Image

യു.എസ്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരുടെ എണ്ണം കൂട്ടാൻ നീക്കം

Published on 15 April, 2021
യു.എസ്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരുടെ എണ്ണം കൂട്ടാൻ  നീക്കം
latest: എന്നാൽ ഇതിനായുള്ള ബിൽ ചർച്ചക്കെടുക്കേണ്ടതില്ലെന്നു സ്പീക്കർ നാൻസി പെലോസി ഉത്തരവിട്ടു.  താൽക്കാലം  ഈ നീക്കം അവസാനിച്ചു എന്ന് കരുതാം.
---------------------
 
യുഎസ് സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ  കൂടി നിയമിക്കാനുള്ള നിയമനിർമ്മാണത്തിന്  ഡെമോക്രാറ്റുകൾ ഒരുങ്ങുന്നു.
 
ഇതിനുള്ള ബിൽ പാസായാൽ  ജഡ്‌ജിമാരുടെ  എണ്ണം ഒമ്പതിൽ നിന്ന് 13 ആകും. 
 
 ജനാധിപത്യം ആക്രമണത്തിലാണെന്നും , മൂർച്ചയേറിയ പ്രഹരങ്ങൾ നേരിടാനും ജനങ്ങളുടെ അധികാരം പുനസ്ഥാപിക്കാനും കോടതിയിലെ അംഗസംഖ്യ വിപുലീകരിക്കണമെന്നും  ന്യൂയോർക്കിൽ നിന്നുള്ള  കോൺഗ്രസ് അംഗം മൊണ്ടെയർ ജോൺസ് ട്വീറ്റ് ചെയ്തു.
 
റൂത്ത് ബെയ്ഡർ ഗിൻസ്‌ബർഗ് എന്ന ലിബറൽ  ജഡ്ജി കഴിഞ്ഞ വര്ഷം  അന്തരിച്ചപ്പോൾ ഉണ്ടായ ഒഴിവിലേക്ക്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  കൺസർവറ്റിവ് ആയ  ജസ്റ്റിസ് ഏമി കോണി ബാരറ്റിനെ നിയമിച്ചതോടെ നിലവിൽ കൺസർവേറ്റീവുകൾക്കാണ് ബെഞ്ചിൽ മുൻ‌തൂക്കം. 
 
ജസ്റ്റീസുമാരുടെ കാലാവധി ആജീവനാന്തമാണ്. അതിനാൽ ഇനി കോടതിയിൽ ഒഴിവു വരാൻ കാലമേറെ എടുക്കും. അപ്പോൾ കൺസർവേറ്റീവ് ആധിപത്യം തുടരുകയും ചെയ്യും. അത് ഒഴിവാക്കാനാണ് കൂടുതൽ ജഡ്ജിമാരെ നിയമിക്കുന്നതിന് പിന്നിൽ.  
 
കോടതി വിപുലീകരിക്കുന്നതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തുന്നതിന് കമ്മീഷനെ നിയോഗിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ബൈഡൻ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പിട്ടിരുന്നു. 
കൂടുതൽ  ജഡ്ജിമാരെ നിയമിക്കുന്നതിന്  മുൻപ്  ബൈഡൻ എതിർത്തിരുന്നു.
 
പത്തൊൻപതാം നൂറ്റാണ്ട് മുതൽ പല തവണ കോടതിയിലെ ജസ്റ്റിസുമാരുടെ എണ്ണത്തിൽ കോൺഗ്രസ് പലതവണ മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ചായി കുറയ്ക്കുകയും പത്തായി ഉയർത്തുകയും ചെയ്ത ചരിത്രമുണ്ട്.
ആഭ്യന്തര യുദ്ധത്തിന് തൊട്ടുപിന്നാലെയാണ്  ഒമ്പതായി  നിജപ്പെടുത്തിയത്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക