Image

എസ്‌ഐയെ ഡിസിപി മൃഗമെന്ന് അധിക്ഷേപിച്ച സംഭവം; അസോസിയേഷന്‍ പരാതി നല്‍കി

Published on 17 April, 2021
എസ്‌ഐയെ ഡിസിപി മൃഗമെന്ന് അധിക്ഷേപിച്ച സംഭവം; അസോസിയേഷന്‍ പരാതി നല്‍കി
കോഴിക്കോട്: വയര്‍ലെസ് കോണ്‍ഫറന്‍സിനിടെ സബ് ഇന്‍സ്‌പെക്ടറെ മൃഗമെന്ന് അധിക്ഷേപിച്ച കോഴിക്കോട് ഡിസിപി ഹേമലതയുടെ നടപടിക്കെതിരേ പോലീസ് അസോസിയേഷന്‍ ഉന്നത നേതൃത്വത്തിന് പരാതി നല്‍കി.

വിഷുവിന്റെ തലേന്നു നടത്തിയ കോണ്‍ഫറന്‍സിലാണ് സംഭവം. പതിവായി നടക്കുന്ന വയര്‍ലെസ് യോഗത്തിനിടെ (സാട്ട) യാണ് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്‌റെ ഡിസിപി കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്. ‘‘ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞ ഉടന്‍ അനുസരിച്ചോണം. കഴിയില്ലെങ്കില്‍ കഴിവുകേട് പറഞ്ഞു പുറത്തു പോകണം. 7 വാഹനങ്ങളില്‍ ഇപ്പോഴും ഓഫിസര്‍മാരില്ല. നിങ്ങള്‍ മനുഷ്യനോ മറ്റു വല്ലതുമാണോ? നിങ്ങള്‍ മൃഗങ്ങളാണോ?’’ തുടങ്ങിയ അധിക്ഷേപങ്ങളാണ് വയര്‍ലെസിലൂടെ ഡിസിപി ഉന്നയിച്ചതെന്ന് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു.

ഫ്‌ലയിങ് സ്ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ വേണമെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തതാണ് ഡിസിപിയുടെ അനിഷ്ടത്തിനു കാരണം.

എന്നാല്‍ പൊലീസിലെ ആള്‍ക്ഷാമം മൂലമാണു നടപ്പാക്കാന്‍ കഴിയാത്തതെന്നാണ് പൊലീസുകാര്‍ പറയുന്നത്. 9 ഫ്‌ലൈയിങ് സ്ക്വാഡുകള്‍ ഓടിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ 20 വണ്ടികളാണ് ഓടിക്കൊണ്ടിരിക്കുന്നത്. പൊലീസ് വാഹനത്തില്‍ ഒരു എഎസ്‌ഐയും ഹെഡ്‌കോണ്‍സ്റ്റബിളും ഉണ്ടായാല്‍ മാനേജ് ചെയ്യാമെന്നും പൊലീസുകാര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഡിസിപി അധിക്ഷേപം ചൊരിയുകയായിരുന്നെന്നാണു പരാതി. സംഭവത്തില്‍ അടിയന്തരമായി മറുപടി നല്‍കണമെന്നാണ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക