-->

kazhchapadu

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

വര -ദേവി 

Published

on

ചിത്രലേഖ എന്നാണു അവളുടെ പേര്. അവള്‍ ഋതുമതി ആയതു മുതലാണ്‌ സ്വന്തം ഗ്രാമത്തിലെ രണ്ടു കിലോമീറ്ററോളം അപ്പുറത്തുള്ള കുന്നുകളേയും  കരിമ്പാറക്കെട്ടുകളേയും അകലെ നിന്നുകൊണ്ടുതന്നെ ഒരു ആകാംഷയോടെ നോക്കിക്കാണാന്‍ തുടങ്ങിയത്.

ഒരു ദിവസം രാവിലെ വീട്ടില്‍ ആരോടും പറയാതെ കുന്നിനപ്പുറമുള്ള കരിമ്പാറയില്‍ കയറാന്‍ അവള്‍ ഒറ്റയ്ക്ക് പോയി. വീടിനടുത്താണെങ്കിലും ഇതുവരേക്കും ഈ പാറക്കെട്ടുകള്‍ കയറാന്‍ പോയിട്ടില്ല. പലപ്പോഴും കുട്ടികളുടെ കൂടെ അവിടെ ചെന്ന് താഴെ നിന്ന് മുകളിലേക്ക് നോക്കി കണ്ടിട്ടുണ്ട് എന്നല്ലാതെ അതില്‍ കയറണമെന്ന് ഭയം കാരണം തോന്നിയിട്ടേയില്ല.

കറുത്ത് ഉരുണ്ടു നില്‍ക്കുന്ന പാറ, പൊത്തിപ്പിടിച്ചു കയറാന്‍ വിഷമമാണ്. ഏതാണ്ട് ഒരു അഞ്ചു നില കെട്ടിടത്തിന്‍റെ ഉയരമേ ഉള്ളു. പാറയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ആരൊക്കയോ മുകളിലേക്ക് കയറിപ്പോയതിന്‍റെ അടയാളങ്ങള്‍ കണ്ടു.

ചില സ്ഥലങ്ങളില്‍ പലരും തങ്ങളുടെ പേരുകള്‍ ചോക്കുകൊണ്ടും ചിലര്‍ കല്ലുകൊണ്ട് വരഞ്ഞും എഴുതി വെച്ചിരിക്കുന്നു. പിന്നെ പല തരം ചിത്രങ്ങള്‍. പാറകളില്‍ വരച്ചിരിക്കുന്നു. ആനയുടെയും പട്ടിയുടെയു൦  കിളിയുടെയുമെല്ലാം  അതിലുണ്ട്. 

എങ്ങനെയോക്കയോ പൊത്തിപ്പിടിച്ച് അവള്‍ പാറയുടെ മുകളില്‍ എത്തി. മുകള്‍ വശത്ത് പത്തിരുപത് പേര്‍ക്ക് ഇരിക്കുകയോ കിടക്കുകയോ ചെയ്യാവുന്ന അത്രയും പരപ്പ് കണ്ട് അവള്‍ സന്തോഷിച്ചു. അവള്‍ക്ക് അവിടെ നിന്ന് ഒരു നൃത്തംചെയ്യാന്‍ തോന്നി. അവളങ്ങനെ സ്വയം ഒരു ഭക്തിഗാനം പാടുകയും ദേവിയെ മനസ്സില്‍ ധ്യാനിച്ച്‌ ചുവടുകള്‍ വെക്കുകയും ചെയ്തു .

ഇതെല്ലാം ഒരു വട്ടന്‍ പരിപാടിതന്നെ. ഏതായാലും ആരും കാണില്ലല്ലോ. അവള്‍ മനസ്സില്‍ ചിരിച്ചു. പിന്നെയാണ് അവള്‍ക്ക് ചുറ്റുപാടും നോക്കാന്‍ തോന്നുന്നത്  തന്നെ. മുകളിലേക്ക് നോക്കിയപ്പോള്‍ തെളിഞ്ഞ ആകാശം. സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്നു. പിന്നെ പാറയുടെ ഒരറ്റത്തു ചെന്ന് തന്‍റെ ഓടുമേഞ്ഞ വീട് കാണുന്നുണ്ടോ എന്ന് നോക്കി. അകലെ നിറയെ മരങ്ങളും തെങ്ങുകളും  ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സ്വന്തം വീട് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും തന്‍റെ വീട് ഏകദേശം ആ ഒരു ഏങ്കിളില്‍ ആയിരിക്കും എന്നവള്‍ ഊഹിച്ചു. അങ്ങനെ സ്വയം നിര്‍വൃതിയടഞ്ഞു.

പിന്നെ കുറച്ചുനേരം അവിടെ ഇരിക്കാന്‍ തോന്നി. നടന്നുവന്നതിന്റെയും പാറ കയറിയതിന്റെയുമെല്ലാം ക്ഷീണം അവളെ ബാധിച്ചു തുടങ്ങി. അങ്ങനെ ഇരുന്നതേയുള്ളൂ ഉടനെ ചാടി എഴുന്നേറ്റു. പാറയ്ക്ക് നല്ല ചൂട്. ചെരിപ്പിന്റെ ബലത്താല്‍ ഇതൊന്നും ഇത്രയും നേരം അറിഞ്ഞില്ല എന്നേയുള്ളൂ. ഇപ്പോള്‍ അവള്‍ ചൂടും ഉഷ്ണവുംകൊണ്ട് ആകെ വിയര്‍ത്തുകുളിച്ചിരിക്കുന്നു. എന്നിട്ടും മനസ്സില്‍ സന്തോഷം തോന്നി. താനീ പാറയുടെ മുകളില്‍ ആരുടേയും സഹായമില്ലാതെ കയറിയിരിക്കുന്നു.

ആ ഉന്മേഷം അധികനേരം നീണ്ടുനിന്നില്ല. ചൂട് സഹിക്കാന്‍ പറ്റാത്തതിനാല്‍ തല ചുറ്റുന്നതുപോലെ തോന്നി. എവിടെയെങ്കിലും ഒരു തണല്‍ ഉണ്ടോ എന്ന് ചുറ്റും നോക്കി. താഴേക്ക് കുറച്ചു ഇറങ്ങിചെന്നാല്‍ ഏകദേശം എട്ടുപത്തു അടിയോളം ഉയരമുള്ള രണ്ടുമൂന്നു വലിയ ഉരുളങ്കല്ലുകള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും താങ്ങി  നില്‍ക്കുന്നു. അതിന്‍റെ ഇടയില്‍ ചെറിയ തണല്‍ കാണുന്നുണ്ട്.  അങ്ങനെ സാവധാനം ഇറങ്ങി ആ തണലില്‍ അവള്‍ അഭയം പ്രാപിച്ചു.

ഹാവൂ! എന്തൊരു ആശ്വാസം. അവള്‍ ആ തണലില്‍ ഇരുന്നു. അകലേക്ക് നോക്കി. അങ്ങകലെ പട്ടണത്തില്‍ ഏതൊക്കയോ കെട്ടിടങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കണ്ടു. തനിക്ക് ഹനുമാനെപോലെ ചാടാന്‍ കഴിവ് ഉണ്ടായിരുന്നുവെങ്കില്‍ ഒറ്റ ചാട്ടത്തിനു ആ കെട്ടിടത്തിന്‍റെ മുകളിലേക്ക് എത്താമായിരുന്നു എന്നവള്‍ക്ക് തോന്നി.

കുറച്ചു കഴിഞ്ഞപ്പോള്‍ വിശപ്പും ദാഹവുംകൊണ്ട് അവള്‍ വലയാന്‍ തുടങ്ങി. അപ്പോള്‍ അവള്‍ ആ പാറയോടുചേര്‍ന്ന്  ഒന്ന് മലര്‍ന്നു കിടന്നു. അങ്ങനെ നീലാകാശം കണ്ടു.  വായില്‍ ഊറിവന്ന ഉമിനീര്തന്നെ ഇറക്കി ആശ്വാസംകൊണ്ടു. അങ്ങനെ ദാഹത്തെ കടിച്ചമര്‍ത്തി.   അപ്പോള്‍ മനസ്സിനൊരു സുഖം തോന്നിയതിനാല്‍ കണ്ണടച്ചുകിടന്നു. ആ കിടപ്പില്‍ അറിയാതെ മയങ്ങിപ്പോയി.

*
ചിത്രലേഖയുടെ അമ്മയും അച്ഛനും നാട്ടുകാരും അവളെ തിരയാത്ത വഴികളില്ല. സന്ധ്യയായിട്ടും ഈ കുട്ടി എവിടെപോയി കിടക്കുന്നു? അവസാനം അമ്മ തളര്‍ന്നു അവശയായി വീട്ടിലെ വരാന്തയില്‍ തന്നെ കിടപ്പായി. വീട് നിറയെ അയല്‍ക്കാരും കേട്ടറിഞ്ഞു ചില ബന്ധുക്കളും വന്നിട്ടുണ്ട്. അച്ഛന്‍ കുട്ടിയെ അന്വേഷിച്ചു പോകാത്ത ഇടങ്ങളില്ല. അടുത്ത കൂട്ടുകാരികളോടും സ്കൂളിലുമൊക്കെ ഒരിക്കല്‍ കൂടി തെരക്കിനോക്കി. പിയൂണിനെ വിളിച്ചുകൊണ്ടുവന്നു ക്ലാസ് മുറി ഒരിക്കല്‍ക്കൂടി തുറന്നു നോക്കി. ചിത്രലേഖ എവിടെ?

മകളെ കാണാതെ ആ അച്ഛന്റെ കണ്ണില്‍ ഇരുട്ടുകയറുകയും എന്തൊക്കയോ പിറുപിറുക്കുകയും ചെയ്തു. എന്തൊക്കെയാണ് പറയുന്നതെന്ന് അടുത്തുനിന്നവര്‍ക്കു പോലും മനസ്സിലായില്ല. അങ്ങനെ രാത്രി ഒമ്പതു മണിയോടെ ഇന്നത്തെ അന്വേഷണം അവസാനിപ്പിക്കാമെന്നും കൂടുതല്‍ നാളെയാവാം എന്നും അവിടെ കൂടിയവരെല്ലാം ചേര്‍ന്ന് തീരുമാനിച്ചു. വേണമെങ്കില് പോലീസില്‍ പരാതിയും കൊടുക്കാം. ഇന്ന് ഇനി എല്ലാവരും പോയി കിടന്നുകൊള്ളുക. നാളെ രാവിലെ തന്നെ എല്ലാവരും വന്നതിനുശേഷം എന്തൊക്കെ ചെയ്യേണ്ടാതെന്നു ആലോചിക്കാം.

അങ്ങനെ എല്ലാവരും പിരിഞ്ഞുപോയി. ചിത്രലേഖ ഇപ്പോള്‍ എവിടെയായിരിക്കും ? ആരെങ്കിലും എന്‍റെ മോളെ പിടിച്ചു കൊണ്ടുപോയിരിക്കുമോ? അമ്മയുടെയും അച്ഛന്റെയും മനസ്സില്‍ ഓരോരോ ദുഷ്ച്ചിന്തകള്‍ വളരാന്‍ തുടങ്ങി. എങ്കിലും അവര്‍ അത് പരസ്പരം പങ്കുവെച്ചില്ല.  ആ രാത്രി മുഴുവന്‍ ഒരു കാളരാത്രിയായിരുന്നു. അടുത്ത വീട്ടിലെ രമണിയും കാര്‍ത്തികേയനും ഇവര്‍ക്ക് കൂട്ടായി ആ വീട്ടില്‍ കിടക്കാന്‍ വന്നു.  എങ്കിലും  അവരും  ഒന്നും മിണ്ടിയില്ല. ഒരു അര്‍ദ്ധമയക്കത്തിലും ഇടയ്ക്ക് ഞെട്ടി വിറച്ചും ചിത്രലേഖയുടെ അമ്മ ശാരദ അങ്ങനെ കിടന്നു. അച്ഛന്‍ സുധാകരന്‍ ശാരദയുടെ പുറത്തൊന്നു ഇടയ്ക്കിടെ മെല്ലെ തട്ടും.. ആശ്വസിപ്പിക്കാനായി. അങ്ങനെ തട്ടലും തലോടലുമോക്കെയായി അവര്‍ നേരം വെളുപ്പിച്ചു.

അന്ന് അടുക്കളയുടെ വാതിലുകള്‍ മാത്രം അടച്ചു. അവിടെ ഒരു ബള്‍ബ്‌ കെടുത്താതെ ഇട്ടുവെച്ചു. അകത്തു രമണിയും കാര്‍ത്തികേയനും കിടന്നു. പുറത്ത് വരാന്തയില്‍ ശാരദയും സുധാകരനും കിടന്നു. മുന്‍വാതിലുകളെല്ലാം തുറന്നു കിടന്നു. പുലര്‍ച്ച ആയപ്പോഴേ രമണി എഴുന്നേറ്റു കട്ടന്‍ ചായ തിളപ്പിച്ചു. ചായ കിടക്കപ്പായയുടെ അരികിലേക്ക് അവള്‍ കൊണ്ടുവന്നു കൊടുത്തു. എല്ലാവരും അവരവരുടെ പായയില്‍ തന്നെ ഇരുന്ന് അത് കുറേശ്ശെയായി മൊത്തിക്കുടിച്ചു. അപ്പോഴും ആരും ഒന്നും മിണ്ടിയില്ല. ചായകുടി കഴിഞ്ഞിട്ടും ആര്‍ക്കും ഒന്നും മിണ്ടാന്‍ തോന്നിയില്ല. ചായകുടി കഴിഞ്ഞപ്പോള്‍ ശാരദ ആ പായയില്‍ തന്നെ വീണ്ടും കിടന്നു. സുധാകരന്‍ അത് കണ്ടു തല താഴ്ത്തി. കാര്‍ത്തികേയന്‍ മാത്രം എഴുന്നേറ്റ് ചെന്ന് തന്‍റെ ബീഡിപ്പൊതി തപ്പിയെടുത്ത് അതില്‍ നിന്നും ഒരെണ്ണമെടുത്ത് കത്തിച്ചു വലിക്കാന്‍ തുടങ്ങി.

*പാറപ്പുറത്ത് കിടന്നുകൊണ്ട് ദിവാസ്വപ്നങ്ങളും കണ്ടു മയങ്ങിയ ചിത്രലേഖ പിന്നെ എഴുന്നേല്‍ക്കുന്നത് സന്ധ്യ മയങ്ങും നേരത്താണ്. സൂര്യന്‍ അസ്തമിച്ചതോടെ ഇരുട്ട് കാണെക്കാണെ കൂടിവന്നു. പാറയുടെ മുകളില്‍ നിന്നും താഴേക്ക് ഇറങ്ങി വരുവാന്‍ അവള്‍ക്ക് പേടിയായി. ഇനി എന്തു ചെയ്യണം? വേഗം താഴേക്ക് ഇറങ്ങി വീട്ടിലേക്ക് ഓടിയാലോ? എന്നും ആലോചിച്ചു. ഒന്നുരണ്ടു തവണ അവള്‍ താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ചു നോക്കി. ഇരുട്ടില്‍ എവിടെ കാലു വെക്കണം എങ്ങനെ കാലു വെക്കണം എന്നെല്ലാം അറിയാതെ അവള്‍ കുഴങ്ങി. അപ്പോള്‍ എന്തെന്നില്ലാത്ത ഒരു ഭയം അവളെ പിടികൂടി. അവള്‍ കിടുകിടെ വിറക്കാന്‍ തുടങ്ങി. പിന്നെ ഒന്നും ഓര്‍ത്തില്ല വിറച്ചുകൊണ്ടുതന്നെ അവള്‍ മുന്‍പ് ഇരുന്ന പാറക്കെട്ടുകള്‍ക്കിടയിലേക്ക് ഓടിച്ചെന്നു. ആ പാറയില്‍ അഭയം പ്രാപിച്ചു. കുറെ നേരം അങ്ങനെ ഇരുന്നപ്പോള്‍ അവള്‍ക്ക് ഇത്തിരി ധൈര്യമൊക്കെ തോന്നി തുടങ്ങി. എതായാലും ഈ രാത്രി  ഇവിടെ ഇങ്ങനെ ഇരിക്കുകയല്ലാതെ വേറെ രക്ഷയില്ല. ആ സമയം അകലേക്ക് നോക്കിയപ്പോള്‍ പട്ടണത്തിലെ കെട്ടിടങ്ങളില്‍ നിറയെ വെളിച്ചം. പട്ടണത്തിന്‍റെ ആകാശവും വെളിച്ചം നിറഞ്ഞിരിക്കുന്നു. അതിനപ്പുറമുള്ള പ്രദേശങ്ങള്‍ ഇരുണ്ടു കിടക്കുന്നു. അങ്ങനെ ഇരുണ്ടു കിടക്കുന്ന ആ ഒരു ഭാഗത്താണ് തന്‍റെ വീട് എന്ന് അവള്‍ മനസ്സില്‍ കണക്കു കൂട്ടി. അപ്പോഴാണ്‌ അവള്‍ക്ക് വീടിനെ കുറിച്ച് ഓര്‍മ്മ വന്നത്. വീട്ടില്‍ ഇപ്പോള്‍ അച്ഛനും അമ്മയുമൊക്കെ എന്തു ചെയ്യുകയായിരിക്കും? തന്നെകാണാതെ അവര്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. അതോര്‍ത്തപ്പോള്‍ അവളുടെ മനസ്സ് വിതുമ്പി. അവള്‍ക്ക് കരച്ചില്‍ വന്നു. അങ്ങനെ അവള്‍ പൊട്ടി പൊട്ടി ഉറക്കെ കരഞ്ഞു. അത് പക്ഷെ ആരും കേട്ടില്ല. താന്‍ ആരോടും പറയാതെ ഇങ്ങോട്ട് പോന്നതു വലിയ അബദ്ധമായിരുന്നു എന്ന് അപ്പോള്‍ അവള്‍ക്ക് ബോധ്യപ്പെട്ടു.

കുറെ കഴിഞ്ഞപ്പോള്‍ ആകാശത്തില്‍ നക്ഷത്രങ്ങൾ  നല്ലവണ്ണം തെളിഞ്ഞു. കരിമ്പാറക്കെട്ടുകളില്‍ ആരൊക്കയോ നില്‍ക്കുന്നതും നടക്കുന്നതുപോലെയുമൊക്കെ അവള്‍ക്ക് തോന്നി. എന്തൊക്കയോ ഇഴയുന്നതുപോലെയും ചിലതെല്ലാം തനിക്കു നേരെ വരുന്നതായും അവള്‍ക്ക് തോന്നി. പേടിച്ചു വിറച്ചുകൊണ്ടു അവള്‍ ആ പാറയോട് കൂടുതല്‍ കൂടുതല്‍ ഒട്ടിയിരുന്നു.

രാത്രിയില്‍ പലതരം ശബ്ദങ്ങള്‍ അവള്‍ കേട്ടു. ചീവീടുകളുടെയും ഒച്ചയും കൂമന്‍റെ മൂളലും  കുറുക്കന്‍മാരുടേയും ഓലികളും കേട്ടു. അകലെ നിന്ന് പട്ടികളുടെ നിര്‍ത്താതെയുള്ള കുരകളും കേട്ടുകൊണ്ടിരുന്നു. അങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ നാട്ടുവെളിച്ചം കൂടി കൂടിവന്നു. അതവള്‍ക്ക് ആശ്വാസമായി. അപ്പോള്‍ അവള്‍ വീണ്ടും ആ പാറയോട് ചേര്‍ന്ന് ചരിഞ്ഞു കിടന്നു. നല്ല പരുക്കാന്‍ പാറ. ഈ പാറയില്‍ രാത്രിയില്‍ ഇതുപോലെ ആരെങ്കിലും കിടന്നിട്ടുണ്ടാകുമോ? അതും ഒറ്റയ്ക്ക്! ഉണ്ടായിരിക്കില്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു.

അങ്ങനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ച് കിടന്നു. രാത്രിയ്ക്ക് തണുപ്പ് ഏറിവന്നു. ഇത്രയും നേരം പാറ നല്ല ചൂട് ഉണ്ടായിരുന്നതിനാല്‍ കിടക്കുമ്പോള്‍ തണുപ്പ് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ പാറയും തണുത്തു തുടങ്ങി. ആ തണുപ്പില്‍ അവള്‍ ചുരുണ്ടുകൂടി. എങ്കിലും അവള്‍ക്ക് ഉറക്കം വന്നില്ല. 

രാവിലെ പാറ കയറി കുറച്ചുനേരം ഇരുന്ന് എല്ലാം കണ്ടു മടങ്ങാം എന്ന് കരുതിയാണ് വീട്ടില്‍ നിന്നും പോന്നത്  എന്നാല്‍ പാറ കയറി കഴിഞ്ഞപ്പോള്‍ വിശപ്പും ദാഹവും കൊണ്ട് അവിടെ കിടക്കുകയും മയങ്ങിപ്പോവുകയും ചെയ്തു. പിന്നെ എണീറ്റതോ സന്ധ്യക്കും. തനിക്കെന്തു പറ്റിയെന്നു എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇങ്ങോട്ട് നടന്നുവന്നതും ഈ പാറ കയറിയതും എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഈ പാറയില്‍ കുറച്ചുനേരം ഇരുന്ന് വേഗം തിരിച്ചു പോയിരുന്നുവെങ്കില്‍ ആരും ഇതൊന്നും അറിയുമായിരുന്നില്ല. ഇനിയിപ്പോള്‍ താന്‍ നാളെ രാവിലെ വീട്ടില്‍ എത്തുമ്പോള്‍ തന്നെ അച്ഛനും അമ്മയും നാട്ടുകാരും ബന്ധുക്കളും താന്‍ എവിടെയായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്നും ചോദിക്കും. പറഞ്ഞാല്‍ ചിലര്‍ വിശ്വസിക്കും . ചിലര്‍ വിശ്വസിക്കില്ല. ഇങ്ങനെ പലതരം ചിന്തകളാല്‍ മനസ്സ് കുഴഞ്ഞു മറിഞ്ഞു. ഇനി വീട്ടില്‍ എത്തിയാല്‍ എന്തൊക്കെയാണാവോ സംഭവിക്കാന്‍ പോകുന്നത്! അച്ഛന്റേയും അമ്മയുടേയും കയ്യില്‍നിന്ന് പൊതിരെ തല്ലു കിട്ടും. ശകാരവും ഉണ്ടാകും. തീര്‍ച്ച!  അതോര്‍ത്തപ്പോള്‍ അവളുടെ മനസ്സ് ഒന്നുകൂടി പിടഞ്ഞു.

അങ്ങനെ പലതും ഓര്‍ത്തോര്‍ത്തു കിടന്നു. നേരം വെളുക്കാറായി. ഒരുപോള കണ്ണടച്ചിട്ടില്ല. ഒരു ചെറിയ വെളിച്ചം കിട്ടിയാല്‍ മതി. ഉടനെ ഈ പാറയില്‍നിന്നും ഇറങ്ങി വീട്ടിലേക്ക് ഓടണം. പുലര്‍ച്ചെ എവിടെയോ കോഴി കൂവുന്നത് കേട്ടു. പല തരം കിളികളും ഒച്ചവെച്ചു തുടങ്ങി. കാക്കകളും കലപില കൂട്ടി. അങ്ങനെയിരിക്കെ കിഴക്ക് ചുവന്നു തുടുത്തു. കാണെക്കാണെ അവിടം വെള്ളിവെളിച്ചം പരന്നുതുടങ്ങി. ഇപ്പോള്‍ ഒരു മാതിരി പാറ ഇറങ്ങേണ്ട വഴികളും ചെറുതായി കണ്ടു തുടങ്ങി. പിന്നെ അവള്‍ അവിടെ കിടന്നില്ല. വേഗം എഴുന്നേറ്റു. ചുറ്റുപാടും വെറുതെയൊന്നു വീക്ഷിച്ചു. ആ പാറയില്‍ നിന്നും വേഗം ഇറങ്ങി. താഴെ എത്തിക്കഴിഞ്ഞപ്പോള്‍ ആശ്വാസമായി . പാറയെ അതിന്‍റെ ആകാരത്തെ ഒന്നുകൂടി നോക്കി നിന്നു. പിന്നെ തിരിഞ്ഞ് വീട്ടിലേക്കുള്ള നടവഴിയിലൂടെ ഓടാന്‍ തുടങ്ങി.

*
വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ഉമ്മറത്തുതന്നെ ചുരുണ്ടുകിടക്കുന്നു. വാതില്‍ തുറന്നു കിടക്കുന്നുണ്ട്.

-അമ്മേ.....

എന്ന് വിളിച്ചതും ശാരദ തലയുയര്‍ത്തി നോക്കി. പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു.

-ന്‍റെ മോളേ......

അമ്മ ചാടി എഴുന്നേറ്റു വന്നു മോളെ കെട്ടിപ്പിടിച്ചുകരഞ്ഞു. അമ്മയുടെ ഒച്ചകേട്ട് അകത്തു നിന്നും രമണിയും കാര്‍ത്തികേയനും ഓടിവന്നു. അച്ഛന്‍ സുധാകരന്‍ മോളെ അന്വേഷിക്കേണ്ട കാര്യങ്ങള്‍ ആരോടോക്കയോ പറയാന്‍ അപ്പോഴേക്കും വീട്ടില്‍ നിന്നും പുറത്തു പോയിരുന്നു. ഉണ്ടായ കാര്യങ്ങളെല്ലാം ഒരുവിധം ചോദിച്ചറിഞ്ഞ കാര്‍ത്തികേയന്‍ സ്വന്തം വീട്ടിലേക്ക് ഓടി. അവിടെ ചെന്ന് മുറ്റത്ത് മാവില്‍ ചാരി വെച്ചിരിക്കുന്ന സൈക്കിളുമെടുത്ത് സുധാകരനെ അന്വേഷിക്കാന്‍ പുറപ്പെട്ടു.

കാര്‍ത്തികേയന്‍ പോയ വഴിയെല്ലാം കണ്ടവരോട് കാര്യങ്ങള്‍ പറഞ്ഞു. അറിഞ്ഞവരെല്ലാം ചിത്രലേഖയെ കാണാന്‍ ഓടിയെത്തി. അങ്ങനെ മുറ്റം ആളുകളെകൊണ്ട് നിറഞ്ഞു. ആ സമയത്തു തന്നെയാണ്  സുധാകരനെ കണ്ടെത്തിയ കാര്‍ത്തികേയന്‍ അയാളെയും പിന്നില്‍ ഇരുത്തികൊണ്ട് അവിടേക്ക് സൈക്കിളില്‍ വന്നിറങ്ങിയത്.

സൈക്കിളില്‍ നിന്നും ഇറങ്ങിയ സുധാകരന്‍ ഓടിച്ചെന്നു ചിത്രലേഖയെ അമ്മയില്‍നിന്നും പിടിച്ചു മാറ്റി ചെകിടത്തു രണ്ടു പൂശു വെച്ചുകൊടുത്തു. എന്നിട്ട് അലറികൊണ്ട് പറഞ്ഞു:

-നീ ഞങ്ങളെ തീ തിന്നിക്കുകയാണോ? കുരുത്തം കെട്ടോളെ..!

ഇതുകണ്ട പെണ്ണുങ്ങളെല്ലാം കൂട്ട നിലവിളിയായി. അവരെല്ലാം കൂടി ചിത്രലേഖയെ പൊതിഞ്ഞു. കാര്‍ത്തികേയന്‍ ചെന്ന് സുധാകരനെ പിടിച്ചുമാറ്റി.. എന്നിട്ടും സുധാകരന്‍റെ കലി അടങ്ങിയില്ല. അയാള്‍ പിന്നെയും അവളെ ഉറക്കെയുറക്കെ ചീത്ത പറഞ്ഞുകൊണ്ടിരുന്നു.

അടികൊണ്ട വേദനയിലും താന്‍ ചെയ്തത് തെറ്റായിപ്പോയി എന്ന തോന്നലിലും ചിത്രലേഖ മുഖം താഴ്ത്തി താഴെ നിലത്തുതന്നെ ഇരുന്നു. അവള്‍ക്കു ചുറ്റും പെണ്ണുങ്ങളും ഇരുന്നു. എന്താണ് ഉണ്ടായത്? എന്ന അവരുടെ അന്വേഷണത്തിനു ശരിയായ ഒരുത്തരം നല്‍കാന്‍ അവക്കായില്ല. എങ്കിലും അവള്‍ ഒരുവിധം എല്ലാം പറഞ്ഞൊപ്പിച്ചു ഇതെല്ലാം കേട്ട് കലിമൂത്ത സുധാകരന്‍ വീണ്ടും അവളെ തല്ലാന്‍ ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുന്നു. അപ്പോഴേക്കും ആരൊക്കയോ ചേര്‍ന്ന് അയാളെ തടഞ്ഞു.

മനസ്സില്‍ കുറ്റബോധം കൂടിവന്ന ചിത്രലേഖ ആളുകളില്‍ നിന്നും രക്ഷപ്പെടാനും അച്ഛന്‍റെ തല്ലും ചീത്തയും ഒഴിവാക്കുവാനും ഒരു സൂത്രം ഉപയോഗിച്ച് നോക്കിയാലോ എന്ന് കണക്കുകൂട്ടി. അത് പ്രയോഗിക്കുകതന്നെ. അല്ലാതെ തല്‍ക്കാലം രക്ഷയില്ല.

അങ്ങനെ തല കുമ്പിട്ടിരുന്ന ചിത്രലേഖ കണ്ണുകള്‍ ഉരുട്ടി തുറുപ്പിച്ചുകൊണ്ട് ചുറ്റുമിരിക്കുന്ന പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും നേരെ അതിരൂഷമായൊന്നു നോക്കി. തന്‍റെ മുന്നിലിരിക്കുന്ന അമ്മ ശാരദയേയും അയല്‍ക്കാരി രമണിയെയും മുതല്‍ അവിടെ കൂടിയിരിക്കുന്ന അയല്‍ക്കാരെ ആരേയും അവള്‍ക്ക് അന്നേരം ഒരു പരിചയവും ഇല്ല. ഇരുന്നിടത്ത് ഇരുന്നുകൊണ്ട്തന്നെ അവള്‍ വിറക്കാന്‍ തുടങ്ങി. ഇടയ്ക്ക് നാവ് പുറത്തേക്കു നീട്ടും. ഇടയ്ക്ക് വായയൊന്നു ഇടത്തോട്ടും വലത്തോട്ടും കോടും. രണ്ടു കൈകളും വിരലുകളെല്ലാം ബലത്തില്‍ നിവര്‍ത്തി സാവധാനം മുഷ്ടിചുരുട്ടും. ഇടയ്ക്ക് ചിലരുടെ മാത്രം മുഖത്തേക്ക് കണ്ണടയ്ക്കാതെ ഒറ്റനോട്ടം. ആ നോട്ടം ഏറ്റവര്‍ ഏറ്റവര്‍ മുഖം തിരിക്കും. അവര്‍ക്ക് പിന്നെ അവളെ നോക്കാന്‍ ഒരു പേടി തോന്നി. ആളുകള്‍ അങ്ങനെ ഭയക്കുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ അവള്‍ക്ക് ചിരിവന്നു. അങ്ങനെ അവള്‍ അറിയാതെ പൊട്ടിച്ചിരിച്ചു. ആ ചിരി കണ്ട് അച്ഛന്‍ സുധാകരന്‍ പോലും ഭയന്നു.

ഇവൾക്കെന്തുപറ്റി? പലരും മുറുമുറുത്തു. താഴെ അവളോടൊപ്പം ഇരുന്നിരുന്ന പലരും പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. അമ്മ ശാരദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്‍റെ മോള്‍ക്ക് എന്ത് പറ്റിയാവോ? അവര്‍ രണ്ടു കൈകളും കൂപ്പി ദൈവത്തിനെ വിളിക്കാന്‍ തുടങ്ങി. അപ്പോള്‍ മകളുടെ മുഖത്തെ ഭാവങ്ങള്‍ മാറി മാറി വ്യത്യാസപ്പെട്ടുകൊണ്ടിരുന്നു..

വല്ലതും കണ്ട് രാത്രി പേടിച്ചിട്ടുണ്ടായിരിക്കും. ആളുകള്‍ പറഞ്ഞു. രാത്രിയില്‍ ആ പാറയില്‍ ഒറ്റപ്പെട്ടു പോയതല്ലേ! ഞാനൊക്കെയായിരുന്നെങ്കില്‍ അവിടെ കിടന്നു പേടിച്ചുവിറച്ച് ചത്ത്‌പോയേനെ! ചലര്‍ പറയുന്നത്കേട്ട് ചിത്രലേഖയ്ക്ക് സന്തോഷമായി. അപ്പോള്‍ താനൊരു ധീരയാണ്! മറ്റു പലര്‍ക്കും ചെയ്യാന്‍ കഴിയാത്തത് തനിക്ക് ചെയ്യാന്‍ പറ്റിയിരിക്കുന്നു. അപ്പോള്‍ അവള്‍ രണ്ടു കൈകളും മുഷ്ടിചുരുട്ടി മുകളിലേക്ക് ഉയര്‍ത്തുകയും നെഞ്ചിനോട് അടുപ്പിക്കുകയും ചെയ്തു.

ഇതെല്ലാം നാട് മുഴുവന്‍ അറിയുകളും നാട്ടുകാര്‍ മൊത്തം സുധാകരന്‍റെ വീട്ടിലും റോഡിലും വന്നു നിറയുകയും ചെയ്തു. പലരും പലതരം അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി. ചിലര്‍ പറഞ്ഞു ഇവളെ ഡോക്ടറെ കാണിക്കണം. വേറെ ചിലര്‍ പറഞ്ഞു കാളിയുടെ അമ്പലത്തില്‍ പോയി പൂജകള്‍ കഴിച്ചാല്‍ മതിയെന്ന്. ഇങ്ങനെ ആകെ ആശയകുഴപ്പത്തിലായി നില്‍ക്കുന്ന നേരത്ത് ചിത്രലേഖ പതുക്കെ എഴുന്നേറ്റു. എന്നിട്ട് ഒറ്റക്കാലില്‍ നിന്നു. അതുകണ്ട് ഒരാള്‍ പറഞ്ഞു ഇവളുടെ ശരീരത്തില്‍ ശിവനാണ് കയറിയിരിക്കുന്നത്!  ദേ.... കണ്ടില്ലേ ശിവന്‍ ഒറ്റക്കാലില്‍ തപസ്സ് ചെയ്യുന്നതുപോലെ നില്‍ക്കുന്നത്.... അതിനാല്‍ ഇവളെ ശിവന്‍റെ അമ്പലത്തില്‍ ഉടനെ കൊണ്ടുപോയി നേര്‍ച്ചകള്‍ നേര്‍ന്നു വേണ്ട പൂജകള്‍ ചെയ്‌താല്‍ മതി. എല്ലാം നേരെയാകും. ഒരു പേടിയും പേടിക്കേണ്ട......!

ആ പറഞ്ഞതില്‍ കാര്യമുണ്ടെന്നു എല്ലാവര്‍ക്കും തോന്നി.    

അങ്ങനെയിരിക്കുമ്പോഴാണ് ഒരാള്‍ പറഞ്ഞത് നമ്മുടെ തെക്കേക്കരയില്‍ വലിയൊരു വീട് വാടകയ്ക്കെടുത്ത് ഒരു സ്വാമി വന്നിട്ടുണ്ടെന്നും അയാളെ കുട്ടിയെ ഒന്ന് കാണിക്കുന്നത് നല്ലതാണെന്നും. സ്വാമിയുടെ ശരിക്കുള്ള പേരറിയില്ലെന്നും . സ്വാമിയെ എല്ലാവരും ശിവാനന്ദസ്വാമി എന്നാണു വിളിക്കുന്നതെന്നും  നമുക്കൊന്ന് അങ്ങോട്ട്‌ പോയിനോക്കാമെന്നും പറയുന്നത്. അത് കേട്ട്  അയാള്‍ സ്വാമിയൊന്നും അല്ലെന്നും വെറും ആസാമിയാണെന്നും മറ്റൊരാള്‍ പറഞ്ഞു.

അങ്ങനെ കുറെ നേരത്തെ ചര്‍ച്ചകളും കൂടിയാലോചനകള്‍ക്കും ശേഷം അവസാനം കുട്ടിയെ  സ്വാമിയുടെ അരികിലേക്ക് തന്നെ   കൊണ്ടുപോകാമെന്ന് തീരുമാനിച്ചു.

ആ സമയത്താണ് സ്കൂളില്‍നിന്നും ദിവാകരന്‍ മാഷ്‌ വന്നത്. മാഷോട് ഉണ്ടായ കാര്യങ്ങളെല്ലാം വിവരിച്ചു. അവസാനം മാഷ്‌ പറഞ്ഞു കുട്ടിക്ക് ഒരു കൗൺസലിംഗ് മതിയെന്ന്. 

പക്ഷേ, അവിടെ കൂടിയവര്‍ക്കൊന്നും അത് പിടികിട്ടിയില്ല. മാഷ്‌ പറഞ്ഞ കാര്യങ്ങളൊന്നും അവര്‍ ചെവികൊണ്ടില്ല. മാഷ്‌ ചിത്രലേഖയെ കണ്ടു തോളില്‍ തട്ടി  ആശ്വസിപ്പിച്ചു. ഒന്നുകൊണ്ടും ഭയക്കാനില്ലെന്നും രണ്ടു ദിവസം കഴിഞ്ഞിട്ട് സ്കൂളില്‍ വന്നാല്‍ മതിയെന്നും പറഞ്ഞ് മാഷ്‌ മടങ്ങിപ്പോവുകയും ചെയ്തു.

ഏതായാലും ശിവാനന്ദസാമിയെ കാണാന്‍ തീരുമാനിച്ചുവല്ലോ. ഇനി മോള് പോയി ഒന്ന് കുളിച്ചു റെഡിയായി വരൂ. ... ഞങ്ങള്‍ വീട്ടിലൊന്നു പോയിട്ട് വരാം. ഞാനും രമണിയും ഇന്നലെ മുതല്‍ ഇവിടെത്തന്നെയായിരുന്നു. നിങ്ങള്‍ക്കുള്ള ഭക്ഷണവും ഞങ്ങള്‍ തന്നെ ഒരുക്കാം. ഇവിടെ ഇനി ഒന്നും ഒരുക്കാന്‍ നിക്കണ്ട..... കാര്‍ത്തികേയന്‍ ശാരദയോട് പറഞ്ഞു. അങ്ങനെ രമണിയും കാര്‍ത്തികേയനും ആ വീട് വിട്ടിറങ്ങി. പിന്നെ അവിടെ കൂടിയവരും സാവധാനം പലവഴിക്കും പിരിഞ്ഞുപോയി. സുധാകരന്‍ ഒന്നും പറയാനില്ലാതെ ഒരു മൂലയില്‍ ചെന്നിരുന്നു. അമ്മ മകളെയും കൂട്ടി അകത്തേക്ക് നടന്നു.

*
കുളിയും ഒരുക്കങ്ങളും എല്ലാം കഴിഞ്ഞ് ചിത്രലേഖയും ശാരദയും രാമണിയെയും കാര്‍ത്തികേയനെയും കാത്തിരുന്നു. അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവര്‍ അവിടെയെത്തി..

-സുധാകരേട്ടനെവിടെ?

കാര്‍ത്തികേയന്‍ ചോദിച്ചു.

-ആള് സാമിയുടെ അടുത്തേക്ക് വരുന്നില്ലെന്നാ പറഞ്ഞത്. നമ്മള്‍ മൂന്നാളും ഇവളെയും കൂട്ടി പോയി വരാന്‍ പറഞ്ഞു. കൊറച്ചു കാശും എന്‍റെ കയ്യില്‍ തന്നിട്ട് എവിടെക്കോ പോയി. ആള്ക്ക് ഈ സാമിയെയൊന്നും വിശ്വാസമില്ല. എല്ലാവരുംകൂടി പറഞ്ഞപ്പോള്‍ സമ്മതിച്ചുന്നേയുള്ളൂ.

ശാരദ പറഞ്ഞു.

-എങ്കി നമുക്ക് വേഗം പോവാം .... സമയം കളയേണ്ട.... അവിടെ ചെലപ്പോ തെരക്ക് ഉണ്ടാകും.

അങ്ങനെ അവര്‍ സാമിയെ കാണാന്‍ പുറപ്പെട്ടു.

സാമിയുടെ വീട്ടിലേക്ക് അധികം ദൂരമൊന്നുമില്ല. പതുക്കെ നടന്നാല്‍ പോലും ഒരു ഇരുപത് മിനിട്ട് മതിയാകും അവിടേക്ക് എത്താന്‍. ഒരു ഇരുനില ടറസ്സ് വീടും വലിയ പറമ്പു൦ ചുറ്റും മതിലു൦ വലിയ ഗെയിറ്റും ഒക്കെയായി ഒരു വീട്. ചുവരുകള്‍ക്ക് കാവിയും കറുപ്പും നിറങ്ങള്‍ കൊടുത്തിരിക്കുന്നു. ജനാലകളും വാതിലുകളും കരിഞ്ചുവപ്പും! ഇങ്ങനെ നിറങ്ങള്‍ കൊടുത്ത ഒരു വീട് കണ്ട് അമ്പരപ്പോടെയാണ് ചിത്രലേഖ അങ്ങോട്ട്‌ കയറിയത്. മറ്റുള്ളവരൊന്നും ഇത്തരം കാര്യങ്ങള്‍ തീരെ ശ്രദ്ധിച്ചതേയില്ല.

വിശാലമായ മുറ്റത്ത് നാലോളം കാറുകള്‍ കിടക്കുന്നുണ്ട്. കൂടാതെ ഒരു ജീപ്പും രണ്ടു ഓട്ടോറിക്ഷകളും.  വണ്ടികളില്‍ വന്നവര്‍ പലരും പലയിടത്തും കൂട്ടംകൂടി എന്തൊക്കയോ സംസാരിച്ചു നില്‍ക്കുന്നു. കുറെ പേര്‍ സാമിയെ കാണാന്‍ വീടിനകത്തെ വലിയ ഹാളില്‍ തന്നെയിരിക്കുന്നു. വരുന്നവര്‍ക്ക് ചായയോ വെള്ളമോ എല്ലാം ഏതു സമയത്തും കിട്ടുന്ന തരത്തില്‍ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. ഉച്ചയാകുമ്പോള്‍ അവിടെ ഉള്ളവര്‍ക്ക് ഭക്ഷണവും ഉണ്ടാകും . അതിനൊന്നിനും പ്രത്യേകം പണമൊന്നും നല്‍കേണ്ടതില്ല. ഇതെല്ലാം കേള്‍ക്കുമ്പോള്‍ വരുന്നവര്‍  കണ്ടറിഞ്ഞു കൊടുക്കും. എല്ലാവരും കാണ്‍കെ തന്നെയാണ് സാമാന്യം വലുപ്പത്തിലുള്ള ഒരു ചെമ്പുരുളി വെച്ചിരിക്കുന്നത്.. അതിന്‍റെ നടുവില്‍ ശിവനും പാര്‍വതിയുടേയും ഒരു  ഫോട്ടോ.. അതിനുമുന്നില്‍ ഒരു താലത്തില്‍ പൂക്കളും ചന്ദനത്തിരിയും ഒരു ചെറിയ തിരിവിളക്കും. ആ പാത്രത്തിലേക്ക് ആളുകള്‍ തങ്ങള്‍ക്ക് കഴിയാവുന്ന തുകകള്‍ ഇടുന്നു. സാമിയോ പരിവാരങ്ങളോ അതൊന്നും ശ്രദ്ധിക്കുകയേയില്ല.

അകത്ത് ശിവസ്തുതികളുടെ ഒരു നേര്‍ത്ത ആലാപനം എപ്പോഴും ഒഴുകികൊണ്ടിരിക്കും. ചിലര്‍ വീടിനകത്തെ ഏതെങ്കിലും ഒരു മൂലയിലോ മറ്റോ ഇരുന്നു ശിവനാമം ജപിച്ചുകൊണ്ടിരിക്കും. ആര്‍ക്കൊക്കെ എന്തൊക്കെ വിഷയങ്ങളാണ് എന്നൊന്നും പരസ്പരം അറിയില്ലല്ലോ. ആദ്യം വന്നവര്‍ ആദ്യം സാമിയെ കാണുക. അതെല്ലാം ആരും പറയാതെതന്നെ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ച് തങ്ങള്‍ ആരുടെ പിറകിലാണ് എന്ന് സ്വയം മനസ്സിലാക്കുന്നു. ആരും ഇടയില്‍ ചാടി കയറി സാമിയെ കാണാന്‍ ചെല്ലില്ല. 

വലിയ ഹാളിനോടു ചേര്‍ന്ന് ഒരു മുറിയുണ്ട്. ആ മുറിയില്‍ ചെന്ന് വരുന്നവര്‍ ആദ്യം സാമിയെ കാണുന്നു. അതോടെ വരുന്നവരുടെ  വിവരങ്ങളും പ്രശ്നങ്ങളും സാമി, മനസ്സിലാക്കു൦ . പിന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകുവാന്‍ വേണ്ട കാര്യങ്ങള്‍ നിര്‍ദ്ദേശിക്കു൦. അതിനു ശേഷം ഹാളില്‍ തന്നെ പ്രത്യേകം ഒരുക്കിയിട്ടുള്ള ഒരു പീഠത്തില്‍ സാമി ചമ്രം പടിഞ്ഞ്‌ ഇരിക്കു൦.. ആ ഇരിക്കലില്‍ പെണ്‍കുട്ടികളായാലും ശരി യുവതികളായാലും ശരി തന്‍റെ മടിയില്‍ അഭിമുഖമായി അവരെ ഇരുത്തു൦. . ശരീരമാസകലവും മുഖവും ഭസ്മം പൂശി കുറികളും വരച്ച സാമി ശിവ ഭഗവാന്‍റെ അനുഗ്രഹത്താല്‍ ഒരു കോണകം മാത്രമേ ധരിക്കുകയുള്ളൂ. ഇതെല്ലാം കണ്ട് വന്നവര്‍ നിശബ്ദരായി നില്‍ക്കുന്നുണ്ടാകും. കാലുകള്‍ അങ്ങോട്ടുമിങ്ങോട്ടുമായി തന്‍റെ മടിയില്‍ അഭിമുഖമായി ഇരുത്തുന്ന യുവതിയെ സാമി ആകെയൊന്നു ഉലക്കും. പിന്നെ മുകളിലേക്കും താഴേക്കും ഒന്ന് പൊക്കി ഇരുത്തും. പിന്നെ എന്തൊക്കയോ അപശബ്ദങ്ങള്‍ അട്ടഹാസങ്ങള്‍ എല്ലാം പുറപ്പെടുവിക്കും. സാമിയും ഒരു ബാധയേറ്റവനെപോലെ ഇരുന്നു വിറക്കും. ഇതിനിടയില്‍ സാമിയുടെ ലിംഗം മടിയിലിരിക്കുന്നയാളുടെ യോനീമുഖത്ത് ഒന്ന് ചുംബിക്കും. ചിലപ്പോള്‍ ആ ചുംബനം അല്‍പ്പസമയം നീണ്ടെന്നിരിക്കും. ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെകില്‍ സാമിയുടെ വലത്തേ കൈയാല്‍ യോനീപരസരങ്ങള്‍ ഒന്ന് പരിശോധിക്കും . അതോടെ ബാധ തന്‍റെ കൈപിടിയിലാകും. പിന്നെ ഒരുപിടി ഭസ്മം വാരിയെടുത്ത് യുവതിയുടെ മുഖത്തേക്ക് ഒരു പൂശലും കഴിയുന്നതോടെ ആ യുവതിയുടെ അസുഖമോ ബാധയോ എന്തായാലും മാറിയിരിക്കും.

പിന്നീട് ആ അസുഖക്കാരി അവിടേക്ക് വരില്ല. അസുഖം മാറിയതിനാല്‍ പിന്നീട് അങ്ങോട്ട്‌ വരേണ്ട കാര്യമില്ലല്ലോ. അതാണ്‌ സാമിയും പരിചാരകരും പറയുന്നത്. അതിനാല്‍ ആദ്യ വരവില്‍ തന്നെ വരുന്നവര്‍ തങ്ങള്‍ക്കാവുന്നത് പണമായോ ആഭരണമായോ ഉരുളിയില്‍ ഇടും. ചിലര്‍ വരുമ്പോള്‍ കയ്യില്‍ കാശു വേണ്ടത്ര കരുതിയിട്ടുണ്ടാവില്ല. അങ്ങനെ വരുമ്പോഴാണ് പലരും കാതിലെ കമ്മലോ. മൂക്കുത്തിയോ, വളയോ, മാലയോ എല്ലാം നിക്ഷേപിക്കുക.  എന്തായാലും കുട്ടിയുടെ അസുഖം മാറിയല്ലോ എന്നായിരിക്കും രക്ഷിതാക്കള്‍ ചിന്തിക്കുക.

സാമി ഇതെല്ലാം ചെയ്യുന്നത് രക്ഷിതാക്കളുടെ മുന്നില്‍ വെച്ചുതന്നെയാണ്. അവരും തൊഴുകയ്യോടെ ഉറക്കെ പ്രാര്‍ഥിച്ചു അവിടെ അങ്ങനെ നില്‍ക്കും. സാമിയുടെ ഈ പൂജകയുളും പ്രയോഗങ്ങളും കഴിഞ്ഞാല്‍ ബാധയേറ്റ ആളിനെ വിശ്രമിക്കാന്‍ വീടിന്‍റെ മുകള്‍ നിലയിലെ മുറികളിലേക്ക് വിടും. അവിടെ മൂന്നു മുറികളും ബാത്ത് റൂമും എല്ലാം ഉണ്ട്. അവിടെ കിടക്കയിലോ നിലത്തോ എവിടെ വേണമെങ്കിലും കിടക്കാം. വിശ്രമം കഴിഞ്ഞാല്‍ കുളിച്ചു ഫ്രെഷായി വീട്ടിലേക്ക് മടങ്ങാം. അതെല്ലാം വരുന്നവരുടെ ഇഷ്ടം.

ചിത്രലേഖയേയുംകൊണ്ട് വീട്ടുകാര്‍ വന്നു. ആ സമയത്ത് മറ്റൊരു യുവതിയെ സാമി മടിയില്‍ ഇരുത്തി പൂജിക്കുകയായിരുന്നു. ഈ പൂജകളും അട്ടഹാസങ്ങളും കണ്ടു ചിത്രലേഖ അമ്പരന്നു. താനും ഇതിനൊക്കെ വിധേയമാകുന്ന അവസ്ഥ ആലോചിച്ച് അവള്‍ നടുങ്ങി. 

അവസാനം അവള്‍ അമ്മയോട് പറഞ്ഞു .

-അമ്മേ നമുക്ക് ഇവിടെനിന്നും പോകാം! എനിക്ക് ഒരസുഖവുമില്ല!!

ഇത് കേട്ടതും അമ്മ പൊട്ടിക്കരഞ്ഞു. ആ കരച്ചില്‍ കേട്ട് അവിടെയുള്ളവര്‍ എല്ലാവരും അവരെ നോക്കി. ചിലര്‍ അടുത്തുവന്ന് കാര്യം അന്വേഷിച്ചു. എന്നിട്ട് പറഞ്ഞു

-ഇവിടെ വരുന്നവര്‍ ആദ്യം തന്നെ ഇങ്ങനെതന്നെയാണ് പറയുക. സാമിയുടെ പൂജ കഴിഞ്ഞാല്‍ എല്ലാം മാറും. ഞങ്ങളുടെ മുന്‍പ് ഉണ്ടായിരുന്ന കുട്ടി എത്ര ഉഷാറായിട്ടാ ഇവിടെനിന്നും പോയത്. ദാ ദിപ്പോ പോയതേയുള്ളൂ.... ഇവിടെ വരുന്നവരെല്ലാം മാറീട്ടുതന്നെയാ പോകുന്നത്. അതിനാല്‍ ഒന്നുകൊണ്ടും പേടിക്കേണ്ട....

എന്തിനു പറയണു തനിക്കും ഇതെല്ലാം അനുഭവിക്കേണ്ടിവരും എന്ന് ചിത്രലേഖയ്ക്ക് മനസ്സിലായി. രക്ഷപ്പെടാന്‍ മാര്‍ഗമില്ല. ഇറങ്ങി അവിടെനിന്നും ഓടിയാലോ എന്ന് അവള്‍ ആലോചിച്ചു. പിന്നെ ചുറ്റും നോക്കിയപ്പോള്‍ എവിടെയും ആളുകള്‍. താന്‍ എങ്ങോട്ട് ഓടിയാലും പിടിക്കപ്പെടും. പിടിക്കപ്പെട്ടാല്‍ അമ്മയും കാര്‍ത്തികേയന്‍ ചേട്ടനുമെല്ലാം എങ്ങനെ പ്രതികരിക്കുമെന്ന് ഒരു പിടിയുമില്ല.

അതിനാല്‍ സാമിയെ എങ്ങനെ നേരിടണം എന്നായി അവളുടെ ചിന്ത.  തന്‍റെ ഊഴം വരട്ടെ. അപ്പോഴേക്കും എന്തെങ്കിലുമൊക്കെ ആലോചിച്ചു ഉറപ്പിക്കണം. ഏതായാലും സാമിയെ നേരിടുക തന്നെ. ആരും ഒന്നും പറയില്ല. താന്‍ അസുഖക്കാരിയാണല്ലോ.  അങ്ങനെ കുറെ സമയം കഴിഞ്ഞു. മുന്‍പ് വന്നവരില്‍ കുറെ പേര്‍ പോയി കഴിഞ്ഞു.  പുതിയ ആളുകള്‍ വരികയും ചെയ്തു.

ഇപ്പോള്‍ ചിത്രലേഖയുടെ ഊഴം എത്തിയിരിക്കുന്നു.

സാമിയുടെ കോണകം മാത്രമുള്ള വേഷം കണ്ടപ്പോഴേ അവള്‍ക്ക് അയാളോട് കലിയായിരുന്നു. പിന്നെ മടിയിലിരുത്തിയുള്ള അയാളുടെ കാട്ടായങ്ങളും അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.  അങ്ങനെ പ്രക്ഷുബ്ധമനസ്സുമായാണ് അവള്‍ സാമിയുടെ അരികിലേക്ക് ചെന്നത്.

സാമി ചോദിച്ചു :

-എന്തു പറ്റി?

അപ്പോള്‍ ചിത്രലേഖ തിരിച്ചു ചോദിച്ചു.

-എന്താ പറ്റിയത്?

അപ്പോള്‍ സാമിക്ക് ദ്വേഷ്യം വന്നു.

-എവിടുന്ന് വന്നു? എന്തിനു വന്നു?

-എന്നെ ഇവിടേക്ക് കൊണ്ടുവന്നതാണ്.

-അതെനിക്കറിയാം. നിന്‍റെ എല്ലാ വിശേഷങ്ങളും നിന്‍റെ അമ്മയും കൂടെ വന്നവരും പറഞ്ഞു. ഞാന്‍ ചോദിക്കുന്നത് നിന്‍റെ ഉള്ളില്‍ കയറിയിരിക്കുന്ന ദുഷ്ട  ആത്മാവിനോടാണ്. എന്തിനു വന്നു? ആരാണ് നീ?

-ഞാന്‍ ചിത്രലേഖ. വേറെ ആരും എന്‍റെ കൂടെയില്ല.

-ആഹാ! നീയെന്നെ കളിപ്പിക്കുകായാണല്ലേ?

അയാള്‍ അലറിവിളിച്ചു. ഇതുകണ്ട് ശാരദയും രമണിയും അടക്കിപ്പിടിച്ച കരഞ്ഞു.

-ഓം ക്രീം! ഹും ഹം!!

ശിവമൂര്‍ത്തിയെ എനിക്ക് ശക്തിതരണേ....

മഹാദേവനെ വിശ്വസിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും വിധേയമാകും.

എന്നാണു എന്‍റെ ഭഗവാന്‍ എന്നോട് പറഞ്ഞിട്ടുള്ളത്

അതിനാല്‍ അധികം വിഷമിപ്പിക്കാതെ ഈ കൊച്ചിനെയും വേഗത്തില്‍ സുഖപ്പെടുത്തണേ......

ഓം നമശ്ശിവായ നമോ നമഹ

ഓം നമശ്ശിവായ നമോ നമഹ

ഓം ക്രീം ....

സാമി പതിവില്ലാത്ത വിധം ഉറഞ്ഞുതുള്ളി. അവിടെ കൂടിയവരെല്ലാം ഒറക്കെ പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഈ ഒച്ചയും ബഹളവും കേട്ട് വീടിനു പുറത്തു മുറ്റത്തും പറമ്പിലും കൂടിനിന്നു വര്‍ത്തമാനം പറഞ്ഞവരെല്ലാം ഹാളിനകത്തേക്ക് വന്നു. ആളുകള്‍ അവിടെ തിങ്ങി നിറഞ്ഞു.  

-നീ എന്‍റെ മടിയിലേക്ക് ഇരിക്കൂ ...

സാമി ഉറക്കെ ആജ്ഞാപിച്ചു.

-ഇല്ലാ... ഞാനിരിക്കില്ല

എന്ന് ചിത്രലേഖ പറഞ്ഞു തീരുമ്പോഴേക്കും സാമി അവളെ പിടിച്ചു മടിയിലിരുത്തി. അങ്ങട്ടുമിങ്ങോട്ടും കുലുക്കി. അവളാകെ ആടിയുലഞ്ഞു. അപ്പോള്‍ സാമിയുടെ കലികൊണ്ട്‌ നില്‍ക്കുന്ന ലിംഗം അവളുടെ യോനീ തടങ്ങളില്‍ തൊട്ടുരുമുകയും ചെയ്തു. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ചിത്രലേഖ മനസ്സിലാക്കും മുന്‍പ് അയാളുടെ വലത്തേ കയ്യും അവളുടെ തുടകള്‍ക്കിടയിലേക്ക് പാഞ്ഞു ചെന്നു. എട്ടുകാലി മുറുക്കുംപോലെ അയാളുടെ വിരലുകള്‍ അവിടമാകെ തകര്‍ത്തു.

ആ കടുത്ത വേദന സഹിക്കാന്‍ വയ്യാതെ ചിത്രലേഖ അയാളുടെ വലത്തേ കവിളില്‍ സര്‍വ്വ ശക്തിയും സംഭരിച്ച് ആഞ്ഞ് ഒന്ന് കൊടുത്തു.

ടപ്പേ!

തീര്‍ത്തും പ്രതീക്ഷിക്കാതെ അടി കിട്ടിയപ്പോള്‍ സാമിയും പകച്ചുപോയി. അവിടെ കൂടിയവരും അന്തംവിട്ടുനിന്നു. കരഞ്ഞുകൊണ്ട്‌ നിന്ന അമ്മയും രമണിയും കരച്ചില്‍ നിര്‍ത്തി. ആരും ഒന്നും മിണ്ടുന്നില്ല.

അടി കിട്ടിയ സാമി വേഗംതന്നെ ചിത്രലേഖയെ മടിയില്‍ നിന്നും തള്ളി താഴെയിട്ടു. ആരോടും ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി വാതിലടച്ചു. ഉഗ്രകോപിയായ സാമി ഇപ്പോള്‍ തിരിച്ചുവരും എന്ന് കരുതി ആളുകള്‍ നിശബ്ദരായി കുറച്ചു സമയം അവിടെയിരുന്നു. ഒടുവില്‍ കാര്‍ത്തികേയന്‍ പറഞ്ഞു

-വാ നമുക്ക് പോകാം.

അങ്ങനെ ചിത്രലേഖയും അമ്മയും കാര്‍ത്തികേയനും രമണിയും അവിടെനിന്നും ഇറങ്ങി. അവരോട് ആരും ഒന്നും മിണ്ടിയില്ല. ആരും അവരെ തടഞ്ഞതുമില്ല.
അവര്‍ പോയതിനുശേഷം അവിടെ കൂടിയവര്‍ കുറേശ്ശെ കുറേശ്ശെയായി സ്വയം പിരിഞ്ഞുപോയി.
*
വീട്ടിലെത്തി എല്ലാ വിശേഷങ്ങളും കേട്ടറിഞ്ഞ സുധാകരന്‍ മകളെ അഭിനന്ദിച്ചു.

-നീ തല്ലിയത് നന്നായി. അല്ലെങ്കില്‍ എത്ര കുട്ടികളെ അയാള്‍ നശിപ്പിച്ചേനെ....

എന്ന് സുധാകരന്‍ പറഞ്ഞപ്പോഴാണ് ചിത്രലേഖക്കും ആശ്വാസമായത്. അതുവരെ അവളും പേടിച്ചിരിക്കയായിരുന്നു തന്‍റെ പ്രവര്‍ത്തിയില്‍ ദ്വേഷ്യം വന്ന് അച്ഛന്‍ തന്നെ തല്ലുമോ  എന്ന് അവളും ഭയന്നിരുന്നു.

പിന്നീടാണ് ദിവാകരന്‍ മാഷ്‌ വന്നു പറഞ്ഞ കാര്യം അവര്‍ ഓര്‍ത്തത്. പിന്നെ ഒന്നും ആലോചിച്ചില്ല. മകളെയുംകൊണ്ട് നേരെ മെഡിക്കല്‍കോളേജിലേക്ക് പോയി. വിവരങ്ങള്‍ പറഞ്ഞു. 

അവിടത്തെ ഡോക്ടര്‍ അച്ഛനും അമ്മയുമായും സംസാരിച്ചു. പിന്നെ കുട്ടിയോട് മാത്രം സംസാരിച്ചു. കൂടാതെ മൂവരെയും ഇരുത്തി ഒന്നിച്ചു സംസാരിച്ചു. അതിനു ശേഷം  ഒന്നും പേടിക്കാനില്ലെന്നും ഒരു ടെന്‍ഷനും വേണ്ടെന്നും ചില കുട്ടികള്‍ക്ക് ഋതുമതിയാകുന്ന സമയത്ത് മാനസിക സമ്മര്‍ദ്ദങ്ങളും ചില വിഭ്രാന്തികളും ഉണ്ടാകാറുണ്ടെന്നും  കുറച്ചു ദിവസം കഴിഞ്ഞാല്‍ എല്ലാം മാറുമെന്നും എങ്കിലും വന്ന സ്ഥിതിക്ക് ഒന്നുരണ്ടു ഗുളികകള്‍ തരാമെന്നും  പറഞ്ഞു മരുന്ന് കൊടുത്തു. അതോടെ അവളുടെ എല്ലാ അസുഖവും മാറി. വീണ്ടും പഴയ ഉണര്‍വ്വോടെ സ്കൂളില്‍ പോകാന്‍ തുടങ്ങി.
*
നമ്മുടെ സാമിയോ ? അയാള്‍ക്കെന്തു പറ്റി?
സാമിക്ക് തല്ലു കിട്ടിയ വിവരം കാട്ടുതീപോലെ ആ പ്രദേശങ്ങളാകെ പരന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ പറഞ്ഞു സാമിയെ ഈ നാട്ടില്‍ നിന്നും ഓടിക്കണം. അങ്ങനെ അവര്‍ കൂട്ടമായി ചെന്നു സാമിയുടെ വീട്ടില്‍ കയറി.

സാമി ധ്യാനത്തില്‍ ഇരിക്കുകയാണെന്ന് വീട്ടുകാര്‍ പറഞ്ഞു നോക്കി. വന്നവരുണ്ടോ വിടുന്നു. അവര്‍ കുറ്റിയിട്ട വാതിലില്‍ ഉറക്കെ ഇടിച്ചു. പുറത്തുവന്നില്ലെങ്കില്‍ വാതില്‍ തകര്‍ക്കുമെന്നും സാമിക്കു തല്ലു കിട്ടുമെന്നും ഉറക്കെ വിളിച്ചുപറഞ്ഞു.

അതു പറഞ്ഞുകഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു മുണ്ടും ജുബ്ബയും ധരിച്ച സാമി സാവധാനം പുറത്തുവന്നു.
ചെറുപ്പക്കാര്‍ സാമിയെ തല്ലാന്‍ നോക്കി. ഈ വക അഭ്യാസങ്ങള്‍ ഇവിടെ നടക്കില്ലെന്നു പറഞ്ഞു കഴുത്തിന്‌ പിടിച്ചു.

തന്നെ ഒന്നും ചെയ്യരുതെന്നും താന്‍ ഈ നാട് വിട്ടു പോവുകയാണെന്നും ഇനി ഈ തൊഴില്‍ ചെയ്യില്ലെന്നും സാമി അവര്‍ക്ക് വാക്ക് കൊടുത്തു. പിറ്റേന്ന് തന്നെ ആ വീട് ഒഴിഞ്ഞു എവിടേക്കോ പോവുകയും ചെയ്തു.

(*സ്വാമിയെ  - സാമി എന്നുതന്നെയാണ് എഴുതിയിരിക്കുന്നത്.) 
-----------------------

രാജന്‍ പെരുമ്പുള്ളി 
തൃശ്ശൂര്‍ ചെട്ടിയങ്ങാടിയില്‍ കഴിഞ്ഞ 23 വര്‍ഷമായി സ്വന്തമായി ബിസിനസ്. . 
മക്കള്‍ രണ്ടു പേര്‍:   തേജസ്വനി ,  ദൃശ്യ .  
ഭാര്യ  - ബിജി 

സൌഹൃദത്തിന്‍റെ  കൈയൊപ്പുകള്‍  എന്നൊരു പുസ്തകത്തില്‍   കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് 
കൂടാതെ ,   തസ്ലീമ നസ്റിന്‍റെ  ലജ്ജ - വീണ്ടും ലജ്ജിക്കുന്നു എന്ന രണ്ടു നോവലുകളെ ആസ്പദമാക്കി ചോര വീഴുന്ന മണ്ണ് എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കഥ, കവിത ,ലേഖനം , യാത്രാവിവരണമെല്ലാം എഴുതുന്നു.  

 തൃശൂര്‍ രാമവര്‍മ്മപുരത്തിനടുത്ത് അടിയാറയില്‍ താമസം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

View More