Image

25 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാ‌ക്‌സിന്‍ നല്‍കണം; സോണിയ ഗാന്ധി

Published on 17 April, 2021
25 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാ‌ക്‌സിന്‍ നല്‍കണം; സോണിയ ഗാന്ധി
ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ 25 വയസിന് മുകളിലുളള എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കവെ ആയിരുന്നു സോണിയ ഗാന്ധിയുടെ ആവശ്യം.

കൊവിഡ് രോഗമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും അവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാനാകാത്തത് ദു:ഖകരമാണ്. വാക്‌സിന്‍ വിതരണത്തിലും പക്ഷപാതിത്വം കാണിക്കുകയാണ്. ഞങ്ങളും നിങ്ങളും എന്ന മനോഭാവം തിരുത്തണം. മഹാമാരിക്കെതിരായ യുദ്ധം, രാഷ്ട്രീയത്തിനപ്പുറം ദേശീയമായ വെല്ലുവിളിയായി കാണണമെന്നും സോണിയ ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ നടപടികള്‍ കൈക്കൊളേണ്ടതുണ്ട്. വാക്‌സിനുകളുടെയും മരുന്നുകളുടെയും ദൗര്‍ലഭ്യം, ആശുപത്രിയിലെ കിടക്കകളുടെ കുറവ്, ഓക്‌സിജന്റെ ദൗര്‍ലഭ്യം തുടങ്ങിയവയെപ്പറ്റിയുളള റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. പല സംസ്ഥാനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നാണ് സോണിയ ഗാന്ധിയുടെ ആക്ഷേപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക