Image

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

Published on 19 April, 2021
ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി
ചില മാറ്റങ്ങൾ വരുത്തി ജോൺസൺ  & ജോൺസൺ കോവിഡ് വാക്സിൻ തിരിച്ചുകൊണ്ടുവരാൻ  ഫെഡറൽ ഹെൽത്ത് ഓഫീസർമാർ പച്ചക്കൊടി കാണിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി ഡോ. ആന്റോണി ഫൗച്ചി.

നിയന്ത്രണങ്ങളോ മുന്നറിയിപ്പോ നൽകി വാക്സിൻ ഉപയോഗിക്കാൻ അനുമതി ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന്  ഫൗച്ചി  പറഞ്ഞു. ഒരു മാറ്റവും കൂടാതെ അത് ഉപയോഗിക്കാൻ അനുമതി ലഭിക്കുമെന്ന് കരുതുന്നില്ല.

അമേരിക്കയിൽ ഏഴു മില്യൺ പേർക്ക് കുത്തി വച്ച വാക്സിൻ ആറു സ്ത്രീകളിൽ രക്തം കട്ട പിടിക്കാൻ ഇടയാക്കിയതിനെ തുടർന്നാണ് താൽക്കാലികമായി പിൻ വലിച്ചത്. 

മലയാളിയായ ഡോ. മത്തായി മാമ്മന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വാക്സിൻ വികസിപ്പിച്ചത്. 

 വെള്ളിയാഴ്ചയോടെ പൂർണ്ണമായ വിവരം ലഭ്യമാകും.

വാക്സിനേഷൻ എടുത്താലും മാസ്ക് ധരിക്കണം: ഫൗച്ചി  

വാക്സിനേഷൻ ലഭിച്ചവരും മാസ്ക് ധരിക്കുന്നത് തുടരണമെന്ന്  ഡോ. ആന്റോണി ഫൗച്ചി അഭിപ്രായപ്പെട്ടു. വാക്സിൻ സ്വീകരിച്ചവർക്ക്  കോവിഡ് മൂലം ഉണ്ടായേക്കാവുന്ന  അപകടസാധ്യത വളരെ കുറവാണ് എന്ന് സമ്മതിച്ചെങ്കിലും, വൈറസ് പടരുന്നത്  ഒഴിവാക്കാൻ മാസ്ക് കൂടിയേ തീരൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾക്ക്  ലക്ഷണങ്ങൾ പ്രകടമാകാതെ കോവിഡ് പിടിപ്പെടാമെന്നും അവരിലൂടെ രോഗവ്യാപന സാധ്യത ഉള്ളതുകൊണ്ട് അത് തടുക്കാൻ മാസ്ക് ധരിക്കണമെന്നും ഫൗച്ചി വിശദീകരിച്ചു.
വകഭേദങ്ങൾക്കെതിരെ  കൂടുതൽ പ്രതിരോധം തീർക്കാനും മാസ്ക് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിയന്ത്രണങ്ങൾ നീക്കുന്ന ഉത്സാഹം റിപ്പബ്ലിക്കന്മാർക്ക് വാക്സിൻ സ്വീകരിക്കുന്നതിൽ ഇല്ലെന്ന് ഫൗച്ചി കുറ്റപ്പെടുത്തി 
 
 കോവിഡ്  നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യവുമായി മുൻപന്തിയിൽ നിൽക്കുന്ന റിപ്പബ്ലിക്കന്മാർ,  വാക്സിനേഷന്റെ കാര്യത്തിൽ ആ ഉത്സാഹം കാണിക്കുന്നില്ലെന്ന് ഡോ. അന്റോണി  ഫൗച്ചി കുറ്റപ്പെടുത്തി. 
ഒരുവശത്ത്  നിയന്ത്രണങ്ങളിൽ നിന്ന് മുക്തരാകാൻ ആഗ്രഹിക്കുകയും , മറുവശത്ത് വാക്സിനേഷൻ എടുക്കാൻ തയ്യാറാകാതിരിക്കുന്നതും  എന്തൊരു വിരോധാഭാസമാണെന്ന് ഫൗച്ചി ചോദിക്കുന്നു.

ഏറ്റവും പുതിയ പോൾ ഫലം സൂചിപ്പിക്കുന്നത് 43 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർക്ക് ഇപ്പോഴും വാക്സിൻ നേടാൻ താൽപ്പര്യമില്ലെന്നാണ്.
നിലവിലെ സാഹചര്യത്തിൽ ഈ  അനുപാതം  നിരാശാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജന ആരോഗ്യത്തോട് റിപ്പബ്ലിക്കന്മാർ കൈക്കൊള്ളുന്ന നിലപാടിനെ  ഫൗച്ചി പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക