Image

കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞിക്കും കോവിഡ്

Published on 20 April, 2021
കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞിക്കും കോവിഡ്
കാഠ്മണ്ഡു: ഹരിദ്വാറിലെ മഹാ കുംഭമേളയില്‍ പങ്കെടുത്ത മുന്‍ നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞി കോമള്‍ ഷാക്കും കോവിഡ്. ഇന്ത്യയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പി.സി.ആര്‍ പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

73 വയസ്സുള്ള ഗ്യാനേന്ദ്ര ഷായും 70 വയസ്സുള്ള കോമള്‍ ഷായും ഹര്‍ കി പൗഡിയിലെ പുണ്യസ്‌നാനത്തില്‍ പങ്കെടുക്കുകയും നിരവധി സന്യാസിമാരുമായും തീര്‍ഥാടകരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ 11ന് ഹരിദ്വാറിലെത്തിയ ഇവര്‍ മാസ്ക് ധരിക്കാതെ ചടങ്ങുകളില്‍ പങ്കെടുത്തതിന് വിമര്‍ശനവും ശക്തമായിരുന്നു. ഇന്ത്യയില്‍നിന്ന് തിരിച്ചെത്തിയ ഇരുവരെയും സ്വീകരിക്കാന്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നെന്ന് 'ദി ഹിമാലയന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും അവസാനത്തെ രാജാവാണ് ഗ്യാനേന്ദ്ര. 2001ല്‍ സഹോദരന്‍ ബീരേന്ദ്ര ബീര്‍ ബിക്രം ഷാ ദേവും കുടുംബവും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്യാനേന്ദ്ര ഷാ നേപ്പാള്‍ രാജാവാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക