Image

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

Published on 17 April, 2021
ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

"നമ്മുടെ പൊരുത്തുണ്ണി ഏട്ടന്റെ രണ്ടാമത്തെ മോനില്ലേ, ആ ചന്ദനത്തിരി പോലത്തെ ചെക്കൻ , അവന് ബോംബെല് ജോലി കിട്ടീത്രേ"

" ആണോ , നമ്മടെ മാങ്ങടോടത്തെ മൂത്ത കണ്ണിമാങ്ങയും ബോംബെല് അല്ലേ ?"

" ഏയ്‌, ആ ചെക്കൻ ഭോപ്പാലിൽ ആണ്. നമ്മുടെ എടമാന്തിയുടെ മോൾ ആണ് ബോംബെല്"

കുറച്ചു വർഷങ്ങൾക്ക് മുൻപ്, നമ്മുടെ നാട്ടിൻപുറത്തെ ഒരു ചായക്കടയിലോ, വയൽ വരമ്പിലോ ഒക്കെ നമ്മൾ  കേട്ടിരിക്കാവുന്ന ഒരു വർത്തമാന തുണ്ട് ആണിത്.

അതേ നിങ്ങൾ ഊഹിച്ചത് ശരിയാണ്. ഇതിലെ പേരുകൾ ഒക്കെ ഇരട്ട പേരുകൾ ആണ്. നാട്ടിൻപുറങ്ങളിൽ ഈ ഇരട്ട പേരുകൾ പ്രചുര പ്രചാരത്തിൽ ഉണ്ടായിരുന്നു. ഒരാളുടെ തൊഴിലോ, സ്വഭാവവമോ  ആയി ബന്ധപ്പെട്ട് ആണ് ചിലപ്പോൾ ഈ പേരുകൾ പിറവി കൊണ്ടതെങ്കിൽ  ബോഡി ഷെയിമിങ്ങിനോളം ക്രൂരമായും ഇത്തരം പേരുകൾ വിളിക്കപ്പെട്ടിരുന്നു.

ഇത്തരം പേരുകളുടെ സ്രഷ്ട്ടാക്കൾ ആരാണ് എന്ന് ഒരിക്കലും പരസ്യമായില്ല, പക്ഷെ ഒരിക്കലും ഉറക്കെയും, ഉറപ്പോടെയും വിളിക്കാൻ സാധിക്കാത്തത് ആണെങ്കിലും, ഒരാളുടെ യഥാർത്ഥ പേരിനെക്കാൾ അധികം നാട് ഒരാളെ ഈ പേരിൽ അറിഞ്ഞു. സ്വന്തം പേര് പറഞ്ഞാൽ അറിയാത്തവർ , ഈ ഇരട്ട പേര് കേട്ടാൽ ഉടനെ, ആളെ തിരിച്ചറിഞ്ഞു തലയാട്ടി.

ഇത്തരം പേരിടലുകൾക്ക് പിന്നിലുള്ള  മനശാസ്ത്രം എന്തായാലും , ഇത്തരം പേരുകൾ നിർമ്മിക്കുന്നതിൽ അസൂയാർഹമായ സർഗാത്മകതയുണ്ടായിരുന്നു. മാങ്ങാ വ്യാപാരം ചെയ്യുന്ന ആളെ 'മാങ്ങ' എന്ന് ഇരട്ട പേര് വിളിക്കുന്നത് സ്വാഭാവികം ആണ്, പക്ഷെ അയാളുടെ മകനെ കണ്ണിമാങ്ങ എന്ന് വിളിക്കുന്നതിനെ എന്ത് പറയും ?

"മനുഷ്യൻ" എന്ന പേരിൽ നാട് മുഴുവൻ അറിഞ്ഞിരുന്ന ഒരാളുണ്ട്. ഒരു ഇരട്ടപേര് ആയി ഒളിച്ചല്ല, എല്ലാവരും  അയാളെ ആ പേര് തന്നെ മുഖത്ത് നോക്കി വിളിച്ചു. പക്ഷെ അയാളുടെ സ്വന്തം പേര് എല്ലാവരും മറന്നു. "ചത്ത മണിയേട്ടൻ" എന്ന് ജീവിച്ചിരിക്കുന്ന ഒരാളെ അനായാസേന വിളിച്ചു.

സ്‌കൂളുകൾ ആയിരുന്നു പിന്നെ ഇരട്ട പേരുകളുടെ സ്വർഗം. കുട്ടികൾ അധ്യാപകർക്ക് പേരിടുകയും, അത് തലമുറകൾ കൈമാറി, സജീവമായി നില നിൽക്കുകയും ചെയ്‌തു.

ഉയരം കുറഞ്ഞ, അത്യാവശ്യം ചൂരൽ പ്രയോഗം നടത്തുന്ന കണക്ക് ടീച്ചറെ "ചൂന്യൻ മുളക്" എന്ന് വിളിച്ച വൈഭവം , "Don't talk" എന്ന് സദാ പറയുന്ന സാറിനെ, "ഡോണ്ടോക്ക്" മാഷാക്കിയ വിരുത്. "വൈശാലി" എന്നുള്ളത് ഒരു ടീച്ചറുടെ , യഥാർത്ഥ പേര് ആണെന്ന്  തെറ്റിദ്ധാരണ ഞാൻ ഏറെക്കാലം കൊണ്ട് നടന്നു. ഒരിക്കൽ ടീച്ചറെ അങ്ങനെ വിളിക്കാൻ തുനിഞ്ഞതിൽ നിന്ന് സമയോചിതമായി പിൻതിരിപ്പിച്ചത് സുഹൃത്തുക്കൾ ആണ്.

ആളുകൾ പരസ്പരം ധാരാളം കാണുകയും, ഇടപെടുകയും ചെയ്ത ഒരു കാലഘട്ടത്തിന്റെ തുറസുകളിൽ ആണ് ഈ പേരുകൾ ഉരുവായത്.

അതിന് പ്രേരകമായത്  സ്നേഹമോ, വൈരാഗ്യമോ, കുസൃതിയോ എന്തുമാകട്ടെ, അത് നമ്മൾ അങ്ങോട്ടും, ഇങ്ങോട്ടും അറിയാം എന്ന വിളിയൊച്ചയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക