Image

ഫെയ്സ്ബുക്കില്‍ ലൈക്കടിച്ച് തുടങ്ങിയ ബന്ധം; ഒളിച്ചോട്ടത്തിനിടെ കാമുകന്റെ ആക്രമണം, കവര്‍ച്ചയും

Published on 20 April, 2021
ഫെയ്സ്ബുക്കില്‍ ലൈക്കടിച്ച് തുടങ്ങിയ ബന്ധം; ഒളിച്ചോട്ടത്തിനിടെ കാമുകന്റെ ആക്രമണം, കവര്‍ച്ചയും


റാഞ്ചി:  ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍  പെണ്‍കുട്ടിയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ കാമുകനായ യുവാവ് അറസ്റ്റില്‍. പട്ന സ്വദേശിയായ അഭിഷേക് ഠാക്കൂര്‍ എന്നയാളെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ പരസ്യമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  ഫെയ്സ്ബുക്ക് പ്രണയത്തിനൊടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ ഇറങ്ങിതിരിച്ചവരാണ് പ്രതിയും പെണ്‍കുട്ടിയുമെന്ന് പോലീസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചതില്‍ തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഫെയ്സ്ബുക്ക് ചാറ്റിനൊപ്പം ഫോണ്‍വിളിയും പതിവായിരുന്നു. മുംബൈയില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടി തന്റെ സമ്പാദ്യത്തില്‍നിന്ന് പണംമുടക്കി കാമുകന് ബൈക്കും വാങ്ങിച്ചുനല്‍കി. ഏകദേശം മൂന്ന് വര്‍ഷത്തോളമായി തുടര്‍ന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. 

സ്വന്തം വീട്ടിലേക്ക് പോകാന്‍ യുവാവിന് താത്പര്യമില്ലാതായതോടെ പെണ്‍കുട്ടി ഇതിനെ ചോദ്യംചെയ്തു. ഇതോടെ പെണ്‍കുട്ടിയെ ഇയാള്‍ വഴക്കുപറയുകയും മര്‍ദിക്കുകയുമായിരുന്നു. ഗോഡ്ഡയില്‍വെച്ചുണ്ടായ ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഒന്നരലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നശേഷം യുവാവ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.  പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഉടന്‍തന്നെ അഭിഷേക് ഠാക്കൂറിനെ പിടികൂടി. നഷ്ടപ്പെട്ട പണവും ആഭരണങ്ങളും ഇയാളില്‍നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക