Image

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

പി പി ചെറിയാന്‍ Published on 16 April, 2021
ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

ന്യൂയോര്‍ക്ക് : കോവിഡ് 19നെ പ്രതിരോധിക്കുന്നതിന് ഇതിനകം രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണമെന്നു ഫൈസര്‍ ചീഫ് എക്‌സീകൂട്ടീവ് ഓഫിസര്‍ ആല്‍ബര്‍ട്ട് ബര്‍ള ഏപ്രില്‍ 15 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാത്രമല്ല ബൂസ്റ്റര്‍ ഡോസിനു ശേഷം എല്ലാ വര്‍ഷവും കോവിഡ് വാക്‌സീന്‍ എടുക്കേണ്ടിവരുമെന്നും ആല്‍ബര്‍ട്ട് പറഞ്ഞു.

ഫൈസര്‍ വാക്‌സീന്റെ പ്രതിരോധ ശക്തി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാനാകാത്ത സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വേണമെന്ന അഭിപ്രായം ആല്‍ബര്‍ട്ട് പ്രകടിപ്പിച്ചത്.
വാക്‌സീന്‍ സ്വീകരിച്ച ശേഷം അടുത്ത ആറുമാസം ഹൈ ലവല്‍ സുരക്ഷിതത്വമാണു ഫൈസര്‍ വാക്‌സീന്‍ ഉറപ്പു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയില്‍ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ സിഇഒ അലക്‌സ് ഗോര്‍സ്‌കി പ്രതിവര്‍ഷം കോവിഡ് വാക്‌സീന്‍ എടുക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.പോളിയോ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് മാത്രം മതി. എന്നാല്‍ ഫ്‌ലൂവിന് എല്ലാവരും പ്രതിവര്‍ഷം വാക്‌സീനേഷന്‍ സ്വീകരിക്കുന്നു. കോവിഡ് വൈറസ്  ഇന്‍ഫ്‌ലുവന്‍സ് വൈറസിനു സമമാണെന്നും പോളിയോ വൈറസ് പോലെയല്ലെന്നും സിഇഒ പറഞ്ഞു. ഇതിനെ കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു വരികയാണെന്നും ഫൈസര്‍ സിഇഒ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക