Image

കറുത്ത (ജന്മ) ദിനം (കവിത - സോജി ഭാസ്‌കര്‍)

Published on 20 April, 2021
കറുത്ത (ജന്മ) ദിനം (കവിത - സോജി ഭാസ്‌കര്‍)
വരണ്ട ഭൂമിയില്‍ ,
എന്നെ പെറ്റിടുമ്പോള്‍,
നിറയെ അന്ധകാരമായിരുന്നു . എന്നെ പാലൂട്ടിയ മുല കണ്ടിട്ടില്ല,
എന്നെ തലോടിയ വിരലാസ്ഥികളും കണ്ടിട്ടില്ല, എന്നെ ഗര്‍ഭം ധരിച്ച
ആ ഇരുട്ടറയില്‍ മാത്രം
ഞാനെന്റെ നിഴല്‍ കണ്ടിട്ടുള്ളൂ.
ജന്മദിനം എന്ന കോമാളി,
ഒരു യോദ്ധാവായി അവതരിക്കും നാള്‍ വരെ മാത്രമേ ഞാന്‍ സ്വര്‍ഗ്ഗലോകത്തുണ്ടായിരുന്നുള്ളു ...

എവിടെ എന്റെ മുതു മുത്തച്ച്ഛ ൻമാർ ..? കോശകോശാന്തരങ്ങളെ മറവിയുടെ കനല്‍ കുടം ചുട്ടെരിച്ചിരിക്കുന്നു ....

ഇന്നു ഞാന്‍,
ഒരു ഇരുണ്ട വനത്തിലെങ്കിലും ,
നീല പൊന്‍മാന്റെ പൊന്‍തുവല്‍ ഞാന്‍ കാണുന്നുണ്ട്‌ എനിയ്ക്കായി മാത്രം പൊഴിച്ച ആ പൊന്‍തൂവല്‍ !!

ജന്മദിനം ഒരിക്കല്‍ പോലും എന്റെ കവിതയുടെ സിരകളിലൊഴുകിയിട്ടില്ല .
വിരഹത്തിന്റെ നിമിഷങ്ങളില്ലായിരുന്നുവെങ്കില്‍ ,
ഭാവനയുടെ ചിറകുകളറ്റു പോയില്ലായിരുന്നുവെങ്കില്‍ , മുറിവേറ്റ ആത്മാവിന്റെ രോദനം എന്റെ കാതുകളെ സ്പര്‍ശിച്ചില്ലായിരുന്നുവെങ്കില്‍ , ജന്മദിനം എന്റെ
കവിതയുടെ സിരകളില്‍ കറുത്ത പുഴയായി ഒഴുകിയെത്തില്ലായിരുന്നു ...



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക