Image

ചേക്കേറുന്ന പക്ഷികൾ (രാജൻ കിണറ്റിങ്കര)

Published on 19 April, 2021
ചേക്കേറുന്ന പക്ഷികൾ (രാജൻ കിണറ്റിങ്കര)
ചേക്കേറുന്ന
കിളികളെ
ശ്രദ്ധിച്ചിട്ടുണ്ടോ?
അവ കലപില
കൂടിക്കൊണ്ടിരിക്കും

അത്
താവളമുറപ്പിക്കാനുള്ള
ബഹളമല്ല
ഇരിപ്പിടത്തിനു വേണ്ടിയുള്ള
കശപിശയുമല്ല..

ഒരു സന്ധ്യയുടെ
ഒത്തുചേരലിൻ്റെ
ആഹ്ളാദം
പങ്കിടുകയാണവ

പല വഴികളിലേക്ക്
പറന്നുപോയ
പകൽ യാത്രയുടെ
വിശേഷങ്ങൾ
അയവിറക്കുകയാണ്

നാളെയെന്നത്
വെറും മിഥ്യയാണെന്നുള്ള
നരജന്മങ്ങൾ ക്കറിയാത്ത
ജീവിത സത്യത്തിൻ്റെ
അർത്ഥം പകരുകയാണ്

ആകാശവും ഭൂമിയും
സുരക്ഷിതമല്ലാത്ത
അതിജീവനത്തിൻ്റെ
വീരഗാഥകൾ
പാടിപുകഴ്ത്തുകയാണ്

ഈ മരച്ചില്ലയിൽ
നാളെ ആരെല്ലാം
അവശേഷിക്കും
എന്നറിയാത്ത
അശാന്തിയുടെ
കണ്ണീരൊഴുക്കുകയാണ്

നാളെ വീണ്ടും
കണ്ടില്ലെങ്കിലെന്ന
ഹൃദയഭാരത്താൽ
പരസ്പരം
പുണരുകയാണ്..

അല്ലാതെ
പടർന്നു പന്തലിച്ച
മരത്തിൽ
ഒരു സീറ്റിന് വേണ്ടി
പരസ്പരം കൊത്തിക്കീറാൻ
അവ മനുഷ്യരല്ലല്ലോ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക