Image

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

Published on 14 April, 2021
രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)
സന്ധ്യയുടെ ചെമ്പരത്തികയ്യിൽ
തൂങ്ങിയാണ് രാത്രി
ആദ്യമായി ഇറങ്ങി വന്നത്.

വിശപ്പിന്റെ വിരല് ചൊറിഞ്ഞപ്പോ
സൂര്യന്റെ മഞ്ഞ വള്ളി
കൊണ്ട് തോരൻ ഉണ്ടാക്കിയതും,
പുഴയുടെ മുളകരച്ച്
തിരമാലകളുടെ തേങ്ങാ ചിരവി
കാടിന്റെ പുളി കൂട്ടി ചേർത്ത്
ചമ്മന്തിയുടെ മഴവില്ല്
ഇരുട്ടിന്റെ പായേല് നിരത്തിയതും
മറവിയുടെ കിണറ്റിലേക്ക് വീണു പോയിട്ടില്ല.

കിടക്കപായിൽ മുള്ളിയപ്പോ
ചന്ദ്രനും നക്ഷത്രവും
മുങ്ങി കിടന്നത്,
കൊക്കിനെ പോലും
കറുപ്പിച്ച് ആളെ മാറ്റിയത്,
കോളനി ഒഴിപ്പിക്കാൻ വന്നപ്പോ
രാത്രിയുടെ മാറിൽ
വീടും മുറ്റവും
ഒളിച്ചു കിടന്നുറങ്ങിയത്,
മറക്കുമോ ഞങ്ങൾ,
കാലം കയ്യിലിരുന്ന് വറ്റിയാലും!!
മറക്കുമോ,
നേരം ഇലച്ചീന്തിൽ വിളമ്പി തീർന്നാലും!!

രാത്രിയുടെ മുടികറുപ്പിൽ മറഞ്ഞിരുന്നാണ്
ഞങ്ങൾ തൊട്ട് തീണ്ടാത്തവർ
വാക്ക് കട്ടെടുത്തിരുന്നത്.
ആ വാക്കിലുണർന്നാണ്
ഞങ്ങൾ കറുത്തവർ
കവിതെഴുതിയത്.
ഇനിയും പറയുമോ
നിന്നെ ഞങ്ങൾ ഒറ്റി കൊടുത്തെന്ന്.
ചോര ചാറി ചോപ്പിച്ച്,
മാംസം പുറത്തെടുത്ത് വേവിച്ച്,
മജ്ജ നിന്റെ(നിങ്ങളുടെ)വെളുത്ത വാക്കിൽ ചുട്ടെരിച്ച്,
എന്റെ കവിത നീ ( നിങ്ങൾ കുറേ പേർ )
കൊമ്പിൽ കോർത്തു വെച്ച്,
പിന്നെ പിച്ചി ചീന്തി രസിച്ച്,
ചവച്ച് തുപ്പി കളിച്ച്,
ഇല്ല പക്ഷെ നീ വാഴുകില്ല
എന്റെ വിഷത്തിൽ എന്നേ
നീ ചത്തു പോയി!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക