Image

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം സുപ്രീം കോടതി തള്ളി

Published on 20 April, 2021
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ശമ്പള വര്‍ദ്ധനവ് കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതി അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയില്‍ എങ്ങനെ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളികൊണ്ട് ആരാഞ്ഞു.

ഔര്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ എന്ന സംഘടനയാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തില്‍ പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുത് എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം

എന്നാല്‍ ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് കേവലം ശുപാര്‍ശ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ശുപാര്‍ശ അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് കഴിയില്ല. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ശമ്പള വര്‍ദ്ധനവ് പെന്‍ഷന്‍ മുതലായ വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക