Image

ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

Published on 20 April, 2021
ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ  നാട്ടിലേക്ക് മടങ്ങി
അല്‍ഹസ്സ:  ശമ്പളം  കിട്ടാതെയും,ചികിത്സ ലഭിയ്ക്കാതെയും ദുരിതത്തില്‍ കഴിഞ്ഞിരുന്ന രാജസ്ഥാന്‍ സ്വദേശിയായ തൊഴിലാളി, നവയുഗം നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി

കഴിഞ്ഞ നാലു വര്‍ഷമായി അല്‍ഹസ്സ മസ്‌റോയയില്‍ ഒരു കണ്‍സ്ട്രക്ഷന്‍  കമ്പനിയില്‍ കാര്‍പെന്‍ഡര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു രാജസ്ഥാന്‍ ബിക്കാനീര്‍ സ്വദേശി പ്രമോദ്. എന്നാല്‍ കൊറോണക്കാലത്തെ സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം ലഭിക്കാതെ വരികയും,  ചികിത്സാച്ചെലവിന് പോലും പൈസ ഇല്ലാതെ വരികയും  ചെയ്തു. തുടര്‍ന്ന് പ്രമോദ് ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശമനുസരിച്ചു അല്‍ഹസ്സ നവയുഗം ജീവകാരുണ്യവിഭാഗത്തെ  ഫോണില്‍ ബന്ധപ്പെട്ട്  സഹായം അഭ്യര്‍ത്ഥിച്ചു. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ സിയാദ് പള്ളിമുക്കും, മണി മാര്‍ത്താണ്ഡവും കൂടി പ്രമോദിനെ പോയി കാണുകയും, അയാളുടെ ദയനീയാവസ്ഥ കണ്ടു ചെറിയ സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു.

അതിനു ശേഷം അവര്‍ പ്രമോദിന്റെ സ്‌പോണ്‍സറുമായി സംസാരിച്ചു. പ്രമോദിന് കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും നല്‍കി നാട്ടിലേയ്ക്ക് അയയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സര്‍  സഹകരിക്കാത്തതിനെതുടര്‍ന്ന്, പ്രമോദിനെക്കൊണ്ട് ലേബര്‍കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

കോടതിയില്‍ കേസ് വിളിച്ചപ്പോള്‍, സ്‌പോണ്‍സര്‍ വരികയും, ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.  തുടര്‍ന്ന് സ്‌പോണ്‍സര്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും പ്രമോദിന് നല്‍കി.

നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രമോദ് നാട്ടിലേക്ക് മടങ്ങി.
ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ  നാട്ടിലേക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക