-->

kazhchapadu

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

Published

on

സിംഹാസനത്തിൽ ദൈവം ആസനസ്ഥനായി. അതോടെ ശബ്ദകോലാഹലങ്ങൾ എല്ലാം നിലച്ചു. വലിയൊരു മുഴക്കം മാത്രം ബാക്കിയായി. ഒടുക്കം ആ മുഴക്കത്തിൻറെ പ്രതിധ്വനികളും അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നു. പിന്നെ യാതൊരു ശബ്ദവുമില്ല. 
 
അതുവരെ പാറിപ്പറന്നു നടന്നിരുന്ന ആത്മാക്കളെല്ലാം സൗകര്യപ്രദമായ മരക്കൊമ്പുകളിലും നദീതീരങ്ങളിലെ  ഉരുളൻപാറകളിലും മണൽത്തിട്ടകളിലും ശബ്ദമുണ്ടാക്കാതെ പതിയെ വന്നിറങ്ങി. പ്രധാനികളായ നാലു മാലാഖകൾ ദൈവത്തിനു ചുറ്റും നിലയുറപ്പിച്ചു.
 
എല്ലാവർക്കും അറിയാം 
 
 ഇന്നു വിചാരണയാണ് .
 
ശരി തെറ്റുകളുടെയും നന്മതിന്മകളുടെയും അന്തിമമായ വിചാരണയൊന്നുമല്ല. മനുഷ്യവർഗ്ഗത്തിന്റെ ഉൽപ്പത്തി മുതൽ ലോകാവസാനം വരെയുള്ള ആത്മാക്കളുടെ കർമ്മങ്ങൾ വിലയിരുത്തുന്ന ആ അന്തിമ വിചാരണയ്ക്ക്  ഇനിയും ഒരുപാട് കാലം കഴിയണം .. ലോകാവസാനം കഴിഞ്ഞ്  പിന്നെയും എത്രയോ കാലം കഴിയണം.
 
 ഇത് ഒരുതരം ഇടക്കാല വിചാരണ.
 
ഇത്തരം വിചാരണകൾ ഇതിനുമുമ്പും പലപ്രാവശ്യം ഉണ്ടായിട്ടുണ്ട്.  ഭൂമിയിലെ ചില തീരുമാനങ്ങളിൽ ചിലപ്പോൾ പരലോകത്ത് വമ്പൻ ആശയക്കുഴപ്പങ്ങൾ ഉണ്ടാവാറുണ്ട്. അങ്ങനെ എത്തുന്ന ആത്മാക്കൾ ചിലപ്പോൾ ദൈവത്തോട് വീണ്ടുവിചാരണ ഹർജി സമർപ്പിക്കും .അത്തരം ചില ഹർജികളുടെ പുനർ വിചാരണക്കായി ദൈവം തുറന്ന കോടതി വിളിക്കും.
 
 
അതാണ് സംഭവം.
 
ഇവിടത്തെ ആത്മാക്കൾക്കെല്ലാം ഇത്തരം സന്ദർഭങ്ങളിൽ വലിയ ഉത്സാഹമാണ്. സത്യത്തിൽ ഇങ്ങനെ ചിലത് ഇല്ലെങ്കിൽ എന്ത് വിരസമാണ് പരലോകം ..പരസ്പരം കൂട്ടിമുട്ടാതെ വയൽ തുമ്പികളെ പോലെ വെറുതെ പറന്നു നടക്കുക. .തമാശയോ കളികളോ ഒന്നുമില്ല. മധുരമുള്ള ഒരു പാനീയം ധാരാളം കുടിക്കാൻ കിട്ടും. പിന്നെ പറക്കൽ തന്നെ പറക്കൽ..
 
മാലാഖമാർ എന്തോ ഉറക്കെ വായിക്കാൻ തുടങ്ങിയിരിക്കുന്നു. 
 
എല്ലാവരും ചെവിയോർത്തു. .
 
ഒന്നാമത്തെ കക്ഷി ഒരു സ്ത്രീയാണ്. ഭൂമിയിൽ സൗദിഅറേബ്യയിൽ നിന്നാണത്രേ .അതൊക്കെ എങ്ങനെ തിരിച്ചറിയുന്നാവോ. ഇവിടെ വന്നു കഴിഞ്ഞാൽ എല്ലാവരും നല്ല വണ്ണമുള്ള ഒരുതരം നിശാശലഭങ്ങൾ ആയി മാറുകയാണ് പതിവ് .പിന്നെ ആരെയും തിരിച്ചറിയാനാവില്ല . 
 
അമൽ ഫറേസ് എന്നായിരുന്നത്രെ അവളുടെ പേര്.
 
"മരിക്കുമ്പോൾ നിനക്ക് ഭൂമിയിൽ എത്ര വയസ്സായിരുന്നു?"
 
എവിടെനിന്നോ ഒരു ചോദ്യം ഉയർന്നു. എല്ലാവരും ദൈവത്തിലേക്ക് തിരിഞ്ഞു.
 
"ഇരുപത്തി രണ്ട്" അമൽ ഫറേസിന്റെ ഉത്തരം.
 
"നിങ്ങളുടെ സർക്കാർ നിൻറെ തല വെട്ടുകയായിരുന്നു. അതാണ് മരണകാരണം. ശിരച്ഛേദത്തിൻറെ കാരണം നിന്നെ അവർ ബോധ്യപ്പെടുത്തിയിരുന്നോ?"
 
"ഉവ്വ്"
 
" എന്താണ് അവർ കാരണമായി നിന്നോട് പറഞ്ഞത്?"
 
 "അതാണ് പ്രഭോ എന്റെ പരാതി"
 
"എന്ത് പരാതി?"
 
 "എന്റെ വധശിക്ഷ പരപുരുഷബന്ധത്തിനായിരുന്നൂ"
 
"പരപുരുഷബന്ധം നിങ്ങളുടെ നാട്ടിൽ കുറ്റം ആയിരുന്നില്ലേ?"
 
"ആയിരുന്നു"
 
"പിന്നെന്താണ് പരാതി?"
 
"എന്നോടൊപ്പം നാല് പുരുഷൻമാരുടെയും തലവെട്ടി പ്രഭോ"
 
"അവരുമായിട്ടായിരുന്നല്ലോ നിങ്ങളുടെ പരപുരുഷബന്ധം ..പരാതി എന്താണെന്ന് തെളിച്ചു പറയൂ"
 
"പ്രഭോ ഞാൻ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി എന്നെ ബലാൽസംഗം ചെയ്യുന്നതിന് അവരെ ശിക്ഷിക്കാം. പക്ഷേ എനിക്ക് കുറ്റം വരുന്നതെങ്ങനെ?"
 
നിശബ്ദത അൽപ സമയം നീണ്ടു. ഒരു പുതിയ പ്രതീക്ഷ കൈവന്നത് പോലെ അമൽ ഫറേസ് അല്പം കൂടി വിശദീകരിച്ചു. ചുറ്റുമുള്ള ആത്മാക്കളും മാലാഖമാരും സ്തബ്ധരായി ശ്രദ്ധിച്ചു നിന്നു.
 
"ഞാൻ എൻറെ ഭർത്താവിൻറെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു കൊണ്ട് നിൽക്കുകയായിരുന്നു .കോളിംഗ് ബെൽ ശബ്ദം കേട്ടപ്പോൾ പോയി നോക്കി . ഒരു സ്ത്രീ ആയിരുന്നു. അല്പം വെള്ളം വേണം എന്ന് അവർ പറഞ്ഞു . ഞാൻ വെള്ളമെടുക്കാൻ അകത്തേക്കു നീങ്ങിയപ്പോൾ നാലു പുരുഷന്മാർ അവളുടെ നേതൃത്വത്തിൽ അകത്തേക്ക് കടന്നു. ചൂടുള്ള ഇസ്തിരിപ്പെട്ടി കൊണ്ട് എൻറെ തലയ്ക്കടിച്ചു. പിന്നീടു നടന്നതെല്ലാം അങ്ങേക്കും അറിയാവുന്നതാണ്. എന്നെ പിടിച്ചു വച്ചു കൊടുത്തതും ആ സ്ത്രീ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു"
 
"ആ സ്ത്രീക്ക് ശിക്ഷ ഒന്നും കിട്ടിയില്ല അല്ലേ. അതിന് എന്തായിരുന്നു നിങ്ങളുടെ നീതിപീഠത്തിന്റെ വിശദീകരണം?"
 
"ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ ബലാൽസംഗം ചെയ്യാൻ പറ്റില്ല. അതായിരുന്നു വിശദീകരണം."
 
"ആകട്ടെ ആ പയ്യനെ വെറുതെ വിട്ടതോ... അവൻ നിങ്ങളെ ഉപദ്രവിച്ചിട്ടില്ലേ?"
 
"തീർച്ചയായും പ്രഭോ.. അവനായിരുന്നു ആ കൂട്ടത്തിൽ ഏറ്റവും വലിയ അക്രമം ചെയ്തത് .പക്ഷേ സംഭവദിവസം അവന് പ്രായപൂർത്തി ആവാൻ  എട്ടുദിവസം ബാക്കി ഉണ്ടായിരുന്നു എന്നാണ് നീതിപീഠം കണ്ടെത്തിയത്."
 
"അയാളുടെ അക്രമവും ഒരു പ്രായപൂർത്തിയായ പുരുഷൻറെ പോലെതന്നെ ആയിരുന്നുവോ?"
 
"ഓ ശരിക്കും പ്രഭോ" അമൽ ഫറേസ് ഒന്ന് അമർത്തി ചിരിച്ചു.
 
"നിങ്ങൾ മനുഷ്യർ എല്ലാം കൂട്ടിക്കുഴച്ചിരിക്കുന്നു. അക്രമവും  ദൈന്യതയും പ്രായവും ലിംഗവും എല്ലാം .. സത്യത്തിൽ നിങ്ങൾക്ക് അന്യായമായതും അർഹതയില്ലാത്തതുമായ  പുരുഷ ബന്ധം ഉണ്ടായി എന്നതു ശരി തന്നെ. പക്ഷേ നിങ്ങൾ ആക്രമിക്കപ്പെടുകയായിരുന്നു. അപ്പോൾ മർദ്ദിതന്റെ നീതി നിങ്ങൾക്ക് ലഭിക്കേണ്ടതാണ്. അതാണ് നീതി എന്ന വാക്കുകൊണ്ട്  ഞാൻ മനുഷ്യനെ പഠിപ്പിച്ചത് .അല്ലാതെ ഇതൊന്നുമായിരുന്നില്ല. നിങ്ങൾ മനുഷ്യന്മാർ എല്ലാം വളച്ചൊടിക്കുന്നു .ഇതു ചിന്തിക്കേണ്ട വിഷയം തന്നെ"
 
ഒരു ശില പോലെ ദൈവം ചിന്തയിലാണ്ടു. സമയമാത്രകൾ അനേകം കടന്നു. അസുഖകരമായ നിശ്ചലതയിൽ അലോസരം തോന്നിയ ചില ആത്മാക്കൾ ഇരുന്നിടത്തു നിന്നും അല്പം മാറി വീണ്ടും ഇരുന്നു. മാലാഖമാർ വിരസത അകറ്റാനെന്നോണം ചിറകുകൾ ഒന്നുരണ്ടു പ്രാവശ്യം പതുക്കെ വീശി.
 
"ഈ ബലാൽസംഗം എന്ന വാക്കു തന്നെ എൻറെ കോപത്തിന് ഇരയായിരിക്കുന്നു" ദൈവം ഒരു വിധിപ്രസ്താവം പോലെ പ്രഖ്യാപിച്ചു. ആത്മാക്കളും മാലാഖമാരും നിസ്സംഗതയിൽ തുടർന്നു.
 
"മറ്റേ സ്ത്രീയെ വിളിക്കൂ "
 
അല്പം കഴിഞ്ഞ് ദൈവം ആജ്ഞാപിച്ചു.
 
 അവർ ഇറാനിൽ നിന്നായിരുന്നു.
 
 അവരും ഭൂമിയിലെ പേര് പറഞ്ഞു. 
 
"മേഹനാസ് അഫ്കാമി"
 
"എന്താണ് നിങ്ങളുടെ അന്യായം?" ദൈവം പൂർണമായും അസ്വസ്ഥതയിൽ നിന്ന് മുക്തനായി രുന്നില്ല .
 
"എൻറെയും തല വെട്ടിയതാണ് "
 
ആ വാക്ക് ദൈവത്തിൻറെ അസ്വസ്ഥത വീണ്ടും വർദ്ധിപ്പിച്ചു. 
 
"ഈ തലവെട്ട് എന്നത് നിങ്ങൾ മനുഷ്യരെ ആരു പഠിപ്പിച്ചതാണ്? ഞാൻ തന്ന ജീവൻ ഞാൻ തന്നെ തിരിച്ചെടുക്കും. അതിന് അതിൻറെതായ വഴികളുമുണ്ട്. കൽത്തുറുങ്കുകൾ, ചാട്ടവാറടി, കെട്ടിയിടൽ, പട്ടിണിക്കിടൽ ഇതൊക്കെ ആയിരുന്നല്ലോ ഞാൻ ശിക്ഷകൾ ആയി നിങ്ങളെ പഠിപ്പിച്ചത് . നിങ്ങൾ മനുഷ്യന്മാർ അതൊക്കെ നിർത്തി വച്ചോ? അതോ അതൊക്കെ മറന്നോ ?"
 
ദൈവം അത്യധികം കോപാകുലനായി. കണ്ണുകൾ തീക്കനലുകളായി.തലമുടി നാനാ ദിശയിൽ പറന്നാടി. പറയുന്നത് തങ്ങളോടാണോ. തങ്ങൾ ഇപ്പോൾ മനുഷ്യരാണോ? ആത്മാക്കൾ അല്ലേ. ഈ മഹാ കോപം എങ്ങനെ നേരിടും എന്നറിയാതെ ആത്മാക്കൾ വെട്ടി വിറച്ചു നിന്നു.  മാലാഖമാർ സാവകാശം ചിറകുകൾ വീശിക്കൊണ്ടിരുന്നു.
 
"എന്തിനായിരുന്നു നിൻറെ ശിക്ഷ എന്ന് പറയൂ എല്ലാവരും അറിയട്ടെ "
 
"ഞാൻ ഒരാളെ വധിച്ചു പ്രഭോ"
 
 ദൈവം ജ്വലിച്ചു നിൽക്കുകയാണ് .
 
"അബദ്ധത്തിൽ ആയിരുന്നു പ്രഭോ"
 
ആ വാക്കു കൊണ്ടൊന്നും ദൈവകോപം ശ്രമിക്കുന്നില്ല .നീളുന്ന നിശബ്ദതയുടെ സകല കുറ്റവും തന്നിൽ ആവും എന്ന് ഭയന്ന് മെഹ്നാസ് അവളുടെ കഥ വിശദമാക്കാൻ ആരംഭിച്ചു "ബലാൽസംഗ ശ്രമത്തിനിടെ….." എന്നു പറഞ്ഞു തുടങ്ങിയപ്പോഴേക്കും ദൈവം കോപത്താൽ വെളുത്ത ഒരു അഗ്നിഗോളമായി മാറി. ചുറ്റും നീലനിറത്തിൽ അഗ്നിജ്വാലകൾ നൃത്തം വച്ചു. ."നിങ്ങൾ മനുഷ്യർ ….." കോപത്താൽ വാക്കുകൾ മുറിഞ്ഞു .
 
"നിങ്ങൾ മനുഷ്യർക്ക് ഞാൻ അർഹതപ്പെട്ട ഇണകളെ തന്നിട്ടില്ലേ. പിന്നെന്താണ് ബലാൽസംഗം. ഇതാണോ ഇപ്പോൾ ഭൂമിയിലെ പ്രധാന ലൈംഗിക പ്രവർത്തനം ?പുതിയ പുതിയ അതിക്രമങ്ങൾ" ദൈവത്തിൻറെ ശബ്ദം വല്ലാതെ ഉയർന്നു ആത്മാക്കൾ ഭയചകിതമായ നോട്ടങ്ങൾ പരസ്പരം കൈമാറി.
 
"ബലാൽസംഗമല്ല പ്രഭോ.. ബലാൽസംഗ ശ്രമം… അതു ചെറുക്കുന്നതിനിടയിൽ അടുക്കളയിലെ ഒരു ഇരുമ്പു കോൽ ഞാൻ അയാളുടെ  നെഞ്ചത്ത് കുത്തിക്കയറ്റി. പക്ഷേ നടന്ന കാര്യങ്ങളൊന്നും പരിഗണിക്കാതെ അവർ എന്നെ കൊലപാതക കുറ്റം ചുമത്തി ഔദ്യോഗികമായി വധിച്ചു. ഇത് അന്യായമല്ലേ?"
 
ഇത്രയും സ്ഫോടാനാത്മകവും അസ്വസ്ഥത ഉളവാക്കുന്നതുമായ വാക്കുകൾ പ്രയോഗിച്ച ശേഷവും ഇത്ര വിനയത്തോടെയും നയതന്ത്രജ്ഞതയോടെയും സ്വന്തം ന്യായം വാദിച്ചുസമർത്ഥിക്കുന്ന  സ്ത്രീയെ ദൈവം അൽപസമയം നിർവികാരതയോടെ നോക്കിക്കൊണ്ടിരുന്നു. ആ സ്ത്രീ ഉപയോഗിച്ച ചില വാക്കുകളുടെ പ്രകമ്പനങ്ങളിൽ നിന്ന് ദൈവം അപ്പോഴും പൂർണ്ണമായും മുക്തനായിരുന്നില്ല.
 
"നിങ്ങൾ കൊലപാതകം ചെയ്തു എന്നതു ശരി തന്നെ . എന്നാൽ നിങ്ങൾ പറഞ്ഞ  ആ സംഭവം.. ആ വാക്ക് ഉപയോഗിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല .ആ സംഭവവും സത്യം തന്നെയല്ലേ?"
 
"അതെ പ്രഭോ"
 
"പക്ഷേ ഒരു തെറ്റിന് പകരമായി മറ്റൊരു തെറ്റും അതിന് നീതിപീഠത്തിന്റെ പ്രതിവിധി മറ്റൊരു തെറ്റും എന്താണിത്? മൂന്ന് തെറ്റുകൾ .. ശരി എവിടെ? മനുഷ്യർ ശരി എന്ന വാക്ക് ഉപേക്ഷിച്ചുവോ?"
 
ദൈവം ചുറ്റും കൂടിയ ആത്മാക്കളെ ആകെയൊന്നു നോക്കി . ആരോട് പറയാൻ എന്ന മട്ടിൽ ഒന്നു ശക്തമായി നിശ്വസിച്ചു. തനിക്ക് തുല്യനായ ഒരാളുമായി തൻറെ ധാർമിക സമസ്യകൾ ചർച്ചചെയ്യാൻ സാധിക്കാത്തതിൽ ദൈവം തൻറെ ഏകാന്തതയെ ഒരു നിമിഷം പഴിച്ചു .വിശാലമായ പ്രപഞ്ച ശൂന്യതയിലേക്ക് അൽപ്പസമയം നോക്കിനിന്നു. എന്നാൽ  തൻറെ ഏകാന്തത ആശയക്കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് കൂടുതൽ ഉപയോഗപ്പെടുന്നത് എന്ന തിരിച്ചറിവോടെ ദൈവം വീണ്ടും ആശ്വാസം കൊണ്ടു. ആ മുഖം വീണ്ടും കരുണയാൽ പ്രകാശിക്കാൻ തുടങ്ങി ചുറ്റും സ്നേഹ ശീ തളി മയു ടെ കുളിരലകൾ വീശി.
 
ഒരു പുരുഷൻ ദൈവസന്നിധിയിൽ ഹാജരാക്കപ്പെട്ടു.
 
അയാൾ ഭൂമിയിൽ ഇറ്റലിയിൽ നിന്നായിരുന്നത്രേ. അവിടെ ജിയാൻ കാർലോ പക്കിനി എന്ന പേരിൽ അറിയപ്പെട്ട ആൾ.
 
"എന്തായിരുന്നു നിനക്ക് സംഭവിച്ചത്?"
 
ദൈവം മുമ്പിലത്തെ രണ്ട് വിചാരണകളുടെ അലോസരം തെല്ലുമില്ലാതെ പ്രസന്നവദനനായി ക്കൊണ്ട് ചോദിച്ചു.
 
"എന്നെ വെടിവെച്ചു കൊന്നതാണ്"
 
"അറിയാം. നീ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ.. അല്ലേ?"
 
"അങ്ങനെയേ തോന്നു പ്രഭോ. സത്യത്തിൽ അങ്ങനെയല്ല .എന്നെ തെളിവെടുപ്പിന് കൊണ്ടുവന്നതായിരുന്നു.  ഞാൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചിട്ടുമില്ല"
 
"തെളിവെടുപ്പ് …..? എന്താണ് അതിൻറെ അർത്ഥം?"
 
"കുറ്റം നടന്ന സ്ഥലത്തേക്ക് പ്രതിയെ വീണ്ടും കൊണ്ടുവന്നു  എന്തൊക്കെ എങ്ങനെയൊക്കെ എന്നു കാണിച്ചു കൊടുക്കൽ"
 
" അതിൻറെ ആവശ്യമുണ്ടോ?" 
 
" ഉണ്ട്  പ്രഭോ……"എന്നു പറഞ്ഞ് അല്പം നിർത്തിയ ശേഷം അയാൾ "ഭൂമിയിൽ" എന്നുകൂടി പറഞ്ഞു. ദൈവം പുഞ്ചിരിച്ചു.
 
"ആട്ടെ നീ ചെയ്തതും ഒരു വൃത്തികെട്ട കൃത്യമായിരുന്നില്ലേ .മുൻപ് നാം കേട്ട ആ വാക്ക് …? അതു അതു തന്നെ ആയിരുന്നില്ലേ  നിൻറെ കുറ്റം ?...ബലാൽസംഗം ….?"
 
ദൈവം  ഒട്ടും ഇഷ്ടമില്ലാത്ത തരത്തിൽ ആ വാക്ക് ഉച്ചരിച്ചു.
 
" സത്യത്തിൽ അത് ബലാത്സംഗമൊന്നും ആയിരുന്നില്ല. ഒരു പരീക്ഷണമായിരുന്നു "
 
"പരീക്ഷണം?"
 
"അതെ. വലിയ അക്രമമോ പരിക്കോ ഒന്നും ഇല്ലാതെ അർധസമ്മതത്തോടെയുള്ള ഒരു പരീക്ഷണം"
 
"അതും  അവിഹിതവും അന്യായവും ആയ ലൈംഗികവേഴ്ച തന്നെ ആയിരുന്നില്ലേ ?"
 
ദൈവത്തിൻറെ ശബ്ദമുയർന്നു.
 
" അതേ പ്രഭോ"
 
" പിന്നെന്തു പരീക്ഷണം?"
 
"ഇസബെല്ലക്ക്…. അതായിരുന്നു അവളുടെ പേര്. അവൾക്ക് പുരുഷ വേഴ്ചയുടെ അനുഭവം ഒന്ന് അറിയിച്ചു കൊടുക്കാൻ .അത് എന്റെയും ഒരു ആവശ്യമായിരുന്നു"
 
"തെളിയിച്ചു പറയൂ"
 
"പറയാം.ഇസബെല്ല.. അവൾ ലെസ്ബിയൻ ആണ്. എൻറെ ഭാര്യ മോണിക്കയും .അവർ രണ്ടുപേരും തന്നെ ആയിരുന്നു പങ്കാളികൾ"
 
"ലെസ്ബിയൻ…..?"  ഒരു ചോദ്യചിഹ്നം പോലെ ദൈവം ആ വാക്ക് ഉറക്കെ ഉച്ചരിച്ചു. വർദ്ധിച്ച ക്രോധം ആ വാക്കിനുള്ളിൽ കിടന്നുമുഴങ്ങി  ആത്മാക്കൾ വീണ്ടും  ഒട്ടിച്ചേർന്നു നിന്നു. മാലാഖമാർ ചിറകു വീശൽ നിർത്തി.
 
കൂടുതൽ ചോദ്യങ്ങൾ ചോദിപ്പിക്കാതെ  അത് എന്താണെന്ന് വിശദീകരിക്കുന്നതാവും നല്ലത് എന്നമട്ടിൽ ഒരു മാലാഖ ഇറ്റലിക്കാരനോട് ആംഗ്യം കാട്ടി .
 
"ലെസ്ബിയൻ എന്നുവച്ചാൽ... സ്ത്രീകൾ പുരുഷനോട് ലൈംഗിക ബന്ധം പുലർത്തുന്നതിൽ താല്പര്യം കാണിക്കാതെ അവർ തമ്മിൽ തമ്മിൽ …."
 
"സ്ത്രീകൾ തമ്മിലോ?" ദൈവം ഇടയ്ക്കുകയറി. പിന്നെ "നിങ്ങൾ മനുഷ്യർ…" എന്ന് അർധോക്തിയിൽ നിർത്തി .കണ്ണുകൾ തീഗോളങ്ങളായി. സിംഹാസനം വിറകൊണ്ടു.
 
"ഞാൻ നിങ്ങളെ എന്തെല്ലാം പറഞ്ഞു മനസ്സിലാക്കിയാണ് ഭൂമിയിലേക്ക് വിട്ടത്? അതെല്ലാം കൂടി നിങ്ങൾ എവിടെ കൊണ്ടെത്തിച്ചു? പുരുഷനെ സ്ത്രീയും സ്ത്രീയെ പുരുഷനും കാമിക്കാത്തത് എന്തുകൊണ്ട്?  ആ ആകർഷണവും നഷ്ടപ്പെട്ടോ? പിന്നെ ...പരീക്ഷണങ്ങളും.  കാമനകളിൽ പരീക്ഷണം നടത്താൻ നിങ്ങൾക്ക് ആര് അധികാരം തന്നു?"
 
"അതല്ല പ്രഭോ പരീക്ഷണം എന്നു ഞാൻ പറഞ്ഞത്.  എൻറെ മോണിക്കയുടെ പങ്കാളിയായ ഇസബല്ലയെ മോണിക്കയിൽ നിന്നും അകറ്റാൻ..  അതിനു വേണ്ടി ആ സ്ത്രീക്ക് പുരുഷ രതി എന്തെന്ന് പഠിപ്പിച്ചു കൊടുക്കാൻ... പുരുഷ രതി, സ്ത്രീ സ്ത്രീരതിയേക്കാൾ നല്ലതാണെന്ന് അവളെ പഠിപ്പിക്കാൻ"
 
"എന്നിട്ട് അവൾ പഠിച്ചോ?" ദൈവത്തിൻറെ ചോദ്യം വലിയ ക്ഷോഭത്തിലായിരുന്നു .
 
"അത് അറിയില്ല പ്രഭോ. പിന്നെ എനിക്ക് മോണിക്കയുടെ അടുത്തു പോവാൻ സാധിച്ചിട്ടില്ല. ഞാൻ പോലീസ് കസ്റ്റഡിയിൽ ആയിപ്പോയി. കസ്റ്റഡിയിലിരിക്കെ തന്നെ എൻറെ മരണവും" 
 
ഇറ്റലിക്കാരൻ പറഞ്ഞുനിർത്തി.
 
ദൈവം വലിയ അസ്വസ്ഥതയിലായി.  ഒന്നും സംഭവിക്കാതെ സമയം കടന്നുപോയ്ക്കൊണ്ടിരുന്നു കൈകൊണ്ട് അകലേക്ക് നീങ്ങാൻ ഒരു ആംഗ്യം കിട്ടിയതോടെ ചുറ്റും കൂടി നിന്ന ആത്മാക്കൾ വലിയൊരു ദൂരം പിറകിലേക്ക് നീങ്ങി. ദൈവം മാലാഖമാരോടായി ചോദിച്ചു,
 
"എന്തൊക്കെയാണ് കൂട്ടരേ ഭൂമിയിൽ നടക്കുന്നത്? അൽപ സമയത്തേക്ക് എൻറെ ശ്രദ്ധ മറ്റൊരിടത്തേക്ക് തിരിഞ്ഞപ്പോഴേക്കും. മർദ്ദിതന് ശിക്ഷ , അവിഹിത ബന്ധങ്ങൾ, അന്യായമായ വിധിന്യായങ്ങൾ, അതിന് അടിസ്ഥാനരഹിതമായ വിശദീകരണങ്ങൾ, പിന്നെ ലൈംഗികതയിൽ പോലും പരീക്ഷണങ്ങൾ , ഭീകരമായ പുതിയ ചില വാക്കുകൾ. എന്താണ് ചെയ്യേണ്ടത്?  നിങ്ങൾ അഭിപ്രായം പറയൂ. ഞാൻ ഭൂമിയിലേക്ക് അയച്ച വേദപുസ്തകങ്ങൾക്ക് എന്തു സംഭവിച്ചു?"
 
"അതൊക്കെ ഭൂമിയിലുണ്ട് പ്രഭോ.. അനേകായിരം പതിപ്പുകൾ"
 
"അവ വായിക്കപ്പെടുന്നില്ലേ?"
 
"ഉണ്ട്. വായിക്കപ്പെടുന്നുണ്ട് പക്ഷേ കാര്യമില്ല. അവയിലെ സന്മാർഗ ഉപദേശങ്ങളെയും അതിനുവേണ്ടി ഉച്ചത്തിൽ ഘോഷിക്കുന്ന സന്മാർഗ വാദികളുടേയും ധർമോപദേശകരുടെയും ആഹ്വാനങ്ങളെയും പരമാനന്ദത്തിലേക്കുള്ള വഴി കണ്ടെത്തുന്നതിൽ പരാജയപ്പെട്ട അവരുടെ സ്വന്തം ശരീരങ്ങളുടെ ആക്രോശങ്ങൾ ആയി  മനുഷ്യൻ വിലയിരുത്താൻ തുടങ്ങിയിരിക്കുന്നു. മാത്രമല്ല, അവയോടൊപ്പം മനുഷ്യൻ സ്വന്തമായി ചില ഗ്രന്ഥങ്ങളും ഉണ്ടാക്കിയിട്ടുണ്ട്"
 
"എന്താണവ?"
 
"ഭരണഘടന, നിയമസംഹിത, സിവിൽ കോഡ്... അങ്ങനെ പലതും. അവയിൽ തന്നെ ഒന്നിൽ നിന്നും വ്യത്യസ്തമായ മറ്റു പല പല ഗ്രന്ഥങ്ങൾ"
 
"ഇതിന് അവരെ സഹായിച്ചത് ആര്?"
 
"അക്ഷരം ..അതാണ് പ്രശ്നങ്ങളൊക്കെ സൃഷ്ടിച്ചത്. അക്ഷരങ്ങൾ കൊണ്ടാണ് അവർ അതെല്ലാം രചിച്ചത് . വേദപുസ്തകങ്ങൾക്ക് വേണ്ടി അവിടുന്ന് അവർക്ക് നൽകിയ അതേ അക്ഷരങ്ങൾ"
 
മറ്റൊരു മാലാഖ ഇടയ്ക്ക് കയറി പറഞ്ഞു.
 
"മറ്റൊന്നുകൂടിയുണ്ട്  പ്രഭോ..ഈ  എണ്ണമറ്റ കപട ഗ്രന്ഥങ്ങളെ പോലും അവർ തന്നിഷ്ടപ്രകാരം പലപ്പോഴും ദുർവ്യാഖ്യാനം ചെയ്യുകയും  തിരുത്തിഎഴുതുകയും ചെയ്യുന്നുണ്ട്. അതിൻറെ പേരിൽ തർക്കിക്കുകയും യുദ്ധത്തിൽ ഏർപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട് . പരസ്പരം കൊല്ലുന്നു .അങ്ങയുടെ വേദഗ്രന്ഥങ്ങളോടും അവർ ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറുന്നത്."
 
ദൈവം തലയാട്ടികൊണ്ടിരുന്നു.
 
"ഉണ്ട് ഞാൻ എല്ലാം അറിയുന്നുണ്ട്. അതിനുള്ള അവകാശത്തെ അവർ സംസ്കാരം എന്നു വിളിക്കുന്നു അല്ലേ?"
 
" അതെ"
 
 ദൈവം വീണ്ടും കുറെ സമയം നിശബ്ദനായി. പിന്നെ എന്തോ തീരുമാനത്തിലെത്തിയത് പോലെ പ്രഖ്യാപിച്ചു.
 
"പ്രിയപ്പെട്ടവരെ, ഭൂമിയിലെ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. അവിടെ ദുരിതങ്ങൾ മാത്രം അനുഭവിച്ചുകൊണ്ടിരുന്ന സൽക്കർമികൾക്ക് എൻറെ സ്വർഗ്ഗത്തിൽ നീതി തിരിച്ചു കൊടുക്കാൻ എനിക്ക് സാധിക്കും.. അവിടെ സുഖസൗകര്യങ്ങൾ മാത്രം അനുഭവിച്ച അക്രമികൾക്ക് എൻറെ നരകത്തിൽ നീതി നടപ്പിലാക്കാനും എനിക്ക് സാധിക്കും. പക്ഷേ ഇതങ്ങനെയല്ല . വിചിത്രങ്ങളായ കുറ്റകൃത്യങ്ങൾ.. അവയിൽ തലകീഴായി വ്യാഖ്യാനിക്കപ്പെടുന്ന  നീതിന്യായവ്യവസ്ഥയിലൂടെ നടപ്പിലാക്കപ്പെടുന്ന ശിക്ഷാവിധികൾ. അതുവഴി അന്യായമായി നഷ്ടപ്പെടുന്ന ജീവനുകൾ. അന്യായമായി രക്ഷപ്പെടുന്നവരുടെ കാര്യത്തിൽ ഒരു തീരുമാനം എളുപ്പമാണ്. എന്നാൽ അന്യായമായി ശിക്ഷിക്കപ്പെടുന്നവരുടെയും കൊലചെയ്യപ്പെടുന്ന വരുടെയും കാര്യത്തിൽ എന്തു തീരുമാനിക്കും? അവരെ ഭൂമിയിൽ വീണ്ടും ജീവിപ്പിക്കാൻ പറ്റില്ലല്ലോ"
 
"പറ്റില്ല"
 
"മറ്റെന്തു ഞാൻ ചെയ്യണമെന്നാണ് നിങ്ങളുടെ അഭിപ്രായം? മനുഷ്യവർഗ്ഗത്തിന്റെ ഇത്തരം വഴികേടുകൾക്ക് പ്രതിവിധിയായി?"
 
മാലാഖമാർ അൽപസമയം ദൈവത്തെ നോക്കി പുഞ്ചിരിച്ചു നിന്നു .പിന്നെ കൂട്ടത്തിൽ മുതിർന്ന മാലാഖ അല്പം മുന്നോട്ടു കയറി പറഞ്ഞു,
 
"പ്രഭോ അങ്ങയെ അനുസരിക്കാനും ആരാധിക്കാനും വാഴ്ത്താനും ഞങ്ങൾ മാലാഖമാർ തന്നെ ധാരാളം ഉണ്ടല്ലോ. പിന്നെ എന്തിനീ മനുഷ്യവർഗ്ഗം? അങ്ങ് എന്തെല്ലാം മാർഗ്ഗനിർദ്ദേശങ്ങൾ വെച്ചാലും എത്ര പ്രവാചകന്മാരെ അയച്ചാലും കാര്യമില്ല. ആ വർഗ്ഗം അല്പകാലം കൊണ്ട് അതെല്ലാം തലകീഴാക്കി മറിക്കും. അതിനാൽ ആ വർഗ്ഗത്തെ നശിപ്പിക്കുന്നതാണ് ഉത്തമം"
 
ആത്മാക്കളെല്ലാം നേരത്തെ കുറച്ച് അകലേക്ക് മാറിയിരുന്നതിനാൽ അവർ ഈ നിർദ്ദേശം വ്യക്തമായി കേട്ടില്ല. എന്നാലും എന്തോ ഗൗരവതരമായ ഒരു ചർച്ച നടക്കുന്നുണ്ട് എന്ന് അവർ ഊഹിച്ചിരിക്കണം. അവിടെ ജിജ്ഞാസാഭരിതമായ ഒരു നിശബ്ദത പെട്ടെന്ന് പടർന്നു. മനുഷ്യരെ ബാധിക്കുന്ന തീരുമാനങ്ങൾ തങ്ങളെ ബാധിക്കുമോ എന്ന ആശയക്കുഴപ്പം  അന്തരീക്ഷത്തിൽ നിറഞ്ഞു.
 
ദൈവമാകട്ടെ മാലാഖമാർക്കും ആത്മാക്കൾക്കുമപ്പുറത്തെ വിശാലമായ അനന്തതയിലേക്ക് നോക്കി ഗഹനമായ ചിന്തയിൽ ആമഗ്നനായി. പതിയെപ്പതിയെ ആ സമ്മേളനത്തിന് ഒരു പശ്ചാത്തലമെന്നോണം അവിടെ ഉറുമി വലിച്ചുരുന്നതുപോലുള്ള  ഒരു ശീൽക്കാര ശബ്ദം  രൂപപ്പെട്ടുവന്നു.. അത് ക്രമേണ ശക്തിയാർജ്ജിച്ചു .അതുവരെ അവിടെ നിറഞ്ഞുനിന്നിരുന്ന ശക്തിയായ പ്രകാശവും പതുക്കെ മങ്ങി വന്നു.
 
വലിയൊരു മഹാന്ധകാരം അവിടെ വ്യാപിച്ചു. ദൈവസന്നിധിയിൽ മാത്രം ഒരു നീല പ്രകാശം. അതിൻറെ പ്രഭയിൽനിന്ന് മാലാഖമാർ സൃഷ്ടിച്ച ഛായാമയൂരങ്ങൾ എണ്ണമറ്റ ആത്മാക്കളുടെ മഹാതതിക്കു മേലെ ആശ്വാസമെന്നപോലെ പതുക്കെ ചിറകുകൾ വീശിക്കൊണ്ടിരുന്നു.
----------------------
Doctor by profession, pediatrician in government health services..
Now working at district hospital Nilambur..
Published ten books including two books by Bhasha Institute..
Now residing at Parappanangadi
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

View More