Image

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

Published on 19 April, 2021
കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌?
ആർത്തലക്കുന്ന ജനസഞ്ചയത്തിന്‌ മുന്നിൽ പൊട്ടിവിരിയുന്ന ആ കളറമിട്ടുകൾ..
പരസ്പര മാത്സര്യത്തോടെ ആർപ്പുവിളിക്കുന്ന ആൾക്കൂട്ടത്തിന്‌ മുന്നിൽ മാത്രം പ്രസക്തമായ ആ മത്സര വെടിക്കെട്ട്‌..
ദേവസ്വം ഭാരവാഹികൾക്ക്‌ മുന്നിൽ മാത്രം പൊട്ടേണ്ടി വരുമ്പോൾ  എത്രയേറെ അപമാനിതരാവും അവ?
പൂരം നടത്തേണ്ടതില്ല എന്ന ഒരു തീരുമാനം ആരുടെ അഹന്തകളെയാണ്‌ ഇല്ലായ്മ ചെയ്യുക?
ഊതിവീർപ്പിച്ച അത്തരം ഏത്‌ അഹന്തകളെ തൃപ്തിപ്പെടുത്താനാണ്‌ ഈ അഴകൊഴമ്പൻ തീരുമാനം?
പ്രത്യേക സാഹചര്യത്തിൽ കൂടൽ മാണിക്യം ഉത്സവം വേണ്ടെന്നുവെക്കാമെങ്കിൽ എന്താണ്‌ തൃശൂർ പൂരത്തിന്‌ മാത്രം ഇങ്ങനെയൊരു തീരുമാനം ?
തിരുവമ്പാടി പാറമേക്കാവുകളുടെ പരസ്പര മാത്സര്യത്തിന്‌ ചേരിതിരിഞ്ഞ്‌ ആർപ്പ്‌ വിളിക്കുന്ന ജനക്കൂട്ടമാണ്‌ പൂരത്തിന്റെ ആത്മാവ്‌.
അവരുടേതാണ്‌ പൂരം  ..
അല്ലാതെ അതിന്റെ സംഘാടകരുടെ കേമത്തമല്ല അത്‌
കാണികൾ വേണ്ട എന്നാണെങ്കിൽ പൂരവും വേണ്ട എന്നതല്ലേ ശരി?
സകല ആചാരങ്ങളോടേയും പൂരം നടത്താൻ തീരുമാനമായി എന്നാണ്‌ ഒരു ദേവസ്വം ഭാരവാഹി യോഗാനന്തരം പറഞ്ഞത്‌!
കുടമാറ്റത്തിന്റെ സമയത്തിൽ മാത്രം അൽപം കുറവു വരുത്തുമത്രേ..!
കുടമാറ്റം എന്നത്‌ ചടങ്ങുപോലെ നടത്തേണ്ട ഒന്നാണോ..?
ആ നിമിഷത്തിൽ മാത്രം പൊടുന്നനേ വെളിവാകുന്ന ആ അപൂർവ്വ കലാസൃഷ്ടികൾ കാഴ്ചക്കാരിലുണ്ടാക്കുന്ന അത്ഭുതം കലർന്ന ആദരവല്ലേ അതിന്റെ ജീവൻ?
ഇരുഭാഗമായിത്തിരിഞ്ഞ്‌ അവർ നിവർത്തുന്ന അതിശയങ്ങൾ തമ്മിലുള്ള മത്സരമല്ലേ അതിന്റെ കാതൽ?
അതില്ലെങ്കിൽ പിന്നെ എന്തിന്‌ കുടമാറ്റം?
വിയ്യൂരിലേക്ക്‌ മാറ്റും മുൻപ്‌ തേക്കിൻ കാട്ടിലായിരുന്നു തൃശൂരിലെ ജയിൽ .


അതിലെ തടവുകാരുടെ അഭ്യർത്ഥന മാനിച്ചാണത്രേ കുടമാറ്റം എന്ന ചടങ്ങുണ്ടായത്‌
മതിൽ കെട്ടിനുള്ളിൽ ശബ്ദമായി മാത്രം പൂരത്തെ അനുഭവിക്കേണ്ടി വരുന്ന തടവുകാരായ കുറ്റവാളികൾക്ക്‌  ഇത്തിരി വർണക്കാഴ്ചകൂടി പാർന്നു കൊടുക്കാൻ വേണ്ടി ശക്തൻ തമ്പുരാൻ നടപ്പിലാക്കിയ ഒരു നിശ്ചയമായിരുന്നു കുടമാറ്റം എന്നാണ്‌ പറഞ്ഞു കേട്ടിട്ടുള്ളത്‌!
നോക്കൂ ..
ആചാരം എന്നതിലുപരി അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു എന്ന് സാരം.
അല്ലെങ്കിൽ എന്തിന്‌ കുടമാറ്റത്തെപ്പറ്റിമാത്രം പറയണം തൃശൂർ പൂരം  എന്നത്‌ തന്നെ ഒരു രാഷ്ട്രീയ തീരുമാനമല്ലേ?
അതിയായി പെയ്ത മഴ മൂലം ആറാട്ട്‌ പുഴ പൂരത്തിന്‌ എത്താൻ വൈകിയതിന്റെ പേരിൽ അതിന്റെ സംഘാടകരാൽ അപമാനിക്കപ്പെട്ടപോഴാണ്‌ ഇനി മുതൽ നമുക്ക്‌ സ്വന്തം പൂരം എന്ന് ശക്തൻ തമ്പുരാൻ തൃശൂർ പൂരമുണ്ടാക്കിയത്‌.
ജനഹിതമറിഞ്ഞ്‌ സ്വന്തം ജനങ്ങളുടെ ആത്മാഭിമാന സംരക്ഷണത്തിനായി ഒരു ഭരണാധികാരിയെടുത്ത അസൽ രാഷ്ട്രീയ തീരുമാനമല്ലേ ശരിക്കും തൃശൂർ പൂരം?
അതിൽ ഈ പറഞ്ഞ വിധം സംരക്ഷിക്കപ്പെടേണ്ട മതാചാരങ്ങൾ എവിടെ?
എല്ലാവരെയും ഒരുമിച്ച്‌ ചേർത്ത്‌ ഒറ്റക്കമ്മറ്റിയാക്കാതെ തിരുവംബാടിയെന്നും പാറമേക്കാവ്‌ എന്നും രണ്ട്‌ വിഭാഗമാക്കി നിർത്തിയത്‌ പൂരം നടത്തിപ്പിൽ ഒരു മത്സരവും വാശിയും കൊണ്ടുവരാനും അതുവഴി പൂരത്തെ കൂടുതൽ കൂടുതൽ ഭംഗിയുള്ളതാക്കാനും തന്നെയായിരിക്കണം..
അതു കൊണ്ട്‌ തന്നെ കാണികളില്ലെങ്കിൽ അപ്രസക്തമാവുകയും, സ്വയം റദ്ധ്‌ ചെയ്യപ്പെടുകയും ചെയ്യുന്ന ഒന്നാകുന്നു തൃശൂർ പൂരം
തത്സമയ ദൃശ്യങ്ങളെ സകല ലോകത്തേക്കും പ്രക്ഷേപണം ചെയ്യാൻ കഴിയുന്ന നൂതന സങ്കേതികതയിലാണ്‌ അൽപമെങ്കിലും പ്രതീക്ഷ.
കാണികളില്ലാത്ത മൈതാനത്ത്‌ തകർത്ത്‌ കൊട്ടേണ്ടി വരുന്ന മേളക്കാരേയും ,കുടമാറ്റക്കരേയും ,വെടിക്കെട്ടിൽ അവനവന്റെ വിരുതുകൾ ഒളിപ്പിച്ചു വെച്ച കരിമരുന്ന് കലാകാരന്മാരേയും വലിയ അപമാനത്തിൽ നിന്ന് രക്ഷിക്കുവാൻ അത്തരം സാങ്കേതികതകൾക്ക്‌ കഴിഞ്ഞേക്കും.
നേർ മുൻപിലില്ലെങ്കിലും അകലങ്ങളിൽ ഉണ്ട്‌ എന്ന് അവർ വിശ്വസിക്കുന്ന അനുവാചകർക്ക്‌ വേണ്ടി എന്ന ഒരു തോന്നൽ അവരിലെ ഉത്സാഹം കെടാതെ കാത്തു കൊള്ളും
കാണികളില്ലാത്ത കഴിഞ്ഞ ഐ പിൽ മൈതാനങ്ങളിൽ നിന്നുള്ള പ്രക്ഷേപണങ്ങളെ  ഇല്ലാത്ത ഗാലറികളുടെ ആരവങ്ങളാൽ പുഷ്ടിപ്പെടുത്തിയ പോലെ ഇതിലും ആഹ്ലാദ ശബ്ദങ്ങൾ ഉൾച്ചേർക്കാൻ മറക്കരുത്‌.
പൂരമെന്നാൽ എണ്ണിയലൊടുങ്ങാത്ത മനുഷ്യരുടെ ആരവങ്ങൾ കൂടിയാണ്‌ എന്നറിയുക..
കൂടിയാൽ ഇരുനൂറ്റി ഇരുപത്തിയഞ്ച്‌ വർഷമായിട്ടുണ്ടാവും തൃശൂർ പൂരത്തിന്‌ വയസ്‌.
ഭൂമിയിൽ മനുഷ്യർക്ക്‌ എത്ര വയസായിട്ടുണ്ടാവുമെന്നാണ്‌?
പരശുരാമൻ നിർമ്മിച്ചു എന്ന് ഐതിഹ്യപ്പെടുന്ന വടക്കും നാഥൻ ക്ഷേത്രത്തിന്‌ വയസെത്രയായിട്ടുണ്ടാകും എന്നാണ്‌?
ശക്തൻ തമ്പുരാൻ അതിന്റെ അധിപനാകും മുൻപ്‌ ഏതൊക്കെ അധികാരങ്ങളിലൂടെ അത്‌ കടന്ന് പോയിട്ടുണ്ടാവും എന്നാണ്‌..?
മനുഷ്യർക്ക്‌ നിയന്ത്രണാവകാശമില്ലാത്ത പ്രകൃതി പ്രതിഭാസമായ ഒരു മഴയുണ്ടാക്കിയ പൂരമാണ്‌.
മറ്റൊരു സമാന പ്രതിഭാസമായ കൊറോണക്ക്‌ വേണ്ടി അതിനെ താത്ക്കാലികമായി നിർത്തി വെക്കുന്നതിൽ വലിയ തെറ്റൊന്നുമില്ല എന്ന ഒരു വാചകത്തോടെ ഞാൻ ഈ കുറിപ്പ്‌ അവസാനിപ്പിക്കുകയാണ്‌..
കാണികൾ ഇല്ലാത്ത പൂരത്തേക്കാൾ ഇല്ലാത്ത തൃശൂർ പൂരത്തെയായിരുന്നു എനിക്കിഷ്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക