Image

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കൽ)

Published on 19 April, 2021
മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കൽ)

 വീടിൻറെ പുറത്തു മേൽക്കൂരയുടെ ഒരുവശത്തായി ഞാൻ ഏണി ചാരിവച്ചു. മേൽക്കൂരയിലേക്കു കയറുകയാണ് ലക്ഷ്യം. ഏതാണ്ട് 20 അടിയിൽ താഴെ മാത്രമേ ഉയരമുള്ളൂ. കഴിഞ്ഞ ഒരാഴ്ചയിൽ ഇത് അഞ്ചു തവണ കയറിക്കഴിഞ്ഞു. ഞാൻ ഏണിയിൽ കൂടി കയറുന്നതു നോക്കി അല്പം അകലെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അവളുമായി കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഒരു യുദ്ധത്തിലായിരുന്നു. എന്റെ അത്രയും ആരോഗ്യമോ ബുദ്ധിയോ ശക്തിയോ പണമോ ഒന്നും അവൾക്കില്ലായിരുന്നെങ്കിലും വിട്ടുകൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു. ഒടുവിൽ എന്നെ അവൾ തോൽപിച്ചുകളഞ്ഞു. ഇന്ന് ഞാൻ അവൾക്കു വേണ്ടിയാണ് ഈ ഏണിയിൽ കൂടി കയറുന്നത്. മുകളിലെത്തിയ ഞാൻ തിരിഞ്ഞു നോക്കി. അവൾ എന്നെത്തന്നെ നോക്കിയിരിക്കുന്നു. ഞാൻ ചിരിച്ചു. അവൾ ചിരിച്ചില്ലെന്നു മാത്രമല്ല അവളുടെ മുഖഭാവം ഗൗരവമായിത്തന്നെ ഇരുന്നു. ഞാൻ എന്താണു ചെയ്യാൻ പോകുന്നതെന്നു സൂക്ഷ്മം നോക്കിയിരിക്കുകയാണ്.
"എന്താണു പ്രദീപ്, പിന്നെയും പ്രശ്നമായോ?" അയൽക്കാരൻ ഇറ്റാലിയൻ അങ്ങോട്ടു കയറി വന്നുകൊണ്ടു ചോദിച്ചു.
"ഏയ് കുഴപ്പമില്ല. ഞങ്ങൾ രമ്യതയിലായി."
“അതു നന്നായി. ഞാൻ പറയട്ടെ. ഇവറ്റകൾ വരുന്നതു ഭാഗ്യത്തിന്റെ ലക്ഷണമായിട്ടാണ് പലരും വിശ്വസിക്കുന്നത്."
ഞാൻ നെറ്റിചുളിച്ച് അയാളെ നോക്കി.
"ഇത് റോബിൻ ആണ്. യഥാർത്ഥത്തിൽ ഇവർ ബ്രിട്ടീഷ്കാരാണ്. എങ്ങനെ ഇവിടെ വന്നു  എന്നറിയില്ല. ഏതായാലും അമേരിക്കയിലെ ഗാർഡനുകളിൽ ഇവറ്റകളെ ഇപ്പോൾ കുറെ കാണാറുണ്ട്."
ഞാൻ തിരിഞ്ഞു നോക്കി. റോബിൻ എന്നു പേരുള്ള അവൾ മരക്കൊമ്പിൽനിന്നും താണു പറന്നു വന്ന് തറയിൽ ഇരുന്നു.
ഞങ്ങൾ തമ്മിലുള്ള പരിചയം തുടങ്ങിയിട്ട് ഒരാഴ്ച്ചകഴിഞ്ഞതേയുള്ളൂ. വീടിന്റെ പിൻഭാഗത്തുകൂടി വെളിയിലേക്കിറങ്ങുന്ന വാതിലിനു മുകളിലായി മേൽക്കൂരയുടെ ഒരുവശത്തു വലിയ ഒരു ലൈറ്റുണ്ട്. അതിന്റെ ഫിക്സ്ചറിനു മുകളിലായി ഒരു കൂടു കൂട്ടുവാൻ ഈ റോബിൻ ഒരു ശ്രമം നടത്തി. പക്ഷികൾ കൂടുവച്ചാൽ പിന്നെ അതിൽ മുട്ടയിടും. പിന്നെ കുഞ്ഞുങ്ങളെ വളർത്തും. എല്ലാവരുംകൂടി അവിടമെല്ലാം വൃത്തികേടാക്കും. അതു നമുക്കു പണിയാകുമെന്നു മനസ്സിലാക്കിയ ഞാൻ അന്ന് തന്നെ അതെല്ലാം അവിടെനിന്നും മാറ്റി. അടുത്തദിവസം വൈകിട്ടു നോക്കിയ ഞാൻ അത്ഭുലതപ്പെട്ടു. തലേദിവസം ഞാൻ എടുത്തുകളഞ്ഞതിന്റെ ഇരട്ടി പുല്ലും ചെറിയ കമ്പുകളും വച്ചു കൂടുപണി പുരോഗമിക്കുന്നു.എനിക്ക് ദേഷ്യം വന്നു. ഉടനെത്തന്നെ ഏണി എടുത്തുവച്ചു മുകളിൽ കയറി അതെല്ലാം എടുത്തുകളഞ്ഞു. ഇനിയും പക്ഷി ആ വഴി വരില്ലെന്നുറപ്പിച്ച ഞാൻ പിറ്റേദിവസം ശ്രദ്ധിച്ചതേയില്ല. എന്നാൽ അതിന്റെ അടുത്തദിവസം നോക്കിയാ ഞാൻ ഞെട്ടിപ്പോയി. കൂടുനിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. ചെറിയ കമ്പുകളും പുല്ലും വച്ചു നെയ്തെടുത്തിട്ട് അതിനു മുകളിൽ ചെളിപുരട്ടി വാർത്തെടുത്തിരിക്കുന്നു! ഞാൻ ഒട്ടും താമസിച്ചില്ല. ഉടനെ മുകളിൽ കയറി അതെല്ലാം വലിച്ചെടുത്തു താഴെയിട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അടുത്ത മരക്കൊമ്പിലിരുന്ന് അവൾ എന്നെ സൂക്ഷിച്ചു നോക്കുന്നു. ചുണ്ടുമുതൽ താഴോട്ടു ചുവന്ന നിറം. മരക്കൊമ്പിൽ ഒരു മനോഹരമായ പുഷ്പം പോലെ തോന്നി. ഞാൻ അവളെ അൽപനേരം നോക്കിനിന്നപ്പോൾ അത് ചുണ്ടനക്കി ഉച്ചത്തിൽ ചിലച്ചു. അതിന്റെ കൂട് എടുത്തു കളഞ്ഞതിന്റെ പ്രതിഷേധമായിരിക്കാം.
"എന്റെ വീടിന്റെ കോണിൽ അതിന്റെ കൂടു വേണ്ട. എന്തുതന്നെആയാലും അതനുവദിക്കുന്ന പ്രശ്നമില്ല." സോഫയിലിരുന്ന് ഗ്ലാസ്സിലേക്ക് ഒരു ഡ്രിങ്ക് പകർന്നുകൊണ്ടു മനസ്സിൽ പറഞ്ഞു.
അല്പം കഴിഞ്ഞപ്പോൾഎന്തുകൊണ്ടോമനസ്സ് പുറകോട്ടു പാഞ്ഞു.
ഏതാണ്ട് നാലു പതിറ്റാണ്ടുകൾ മുൻപ് എനിക്ക് അഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്.അന്ന് എന്റെ ഇളയ സഹോദരനെ അമ്മ ഉദരത്തിൽ വഹിക്കുകയാണ്. അച്ഛന്റെ ആകസ്മികമായ വേർപാട് അമ്മയെ തളർത്തിക്കളഞ്ഞു. താമസിക്കുന്ന ഒരു ചെറിയ ഓലപ്പുരക്ക് ചുറ്റുമായി ആകെ മൂന്നു സെൻറ്‌ സ്ഥലമാണ് സ്വന്തമായി ഉണ്ടായിരുന്നത്. അതിനു പുറകിലായി പണക്കാരനായ വക്കീൽ സാറാണ് താമസിച്ചിരുന്നത്. അയാളുടെ രണ്ടുനില വീടിനു മുൻപിലായി ഞങ്ങളുടെ വീടിരിക്കുന്നത് അയാൾക്ക്‌ നാണക്കേടാണത്രെ.അത് വിലയ്ക്ക് നൽകാൻ അയാൾ അമ്മയെ വളരെ നിർബന്ധിച്ചു. 'അമ്മ വഴങ്ങിയില്ല. പിന്നീട് ഭീഷണിയായി. രാത്രിയിൽ അയാൾ ഞങ്ങളുടെ വീട് കത്തിച്ചേക്കുമെന്നറിഞ്ഞു രാത്രി മുഴുവൻ ഉറങ്ങാതെ അമ്മ മകന് കാവലിരുന്നു.
"എനിക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. ഇത് എന്റെ അച്ഛൻ എനിക്ക് തന്നതാണ്. എന്ത് വന്നാലും ഇതു ഞാൻ വിട്ടുകൊടുക്കില്ല."
മഴയത്തു വീട് ചോർന്നൊലിക്കാൻ തുടങ്ങിയപ്പോൾ എവിടെനിന്നോ ഓല കൊണ്ടുവന്ന് വീടിനുമുകളിൽ തിരുകിവച്ചു മകന് നനയാതെ സുരക്ഷയൊരുക്കി. ഇളയവനെയും അമ്മ ആ വീട്ടിലാണ് പ്രസവിച്ചു വളർത്തിയത്.
ഇന്ന് ആ ചുവന്ന പക്ഷിയും ഒടുവിൽ പറഞ്ഞത്അതായിരിക്കില്ലേ?അവർക്കും ഇവിടെ ജീവിക്കാൻ അവകാശമില്ലേ?
നിശ്ചയദാർഢ്യമുള്ള മാതൃത്വത്തെ ആർക്കും വെല്ലുവിളിച്ചു തോൽപ്പിക്കാനാവില്ല. കവിൾ നനഞ്ഞപ്പോഴാണ് കണ്ണു നിറഞ്ഞെന്നു മനസ്സിലായത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഗ്ലാസിലെ ഡ്രിങ്ക് അവിടെത്തന്നെയിരുന്നു.
റോബിനുമായുള്ള യുദ്ധത്തിൽ ഞാൻ ഏകപക്ഷീയമായികീഴടങ്ങുകയായിരുന്നു. അങ്ങനെയാണ് അടുത്ത ദിവസം വീണ്ടും ഈ ഏണിയിൽ കയറിയത്.
ആ ലൈറ്റ് ഫിക്സ്ചറിനു മുകളിൽ ഞാൻ അവൾക്കുവേണ്ടി ഒരുകൂടുണ്ടാക്കി. ഇതെല്ലം നോക്കിയാണ് അവൾ മരക്കൊമ്പിൽ ഇരുന്നത്. ഞാൻ കൂടിന്റെ പണി തുടർന്നു. നൂൽകമ്പിവളച്ചു കൂടിന്റെ ആകൃതിയിലാക്കിയിട്ട് അതിൽ പുല്ലു നിരത്തി ഭംഗിയാക്കി വച്ചു. അല്പം കഴിഞ്ഞിട്ട് ആ ചുവന്ന പുഷ്പം താഴെ ഇറങ്ങി അൽപനേരം തറയിൽ ഇരുന്നിട്ട് എന്തൊക്കെയോ ചിലച്ചുകൊണ്ട് പറന്നുപോയി.
അടുത്ത ദിവസം ഞാൻ നോക്കി. അവൾ വന്നില്ല. രണ്ടുദിവസം കഴിഞ്ഞു. കൂട്ടിൽ മുട്ട ഉണ്ടാകുമോ? വീണ്ടും ഏണി വച്ചു മുകളിൽ കയറി നോക്കി. ഒന്നുമില്ല! പല ദിവസങ്ങൾ കടന്നു പോയെങ്കിലും ആ മരക്കൊമ്പിൽ പിന്നെ ചുവന്ന പൂവ് വിരിഞ്ഞില്ല. ഞാൻ അടുത്തുള്ള മരങ്ങളിലൊക്കെ നോക്കി. എങ്ങും കൂടു കണ്ടില്ല. അമ്മയും കുഞ്ഞുങ്ങളും കൂടി പാടുന്ന മധുരഗാനം കേൾക്കാൻ ചെവി കൂർപ്പിച്ചെങ്കിലും കേൾക്കാനായില്ല. പിന്നെ റോബിനെ കണ്ടിട്ടേയില്ല. അപ്പോഴാണ് അയൽക്കാരൻ പറഞ്ഞത്, "നിങ്ങൾ അതിനെ പിടിക്കാനുള്ള കൂടാണ് വച്ചിരിക്കുന്നതെന്നു കരുതിയായിരിക്കും അത് വരാത്തത്."
ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട. ഞാൻ പണിതുവച്ച കൂടു ഞാൻ തന്നെ എടുത്തു മാറ്റി.
എന്നും ഞാൻ നോക്കിയിരിക്കും. ഒരു നാൾ അവൾവരുമോ?ആ മരക്കൊമ്പിൽ ചുവന്ന പൂവ് ഇനിയും വിരിയുമോ?.

*  *  *  *  *

Join WhatsApp News
Sudhir Panikkaveetil 2021-04-21 01:10:34
പ്രകൃതിയുമായി ഇണങ്ങി കഴിയേണ്ട മനുഷ്യൻ പ്രകൃതിയെ അവൻെറ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ചൂഷണം ചെയ്യുന്നു. ഈ ഭൂമി സകല ചരാചരങ്ങൽക്കും ആശ്രയമാണ്. ഇത്തിരി ബുദ്ധിയുണ്ടെന്നു കരുതി മനുഷ്യർ പ്രകൃതിയിൽ അവന്റെ ആധിപത്യം സ്ഥാപിക്കുന്നു. കിടപ്പാടം നഷപ്പെട്ട കുരുവിക്ക് മനുഷ്യനെ വിശ്വാസമില്ല അവന്റെ കെണിയാകുമെന്നു കരുതി അത് പറന്നു പോയി. വായനക്കാരെ ചിന്തിപ്പിക്കുന്ന കഥ. ഓസ്കാർ വൈൽഡിന്റെ കഥകൾ ഓർത്തുപോയി. നല്ല ആഖ്യാനവും. അഭിനന്ദനം ശ്രീ പാറക്കൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക