Image

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

Published on 15 April, 2021
ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)
ചേർത്തുപിടിച്ചിരുന്ന അവളുടെ കൈവിട്ട് ബിജീഷ് വീടിന് പുറത്തേക്ക് നടന്നു.പൂമുഖത്തെ ചാരുകസേരയിൽ നിർവികാരനായി ഭാസ്ക്കരൻ നിലകൊണ്ടു.ചെരുപ്പിട്ട് വണ്ടിയ്ക്കരികിലേക്ക് നടക്കുന്നതിനിടയിൽ ഒരു ചുവന്നനുറുമ്പ് കടിച്ചതിന്റെ വേദനയിൽ അവൻ പല്ലുകളമർത്തി.അയലത്തെ പറമ്പിലെ ഒറ്റയ്ക്ക് നിൽക്കുന്ന റബ്ബർ മരത്തിൽ മരംകൊത്തി അമർത്തിചെത്തുന്നതിന്റേയും ചിരവുന്നതിന്റേയും ശബ്ദം കുറച്ച് ദൂരെ വരെ കേൾക്കാമായിരുന്നു.

ചെറുപ്പത്തിലേ ഡ്രൈവറാകാനായിരുന്നു അവനിഷ്ടം.ആഴ്ചയിലൊരിക്കൽ തുണി വിൽക്കാൻ വരുന്ന സോളമനായിരുന്നു അവൻ ജീവിതത്തിൽ കണ്ട ആദ്യത്തെ ഡ്രൈവർ.ദീനം പിടിച്ച് മരിക്കാൻ കിടന്നപ്പോൾ ബിജീഷ് അയാളെ കാണാൻ ചെന്നിരുന്നു.തന്റെ പ്രിയപ്പെട്ട ഡ്രൈവർക്ക് വേണ്ടി അവനന്ന് കണ്ണീർ പൊഴിച്ചു.

ടാറിട്ട റോഡിലൂടെ ജീപ്പ് മുന്നോട്ടുപാഞ്ഞു.പാതയിലെ വളവുകളിലും തിരിവുകളിലും അയാൾ സൂക്ഷ്മതയോടെ വണ്ടിയോടിച്ചു.കരിങ്കൽ ക്വാറിയും ചെമ്മൺകുന്നും കഴിഞ്ഞ് വണ്ടി ഒരിടത്ത് നിന്നു.സാധാരണയായി ബിജീഷ് അവിടെയെത്തുമ്പോൾ ജീപ്പിന് കടിഞ്ഞാണിടാറില്ല.നിരത്തിന്റെ ഓരം ചേർത്ത് ജീപ്പ് നിർത്തിയ ശേഷം റൂഫിങ് ഷീറ്റ് കൊണ്ട് മേഞ്ഞ ആ ഹര്‍മ്യാലയത്തിലേക്ക് അവൻ നടന്നു.അവനെ കണ്ടതും കള്ള് ഷാപ്പെന്ന് കറുപ്പിൽ വെള്ള നിറം കൊണ്ടെഴുതിയ ബോർഡിൽ ഇരുന്നിരുന്ന കാക്ക അടുത്ത മരച്ചില്ലയിലേക്ക് പറന്നുപോയി.ഏതോ ഒരു മുഴുക്കുടിയൻ ബോധം നഷ്ടപ്പെട്ട് തന്നെയും ലാക്കാക്കി നടന്നുവരുന്നത് കണ്ടതും അവൻ ഒരു ഭാഗത്തേക്ക് മാറിനിന്നു.ഒരു തരം മരവിപ്പോടെ അയാൾ മുന്നോട്ട് നടക്കുന്നതും തിരിഞ്ഞു നോക്കികൊണ്ട് ബിജീഷ് ഷാപ്പിനകത്തേക്ക് കയറി.

“ചേട്ടാ ഒരു കുപ്പി”

സിമന്റു പാകിയ പ്രതലവും വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ ചുമരുകളും നോക്കി അവൻ ഷാപ്പിനെ മൊത്തത്തിലൊന്ന് വിലയിരുത്തി.കൊള്ളാമെന്ന് സ്വന്തത്തോട് പറഞ്ഞ് ഒരു ബെഞ്ചിലേക്ക് ഇരിക്കാൻ തുനിഞ്ഞപ്പോൾ അവൻ പുറകിൽ നിന്നൊരു ശബ്ദം കേട്ടു.

“മോനേ”

അവൻ അയാളുടെ എല്ലിന് മുകളിൽ അടിച്ചുറപ്പിച്ച പോലെ കാണപ്പെട്ട പേശികളിലേക്ക് നോക്കി.

“ഒന്നും തോന്നരുത് ഭാസ്കരേട്ടൻ അറിഞ്ഞാ ഇന്നെ കൊല്ലും അതോണ്ടാ”

അവൻ മറുത്തൊന്നും പറയാതെ ഷാപ്പിന് പുറത്തേക്കിറങ്ങി.ജീപ്പിനരികിലേക്ക് നടക്കുമ്പോൾ അവന്റെ മനസ്സ് തിളച്ചുമറിയുകയായിരുന്നു.ചെയ്യാതെ പോയതും ചെയ്തുപോയതും ഓർത്ത് അവന് കരച്ചിലടക്കാൻ സാധിച്ചില്ല.പള്ളിക്കുറുപ്പിലെ പലചരക്ക് കടയ്ക്ക് മുന്നിൽ വണ്ടി നിന്നു.

ഏതോ സായാഹ്നപത്രത്തിനുള്ളിലായി എട്ട് കട്ടി ശർക്കര കടക്കാരൻ അവന് നേരേ നീട്ടി.അയാൾക്ക് നൂറുരൂപ നൽകി തിരിച്ചുനടക്കുമ്പോൾ ബാക്കിയെന്നും പറഞ്ഞ് ഒരുപാടാളുകൾ അവന്റെ ചെവിയിലെ അടഞ്ഞ വാതിലിൽ ആഞ്ഞുമുട്ടി.

നിശബ്ദമായി കിടന്നിരുന്ന പുഴക്കരയിലേക്കുള്ള പാതയിൽ വണ്ടിക്ക് ബ്രേക്കിടുമ്പോള്‍ തന്റെ കാലുകൾ വിറയ്ക്കുന്നുണ്ടോ എന്നവന്‍ സംശയിച്ചു.പാത്രത്തിൽ പൊതിഞ്ഞുകിട്ടിയ ശർക്കരയുമെടുത്ത് അവൻ മണൽപ്പരപ്പിനടുത്തേക്ക് നടന്നു.അകലെ ഏതോ ദേശത്ത് നിന്നും ഒലിച്ചിറങ്ങുന്ന നദിയോട് നിനക്ക് ഞാൻ ആരാണെന്നറിയാമോ എന്ന് ചോദിച്ചപ്പോൾ അവൻ ഉള്ളിൽ പലവട്ടം ചിരിച്ചു.പലരുടേയും മുന്നിൽ പലവുരു കെട്ടിയ കോമാളിവേഷം അവനിലപ്പോഴും ബാക്കിയായിരുന്നു.പൂഴിയിലേക്ക്‌ തലചായ്ച്ച് കൊണ്ട് അവൻ കിടന്നു.

ഉച്ചവെയിലിന്റെ തീവ്രത കൂടി വരുന്ന നേരത്താണ് അയാളിന്ന് വീട്ടിലേക്ക് കടന്നുവന്നത്.ജാനകിയെ അവസാനം പെണ്ണ് കാണാൻ വന്നവരോടും അച്ഛൻ അതാവർത്തിച്ചു എന്നറിഞ്ഞപ്പോൾ അവന് കോപം അടക്കിപിടിക്കാനായില്ല.തന്റെ മകന്റെ കല്യാണം കഴിഞ്ഞിട്ടേ അവളെ കെട്ടിക്കുന്നുള്ളൂ എന്ന് അയാളിത് എട്ടാമത്തെ കൂട്ടരോടാണ് പറയുന്നത്.

ബിഎയും എംഎയും നേടിയത് എന്തിനാണെന്ന് നാട്ടുകാർ ബിജീഷിനോട് ചോദിക്കുമ്പോൾ ഡ്രൈവറാകാനാണെന്ന് അവൻ വളരെ സൗമ്യനായികൊണ്ടു പറയും.അവന് വയസ്സ് മുപ്പത്തിമൂന്ന് കഴിഞ്ഞിരിക്കുന്നു.ജാനകിക്ക് ഈ വരുന്ന ഡിസംബറിൽ ഇരുപത്തഞ്ച് തികയും.

ബിജീഷിനെ കുറിച്ചോർക്കുമ്പോൾ ഭാസ്കരന് ഇടയ്ക്കെങ്കിലും സങ്കടമാകാറുണ്ട്.അവനെ ഓർത്ത് സങ്കടപ്പെട്ടിരിക്കുന്ന നേരത്താണ് അവനിന്ന് വീട്ടിലേക്ക് കയറിവന്നതും.

“അച്ഛൻ ഈ ബന്ധോം തൊലച്ചൂല്ലേ”

“മോനെ”

അന്നേരം അവൻ കിതയ്ക്കുന്നുണ്ടായിരുന്നു.

“നെന്റെ കല്യാണം കഴിഞ്ഞിട്ടേ അവള്ടെ നടത്തൂന്ന് പറഞ്ഞു അതാണോ കാര്യം”

അച്ഛന്റെ മറുപടി അവനെ കൂടുതൽ ദേഷ്യം പിടിപ്പിക്കുകയാണുണ്ടായത്.പെരുവിരൽ മുതൽ അരിച്ചുകയറിയ ക്രൗര്യം അടക്കാൻ വേണ്ടി അവൻ തലയിലൂടെ വിരലുകളോടിച്ചു.

“അച്ഛാ എന്റെ പേരും പറഞ്ഞ് അവള്ടെ ജീവിതം തൊലയ്ക്കല്ലേ”

“മോനേ!”

‘അച്ഛാ ഞാൻ ഡ്രൈവറാ ഇക്കാലത്ത് ആരെങ്കിലും ഒരു ഡ്രൈവർക്ക് പെണ്ണ് കൊട്ക്കോ പിന്നേം എന്തിനാ എന്റെ കാര്യോം പറഞ്ഞ് ഇവളെങ്ങനെ കെട്ടിക്കാണ്ട് നിർത്തണ്’

അവൻ തലതാഴ്ത്തി കൊണ്ടുപറഞ്ഞു.വിഴുപ്പുഭാണ്ടവുമായി പുഴയിലേക്ക് പോയ ജാനകി വീടിനകത്തേക്ക് കയറിയപ്പോൾ കേൾക്കുന്നത് തന്റെ ഏറ്റവും പ്രിയപ്പെട്ട ചേട്ടന്റെ ശബ്ദമാണ്.നനവ് പടർന്ന് കുതിർന്നു തുടങ്ങിയ ആ ശബ്ദത്തിന് ചേട്ടന്റെ എന്നത്തേയും ശബ്ദത്തിൽ നിന്നും വലിയ വിത്യാസങ്ങളുണ്ടായിട്ടുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.ജാനകിയെ കണ്ടതും അവൻ അവൾക്കരികിലേക്ക് നടന്നു.അവളുടെ കൈകൾ ചേർത്തുപിടിച്ച് കരയാൻ ഭാവിച്ചപ്പോൾ  അവൾ അവനെ നോക്കി അരുത് എന്നമട്ടിൽ തലയാട്ടി.

‘ഞാൻ കാരണം നെനക്കൊരു കുടുംബജീവിതം ലഭിക്കാതെ പോകില്ല മോളേ’

അവൻ കണ്ണുകൾ തുറന്നു.മണലിൽ കിടന്ന് ഉരുളുകയും മറിയുകയും ചെയ്തിരുന്ന നായകളെ ശ്രദ്ധിക്കാതെ അയാൾ കാഞ്ഞിരമരത്തിന് അടുത്തേക്ക് നടന്നു…..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക