Image

കൊവിഡ് രണ്ടാം തരംഗം: സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു

Published on 21 April, 2021
കൊവിഡ് രണ്ടാം തരംഗം: സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിതീവ്രമായതോടെ സൂപ്പര്‍ മെഗാ താരങ്ങളുടേതടക്കം ഒട്ടേറെ ചിത്രങ്ങളുടെ ഷൂട്ടിംഗ് നിറുത്തിവച്ചു. മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രമായ ബറോസ്, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ഭീഷ്മപര്‍വ്വം, ജോഷി സംവിധാനം ചെയ്യുന്ന സുരേഷ്‌ഗോപി ചിത്രമായ പാപ്പന്‍ എന്നിവയാണ്ചിത്രീകരണം നിറുത്തിവച്ച വമ്പന്‍ ചിത്രങ്ങള്‍. കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങളുടെ ചിത്രീകരണം നിറുത്തിവയ്ക്കുമെന്നാണ് സൂചന.

മാര്‍ച്ച് 31ന് എറണാകുളത്ത്ചിത്രീകരണമാരംഭിച്ച ബറോസ് ഗോവയിലേക്ക് ഷിഫ്ട് ചെയ്യാനിരിക്കവേയാണ് അവിചാരിതമായി ഷെഡ്യൂള്‍ ബ്രേക്ക് ചെയ്തത്. ഗോവന്‍ ഷെഡ്യൂളില്‍ പങ്കെടുക്കേണ്ട ചില അഭിനേതാക്കള്‍ക്കുള്‍പ്പടെ കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ബറോസിന്റെ ചിത്രീകരണം നിറുത്തിവച്ചത്. എറണാകുളത്ത് സെറ്റ് വര്‍ക്ക് പുരോഗമിക്കുന്ന ചിത്രം സെറ്റ്‌വര്‍ക്ക് പൂര്‍ത്തിയായശേഷം പുനരാരംഭിക്കാനാണ്‌നീക്കം. സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഇന്‍ഡോര്‍ ഷൂട്ടിംഗ് നടത്തും.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ഭീഷ്മപര്‍വ്വം കഴിഞ്ഞ ശനിയാഴ്ചയാണ് ഷെഡ്യൂള്‍ പായ്ക്കപ്പ് ചെയ്തത്. ഇനി ഇരുപത് ദിവസത്തിലേറെ ചിത്രീകരണമവശേഷിക്കുന്ന ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിക്ക് പത്ത് ദിവസത്തെ വര്‍ക്ക് കൂടിയുണ്ട്. കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതിന് ശേഷമേ ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം പുനരാരംഭിക്കൂവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ഷൂട്ടിംഗ് ചൊവ്വാഴ്ചയാണ് നിറുത്തിവച്ചത്. ഇരുന്നൂറോളം പേര്‍ പങ്കെടുക്കുന്ന ഔട്ട് ഡോര്‍ രംഗങ്ങളാണ് വരും ദിവസങ്ങളില്‍ പാപ്പന് വേണ്ടി ചിത്രീകരിക്കാന്‍ പ്‌ളാന്‍ ചെയ്തിരുന്നത്. വീണ്ടും ആള്‍ക്കൂട്ടത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ മുന്‍ നിശ്ചയ പ്രകാരം ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നുറപ്പായതിനാലാണ് ചിത്രം ഷെഡ്യൂള്‍ പായ്ക്കപ്പ് ചെയ്തത്. ഫ്‌ളാഷ് ബാക്ക് രംഗങ്ങളുടേതുള്‍പ്പെടെ ഇരുപത് ദിവസത്തെ ചിത്രീകരണമാണ് പാപ്പന് ഇനി ബാക്കിയുള്ളത്. മേയ് അഞ്ച് മുതല്‍ പാപ്പന്റെ ചിത്രീകരണം പുനരാരംഭിക്കാനാണ് നീക്കമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

രാംചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരെ പ്രധാന താരങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍. ആറിന്റെ ഷൂട്ടിംഗും കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിറുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക