Image

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന് 94ാം പിറന്നാള്‍

Published on 18 April, 2021
 പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന് 94ാം പിറന്നാള്‍

വത്തിക്കാന്‍സിറ്റി:സഭാദര്‍ശനങ്ങളും പാണ്ഡ്യത്യവും ലാളിത്യമാക്കി സ്ഥാനത്യാഗത്തിലൂടെ ലോകജനതയുടെ ഹൃദയത്തില്‍ ഇടം നേടിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിനാലാം ജന്മദിനം .1927 ലെ ഈസ്‌ററര്‍ രാത്രിയിലാണ് (ഏപ്രില്‍ 16) ജര്‍മ്മനിയിലെ ബവേറിയന്‍ സംസ്ഥാനമായ മാര്‍ക്ടല് അം ഇന്നിലാണ് അദ്ദേഹം ജനിച്ചത്.

ജോസഫ് അലോയിസിയൂസ് റാറ്റ്‌സിങ്ങര്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ല്‍ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്‌സിങ്ങര്‍ ആയി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജര്‍മ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ നിയമിച്ചു. പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ മ്യൂണിക് ഫ്രെയ്സിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം,വത്തിക്കാനിലെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍ അധ്യക്ഷന്‍, അന്തര്‍ദേശീയ ദൈവ ശാസ്ത്രകമ്മീഷന്‍ അദ്ധ്യക്ഷന്‍, വിശ്വാസതിരുസംഘത്തിന്റെ തലവന്‍, തുടങ്ങിയ ശ്രദ്ധേയമായ പദവികള്‍ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകള്‍ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് കര്‍ദ്ദിനാള്‍സംഘത്തിന്റെ ഡീനായും അദ്ദേഹം മൂന്നു വര്‍ഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു.

2005 ഏപ്രില്‍ 19 ന് കത്തോലിക്കാസഭയിലെ 265ാം മാര്‍പാപ്പയായി, എഴുപത്തിയെട്ടാം വയസ്സില്‍ ഉയര്‍ത്തപ്പെട്ട കാര്‍ഡിനല്‍ റാറ്റ്‌സിങ്ങര്‍, ബനഡിക്ട് പതിനാറാമന്‍ എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിന്റെ അര്‍ത്ഥം 'അനുഗ്രഹിക്കപ്പെട്ടവന്‍' എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്‌നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാര്‍സിയയിലെ വിശുദ്ധ ബനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. 2013 ഫെബ്രുവരി 28 ന് സ്ഥാന ത്യാഗത്തിലൂടെ പോപ്പ് എമെറിറ്റസ് എന്ന പദവിയിലേക്ക് കടക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക