Image

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

Published on 19 April, 2021
നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

"സാഗര ശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു.. സന്നദ്ധസേനയായ് മുന്നോട്ടടുക്കനാം... ''
ഈ കവിതയെഴുത്ത് അല്പമൊന്നു ബലപ്പെട്ടിരുന്നെങ്കിൽ ഒരു പക്ഷെ കവി കല്യാശേരി എന്ന നിലയിൽ മലയാള സാഹിത്യത്തിന് ഒരു മുതൽക്കൂട്ടായിരുന്നേനെ.
പക്ഷെ, കവിത പ്രസിദ്ധീകരിച്ച് ഒരു വർഷത്തിന് ശേഷം 1939 ൽ ഇരുപതാം വയസ്സിൽ കവി കമ്മ്യുണിസ്റ്റ് പാർട്ടി അംഗമായി. സമരപാതകൾ താണ്ടി കാലമേറെ പിന്നിട്ടപ്പോൾ
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദത്തിലിരുന്നതിന്റെ റെക്കോർഡ് ഏറമ്പാല കൃഷ്ണൻ നായനാർ സ്വന്തമാക്കി.  മൂന്നു തവണയായി ആകെ 4009 ദിവസം  മുഖ്യമന്ത്രിക്കസേരയിലിരുന്ന് കേരളത്തിൻ്റെ സ്വന്തം ഇ.കെ.നായനാരായി.
 മൂന്ന് തവണ അദ്ദേഹം പ്രതിപക്ഷ നേതാവും ആയിരുന്നു. കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രിയും ഇ.കെ.നയനാരാണ്.
നായനാർ സംസാരിക്കുമ്പോൾ കേരളം കാതു കൂർപ്പിക്കും. അത് നിയമസഭയിലായാലും പൊതു സ്ഥലത്തായാലും. പത്രവാർത്തകൾ പോലും നാട്ടുഭാഷയിലായതിൻ്റെ ക്രെഡിറ്റ് നായനാർക്കാണ്.അദ്ദേഹത്തിൻ്റെ പ്രസംഗം തനി മലബാർ നാട്ടുഭാഷയിലെഴുതിയാലേ ജനം വായിക്കൂ എന്ന അവസ്ഥവരെയായി.
പൊതുവേദിയില്‍ ഒരു കലക്ടറെ താനെന്നൊക്കെ വിളിക്കാന്‍ നായനാര്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക? ഉയര്‍ന്ന ഐ.എ.എസ്, ഐ.പി.എസുകാരെയൊക്കെ നായനാര്‍ അങ്ങനെ വിളിക്കും. അതില്‍ ആര്‍ക്കും പരാതിയില്ലായിരുന്നു. എല്ലാവരും 'മാണിസാര്‍' എന്ന് വിളിക്കുന്ന കെ.എം. മാണിയെ നിയമസഭക്കുള്ളില്‍പ്പോലും 'കുഞ്ഞുമാണി'യെന്നാണ് നായനാര്‍ വിളിക്കുക. എ.കെ. ആന്റണിയെ അന്തോണിയെന്നും.
ലോകസഭാ സ്പീക്കറായ സാംഗ്മയെ തങ്കമ്മയെന്നേ പറയൂ, പക്ഷെ കേൾക്കുന്ന ആർക്കും ഒരുലോസരവുമുണ്ടായിട്ടില്ല.
സ്വന്തം പാർട്ടിക്കാർക്കു നേരേയും ചിലപ്പോൾ നർമ്മത്തിൻ്റെ ഒളിയമ്പെയ്തുകളയും. ഇപ്പോൾ നേമം മണ്ഡലത്തിൽ മത്സരിക്കുന്ന വി.ശിവൻകുട്ടിക്ക് അങ്ങനെയൊരനുഭവം മുമ്പ് ഉണ്ടായിട്ടുണ്ട്.
ശിവൻകുട്ടി തിരുവനന്തപുരം മേയറായിരിക്കുന്ന കാലം -
നഗരത്തില്‍ പല പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. കൊതുകുശല്യത്തില്‍നിന്ന് നഗരവാസികളെ രക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തു. 'ഗുഡ്ബൈ മൊസ്‌കിറ്റോ' എന്ന പേരില്‍ നടപ്പാക്കിയ ഈ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് ആര്‍ഭാടപൂര്‍വ്വം നടക്കുകയാണ്. ഉദ്ഘാടകന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍. മുഖ്യമന്ത്രിയെ കൊണ്ടുതന്നെ പരിപാടി ഉദ്ഘാടനം ചെയ്യിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനായി മേയര്‍ വേദിയിലുണ്ട്. ഉദ്ഘാടനപ്രസംഗത്തിനിടെ നായനാര്‍ ശിവന്‍കുട്ടിയോട്: ''കൊതുകിന് ഇംഗ്ലീഷ് മനസ്സിലാവോടോ? 'ഗുഡ്ബൈ' എന്നുപറഞ്ഞാല്‍ കൊതുക് പോകുമോ.'' ഇതുകേട്ട് ജനം ആര്‍ത്തുചിരിച്ചു.
നേമം ബി ജെ പിയുടെ സിറ്റിംഗ് സീറ്റായിരിക്കുകയും, ശിവൻകുട്ടി മത്സരിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ പണ്ട് നായനാർ പറഞ്ഞതുപോലെ ഒരാശ്വാസ വാക്ക് ഒരു പക്ഷെ ശിവൻകുട്ടി ഇന്ന് ആഗ്രഹിക്കുന്നുണ്ടാവാം - ''എടോ സൂര്യനുദിക്കുമ്പോഴേ താമര വിടരൂ, വൈകുന്നേരമായാൽ വാടിക്കൊള്ളും"
ആർക്കെതിരേയും നായനാർ ഈ വിധം തുറന്നടിച്ചു പറയും. എന്നാൽ കേൾക്കുന്നവർ പോലും അതു രസിക്കും എന്നതാണ് നായനാരുടെ കമൻ്റിലെ നിഷ്ക്കളങ്കത .
കരുണാകരൻ്റെ മകൾ പത്മജയ്ക്ക്  പനി അല്പം കടുത്തപ്പോൾ നായനാർ കാണാൻ ചെന്നു.''നിൻ്റെ അച്ഛൻ നിനക്കു പനിയാണെന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. അയാൾ കള്ളമല്ലേ പറയൂ "
കരുണാകരൻ തൊട്ടടുത്തു നിൽക്കുമ്പോഴാണ് ഈ കമൻ്റ്. രണ്ടു കാര്യത്തിനേകരുണാകരൻ വായ തുറക്കൂ എന്ന് നായനാർ  പ്രസംഗവേദിയിൽ പറയുക പതിവാണ്. ഒന്ന് ഗുരുവായൂരപ്പനെ വിളിക്കാൻ, രണ്ടാമത്തേത് കളളം പറയാൻ.
ഉറപ്പാണ് എൽ ഡി എഫ് എന്ന മുദ്രാവാക്യം കേൾക്കുമ്പോൾ ഓർക്കേണ്ടത് ഇ.കെ.നായനാരെയാണ്.
1980 ജനുവരി 25ന്‌ ഇ കെ നായനാരുടെ നേതൃത്വത്തിലാണ്‌ ആദ്യമായി എൽഡിഎഫ്‌ മന്ത്രിസഭ അധികാരമേറ്റത്‌. പക്ഷെ,പ്രഥമ നായനാർ സർക്കാരിന്‌ 20 മാസവും 20 ദിവസവുമേ ആയുസ്സ്‌ ഉണ്ടായിരുന്നുള്ളു. ഇടയ്ക്കു വച്ച് ആൻറണി മുന്നണി വിട്ടതാണ് കാരണം.
കരുണാകരൻ്റെ കൃഷ്ണഭക്തിയെ തരം കിട്ടുമ്പോഴൊക്കെ ഒന്നു തോണ്ടാൻ മടിക്കാത്ത നായനാർ, ക്ലിഫ് ഹൗസിൽ താമസിക്കുന്ന കാലത്ത് കരുണാകരൻ സ്ഥാപിച്ച പൂജാമുറി അതേപോലെ നിലനിർത്തിയത് ഭാര്യ ശാരദ ടീച്ചർക്കു വേണ്ടിയാണ്. ഇതെക്കുറിച്ച് ശാരദ ടീച്ചർ പറയുന്നത് -
"ഞാനും സഖാവും തമ്മിൽ പതിനാറ് വയസ്സിന്റെ വ്യത്യാസമുണ്ട്. എന്റെ ശീലമനുസരിച്ച് ഭഗവദ് ഗീതയൊക്കെ വായിക്കുമായിരുന്നു. എല്ലാം മിണ്ടാതെ കേട്ടിരുന്ന് എന്റെ വായന കഴിഞ്ഞാൽ എന്താണ് വായിച്ചതെന്ന് ചോദിക്കും. അതങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് ഞാൻ എങ്ങും തൊടാതെ നിന്നുകൊടുത്താൽ മതി. തികഞ്ഞ അക്ഷരസ്ഫുടതയോടെ, അണുവിട തെറ്റാതെ ഗീതയങ്ങനെ സഖാവിന്റെ ശബ്ദത്തിലൂടെ ഒഴുകി വരും. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ അമ്മ പഠിപ്പിച്ചുകൊടുത്തതാണ്, അമ്മയുടെ കുഞ്ഞികൃഷ്ണനായിരുന്നല്ലോ. ഗീതയിലെ ശ്ളോകങ്ങളുടെ അർഥവും വർത്തമാനകാല പ്രസക്തിയും കൂടെ കമ്യൂണിസവും ചേർത്തുവച്ചിട്ടേ എന്നോടുള്ള വിശദീകരണം അവസാനിപ്പിക്കുകയുള്ളൂ. ഏറെയിഷ്ടം ജ്ഞാനപ്പാനയായിരുന്നു. പൂന്താനത്തെയായിരുന്നു ഇഷ്ടം. ലോകസഭയിൽ വരെ ജ്ഞാനപ്പാന ചൊല്ലിക്കളഞ്ഞിരുന്നല്ലോ "

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക