Image

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 17 April, 2021
സെന്‍പ്രണയം  (കവിത: വേണുനമ്പ്യാര്‍)
ഒന്ന്
 
ആയിരം ജലചന്ദ്രന്മാര്‍
ഏകാകിയായ ഒരു  പൗര്‍ണ്ണമിയെ  
അന്ധമായി സ്‌നേഹിച്ചു

രണ്ട്

ഒറ്റക്കാലില്‍ ധ്യാനം
നിര്‍വ്വാണമൂര്‍ത്തി മനസ്സില്‍      
മിന്നിപ്പായും പോത്രാന്‍കണ്ണിയെ  കണ്ടപ്പോള്‍
കൊയ്ത പുഞ്ചവയലിലെ വെള്ളം കേറി
വായില്‍


മൂന്ന്

പുഴയ്ക്ക് കുറുകെ റയില്‍പ്പാലം
പാലത്തിലൂടെ   തീവണ്ടി
മന്ദപ്രവാഹത്തിന്റെയും ശീഘ്രചലനത്തിന്റേയും    
ഇടയില്‍ നിശ്ചലതയുടെ പ്രകമ്പനങ്ങള്‍  
 
നാല്

നേരം സന്ധ്യയായി  
നീ ബധിരയാണോ
നവജാതനക്ഷത്രങ്ങളുടെ സീല്‍ക്കാരം
എനിക്ക് കേള്‍ക്കാം

അഞ്ച്

മുങ്ങാതിരിക്കില്ല  മറവിയുടെ കടലില്‍
ഈ നിമിഷത്തിന്റെ കടലാസുതോണി
തേങ്ങാതിരിക്കില്ല  പവിഴപ്പുറ്റുകള്‍ക്കിടയില്‍  
മുങ്ങിമരിച്ച തോണിക്കാരന്റെ ഒറ്റക്കൈപ്പങ്കായം  
 
ആറ്
 
എതിരെ  കറുത്ത മുഖമൂടിയുമായി നീന്തണോ  
ഒഴുക്കിനൊപ്പം  മുഖം മറക്കാതെ നീങ്ങുമ്പോള്‍
ഹൃദയത്തിലേക്ക് സ്രോതസ്സ് ഒഴുകിയെത്തില്ലെ  

ഏഴ്
 
വയലില്‍ വിള പറിക്കുകയായിരുന്ന   മനുഷ്യനോട്
മരണവീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോള്‍  
പറിച്ചെടുത്ത  ഒരു പടവലങ്ങ ഇടത്തോട്ട് ചൂണ്ടിക്കൊണ്ട്  
അയാള്‍ വഴി കാണിച്ചു തന്നു.

എട്ട്

കൊന്നയും ബോഗണ്‍വില്ലയും
തമ്മില്‍ മിശ്രപ്രണയവിവാഹം
മേടക്കാറ്റ് ആശംസകള്‍ നേര്‍ന്നു
വരണ്ട മണ്ണിനടിയില്‍
വേരുകളുടെ മധുവിധു      

ഒന്‍പത്

മനസ്സൊരു നങ്കൂരം
ശരീരം മറ്റൊരു നങ്കൂരം
നങ്കൂരങ്ങള്‍ ഉപേക്ഷിച്ചു
ആഴത്തിലേക്ക് പ്രണയപരവശരായ് പ്രവേശിക്കാം
ആഴത്തിലേക്ക് പ്രവേശിക്കുക എന്നതിന്റെ അര്‍ത്ഥം
ഭ്രാന്തിന്റെ മുറ പാലിക്കാത്ത വിന്യാസങ്ങളുമായി
സമയസഞ്ചാരങ്ങള്‍ക്കു അതീതമായി
ഉയരത്തിലേക്ക് പറക്കുക എന്നതാണ്.
ആനന്ദമൂര്‍ച്ഛയുടെ ഗിരിനിരകള്‍ ഒരിക്കലും  അവസാനിക്കുന്നില്ല
ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്ന് !

സെന്‍പ്രണയം  (കവിത: വേണുനമ്പ്യാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക