Image

മറവിരോഗം ( കവിത: ഗംഗ.എസ്)

Published on 16 April, 2021
 മറവിരോഗം ( കവിത: ഗംഗ.എസ്)
മറവിരോഗം പൊളിഞ്ഞ പടികൾ
കയറി വഴി തെറ്റി വരുന്നത്
ഒരു പനിച്ച വൈകുന്നേരത്തായിരിക്കും!

എന്നോ ഉപേക്ഷിയ്ക്കപ്പെട്ട
ചായക്കോപ്പയിൽ വെയിൽ
മഞ്ഞ ചൂട് വിരലുകൾ കൊണ്ട്
കൊടുങ്കാറ്റുകൾ വരച്ചു ചേർക്കുന്ന,
ചുമരിൽ തൂക്കപ്പെട്ട
'ഗോതമ്പ് പാടം' മഴ ചോർച്ചയിൽ
മാഞ്ഞു പോയ
കുപ്പിച്ചില്ല് മൂർച്ചയുള്ള
അതേ വൈകുന്നേരത്ത്!!

എല്ലാവരും മരിച്ചു പോയ
ഒരു വീടിന്റെ വരാന്തയിൽ
ആരും ഇരുന്നിട്ടില്ലാത്ത
നൂറ്റാണ്ട് പഴക്കമുള്ള തടുക്കിൽ
നടന്നു ക്ഷീണിച്ച് തേമ്പിയ
നിലംതൊടാക്കാലുകൾ നീട്ടിയിരിക്കും!

ക്ഷണമാത്രയിൽ തടുക്കിൽ നിന്ന്
ജനിക്കും മുൻപേ മരിച്ചു പോയ
ഒരു പിള്ളക്കരച്ചിലുയരും!

എന്തിനാണ് ആരെക്കാണാനാണ്
എപ്പോഴാണ് വന്നത് എന്ന് മറവിരോഗം
ഓർക്കാൻ കൂടി മറക്കും!

ഓർമ്മകളെല്ലാം തൂത്ത് വാരിക്കെട്ടി
മറവികൾ എല്ലാം കെട്ടഴിച്ച്
വാരി വിതറിയിട്ട്
ആദ്യം നുണയുന്നത്
പ്ലാവിലയിൽ പിണ്ഡം വച്ച
ഐസ് ക്രീമിന്റെ തണുത്തു
മരവിച്ച രുചിയെ ആയിരിക്കും!

അന്നേരം കാക്ക കൊത്തി ചിതറിയ
ഓർമ്മയുടെ വൈഡ് ഷോട്ടിൽ
അതിവിദൂരത്തായി
ഒരു ഉത്സവ എഴുന്നെള്ളിപ്പ്
കടന്ന് പോകുന്നുണ്ടാവും!

എത്ര ആനകൾ കുതിരകൾ ചതുരംഗ
പടയോട്ടങ്ങൾ കണ്ട കണ്ണുള്ള
തലച്ചോറിന്റെ പിന്നാമ്പുറങ്ങൾ
കാലപ്പഴക്കത്താൽ ഇടിഞ്ഞിടിഞ്ഞു വീഴും!

അതിന്റെ വാദ്യമേളങ്ങൾ തണുത്ത
മുന്തിരിയിൽ പല്ല് താഴും പോലെ
കിരു കിരന്നു കേൾക്കും!!

അനന്തരം മറവിരോഗം
തടുക്കിൽ നിന്ന് എഴുന്നേറ്റ്
എന്തോ ഓർത്ത് കിടപ്പ് മുറിയിൽ
കടന്ന് വന്ന് ഉച്ചിയിൽ
വിഷാദത്തിന്റെ ആദ്യത്തെയും
അവസാനത്തെയും ആണികളടിക്കും!

ആണി പഴുതുകളിൽ നിന്ന്
യൗവ്വനത്തിന്റെ വയലിനിൽ
അടക്കി ഞെക്കി വച്ച വിലാപഗീതങ്ങൾ
കാട്ട് മുന്തിരിയിലകൾ പോലെ
ഇറുന്ന്‌ വീഴും!

നടുവിലത്തെ ആണി
പായസത്തിൽ വീണ ഉപ്പ് കല്ല് പോലെ
പഴകിപ്പുളിച്ച് പോയ തലച്ചോറിൽ മറയും!

അന്നേരം പുതുതായി വെട്ടിപ്പൊത്തിയ
മൺകയ്യാലയ്ക്കൽ നിന്ന്
ഇടവഴിയിലേയ്ക്ക് എത്തി നോക്കുന്ന
ഒരു മെല്ലിച്ച പെൺകുട്ടിയുടെ
ശിഥില രൂപം തെളിയും!

പെരുമഴക്കാലത്തിലേയ്ക്ക്
ഒലിച്ചു പോകുന്ന ഏകാന്തതകളുടെയും
ഒറ്റപ്പെടുത്തലുകളുടെയും
കൂടാണയാത്ത തവിട്ടും ചാരപുള്ളിയും
നിറമുള്ള ഭീമൻ കോഴികളുടെയും
മേഞ്ഞു തീരാത്ത വീട്ടിലേയ്ക്കുള്ള
വഴിമറന്ന വെളുത്ത താടിയുള്ള
കറുത്ത ആടുകളുടെയും
കരച്ചിലുകൾ മാറി മാറി കേൾക്കും!

മറവിരോഗം തലച്ചോറിന്റെ
പടിഞ്ഞാറെ ചരുവിലിരുന്ന്
മൂർച്ചയില്ലാത്ത നഖങ്ങൾ കൊണ്ട്
ചില പഴകിയ കെട്ടുപാടുകൾ
പൊട്ടിയ ഓർമ്മകൾ
വലിച്ച് പുറത്തിടും!

ശ്രദ്ധിച്ച് പണിതിട്ടും പൂർത്തിയാവാത്ത
മരണാനന്തര കർമ്മങ്ങൾക്കിടയിൽ
നിന്ന് രക്തബന്ധങ്ങൾ മുഖങ്ങളില്ലാത്ത
വെറുപ്പോടെ, ഉള്ളിലമർത്തിയളന്നിട്ടും
തെറിച്ചു വീഴുന്ന ഗൂഢ സന്തോഷത്തോടെ
ഇറങ്ങിപ്പോകുന്നത് കാണും!

ഒരമ്മയും മൂന്ന് പെൺകുഞ്ഞുങ്ങളും
തൂങ്ങിയാടുന്ന ഒരാത്മാവും
മാംസം ഇറുന്ന് വീഴുന്ന
ഒന്നര ഭൗതിക ജഡബന്ധവും
മാത്രം അവശേഷിക്കും!

മറവിരോഗം തലച്ചോറിന്റെ
എണ്ണിയാലൊടുങ്ങാത്ത
മടക്കുകളിൽ നിന്ന് ഊർന്നിറങ്ങി
പടിഞ്ഞാറു നിന്ന് അരക്കഴഞ്ച്
തെക്കോട്ട് നീങ്ങി
ഒരു കുഴൽക്കിണർ കുഴിക്കും!

ദ്രവിച്ചതും നരച്ചതും ജീർണിച്ചതും
പിഞ്ഞിയതും ആയ ഓർമ്മകളുടെ
ഒരു പ്രവാഹം പുറത്തേയ്ക്കൊഴുകി വീഴും
അവയ്ക്കിടയിൽ എന്നോ
നഷ്ടപ്പെട്ടുപോയ മറവികളുടെ
മരിച്ച മുഖങ്ങൾ തിരയും!!

ഓടുന്ന ട്രെയിനിൽ നിന്ന്
ഉപയോഗിച്ചു വലിച്ചെറിഞ്ഞ
കുട്ടി ഡയപ്പറുകൾ പെറുക്കി കൂട്ടി
വട്ടിയിൽ വച്ച് ചന്തയ്ക്ക് പോകുന്ന
മക്കളില്ലാവാർദ്ധക്യത്തെ കാണും!

അതാരാണെന്ന് എത്ര ആലോചിച്ചിട്ടും
കിട്ടാതെ അരിശപ്പെട്ട് മറവിരോഗം
പൊളിഞ്ഞ ഓർമ്മത്തെറ്റിന്റെ
ചില്ലക്ഷരം കൊണ്ട് കുഴൽക്കിണർ
ഭാഗികമായി അടയ്ക്കും!!

തലച്ചോറിന്റെ നിലവറ വാതിൽ പൂട്ടി
താക്കോൽ എരിയുന്ന ഓർമ്മകളിലേയ്ക്ക്
വലിച്ചെറിയുന്നതിന്റെ തൊട്ട് മുൻപ്
വടക്ക് നിന്ന് കിഴക്കോട്ട്
ഒരു ചുഴലി വീശും!

നാല് കാലും നടുവും തല്ലി വീണ പ്രണയം
ജന്നിയിൽ കണ്ണ് തുറിച്ച്
നാവ് കടിയ്ക്കും
വിരഹത്തിന്റെ പച്ചച്ചുവയ്ക്ക്
നിരാസത്തിന്റെ ഇളംതവിട്ട് തുരുമ്പ് നിറം പകരും!!

മറവിരോഗം മടങ്ങിപ്പോകുന്നത്
ഒരു കറുത്ത കുരുതി ബാധിച്ച
രാത്രിയിലായിരിക്കും !

ചവച്ച് തുപ്പിയ തലച്ചോറിൽ
ഓർമ്മയുടെ ഒരു തുണ്ട് പോലും
ബാക്കിയില്ലെന്നുറപ്പിച്ച
അർദ്ധമയക്ക രാത്രിയിൽ
ആദ്യമായി അത്രയും കാലം
ചില്ലിട്ട് സൂക്ഷിച്ച ആയുസ്സിന്റെ
നിഴൽ മൗനം വെടിഞ്ഞ് അട്ടഹസിക്കും
നിശബ്ദതയുടെ വേലിയേറ്റങ്ങൾ
അതിനെ മരണച്ചുഴിയിലേക്ക് വലിച്ചെടുക്കും !!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക