Image

കോവിഡ് വ്യാപനം; ബ്രിട്ടണും ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കി

Published on 20 April, 2021
കോവിഡ് വ്യാപനം; ബ്രിട്ടണും ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കി
ലണ്ടന്‍ : ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് ബ്രിട്ടണും ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.  ഇതോടെ വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍നിന്നും ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ബ്രിട്ടനില്‍ താമസിക്കാന്‍ നിലവില്‍ അനുമതിയുള്ളവര്‍ക്കും മാത്രമായി ചുരുങ്ങും. ഇന്ത്യയിലുള്ള ഐറിഷ് പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ക്കും യാത്രാനുമതിയുണ്ടാകും. ടൂറിസ്റ്റ് വീസകള്‍, പുതിയ സ്റ്റുഡന്റ് വീസകള്‍, വര്‍ക്ക് പെര്‍മിറ്റ് വിസകള്‍ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യയിലൂടെ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ക്കും വിലക്ക് ബാധകമാകും.

യാത്രാനുമതിയില്‍ ഇളവ് ലഭിച്ച് ബ്രിട്ടനിലെത്തുന്നവര്‍ പത്തുദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന് വിധേയരാകണം. ഇതിനായി ഭാരിച്ച തുകയാണ് ഓരോ യാത്രക്കാരനും നല്‍കേണ്ടത്.

1750 പൗണ്ടാണ് ഒരു യാത്രക്കാരന്‍ ഹോട്ടല്‍ ക്വാറന്റീനായി നല്‍കേണ്ടത്. താമസച്ചിലവ്, ഭക്ഷണം, വിമാനത്താവളത്തില്‍നിന്നും ഹോട്ടലിലേക്കുള്ള യാത്രാചിലവ്, രണ്ട്, എട്ട് ദിവസങ്ങളില്‍ നടത്തേണ്ട പിസിആര്‍ ടെസ്റ്റിനുള്ള ചെലവ് എന്നിവ ചേര്‍ത്തുള്ള തുകയാണിത്. കുടുംബമായി എത്തുന്നവര്‍ 12 വയസിനു മുകളിലുള്ള ഓരോ യാത്രക്കാരനും 650 പൗണ്ടുവീതം അധികമായി നല്‍കണം. അഞ്ചു വയസിനും 12 വയസിനും മധ്യേയുള്ളവര്‍ക്ക് 325 പൗണ്ടും അധികം നല്‍കേണ്ടതുണ്ട്. അഞ്ചുവയസില്‍ താഴെയുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ സൗജന്യമാണ്. പത്തുദിവസത്തില്‍ കൂടുതല്‍ ഹോട്ടലില്‍ താമസിക്കേണ്ട സ്ഥിതിയുണ്ടായാല്‍ ഓരോദിവസവും 152 പൗണ്ടുവീതം അധികം നല്‍കണം. കൂടെയുള്ളവര്‍ക്ക് അധികമായി നല്‍കേണ്ടത് 41 പൗണ്ടാണ്. കുട്ടികള്‍ക്ക് 12 പൗണ്ടും.

ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചാല്‍ പതിനായിരം പൗണ്ട് പിഴയും പത്തുവര്‍ഷം വരെ ജയില്‍ശിക്ഷയും ലഭിക്കാം.  ഇരുപതിലേറെ ആഫ്രിക്കന്‍ രാജ്യങ്ങളും 14 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമടക്കം നാല്‍പതിലേറെ രാജ്യങ്ങളാണ് ഇപ്പോള്‍ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക