Image

പത്താംക്ലാസ് പരീക്ഷാചോദ്യം വാട്‌സാപ്പില്‍ ഇട്ട ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു

Published on 20 April, 2021
പത്താംക്ലാസ് പരീക്ഷാചോദ്യം വാട്‌സാപ്പില്‍ ഇട്ട ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു
പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ചോദ്യക്കടലാസ് വാട്‌സാപ് ഗ്രൂപ്പില്‍ പങ്കുവച്ച് സ്കൂളിലെ പ്രധാനാധ്യാപകന്‍. ഇലവുംതിട്ട മുട്ടത്തുകോണം എസ്എന്‍ഡിപി ഹൈസ്കൂളിലെ പ്രധാനാധ്യാപകന്‍ എസ്. സന്തോഷാണ് ഡിഇഒ പത്തനംതിട്ട എന്ന വാട്‌സാപ് ഗ്രൂപ്പിലേക്ക് കണക്കു പരീക്ഷയുടെ ചോദ്യക്കടലാസ് അയച്ചത്. 10.30ന് ചോദ്യം പുറത്തായി. അന്വേഷണ വിധേയമായി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ. ഹരിദാസ്  അറിയിച്ചു.

ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഗ്രൂപ്പില്‍ ചോദ്യപ്പേപ്പര്‍ കണ്ടതോടെ ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍, സ്ക്രീന്‍ഷോട്ട് എടുത്തു മേലധികാരികള്‍ക്കു പരാതി നല്‍കുകയായിരുന്നു. ഡിഡിഇ സ്കൂളില്‍ പരിശോധന നടത്തി. പരീക്ഷ കഴിയും വരെ ചോദ്യപ്പേപ്പര്‍ പുറത്തു പോകാന്‍ പാടില്ലെന്നാണ് നിയമം. ചോദ്യം ചോര്‍ന്നതിനാല്‍ പരീക്ഷ റദ്ദാക്കുമോ എന്നതുള്‍പ്പെടെ ആലോചിച്ചു തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ കയ്യില്‍ ചോദ്യക്കടലാസ് എത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് സന്തോഷിന്റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക