-->

America

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

Published

on

ആ ദൃശ്യങ്ങൾ മഹാഗൗരിക്കു വല്ലാത്ത മാനസിക ക്ഷോഭം ഉണ്ടാക്കി. 
'അബോയി' 
ഒരു മാസമായിട്ട്, തരംഗം TV യുടെ ന്യൂസ് - ഇൻ -ചാർജ്ജാണ്.  കൊച്ചിയിൽ  
ജനിച്ചു വളർന്ന ബംഗാളി; കമ്മ്യൂണിസത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ,  തീപ്പൊരിയായി ഉളളിൽ  കൊണ്ടുനടക്കുന്ന , തന്റെ മീഡിയാ സ്കൂളിൽനിന്നും ഒന്നാം റാങ്കിൽ പാസ്സായ, പുതു തലമുറയുടെ വാഗ്ദാനം.നെറികേടിന്റെ നേരില്ലായ്മയുടെ, പത്രധർമ്മം; അതിൽനിന്നും ഈ സമൂഹത്തിനു വ്യത്യസ്തമായൊരു 
കാഴ്ചപ്പാടു സമ്മാനിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവൻ. സ്ഥാപിത താല്പര്യങ്ങൾക്കു വേണ്ടിയുള്ള വളച്ചൊടിക്കലും വാർത്താ നിർമ്മിതിയുമാണ് എന്നും മൂലധന സാമ്രാജ്യത്വ ശക്തികളുടെ മുഖ്യ ആയുധം.  ഇത് നടപ്പിലാക്കുന്നതാകട്ടെ കൂടുതലായും സംഭവങ്ങളുടെ തെറ്റായ അവതരണത്തിലൂടെയല്ല. മറിച്ച് റിപ്പോർട്ടിങ്ങിന് ശേഷം വരുന്ന അവലോകനങ്ങളിലൂടേയും നിരീക്ഷണങ്ങളിലൂടേയുമാണ്.  വാർത്ത തീർത്തും വ്യത്യസ്തമായ രൂപത്തിലും, ഭാവത്തിലും വായനക്കാരുടെ മനസ്സിൽ അവതരിപ്പിച്ചു കൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. അതില്ലാതായെങ്കിലേ സത്യസന്ധമായ വാർത്തക്ക് ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കാൻ സാധിക്കൂ .
അവന്റെ ഓഡിയോ അവൾ സശ്രദ്ധം കേട്ടു.
നാളെ,  ഒരുമണിയുടെ ന്യൂസവറിൽ ബ്രേക്കിംഗ് ന്യൂസായി  ഈ വാർത്ത വരും .  അതു തടയേണ്ടയാവശ്യമില്ല,  ലോകം അറിയട്ടെ,  കഴിഞ്ഞ ഒരു വർഷം മുൻപു നടന്ന ഈ സംഭവം..
മഹാദേവ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ഒരു സെക്യൂരിറ്റി ഗാർഡ് കൊല്ലപ്പെട്ടു.  വണ്ടി അയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി.  ഗേറ്റ് തുറക്കാൻ താമസിച്ചതിന്. ഗിരിധർ താൻ ഓടിച്ചിരുന്ന  സ്കോർപ്പിയോ അയാളുടെ ദേഹത്ത് കയറ്റിയിറക്കിയതായിരുന്നു.   പക്ഷേ ആ കൃത്യം, അന്നൊരു അപകടമായി പോലീസ് എഴുതിത്തള്ളി.. Negligible ഡ്രൈവിങ്ങിനു ഡ്രൈവർ അറസ്റ്റിലുമായി. ജനം ആ വാർത്തയും മറന്നു.. സെക്യൂരിറ്റിയുടെ കുടുംബത്തിനെ മഹാദേവ് ഗ്രൂപ്പ് ദത്തെടുത്തു.  കുറെ നാളുകൾ അതൊരു വാർത്തയായിരുന്നു.. ഇപ്പോൾ ഈ ഇലക്ഷൻ  സമയത്തും.
അപ്പോഴാണ്  പരമേശ്വരി പറഞ്ഞ കാര്യം മഹാഗൗരിക്ക് ഓർമ്മ വന്നത്.  "കുടിച്ചുകഴിഞ്ഞാൽ ഇയാൾക്ക് ഒരന്തവും കുന്തവും ഇല്ലെന്ന്.. പിന്നെ ചെയ്യുന്നതൊക്കെ രാക്ഷസനേപ്പോലെയെന്ന്." മൃഗതുല്യം എന്ന് പറയാൻ പറ്റില്ല, കാരണം മൃഗങ്ങൾ ഒരിക്കലും തന്റെ സഹജീവികളോട് ഇങ്ങനെ ചെയ്യാറില്ല. ചിലപ്പോൾ സമയം ഇങ്ങനെയാണ്.  ഒരു കയറ്റത്തിന് ഒരു ഇറക്കം. 'കർമ്മ' അതിന്റെ സമയം എടുക്കും.  പക്ഷേ, തിരിച്ച്  ഉറപ്പായും വരും ആ പ്രാരാബ്ധ കർമ്മ..! ജനിച്ചു കഴിഞ്ഞാൽ മരണം വരെയുളള അനുഭവങ്ങളാണ് പ്രാരാബ്ധ കർമ്മ.  അതിനുളള വിത്ത് മുളച്ചു കഴിഞ്ഞു. ആവനാഴിയിലിരുന്ന ശരം എടുത്തു തൊടുത്തു വിട്ടുകഴിഞ്ഞു.. ശരം അതിന്റെ സഞ്ചാര പഥത്തിലൂടെ പ്രയാണത്തിലാണ്.  ഇനിയത് തിരികെ എടുക്കാനാകില്ല. അനുഭവിച്ചു തന്നെ അവസാനിക്കണം പ്രാരാബ്ധ കർമ്മ, അതിവിടെ ആരംഭിച്ചു കഴിഞ്ഞു..  "പാമ്പും കോണിയും” കളിക്കുന്നതു പോലെയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഏതു സമയവും ഒന്നാം കള്ളിയിലേക്ക് വീഴാം..  പതനം ആരംഭിച്ചു. അതാണിപ്പോൾ നടക്കാൻ പോകുന്നത്.
നമ്മൾ, എത്ര ബലവാനായാലും ദൈവത്തിന്റെ ഒരു കണ്ണ് നമ്മുടെ നേരെ തുറന്നിരിക്കും.. അത് വേണ്ട സമയത്ത് ലോകത്തിനു നമ്മുടെ പ്രവർത്തിയെ കാണിച്ചു കൊടുക്കും.
അല്ലെങ്കിൽ ഇത്രയുംനാൾ ആരും അറിയാതെപോയ ഈ കാര്യമെങ്ങനെ 'അബോയി' യുടെ കയ്യിൽ കിട്ടി.. അതും ഒരു  CCTV Camera നന്നാക്കാൻ വിളിച്ച ആളുടെ കയ്യിൽനിന്നും..? അവനത് ഇത്രയുംനാൾ  കയ്യിൽ കൊണ്ടുനടന്നിട്ട് 'അബോയി'യെ ഏല്പിക്കുകയായിരുന്നു....
ഇതിന്റെ അനന്തരഫലം അത്ര നല്ലതായിരിക്കില്ല. അത്ര നല്ലതെന്നല്ല ഒട്ടും നല്ലതായിരിക്കില്ല.
രാത്രിയിൽ കിടന്നിട്ട് അവൾക്കുറക്കം വന്നില്ല. നാളെ ഉച്ചയാകുമ്പോൾ എന്തായിരിക്കും സംഭവിക്കുക..! യുദ്ധദിനങ്ങൾ ആരംഭിച്ചിരിക്കുന്നു. യുദ്ധത്തിൽ ഒരു നിയമം മാത്രം.  എങ്ങനെയും  ജയം ഉറപ്പാക്കുക.  അതിനി തനിക്കു മാത്രമാണ് ആ ജയം.  സംശയം വേണ്ട. ഉച്ചക്ക് വാർത്ത വന്നതും, തരംഗം TV യുടെ ഫോൺ അടിച്ചുകൊണ്ടേയിരുന്നു.  മഹാഗൗരിയുടെ ഫോണിലേക്കു ആദ്യം വന്ന 
കാൾ സാമുവേലിന്റേതായിരുന്നു .
" മഹാഗൗരി മാഡം, നിങ്ങളെ എനിക്ക്  അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല,  ഗിരിധറിനോട് നേരിട്ടു കൊമ്പുകോർക്കാൻ കാണിച്ച ഈ ധൈര്യം; ഞാൻ അങ്ങോട്ടൊന്ന് വരുകയാണ്.  ഒന്നു നേരിട്ട് കാണണം."
അവൾ എതിർപ്പു പറഞ്ഞില്ല. 
മിനിറ്റുകൾക്കകം സാമുവൽ  എത്തി.  ചാനലിന്റെ മുൻപിൽ മുഴുവനും ഗിരിധറിന്റെ  അനുയായികളും  കുറെ ഗുണ്ടകളും ആയിരിന്നു. പിന്നെ പോലീസും. മിക്കവാറും എല്ലാ ഉന്നത പോലീസ് അധികാരികളും  ഗിരിധറിന്റെ സുഹൃത്തുക്കളാണ്.
സാമുവേലിനെ കണ്ടതും, അവർ കാറിന്റെ അടുത്തേക്ക് ഓടിക്കൂടി മുദ്രാവാക്യം മുഴക്കി. പക്ഷേ, അയാളുടെ ഒരു നോട്ടത്തിൽ അവർ നിശബ്ദരായി.  സാമുവേൽ ഇപ്പോഴും ഒരു സിംഹം തന്നെയാണ്.  ഗിരിധറിന്‌  ചേരുന്ന എതിരാളി തന്നെ. തുല്യശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോഴാണ് കാണികൾക്ക് ആവേശമുണ്ടാവുന്നത്.
മഹാഗൗരിയുടെ മുറിയിലേക്ക് കയറിവന്നതും കസേര വലിച്ചിട്ട് സാമുവേൽ ഇരുന്നു .
" സത്യം പറയാമല്ലോ കുഞ്ഞേ,  ഇങ്ങനെയൊരു കാര്യം ഞാൻ തീരെ പ്രതീക്ഷിച്ചില്ല.  നമ്മള് കാണുന്നതൊന്നും അല്ല ഗിരിധർ.. അറിയാമോ.. ? തനി ഗുണ്ടയാണ് ഗുണ്ട.. അത് ഇപ്പോൾ തുടങ്ങിയതല്ല, ചെറുപ്പം മുതലേ അങ്ങനെ തന്നെയാണയാൾ.
"മോളെ.. .. മോളെ, അങ്ങനെ വിളിക്കുന്നതിൽ ഒന്നും തോന്നരുതേ.., മാഡം എന്നൊക്കെ വിളിക്കുമ്പോൾ ഒരു അകൽച്ച. ' മഹാഗൗരി' അങ്ങോട്ട് നാവിൽ വഴങ്ങുന്നുമില്ല. "
അവൾ അതു സമ്മതിച്ചതുപോലെ ചെറുതായൊന്നു മന്ദഹസിച്ചു.
" മോളെ..  ഒരു കാര്യം പറയാതെ വയ്യ.  ഞാൻ ചിലപ്പോൾ പറയാറുണ്ട്, ആണുങ്ങളും,  ചുരുക്കം ചില പെണ്ണുങ്ങളും...  ആ ചുരുക്കം ചില പെണ്ണുങ്ങളിൽ പെട്ടയാളാണു മോളും കേട്ടോ..  ഈ ധൈര്യത്തിനു മുൻപിൽ എന്റെ അഭിവാദനം.."
സ്ത്രീകളെ അങ്ങനെ പറഞ്ഞത് അത്രയങ്ങോട്ട് പിടിച്ചില്ലെങ്കിലും, അവൾ നീരസം മുഖത്തു കാണിച്ചില്ല.
" ചെറുപ്പം മുതലേ ഗിരിധറിനെ അറിയുമോ.. ?"
" പിന്നെ അറിയാതെ.. !, എൻ്റെ അനുജൻ പീറ്ററിന്റെ കയ്യിലെ രണ്ടു വിരൽ എടുത്തത് അവനാണ്. മറ്റുകാര്യങ്ങൾക്കു പയോഗിക്കുന്ന  ഇടതുകൈകൊണ്ട് അവൻ എഴുതാൻ കാരണം ഇയാളാണ്.. "
" പീറ്റർ നിങ്ങളുടെ സഹോദരനാണോ.. ?"
( നേരത്തെ ഈ വിവരം അറിയാമെങ്കിലും അങ്ങനെ ചോദിക്കാനാണ് തോന്നിയത്. )
" അതേ.., അന്ന് മോള് ഗിരിധറിന്റെ TV ഷോയിൽ വിളിച്ചില്ലേ ...പീറ്റർ.. 
അവനെൻ്റെ  സ്വന്തം അനുജനാണ്. "
"നാലാം ക്ലാസിലാണ് അന്നവൻ പഠിക്കുന്നത്. അപ്പൻ പള്ളിയിലെ കൈക്കാരൻ ആയതു കൊണ്ട്, പീറ്ററിനെ,  ഈ ഗിരിധറൊക്കെ പഠിച്ചിരുന്ന കോൺവെന്റ് സ്കൂളിലാണ് ചേർത്തത്.., 
ഈ പണക്കാര് പിള്ളേർക്ക് അവനെ കണ്ണിൽ പിടിച്ചില്ല. ഒരു പരീക്ഷക്ക് അവൻ ഒന്നാമനായതു ഗിരിധരെ ചൊടിപ്പിച്ചു.  അവന്റെ രണ്ടു വിരൽ പിടിച്ചൊടിച്ചു. ഇഷ്ടികകൊണ്ട് ചതച്ചരച്ചു.    ആ രണ്ടു വിരലും  പഴുത്തു. അവസാനം മുറിച്ചു മാറ്റേണ്ടിവന്നു. എൻ്റെ അനുജൻ അനുഭവിച്ച വേദന, 
ആ ചെറിയ പ്രായത്തിൽ.. ആരോട് പറയാൻ .. ? ഇവന്റെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.   'ചെറി' എന്ന 'ചെറിയാൻ'..അവൻ ഏതോ അപകടത്തിൽ കുറെ വുർഷം മുൻപേ ഒടുങ്ങി.   രണ്ടുപേരും കൂടിയാണ് അപകടത്തിൽ പെട്ടത്.  ആയുസിന്റെ ബലം,  ഗിരിധർ രക്ഷപെട്ടു.  അതോടെ ഗിരിധറിന്റെ പത്തി, ഒന്ന് താണു.  പിന്നെ കോളേജ്,  IPS... അയാൾ മാറിക്കാണും എന്നാണു ഞാൻ കരുതിയത്. .. ജാത്യാ ഗുണം തൂത്താൽ പോകുമോ.. ഇവന്റെ അപ്പനും ഒട്ടും മോശമല്ലായിരുന്നു.."
ഇത്രയുമൊക്കെ നടന്നിട്ടും, പീറ്റർ എന്ന് പറഞ്ഞിട്ട് ഗിരിധർ അയാളെ 
തിരിച്ചറിയാഞ്ഞതു മഹാഗൗരിയെ അത്ഭുതപ്പെടുത്തി. അപ്പോൾ അയാൾ സഹജീവികൾക്ക് എത്രത്തോളം മതിപ്പു കൊടുക്കുന്നു.. ? ഇങ്ങനെയുള്ളവരുടെ കയ്യിൽ ഭരണം ചെന്നു പെട്ടാൽ.. ?  
അയാളുടെ രാഷ്ട്രീയഭാവിക്കു തടയിടുകതന്നെവേണം... ..
മഹാഗൗരിയുടെ ഫോണിലേക്കു ഗിരിധറിന്റെ കാൾ വന്നു. അയാൾ ആക്രോശിക്കുകയായിരുന്നു ,
" നീ.. എന്താണ് ഗിരിധറിനെ കുറിച്ച് ധരിച്ചു വെച്ചിരിക്കുന്നത്...നിന്റെ ഒരു പീറ ചാനൽ വച്ച് എന്നെയങ്ങ് തീർക്കാമെന്നോ... ?  എനിക്കറിയാം.. ആരാണ് ഇതിന്റെ പിറകിലെന്ന്. സാമുവേൽ.. അല്ലെ.. ? തോൽക്കുമെന്ന് ഉറപ്പായപ്പോൾ  അവൻ നിന്നെ ഇറക്കി കളിക്കുകയാണ്.. എടീ..നീ ചെവിയിൽ നുള്ളിക്കോ.. ?"
" എടീ.. പോടീ.. എന്നൊക്കെ വിളിക്കുന്നത് സൂക്ഷിച്ചുവേണം.. നടന്ന കാര്യങ്ങളല്ലേ ഞങ്ങൾ പുറത്തു കൊണ്ടുവന്നത്.. ? കുറച്ചുകൂടി മാന്യമായി സംസാരിച്ചുകൂടെ.. ?"
" സംസാരിക്കാൻ നീയെന്നെ പഠിപ്പിക്കേണ്ട.. 
ഒരു മണിക്കൂർ മതി എനിക്ക് നിന്നെയും നിന്റെ ചാനലിനേയും ഇല്ലാതാക്കാൻ.. ? പക്ഷേ.. എപ്പോഴോ മനുഷ്യസഹജമായ ഒരിഷ്ടം നിന്നോട് തോന്നിപ്പോയി..  നിനക്ക് ഞാൻ 6 മണിക്കൂറ് തരും... ഫോർജ്ഡ് ആയിരിന്നു ആ വീഡിയോ എന്ന് പറയാനായിട്ട്...
വൈകുന്നേരം ഏഴുമണിയുടെ വാർത്തയിൽ അതു ണ്ടാകണം.. "
" മിസ്റ്റർ ഗിരിധർ, എന്നെ നിങ്ങൾക്ക്, ഇല്ലാതാക്കാം. എൻ്റെ ചാനലിന് തീ വെയ്ക്കാം.. പക്ഷെ നിങ്ങൾ, ഒരു കാര്യം മറന്നു. മഹാഗൗരി ഒരു ചാനൽ സി.ഇ.ഒ മാത്രമല്ല,  ഒരു 'മീഡിയാ സ്കൂൾ 'കൂടി ഉണ്ടെനിക്ക്..  ഒരു മഹാഗൗരി പോയാൽ മുന്നൂറു പേര് അവിടെ നിന്നും വരും.. 
പത്രധർമ്മമുള്ള നൂറു പേരെങ്കിലും കാണും എനിക്കു പുറകിൽ, എൻ്റെ കൂടെ.   എനിക്കു ശേഷവും, ഒരു പുതുതലമുറ വരുന്നു. അവരെയൊന്നും നിങ്ങൾക്ക്  വിലയ്ക്കു വാങ്ങാൻ സാധിക്കില്ല. ബാക്കി അവര് നോക്കിക്കോളും.. "
"ഛീ , വെക്കടീ.. ഫോൺ.. " അയാൾ  ആക്രോശിച്ചു. ആ ശബ്ദത്തിൽ തന്റെ കയ്യിലിരുന്ന ഫോൺ തെറിച്ചുപോയേക്കുമെന്ന്
അവൾക്കു തോന്നി. .  മുഖത്ത് ഒരു ഭാവഭേദവും ഇല്ലാതെ അവൾ സാമുവേലിനെ നോക്കി .
" ഗിരിധർ ആയിരിന്നു അല്ലെ ?"" മോള് സൂക്ഷിക്കണം.. " ഞാനാണ് ഇതിന്റെ പുറകിലെന്നാണ് അയാൾ വിചാരിച്ചിരിക്കുന്നത്..
അതങ്ങനെതന്നെ ഇരുന്നോട്ടെ .."
അയാളുടെ സംസാരം  മഹാഗൗരിയിൽ ഒരു ഗൂഢസ്മിതം ഉളവാക്കി.. 
" എന്ത് ആവശ്യമുണ്ടെങ്കിലും 
എന്നെ വിളിച്ചോ.., നമ്മൾ ഭരണപക്ഷത്തല്ല, എന്നാലും, കടപ്പുറം.. നമ്മുടെ പിള്ളേരല്ലേ അവിടെ.. പിന്നെ പീറ്ററിന്റെ സ്കൂളിലെ കുട്ടികളും.. അവൻ പഠിപ്പിച്ചുവിട്ടവരു മൊക്കെയുണ്ട്.  ഇപ്പോഴും ഞാൻ തന്നെയാണ് MLA.. "
അയാൾ മുറിയിൽ നിന്നിറങ്ങിയപ്പോൾ  ഒരു മഴ പെയ്തു തീർന്നപോലെ തോന്നി.
CCTV യിൽ അവളുടെ മുറിക്കു നേരെ  കല്ലുകൾ ചീറി വരുന്നത് അവൾ കണ്ടു...

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

വരുവിൻ, കാണുവിൻ, ധൃതംഗപുളകിതരാകുവിൻ (നർമ്മകഥ: നൈന മണ്ണഞ്ചേരി)

Is Love Real or Does an Arranged Marriage Just Make Sense? (Asha Krishna)

സന റബ്സിന്റെ ഏറ്റവും പുതിയ നോവലെറ്റ് --- വെയിട്രസ്

മഷിക്കുമിളകൾ (രാജൻ കിണറ്റിങ്കര)

ജാതകദോഷം (ചെറുകഥ: സാംജീവ്)

എങ്കില്‍ (കവിത: വേണുനമ്പ്യാര്‍)

കുട്ടൻ (കവിത: ശങ്കരനാരായണൻ മലപ്പുറം)

ജന്മം (കവിത: ദീപ ബിബീഷ് നായര്‍)

അനിത (കഥ : രമണി അമ്മാൾ)

എന്റെ പ്രണയം (ജയശ്രീ രാജേഷ്)

View More