Image

മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം

Published on 20 April, 2021
മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മൂന്നാഴ്ചത്തേക്കുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറി, പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് കേന്ദ്ര നിര്‍ദേശം.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അടുത്ത മൂന്നാഴ്ച നിര്‍ണയകമാണെന്ന് യോഗത്തില്‍ നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ ചൂണ്ടിക്കാണിച്ചു. മുന്‍കൂട്ടിയുള്ള ആസൂത്രണത്തിനൊപ്പം പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്താന്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

സാഹചര്യം വഷളാകാതെ തടയാന്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ കോവിഡ് പരിശോധനാ ശേഷി വര്‍ധിപ്പിക്കണം, റാപ്പിഡ് ആന്റിജന്‍ പരിശോധനയ്‌ക്കൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണം, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം, കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രം മുന്നോട്ടുവെച്ചു.

രാജ്യത്തുടനീളം കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല യോഗത്തില്‍ പറഞ്ഞു. ജനുവരി ഒന്നിന് പ്രതിദിനം 20,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോള്‍ പ്രതിദിന കേസുകളുടെ എണ്ണം പത്തിരട്ടി വര്‍ധിച്ചു. കഴിഞ്ഞ 11 ദിവസത്തിനിടെ മാത്രം പ്രതിദിന കേസുകള്‍ ഏകദേശം ഇരട്ടിയോളം വര്‍ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക