Image

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

Published on 18 April, 2021
എന്റെ ശ്യാമവർണ്ണനോട്  (കവിത: സുമിയ ശ്രീലകം)
കൃഷ്‌ണാ,
എന്തിനെൻ കരങ്ങളില-
നുരാഗ മൈലാഞ്ചി ചാർത്തി നീ
എന്തിനെൻ വാർമുടിത്തുമ്പിൽ
പ്രേമമന്ദാര മലർ ചൂടിച്ചു നീ
എന്തിനാ പുല്ലാങ്കുഴലിൽ
മധുരമഷ്ടപദീലയം നിറച്ചു നീ.

യദുനന്ദനാ,
നിൻ നീലമിഴികളിലെ പ്രണയച്ചുഴികളിലിനി
ഞാനെന്നെയുപേക്ഷിക്കട്ടെ.
നിന്നധരത്തണുപ്പിലിനി
ഞാനെന്റെ പെണ്മയെ തിരയട്ടെ.
നിൻ ചുരുൾമുടി ചൂടും മയിൽപ്പീലിയിൽ
ഞാനെന്നെ മറന്നു വയ്ക്കട്ടെ.

പ്രിയനേ,
പറയേണ്ടതില്ല
നീ പരമാത്മാവെന്ന്
നീയരൂപിയെന്ന്, മോക്ഷതീരമെന്ന്
പറയൂ
നീ എന്നിൽത്തന്നെയെന്ന്, നാമൊന്നെന്ന്.

ശ്യാമവർണ്ണാ
എന്റെ ചാരെ നീയൊരു
മയിൽപ്പീലി പോൽ - ചേർന്നിരിക്കൂ,
പ്രണയപാർവണമായെന്നിൽ നറുനിലാവ് പെയ്യൂ
എനിക്കായ് മാത്രമാ പുല്ലാങ്കുഴൽ വിളിയ്ക്കൂ
മറ്റൊരു ശ്രീവത്സമായെന്നെയാ-
മാറിൽ ചേർത്തണയ്ക്കൂ.


എന്റെ ശ്യാമവർണ്ണനോട്  (കവിത: സുമിയ ശ്രീലകം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക