും ചൈനീസ് സംഘങ്ങള്‍ക്കുനേരെ താലിബാനും ബലൂച് വിമോചന സംഘടനകളും ആക്രമണം നടത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക