Image

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Published on 16 April, 2021
ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)
സച്ചിദാനന്ദൻ ഫേസ്ബുക്കില്‍ അടുത്തയിടെ ഇറങ്ങിയ ജോജി എന്ന
മലയാള സിനിമയെ ആക്ഷേപിച്ചുകൊണ്ടു നൽകിയ കുറിപ്പ്
സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങളുടെ സംഘട്ടനമായിരുന്നു കഴിഞ്ഞ ആഴ്ചയിൽ കണ്ടത്.  ഈ അവസരത്തിൽ ഒരു കഥ ഓർത്തുപോകുന്നു. പണ്ടൊരാൾ പല്ലുവേദനയെടുത്തു പുരക്ക് ചുറ്റും ഓടിനടന്നപ്പോൾ അയാളുടെ സുഹൃത്ത് ചോദിച്ചു നിന്റെ കാലിന് പറ്റിയ ഷൂവിന്റെ അളവ് എത്ര എന്ന്. പല്ലുവേദനക്കാരൻ പറഞ്ഞു 8 ഇഞ്ച് . അപ്പോൾ സുഹൃത്ത് ഉപദേശിച്ചു, 7 ഇഞ്ച് ഷൂ വാങ്ങി ധരിക്കൂ. പല്ലുവേദന മാറിക്കോളും. പല്ലുവേദനക്കാരൻ അതുപോലെ ചെയ്തു. 7 ഇഞ്ച് അളവിന്റെ ചെറിയ ഷൂ ഇട്ടപ്പോൾ പല്ലുവേദനയേക്കാൾ വലിയ കാലുവേദന ഉണ്ടായി. അപ്പോൾ പല്ലുവേദനയെ അയാൾ മറന്നു.

ഏതാണ്ട് അതുപോലെ ഞാനിന്നലെ 7 ഇഞ്ച് അളവുള്ള ഷൂ വാങ്ങി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടത്തരം ചെയ്തു. കുറേകൂടി വ്യക്തമായി പറഞ്ഞാൽ ഞാനിന്നലെ 'ദി പ്രീസ്റ്റ് ' എന്ന മലയാള സിനിമ കണ്ടു. ജോജി സിനിമയിലെ 'മ' കൊണ്ട് തുടങ്ങുന്ന മനോഹരമായ വാക്ക് ഞാൻ എന്നോട് തന്നെ പറഞ്ഞു അമർഷം തീർത്തു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ജോജി എത്രയോ ഉയരത്തിൽ നിൽക്കുന്നു. മാക്ബെത്തിനെയും ഷേക്സ്പിയറിനെയും ഒക്കെ വിട് .  കാലം തള്ളിക്കളയേണ്ട ഒരു കുടുംബ സമ്പ്രദായത്തിന് എതിരെയാണ് ചിത്രം വിരൽ ചൂണ്ടുന്നത്. ഇതിനു മുൻപും ഇതുപോലുള്ള ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ഓരോ പത്തുവർഷം കൂടുമ്പോഴും ഇങ്ങനെയുള്ള ചിത്രങ്ങളും കഥകളും ഈ സമൂഹത്തിൽ ഉണ്ടാകണം. സൗണ്ട് റെക്കോർഡിങ് പോലെ ചില സാങ്കേതിക പാളിച്ചകൾ ജോജിയിൽ ഉണ്ടായിട്ടുണ്ട് എന്ന് ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർ മനസ്സിലാക്കിയിരിക്കേണ്ടതുമാണ്. പിന്നെ ജോജിയിലെ പല കഥാപാത്രങ്ങളും സന്ദര്ഭങ്ങൾക്കനുസരിച്ചു ഉപയോഗിച്ച ഒരു വാക്കിനെ, ഇവിടാ സദാചാരത്തിന്റെ പൊൻമുട്ടകൾ വിരിയിക്കുന്നവർ വിമർശനത്തിന്റെ പൊങ്കാല ഇടുന്നതു കണ്ടു. അമർഷം അതിന്റെ പൂർണ്ണതയിൽ പ്രകടിപ്പിക്കാൻ മലയാളിക്ക് കിട്ടിയ വരദാനമാണ് ആ വാക്ക് .  നമ്മുടെ എല്ലാം രക്തത്തിൽ ആ വാക്ക് അലിഞ്ഞുചേർന്നിട്ടുണ്ട്. കപടസദാചാരത്തിന്റെ വക്താക്കളും ആ വാക്കിനെ മനസ്സിൽ പ്രതിഷ്ഠിക്കുന്നുമുണ്ട്, പ്രണയിക്കിന്നുമുണ്ട്. ഒരു കലാസൃഷ്ടി ഒരു കാലഘട്ടത്തിന്റെ അല്ലെങ്കിൽ ഒരു പ്രദേശത്തിന്റെ ജീവിതരീതിയെ സത്യസന്ധമായി ഒപ്പിയെടുക്കുമ്പോൾ, സംഭാഷണരീതികളും കൂടെ പോരും. അതുകൊണ്ട് ഒക്കെത്തന്നെയാണല്ലോ ''മീശ'' നോവൽ ഒരു കാലഘട്ടത്തിലെ അടിസ്ഥാനവർഗത്തിന്റെ ജീവിതരീതിയുടെ കഥ പറഞ്ഞപ്പോൾ ഇവിടുത്തെ സദാചാരത്തിന്റെ ജീവിക്കുന്ന പ്രവാചകർ ആർക്കോ വേണ്ടി ഉടുമുണ്ടഴിച്ചു തലേൽ കെട്ടിയത് .

കാട് കയറാതെ എനിക്കിന്നലെ പറ്റിയ  അബദ്ധത്തിലേക്ക് തിരികെ വരാം. 'ദി പ്രീസ്റ്റ് '. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന മെഗാസ്റ്റാറും ലേഡി സൂപ്പർസ്റ്റാറും. പ്രതീക്ഷയോടെയാണ് സിനിമ കണ്ടത്. നിരാശ ആയിരുന്നു ഫലം. പ്രേതം എങ്ങനെ പ്രേതം ആയെന്ന് പ്രേതത്തിനു പോലും അറിയില്ലാത്ത പ്രേതകഥ. പ്രേതത്തിന് തെറ്റ് പറ്റി എന്ന് പ്രേതത്തിനെ പറഞ്ഞു മനസ്സിലാക്കുന്ന മനശാസ്തജ്ഞനായ പള്ളീലച്ചൻ.  ഒന്നാംക്ളാസ്സ് വിദ്യാർത്ഥിനിയെപ്പോലെ തെറ്റ് സമ്മതിച്ചു തല കുനിക്കുന്ന പ്രേതം. തീർന്നില്ല. ''ഞാൻ എന്റെ മോളെ (അനുജത്തിയെ ) ഒന്ന് തൊട്ടോട്ടെ '' എന്ന ചീപ് ഡയലോഗില്‍ പാതിരിയോട് കേഴുന്ന പ്രേതം. ആയിക്കോ എന്ന് പാതിരി. സിനിമ അവസാനിക്കുമ്പോൾ മെഗാസ്റ്റാർ പാതിരി മനഃശാസ്ത്രജ്ഞൻ ലേഡി സൂപർ സ്റ്റാർ പ്രേതത്തോട് പറയുന്ന തണുത്തു വിറച്ച ഡയലോഗ്  ''നൗ യു ക്യാൻ റസ്റ്റ് ഇൻ പീസ് ''.  അതോടെ ഹെഡ്സെറ്റ് വച്ച് സിനിമ കണ്ടുകൊണ്ടിരുന്ന ഞാൻ രാത്രിയുടെ മൂന്നാം മണിനേരത്ത് സർവ്വ നിയന്ത്രണങ്ങളും വിട്ട് പൊട്ടിച്ചിരിച്ചു. സമീപത്ത് ഉറങ്ങിക്കിടന്ന എന്റെ ഭാര്യ ഞെട്ടിയുണർന്നാലറി ''ഈ മനുഷ്യന് ഭ്രാന്താണ് ''.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക