Image

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

Published on 19 April, 2021
ഫോമാ സംഘടിപ്പിച്ച  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു
യേശുവിന്റെ പുനരുത്ഥാന സ്മരണകളുണർത്തുന്ന  ഈസ്റ്ററും, സമൃദ്ധിയുടെയും  ഐശ്യര്യത്തിന്റെയും  പുതുവർഷ സ്വപ്നങ്ങളുമായെത്തിയ  വിഷുവും, റമദാനിന്റെ പുണ്യവും ഒരേ മനസ്സോടെ എതിരേറ്റുകൊണ്ട് ഫോമ സംഘടിപ്പിച്ച വെർച്വൽ  ആഘോഷങ്ങൾ  മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു.
 
കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ ഫോമാ സംഘടിപ്പിച്ച സർവ്വമത പ്രാർത്ഥനയ്ക്ക്  സമാനമായി ഈ പരിപാടിയും നാനാമതസ്ഥരായ  അംഗങ്ങൾക്കിടയിലെ മാനസിക  ഐക്യം ഊട്ടിയുറപ്പിച്ചു.
 
 
ഏപ്രിൽ 17 ശനിയാഴ്‌ച   നടന്ന ചടങ്ങിൽ  സീറോ മലങ്കര കത്തോലിക്കാ സഭയുടെ കർദ്ദിനാളും ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും കാതോലിക്കോസുമായ  മോറോൻ മാർ ബസേലിയോസ്‌ ക്ലീമിസ്,   ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ, മുസ്ലിം പണ്ഡിതനും പൊതുപ്രവർത്തകനുമായ   പാണക്കാട് സയ്യിദ് സാദിക്  അലി ശിഹാബ് തങ്ങൾ എന്നിവർ  ആശംസകൾ നേർന്നു.
 
അമേരിക്കൻ മലയാളികളെ ഒരു കുടയിലെ മണികൾപോലെ ചേർത്തുനിർത്തിക്കൊണ്ട് ഫോമാ എല്ലാ മതങ്ങളും ഒന്നായി കണ്ട് നടത്തുന്ന ആഘോഷത്തെ  മാർ ക്ലീമിസ് തിരുമേനി പ്രശംസിച്ചു. കേരളത്തിൽ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മതസൗഹൃദം പുനഃസ്ഥാപിക്കാൻ ഇത്തരം ഉദ്യമങ്ങൾ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നുള്ള ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കുമ്മനം രാജശേഖരൻ സംസാരിച്ചത്. ആളുകളെ ഒരുമിച്ച് ചേർക്കുന്നതിൽ ആഘോഷങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയുടെ ചരട് പൊട്ടാതെ സൂക്ഷിക്കുന്നതാണ് ഫോമാ പോലുള്ള സംഘടനകളുടെ ഉത്തരവാദിത്വമെന്നും ഓർമ്മപ്പെടുത്തി.
 
 
 ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം എന്നതാണ്  റമദാന്റെ പ്രത്യേകതയെന്നും ഏതു മതഗ്രന്ഥവും പഠിപ്പിക്കുന്നതുപോലെ നല്ല മനുഷ്യനാവുക, തെറ്റിൽ നിന്ന് വഴിമാറി നടക്കുക എന്നീ സന്ദേശങ്ങളാണ് പ്രവാചകൻ മുഹമ്മദ് നബി ഇതിലൂടെ  പകർന്നിരിക്കുന്നതെന്നും ഇസ്ലാമിക് സൊസൈറ്റിയുടെ ഫൗണ്ടിങ് പ്രസിഡന്റ് അൻസാർ കാസിം വിശദീകരിച്ചു.
 
ചടങ്ങിന്റെ അവസാന ഭാഗമായി പിന്നണി ഗായകരായ പ്രകാശ് ബാബു , അഷിത ബാബു, സിജി ആനന്ദ് , നന്ദിത, ആക്സ രഞ്ജി തുടങ്ങിയവർ അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.
 
പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ  നേതൃത്വം നൽകി 
Join WhatsApp News
Mallu 2021-04-20 16:53:29
Very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക