Image

പേരില്ലാത്തവർ ( കഥ : ശാന്തിനി ടോം )

Published on 20 April, 2021
പേരില്ലാത്തവർ ( കഥ :  ശാന്തിനി ടോം )
രാവിലെ ഇഡ്‌ലിക്കുള്ള ചമ്മന്തി അരയ്ക്കാൻ ചിരകിയ തേങ്ങയും ഇഞ്ചിയും മുളകും മിക്സിയുടെ ജാറിലേക്ക് വാരിനിറയ്ക്കുമ്പോഴാണ് കാളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. ഒരു നിമിഷം ശ്രദ്ധ അങ്ങോട്ട് പോയെങ്കിലും ശ്രീനി ഡ്രോയിങ് റൂമിലിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നല്ലോ, വാതിൽ തുറന്നോളും എന്ന് ആശ്വസിച്ചു. ഉണ്ണിക്ക് നെയ്‌ദോശയുണ്ടാക്കണം. അമ്മയ്ക്കുള്ള സാമ്പാറിന്റെ കഷണങ്ങൾ കുക്കറിൽ വെന്തിരിക്കുന്നുണ്ട്, അതിലല്പം പുളി പിഴിഞ്ഞ് അരപ്പും കൂടി ചേർത്താലേ രാവിലത്തെ യുദ്ധം പൂർത്തിയാവൂ. ഞായറാഴ്ചയായതുകൊണ്ടു   അവധി ദിവസത്തിന്റെ മൂഡിലാണ് എല്ലാവരും. അമ്മ രാവിലെ അമ്പലത്തിൽ പോയി വന്നിട്ടില്ല.

ഇതാരോടാണ് ശ്രീനി സംസാരിക്കുന്നത്? അവിടേയ്‌ക്കെങ്ങാനും എത്തിനോക്കാൻ ചെന്നാൽ ഇനിയിപ്പോൾ ചായ ഇടേണ്ടിവരും. ആ സാരമില്ല, ചായ കൊടുത്തുസൽകരിക്കേണ്ടവരാരെങ്കിലുമാണ് വന്നതെങ്കിൽ ശ്രീനി തന്നെ ഇവിടെ വന്നു പറഞ്ഞോളും.  
 
“രമ്യേ...” തൊട്ടടുത്ത നിമിഷം ശ്രീനിയുടെ ശബ്ദം കേട്ടു 

“എടോ, തന്നെ തിരക്കിയാണ് ഇവൻ വന്നത്. തനിക്കാളെ മനസ്സിലായോ”? ഭവ്യതയോടെ മുറ്റത്തുനിൽക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി ശ്രീനി തിരക്കി 

“ഇത്.. മുല്ലയ്ക്കലെ ലക്ഷ്മിക്കുട്ടിയമ്മേടെ മോനല്ലേ? വിനീത്”? 

“അതെ ചേച്ചീ...” 

“എന്താ കാര്യം”?   

“അത് ചേച്ചീ... എന്റെ ഭാര്യ അശ്വതിയെ അറിയില്ലേ”? 

“അറിയുമോന്ന് ചോദിച്ചാൽ! ഞാൻ നിങ്ങളുടെ കല്യാണത്തിന് വന്നിരുന്നല്ലോ? അത്ര പരിചയമേയുള്ളൂ”! 

“ആ ചേച്ചീ, അവൾക്കൊരു ചെറിയ വല്ലായ്മ. ചേച്ചി സമയം കിട്ടുമ്പോൾ വീട്ടിലേക്കൊന്നു വരുമോ”? 

“അയ്യോ! ഞാൻ ആ ഡോക്ടറല്ല മോനേ, നീ അവളെ ജയൻ ഡോക്ടറുടെ ക്ലിനിക്കിൽ കൊണ്ടുപോ... സൺഡേ ഉച്ചവരെ ഡോക്ടർ നോക്കുമല്ലോ”!

“എടോ,  താനിങ്ങുവന്നേ, ഞാൻ പറയാം”. ശ്രീനി ഇടയ്ക്കുകയറിയപ്പോൾ കാര്യം ഗൗരവതരമാണെന്ന് തോന്നി.  

‘താൻ പൊയ്ക്കോ, ഞാൻ അറിയിക്കാം”. വിളറിയ മുഖവുമായി നിന്ന വിനീതിനെ നോക്കി  ശ്രീനി പറഞ്ഞപ്പോൾ ഒരു മങ്ങിയ ചിരി സമ്മാനിച്ച് ആ ചെറുപ്പക്കാരൻ ഗേറ്റുതുറന്നു പോയി.

“എന്താ ശ്രീനീ കാര്യം? ഞാനെന്തിനാ ആ കുട്ടിയെ കാണുന്നത്”? അന്ധാളിപ്പോടെയാണ് ചോദിച്ചത്.

‘എടോ, ആ കുട്ടി ഇന്നലെ രാത്രി അസാധാരണമായി പെരുമാറിയത്രേ.  ഇവന്റെ കരണം നോക്കിയൊന്ന് പൊട്ടിക്കുകയും ചെയ്‌തിട്ടുണ്ട്”. 
 
“എന്തേ? ഇനി ഇവൻ  ഉപദ്രവിക്കുകയോ മറ്റോ ഉണ്ടായോ? പാവം”! 

“ആ ബെസ്റ്! എടോ, ഭർത്താവിനെ തല്ലിയ ഭാര്യയായാലും തനിക്ക് പാവം തോന്നും. ഇങ്ങനെയൊരു ശുദ്ധ”! ശ്രീനി പൊട്ടിച്ചിരിച്ചു.

“ബാധ കൂടിയതാണെന്നാ ലക്ഷ്മിക്കുട്ടിയമ്മ പറയുന്നത്. ബാധയൊഴിപ്പിക്കാൻ ആളെവിളിക്കാൻ പറഞ്ഞ് തള്ള ബഹളം, ഈ കൊറോണയൊക്കെ പിടിച്ചിരിക്കുമ്പോ ആളും കൂട്ടവുമൊന്നും വെണ്ടെന്നാ ഈ ചെക്കന്റെ അഭിപ്രായം. താൻ സൈക്കോളജിസ്റ്റല്ലേ, ഒന്ന് കൗൺസിലിംഗ് നടത്തിനോക്കിയാൽ കാര്യം അറിയാൻ പറ്റുമെന്ന് ആരോ പറഞ്ഞുകൊടുത്തിട്ടുണ്ട്. അതാ ഇങ്ങുപോന്നത്”. 

“നന്നായി, എന്നാപ്പിന്നെ ഹിപ്‌നോട്ടൈസ് ചെയ്തുനോക്കാം. എന്റെ ശ്രീനി, വല്ല സൈക്യാട്രിസ്റ്റിന്റടുത്തല്ലേ കൊണ്ടുപോവേണ്ടത്, എന്നെക്കൊണ്ടെന്തുകഴിയും”?

“എടോ രമ്യ, താനെന്തായാലും ആ കുട്ടിയെ ഒന്നുപോയി കണ്ടു സംസാരിക്ക്, കുഴപ്പമാണെന്ന് തോന്നിയാൽ ഇതുതന്നെ വിനീതിനോട് പറയ്. എന്റെ ഒരിതുവച്ച് ആ കുട്ടി പ്രശ്നക്കാരിയല്ല. ഒന്നൂല്ലെങ്കിലും ഒരെഞ്ചിനീയറല്ലേ”! ശ്രീനി കയ്യൊഴിഞ്ഞു.

“എന്തായാലും താൻ ബ്രെക്ഫാസ്റ് വിളമ്പ്, കഴിച്ചിട്ട് അവിടെ കൊണ്ടുവിടാം. ആ വൈദ്യന്റടുത്തൊന്ന്   പോയി അമ്മയ്ക്ക് കുഴമ്പും എണ്ണയും വാങ്ങിമടങ്ങുമ്പോൾ കൂട്ടാനും വരാം”. ഡൈനിംഗ് റൂമിലേക്ക് നടക്കുമ്പോൾ ശ്രീനി പറഞ്ഞു.

നെയ്യ് ബുദ്ധിശക്തി വർധിപ്പിക്കുമെന്നറിഞ്ഞതില്പിന്നെ എല്ലാ ആഹാരത്തിലും പത്താം ക്ലാസുകാരൻ പുത്രന് നെയ്യ് വേണം. ഉണ്ണിയ്ക്ക് നെയ്‌റോസ്റ്റും ഉണ്ടാക്കി വിളമ്പിക്കഴിഞ്ഞാണ് മുകളിൽ പോയി മുഖം കഴുകി വേഷം മാറി വന്നത്. 'അമ്മ വന്നാൽ ഇഡ്‌ലിയും സാമ്പാറും കഴിക്കാൻ പറയാൻ ഉണ്ണിയെ ഏർപ്പാടുചെയ്ത് ശ്രീനിയുടെ ബൈക്കിന്റെ പിന്നിൽ കയറി.

“എനിക്കെന്തോ പോലെ... അവരുടെ കുടുംബപ്രശ്നത്തിൽ ഞാനിടപെടണോ”? മടിയോടെ പറഞ്ഞു.

“സന്ദേഹം തീർന്നില്ലേ? താനൊരു ഡോക്ടറാണ്... വെറുതെയല്ലല്ലോ ഡോക്ടറേറ്റ് കിട്ടിയത്? തന്റെ വിഷയത്തിൽ ഉപദേശം ആവശ്യമുള്ളവരെ സഹായിക്കുന്നു. അത്രേയുള്ളു"  ശ്രീനി തീർപ്പുകല്പിച്ചു 

ചെടികളും മരങ്ങളും നിറഞ്ഞ മുറ്റത്തേക്ക് കയറിയപ്പോൾ നല്ലൊരു കുളിർമ്മ. ലക്ഷ്മിക്കുട്ടിയമ്മയുടെ ഭാഗ്യമാണ് വീട്ടിൽ വന്നുകയറിയ പെണ്ണെന്ന് വിനീതിന്റെ കല്യാണം കഴിഞ്ഞ നാളുകളിൽ അയലത്തെ പെണ്ണുങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്.   ഭർത്താവ് മരിച്ചതിനുശേഷം കഷ്ടപ്പെട്ട് മകനെ വളർത്തി പഠിപ്പിച്ചു കഴിഞ്ഞ ആ സ്ത്രീ മരുമകൾ വന്നതിനുശേഷമാണ് സുഖമെന്തെന്നറിഞ്ഞത്. ഇപ്പൊപ്പിന്നെ എന്തുപറ്റിയോ ആവോ?
 
“അപ്പൊ ശരി, തിരിച്ചുവരുമ്പോൾ ഞാൻ വിളിക്കാം”, ശ്രീനി യാത്ര പറഞ്ഞു.

“ആഹാ, ചേച്ചി വന്നോ”? വിനീത് ബൈക്കിന്റെ ശബ്ദം കെട്ടാണെന്നുതോന്നുന്നു മുറ്റത്തേയ്ക്കിറങ്ങിവന്നു. 

“വരൂ ചേച്ചീ... ചേട്ടൻ കാര്യങ്ങൾ പറഞ്ഞുകാണുമല്ലോ? ഇന്നലെ രാത്രിയിൽ അപ്രതീക്ഷിതമായി വേറൊരു പെരുമാറ്റം. ഏട്ടാന്ന് മുഴുവൻ വിളിക്കാത്ത അശ്വതിയാണ്  ഇന്നലെ എന്നെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞത്. അച്ഛനാണെന്ന ഭാവമായിരുന്നു. സംസാരോം ആ രീതിയിൽ. ഇന്ന് രാവിലെ അതിനെപ്പറ്റി യാതൊരോർമയുമില്ല. അമ്മ ഓരോന്ന് പറഞ്ഞപ്പോൾ ഇങ്ങനെയൊക്കെ ചെയ്തോന്ന് ചോദിച്ച് സ്വയം ശിക്ഷിക്കുന്ന പ്രവൃത്തികളും.   ചേച്ചി ഒന്ന് സമാധാനമായി ചോദിച്ച് മനസിലാക്ക്”. മുറിക്കുമുന്നിലെത്തിച്ച് വിനീത് പിൻവാങ്ങി  
   
ഒന്നരവയസുകാരി കുഞ്ഞിനേയും മടിയിൽ വച്ച് ബെഡിലിരുന്ന് മുലയൂട്ടുകയാണ് അശ്വതി. ലക്ഷ്മിക്കുട്ടിയമ്മ ജനാലയോടു ചേർന്ന കട്ടിലിലിരുന്ന് അലക്കിയുണങ്ങി കസേരയിൽ കൂട്ടിവച്ചിരിക്കുന്ന  തുണികൾ മടക്കുന്നുണ്ട്. 

“ആ ചേച്ചീ...” കണ്ടതും നൈറ്റിയുടെ സിബ്ബ് വലിച്ചിട്ട് അശ്വതി കുഞ്ഞിനെ വാരിയെടുത്ത് തോളിലിട്ടു.

"ബുദ്ധിമുട്ടിച്ചോ ഞാൻ"?

"ഇന്നലെ എന്തൊക്കെയോ അസാധാരണമായി നടന്നൂന്ന് ഏട്ടനും അമ്മയും പറയുന്നു. ഒന്നും ഞാനറിഞ്ഞിട്ടില്ലെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. അതാ ഞാൻ പറഞ്ഞത് ചേച്ചിയെ വിളിച്ചാൽ എന്റെ മനസ്സിലെന്തെങ്കിലുമുണ്ടോന്ന് ചേച്ചിക്ക് മനസിലാവും ന്ന്' അശ്വതി നിഷ്കളങ്കമായി ചിരിച്ചു.  

“പതിവില്ലാത്തത്  നടന്നു”. ലക്ഷ്മിക്കുട്ടിയമ്മ കർക്കശമായി പറഞ്ഞു. 
“ഞാൻ ദേ, ഇവൾക്ക് കാവലിരിക്കുകയാ. ഇന്നലെ എന്റെ ചെറുക്കനെ തല്ലി, ഇന്നിനി കുഞ്ഞിനെ കൊല്ലില്ലെന്നെന്താ ഉറപ്പ്? ബാധ കേറീതാന്ന് മൂന്നുതരം... എന്റെയൊക്കെ ചെറുപ്പത്തിൽ ഞാനിതെത്ര കണ്ടിരിക്കുന്നു”. ലക്ഷ്മിക്കുട്ടിയമ്മ ദേഷ്യത്തോടെ മുഖം താഴ്ത്തി നിൽക്കുന്ന അശ്വതിയെ നോക്കി.

“ഞാനൊന്നു ചോദിച്ചറിയട്ടെ ലക്ഷ്മിയമ്മേ... നിങ്ങളൊന്ന് പുറത്തുപോയേ”. 

“ചോദിച്ചറിഞ്ഞിട്ടിപ്പോ എന്തിനാ? ബാധയൊഴിഞ്ഞുപോവ്വോ”? കുഞ്ഞിനേയുമെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ ലക്ഷ്മിക്കുട്ടിയമ്മ പിറുപിറുത്തു. 

‘എന്തുപറ്റി അശ്വതി”?

“ഏട്ടൻ പറഞ്ഞില്ലേ? ഞാൻ… ഇന്നലെ ഏട്ടനെ…”? അവൾ നിർത്തി 

“ഉവ്വ്! അതാ ചോദിച്ചത് അശ്വതിയ്ക്കെന്തുപറ്റീന്ന്”?

“ഒന്നൂല്ലാ ചേച്ചി. ഈ കോവിഡ്  തുടങ്ങിയതില്പിന്നെ വർക്ക് ഫ്രം ഹോം ആണല്ലോ, അതിന്റെ കുറച്ചു ടെൻഷൻ ഉണ്ടെന്ന് മാത്രം”. 
 
“വിനീതിനെ തല്ലാൻ മാത്രം ടെൻഷൻ? ബാധ കൂടിയതല്ലെന്ന് എനിക്കറിയാം കുട്ടീ... കാര്യങ്ങൾ തുറന്നുപറഞ്ഞാൽ ഒരു പരിഹാരം കാണാൻ ഞാനും സഹായിക്കാം”. 

“ഞാൻ പറയാം ചേച്ചീ...” അശ്വതി കുറ്റബോധത്തോടെ മുഖം കുനിച്ചു.

“ചേച്ചിയ്ക്കറിയാമല്ലോ എൻജിനീയറിംഗ് പൂർത്തിയാക്കി വിപ്രോയിൽ ജോലി കിട്ടിയ ഉടനെയാണ് അച്ഛന് അസുഖം കൂടിയതും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എന്റെ വിവാഹം നടന്നതും”. 

"വിവാഹം കഴിഞ്ഞയുടനെ കുഞ്ഞിനെ വേണം, പേരക്കുട്ടിയെ ലാളിച്ചിട്ടു കണ്ണടച്ചാലും വേണ്ടില്ല എന്നൊക്കെ അമ്മ പറഞ്ഞുതുടങ്ങിയപ്പോൾ  'നമ്മൾ ജോലിക്കു പോയിക്കഴിഞ്ഞാൽ അമ്മ വീട്ടിൽ തനിച്ചാവുന്നതിന്റെ സങ്കടമല്ലേ, ഒരു കുഞ്ഞുണ്ടെങ്കിൽ അതിനേം കളിപ്പിച്ച് അമ്മ ഇരുന്നോളുമെന്ന്' ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ എതിരൊന്നും പറഞ്ഞില്ല”.

“കുഞ്ഞുണ്ടായി ജോയിൻ ചെയ്തതും പ്രോജക്ട് മാനേജരായി പ്രൊമോഷനായി, ഉത്തരവാദിത്വങ്ങൾ കൂടി, തൊട്ടുപിന്നാലെ കോവിഡ് മൂലം വർക് ഫ്രം ഹോം അറേഞ്ച്മെന്റും തുടങ്ങി.   അതാദ്യമൊക്കെ ആശ്വാസമായിരുന്നെങ്കിലും പോകെപ്പോകെ പെൻഡിംഗ് വർക്ക് കൂടിത്തുടങ്ങി”. 

“എന്റെ സൂം കാളുകളും പ്രെസെന്റേഷനുകളും പെൻഡിങ്‌ വർക്കും ഒന്നും അമ്മയ്ക്കോ മോനോ പ്രശ്നമല്ല. ചില ദിവസങ്ങളിൽ പ്രൊജക്റ്റ് ടീമുമായി സൂം കാളിലിരിക്കുമ്പോളാവും കുഞ്ഞ് അപ്പിയിടുന്നത്. അമ്മ അപ്പോളൊന്ന് നടുനിവർക്കാൻ കിടക്കുകയാവും. പിന്നെന്തുചെയ്യാൻ! കുഞ്ഞിനെ കഴുകിവൃത്തിയാക്കി വരുമ്പോൾ ടീം അവരുടെ വഴിക്കുപോയിട്ടുണ്ടാവും”.

“എത്രയെന്ന് വച്ചാ പറയുക? അല്ലെങ്കിൽത്തന്നെ ആരോട് പറയാൻ? നമ്മുടെ കുഞ്ഞല്ലേ? നീ വീട്ടിലിരിക്കുമ്പോളെങ്കിലും അതിന്റെ കാര്യം വേണ്ടാംവണ്ണം  നോക്കിക്കൂടെ എന്നാ ഏട്ടന്റെ ചോദ്യം. ജോലി ചെയ്യാൻ തയ്യാറല്ല, സഹായിക്കാൻ പോലും തയ്യാറല്ല. ഞാൻ ഓഫിസ് വർക്ക് ചെയ്യുന്നുണ്ടോ എന്നും അറിയണ്ട, എന്നാലോ ശമ്പളം വേണം താനും. ഞാൻ മടുത്തു ചേച്ചി, ആർക്കും ഒരു കുറ്റവും പറയാൻ അവസരം കൊടുക്കാതെ പെർഫക്റ്റായി ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. ഇന്നലെ ആദ്യമായി ടീം ഹെഡ് എനിക്ക് വാണിങ് തന്നു. ഡെഡ്-ലൈൻ മീറ്റ് ചെയ്തില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യുമത്രേ. വല്ലാതെ കരച്ചിൽ വന്നു. കോവിഡിനെപ്പേടിച്ച് ഏട്ടനും ജോലി വിട്ടുനിൽക്കുന്ന ഈ സമയത്ത്  എന്റെ ജോലി കൂടി ഇല്ലാതായാൽ എന്തുചെയ്യുമെന്നോർത്തിട്ട് ഒരെത്തുംപിടിയും കിട്ടിയില്ല”. 

“എന്റെ അച്ഛൻ പറഞ്ഞുപഠിപ്പിച്ചിരുന്ന ഒരു കാര്യമുണ്ട്. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന്. എന്നെ ഈ നിലയിലെത്തിക്കാൻവേണ്ടി ബസ് ഡ്രൈവർ ആയിരുന്ന അച്ഛൻ സഹിച്ച കഷ്ടപ്പാടുകളോർത്തപ്പോൾ തോറ്റുകൊടുക്കാൻ മനസ്സുവന്നില്ല”.

“അച്ഛൻ  എപ്പോഴും പറയുമായിരുന്നു.  നമുക്കോരോരുത്തർക്കും  നാം സ്വയം അനുവദിക്കുന്നത്ര സാമർത്ഥ്യവും ശക്തിയുമുണ്ട്.  എന്നാൽ ഏതൊരു ശ്രമത്തിന്റെയും ഏറ്റവും പ്രയാസമേറിയ ഭാഗം ആദ്യപടി എടുക്കുക എന്നതാണ്. ഇവിടെ അമ്മയോടും മോനോടും ഒന്നും പറഞ്ഞുമനസിലാക്കാൻ കഴിയില്ല. തോറ്റുപിന്മാറാൻ എനിക്ക് മനസ്സില്ലായിരുന്നു. അച്ഛനാണ് എന്റെ ശക്തി, ഞാൻ തോറ്റാൽ ആ ആത്മാവ് നോവും. അതുകൊണ്ടുതന്നെയാണ് ഇന്നലെ വൈകിട്ട് പണിയെല്ലാമൊതുക്കി കുഞ്ഞിനെയുമുറക്കി ജോലിചെയ്യാനിരുന്ന എന്നോട് അപ്പോൾ കൊണ്ടുവന്ന മീൻ കഴുകി വൃത്തിയാക്കി കറിയാക്കാൻ പറഞ്ഞപ്പോൾ എനിക്കങ്ങനെ ചെയ്യേണ്ടി വന്നത്”.

“എങ്ങനെ? അച്ഛന്റെ ബാധ”?  ഉള്ളിൽ ചിരിച്ചുകൊണ്ടാണ് ചോദിച്ചത്. 

“മറ്റു മാർഗ്ഗമൊന്നുമില്ലായിരുന്നു.  ബാധയ്‌ക്കെതിരെ ആരും കേസുകൊടുക്കില്ലല്ലോ”! അശ്വതി ചിരിച്ചു.

“എന്നിട്ട്? എന്തെങ്കിലും മാറ്റം തോന്നിയോ”? 

“ഉവ്വ്! ഏട്ടൻ  നല്ല ബഹുമാനത്തോടെയാണ് രാവിലെ മുതൽ സംസാരം. അമ്മയും മെച്ചപ്പെട്ടു. ഇത് കണ്ടോ ഈ തുണിയെല്ലാം ദിവസങ്ങൾക്ക് മുൻപ് കഴുകിയതാണ്. ഇന്നിപ്പോ മടക്കാനും കൂടി അമ്മയ്ക്ക് സമയമുണ്ടായി”. 

“ഇത്രയൊക്കെ മതി. എല്ലാ ജോലിയും ചെയ്തോളാം. രാവിലെ പത്തു മുതൽ  ആറു വരെ ഓഫീസ് ടൈമിൽ സമാധാനമായി ജോലി ചെയ്യാനുള്ള അവസരം മാത്രം കിട്ടിയാൽ മതി”. 

“ചേച്ചി,   ഒന്ന് പറഞ്ഞു മനസ്സിലാക്കൂ... എനിക്ക് ജോലി വേണം, എങ്കിലേ  എന്റച്ഛന്റെ ആത്മാവ് സന്തോഷിക്കൂ...” അശ്വതിയുടെ കണ്ണുകളിൽ നീരൊഴുകി.

“നോക്കട്ടെ... ഇതൊന്നും മറ്റാരോടും പറയണ്ട കേട്ടോ..” അവളുടെ കവിളിൽ തട്ടി പുറത്തേക്ക് നടന്നപ്പോളാണ് മൊബൈലിൽ ശ്രീനിയുടെ കാൾ. വൈദ്യന്റടുത്തുനിന്നും പുറപ്പെടുന്നു. 

റെഡിയാണ്, പോരൂ എന്ന് മറുപടി പറഞ്ഞു മുറ്റത്ത് കാത്തുനിന്ന വിനീതിന്റടുത്തേക്ക് നടന്നു.

“വിനീതെ.. അശ്വതി എങ്ങനെയായിരുന്നു? സ്നേഹമുള്ള ഭാര്യയായിരുന്നോ അതോ അഹങ്കാരിയോ”?

“പാവമായിരുന്നു. വായിൽ വിരലിട്ടാൽപോലും കടിക്കാത്ത തരം”. വരാന്തയിൽ കുഞ്ഞുമായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയാണ് മറുപടി പറഞ്ഞത്.

“ഇന്നലെ രാത്രി അവളെങ്ങനെയാ പെരുമാറിയത്? ഒന്നും ഓര്മയില്ലെന്നാ എന്നോടും അവൾ പറഞ്ഞത്”.
 
വിനീത് അമ്മയെ നോക്കി. 

“ഹോ... എന്തൊരു വരവായിരുന്നു! നൈറ്റിയൊക്കെ മുണ്ടുപോലെ മടക്കിക്കുത്തി കയ്യും വീശിക്കൊണ്ടൊരു വരവ്. എന്റെ മോളെ പണിയെടുപ്പിച്ചു കൊല്ലാതെടാ... അവളെ ഇവിടുത്തെ വാല്യക്കാരിയായല്ല അയച്ചതെന്ന്! ഒപ്പം കവിളത്തൊന്നുകൊടുക്കേം ചെയ്തു”. ലക്ഷ്മിയമ്മ പറഞ്ഞു

“ഇനി പറ. അശ്വതിയുടെ അച്ഛന് അങ്ങനെയൊക്കെ തോന്നാൻമാത്രം കഷ്ടപ്പാടുണ്ടോ അശ്വതിയ്ക്കിവിടെ”?

“ഏയ്, സ്വന്തം കുടുംബം നോക്കുന്നതത്ര മല മറിയ്ക്കുന്ന പണിയാണോ?  കൊച്ചുതന്നെ പറ, വീട്ടിലെ പണിയെല്ലാം ചെയ്തിട്ടല്ലേ കൊച്ച് ജോലിക്കു പോവുന്നത്”? ലക്ഷ്മിയമ്മ വിടാൻ ഭാവമില്ല

“വിനീതെ.. നീ ഇങ്ങുവന്നെ, എനിക്ക് നിങ്ങളോടു രണ്ടുപേരോടുമായി കുറച്ചു പറയാനുണ്ട്.” 

ലക്ഷ്മിഅമ്മയുടെ സാന്നിധ്യത്തിൽ വിനീതിനോട് ഒന്നും പറയാൻ കഴിയില്ലെന്നുതോന്നിയതുകൊണ്ടാണ് അവനെ അശ്വതിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. 

“നിന്നെ വിഷമിപ്പിച്ചോ എന്നോർത്ത് ഇവൾക്ക് നല്ല സങ്കടം. ജോലി വിട്ടു അമ്മയുടെ ഇഷ്ടം പോലെ വീട്ടമ്മയായിക്കഴിഞ്ഞോളാമെന്നാ ഇവൾ പറയുന്നത്”. 

“അയ്യോ ജോലി വിട്ടാലെങ്ങനെയാ”? വിനീത് അന്ധാളിച്ചു

“ചേച്ചീ.. പത്തുനാല്പത്തിനായിരം രൂപ ശമ്പളം കിട്ടിക്കൊണ്ടിരുന്ന ജോലിയാണ്  കോവിഡ് പിടിച്ചാലോ എന്നുംപറഞ്ഞ് ഏട്ടൻ കളഞ്ഞത്. അപ്പോഴും ഞാനതത്ര കാര്യമാക്കിയില്ല. ഈ കാലവും കഴിയും, തത്കാലം പിടിച്ചുനിൽക്കാൻ എന്റെ ജോലിയും വരുമാനവുമുണ്ടല്ലോ എന്നോർത്താശ്വസിച്ചു. എനിക്ക് ജോലിയില്ലാതായാൽ ഏട്ടൻ ഇനി ജോലി തിരയേണ്ടിവരും”. അശ്വതി പറഞ്ഞു

“വിനീത്, അശ്വതിയല്ല, അവളുടെ ഉപബോധമനസിലെ അച്ഛനാണ് നിന്നെ ശാസിച്ചതും ശിക്ഷിച്ചതും. അശ്വതി പഠിച്ചു ജോലിക്കാരി ആവണമെന്ന് ഏറ്റവും ആഗ്രഹിച്ചത് അവളുടെ അച്ഛനാണ്.  ജോലിയെങ്ങാൻ നഷ്ടമാവുമോ എന്ന അവളുടെ ഭയം, അച്ഛന്റെ ആത്മാവ് വിഷമിക്കുമെന്ന സങ്കടം ഒക്കെക്കൂടിയാണ് അങ്ങനെ സംഭവിക്കാൻ കാരണമായത്”.

“തല്ക്കാലം അശ്വതിയ്ക്കു സ്വസ്ഥമായി ജോലിചെയ്യാനുള്ള സാഹചര്യം കൊടുക്കുക. ഇനിയും ഇങ്ങനെയെന്തെങ്കിലും പെരുമാറ്റമുണ്ടായാൽ നമുക്ക് ബാക്കി നോക്കാം. ഇപ്പോൾ അവൾക്കല്പം സ്നേഹവും ശ്രദ്ധയും കൊടുത്താൽ മതി. അവളുടെ അച്ഛൻ ആഗ്രഹിച്ച രീതിയിൽ അവളെ ജീവിക്കാൻ അനുവദിക്കൂ..” എല്ലാം ശരിയാവും. 

“അപ്പൊ മോളെ,  ഈ ബാധ ഒഴിയാൻ എന്താ ചെയ്യേണ്ടത്”?  ശ്രീനിയുടെ ബൈക്കിന്റെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയപ്പോൾ ലക്ഷ്മിക്കുട്ടിയമ്മ ചോദിച്ചു

“നമ്മൾ ഈ ഭൂമിയിൽ വിഷമിക്കുന്നെന്നറിയുമ്പോൾ നമ്മുടെ പ്രീയപ്പെട്ടവരുടെ ആത്മാവും നോവും. ഉദാഹരണത്തിന് അശ്വതി ലക്ഷ്മിയമ്മയെ ദ്രോഹിച്ചാൽ വിനീതിന്റച്ചൻ നോക്കിയിരിക്കില്ല. അത്രേയുള്ളു ഇതും”.  

അവർ തലയാട്ടുന്നതു കണ്ടപ്പോൾ ചിരി വന്നു. സ്ത്രീകളെ ‘പാതിയാകാശത്തിന്‍റെ ഉടമകള്‍’ എന്നാണു മാവോ വിശേഷിപ്പിച്ചത്‌. ആകാശം പോയിട്ട് ചവിട്ടിനിൽക്കാൻ ഭൂമി പോലും അവർക്കില്ലെന്നതല്ലേ സത്യം! 

“ഇത്രേയുള്ളൂ..? ഇതിനാണോ താനിത്ര ടെൻഷനെടുത്തത്”? വിനീതിന്റെ വീട്ടിൽ നിന്നും റോഡിലേക്കു ബൈക്ക് തിരിച്ചപ്പോൾ ശ്രീനി കളിയാക്കി

“അതിപ്പോ, ശ്രീനി ജോലി വിട്ടു എന്ന് കരുതു, അപ്പോൾ എന്ത് ചെയ്യും”?

“കഴിയും പോലെ തന്റെ ജോലിയിൽ സഹായിക്കും”! ഒരു നിമിഷം പോലും വൈകാതെ ശ്രീനിയുടെ മറുപടി വന്നു.

‘പക്ഷെ, ശ്രീനി ജോലി നിർത്തുന്നതോടെ എന്റെ ജോലി കൂടിയാലോ? സമയാസമയം ഫ്രഷ് ആയി പാകം ചെയ്ത ആഹാരം വേണമെന്ന് നിർബന്ധം പിടിച്ചാലോ?  പുറത്തെവിടെ പോയാലും പുഴമീനോ ഇറച്ചിയോ കൊണ്ടുവന്ന് സമയോം കാലോം നോക്കാതെ അപ്പോൾത്തന്നെ കറി വച്ച് തരണമെന്ന് പറഞ്ഞാലോ?  എന്റെ ജോലി മുടക്കി ശ്രീനിയുടെ ഇഷ്ടങ്ങൾ പാലിക്കണമെന്ന് പറഞ്ഞാലോ”? 

“ഓഹ്! എന്റെ അമ്മായിഅച്ഛൻ കരുണൻ മാഷ്ടെ ബാധ നിനക്കും കൂടുമെന്ന്! അല്ലേ”? ശ്രീനി ചിരിച്ചു

“ഹ്ഹ്... ഞാൻ മനസ്സിൽ കാണുമ്പോൾ ശ്രീനിയത് മാനത്തുകാണും. അതല്ലേ ഈ സ്‌കൂൾ ടീച്ചറെ എനിക്കിത്ര ഇഷ്ടം”! 

സ്ത്രീകള്‍ക്ക് ചിലര്‍ക്ക് മാത്രമേ പേരുള്ളു. അവള്‍ അജ്ഞാതയാണ്. അവളുടെ പേര് ‘അമ്മ’ എന്നാണ്. നിശ്ശബ്ദതയില്‍ മൂടപ്പെട്ട അവള്‍ ‘ഭാര്യ’യാണ്. പിന്നീട് ‘മുത്തശ്ശി’യാണ്. സ്നേഹവും ബഹുമാനവും ഉള്ളവര്‍ക്ക് മാത്രമേ സ്ത്രീയുടെ വിലയും നിലയും തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.” പാബ്ലോ നെരുദയുടെ വരികൾ മനസിലോർത്ത് സ്നേഹത്തോടെ ശ്രീനിയുടെ തോളിലേക്ക് മുഖം ചായ്ച്ചപ്പോൾ ഒരു കാറ്റു തഴുകിയിറങ്ങിയല്ലോ! കരുണൻമാഷ്‌ടെ ചന്ദനമണമുള്ള കാറ്റ് !

Join WhatsApp News
JALAJA MADHUSUDHANAN 2021-04-20 10:57:51
ശാന്തൂസ്.. കുഞ്ഞാത്തോലിൽ തുടങ്ങി ബാധ ഒഴിപ്പിക്കൽ ഇപ്പോഴും തുടരുന്നു ല്ലേ.. എന്തായാലും ഹൃദ്യമായ അവതരണം. ഒരുപാട് ഇഷ്ടായി ട്ടോ... ഇനിയും പ്രതീക്ഷിക്കുന്നു.. ആശംസകൾ
Jayarajan M V 2021-04-20 11:17:22
പ്രശ്നവും പ്രശ്നപരിഹാരവും സൂപ്പർ ആയി. ഹൃദ്യമായ അവതരണം. അഭിനന്ദനങ്ങൾ, ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക