-->

America

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

Published

on

പുലര്‍ച്ചെ തലയ്ക്കുമീതെ എന്നവണ്ണം ട്രെയിന്‍ പായുന്ന പതിവ് ശബ്ദം കേട്ടാണ് പപ്പന്‍ കണ്ണുതുറന്നത്. നേരം അഞ്ചുമണി എങ്കിലും ആയിട്ടുണ്ട്. പാസഞ്ചര്‍ ആണോ പോയത്? അതോ ഏതെങ്കിലും ചരക്കുവണ്ടിയാണോ? റെയില്‍വേ പുറംപോക്കിന്റെ ഇത്തിരി കൂരയില്‍ പപ്പന്‍ വീണ്ടും പുതച്ചുകിടന്നു.
    
മങ്കയുടെ ഭാഷാപരിജ്ഞാനം അനര്‍ഗ്ഗളം പപ്പനെ ലക്ഷ്യമാക്കി പ്രവഹിക്കുന്നുണ്ട്. മേലനങ്ങിയാല്‍ വിശര്‍പ്പിന്റെ അസുഖമുള്ള പപ്പനെ എന്ത് ചെയ്യുവാനാണ്? കുറെ കഴിഞ്ഞപ്പോള്‍ മങ്ക വചനങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ല. അവള്‍ പണിക്കുപോയെന്നു പപ്പന് മനസ്സിലായി. കൂരയുടെ മൂലയില്‍ കനല്‍ എരിഞ്ഞുകിടപ്പുണ്ട്. അതിനു മുകളില്‍ ചുളിഞ്ഞു മാങ്ങാണ്ടി ഷേപ്പില്‍ ഒരു കാപ്പിക്കലവും. എന്തൊക്കെയായാലും മങ്ക സ്‌നേഹം ഉള്ളവളാണ്. ഒരു കട്ടന്‍ ബാക്കി കലത്തില്‍ വെച്ചേച്ചാണ് അവള്‍ ഉദ്യോഗത്തിനു പോയിരിക്കുന്നത്. പട്ടണത്തിലെ ഫ്‌ളാറ്റുകളിലെ കൊച്ചമ്മമാരുടെ പ്രധാന സഹായിയാണ് മങ്ക.
    
കട്ടന്‍ മട്ടുവരാതെ ശ്രദ്ധാപൂര്‍വ്വം സ്റ്റീല്‍ ഗ്ലാസ്സില്‍ പകര്‍ത്തി പപ്പന്‍ കൂരയുടെ കോലായിലിരുന്നു പ്രകൃതിഭംഗി ആസ്വദിച്ചു. മുന്‍പില്‍ റെയില്‍വേ ട്രാക്കാണ്. ടയറു കത്തുന്ന ദുര്‍ഗന്ധം അവിടെ മുഴുവനും മൂടിയിട്ടുണ്ട്. കുറെ തെണ്ടി പെറുക്കി പിള്ളേര്‍ രാവിലെതന്നെ കാലിച്ചാക്കുമായി കാലികുപ്പികളും സോഡാകാനുകളടക്കം ആക്രിസാമഗ്രികള്‍ തപ്പി ഇറങ്ങിയിട്ടുണ്ട്. ഭൂമി കുലിക്കിക്കൊണ്ടു വേണാടു പാഞ്ഞുപോയി. ഒരു കാലൊടിഞ്ഞ കൊടിച്ചിപ്പട്ടി പ്രതീക്ഷയോടെ പപ്പനെ കുറെനേരം നോക്കിനിന്നു. നേരം വെളുത്തുതുടങ്ങിയിട്ടുണ്ട്. അകലെയുള്ള ക്ഷേത്രത്തില്‍നിന്ന് ദേവീസ്തുതികള്‍ അവ്യക്തമായി കേള്‍ക്കാം. പപ്പന്‍ പതിയെ എഴുന്നേറ്റ് ഉരിഞ്ഞുപോയ മുഷിഞ്ഞ കൈലി ഒന്നുകൂടി അരയോട് ചേര്‍ത്തു മുറുക്കിയുടുത്തു. എന്തോ ഒരു ഉള്‍വിളി; റെയില്‍വേ ട്രാക്ക് ലക്ഷ്യമാക്കി നടന്നു.
    
പ്രഭാതത്തിന്റെ തിരക്കിലേക്ക് തെരുവ് ഉണര്‍ന്നു വരുന്നതേയുള്ളൂ. പപ്പന്‍ തന്റെ മോര്‍ണിംഗ് സര്‍ക്കീട്ടിന് ഇറങ്ങിയതാണ്. കൂടെ തിന്നാന്‍ എന്തെങ്കിലും തരപ്പെടുവോന്നും നോക്കണം. പപ്പന് കാലുകള്‍ നടക്കുമ്പോള്‍ അത്ര സമരസപ്പെടാറില്ല. നടത്തം തുടങ്ങുമ്പോള്‍ കുറച്ചു കഥകളിച്ചുവടുകള്‍ വയ്ക്കണം. ഗിയറില്‍ വീണുകഴിഞ്ഞാല്‍ വണ്ടി പതിയെ നീങ്ങിക്കൊള്ളും.
    
പപ്പന് സുപരിചിതമായ തെരുവിന്റെ ഒരു വശത്തു മമ്മതിന്റെ സ്റ്റേഷനറി കട, ഗോപാലന്‍ നായരുടെ ശ്രീകൃഷ്ണവിലാസം ടീ ഷോപ്പ്, തങ്കപ്പന്റെ ബാര്‍ബര്‍ സലൂണ്‍, രാജന്‍പിള്ളയുടെ വാച്ചു റിപ്പയറിംഗ് ഷോപ്പ്, സൈമണിന്റെ ചെരിപ്പുകട, ഒന്നും തുറന്നിട്ടില്ല. തൂപ്പുകാരി പെണ്ണുങ്ങള്‍ കലപില ചിലച്ചുകൊണ്ട് തെരുവ് അടിച്ചുവാരുന്നു. ചന്തമുക്ക് വരെ പപ്പന്‍ നടക്കാന്‍ മടിയുള്ള കാലുകളും വലിച്ചു പയ്യെ നടന്നു. അടുത്ത ടീഷോപ്പില്‍നിന്നും ഇഡ്ഡലിക്കുള്ള ചമ്മന്തിക്ക് കടുക് വറുക്കുന്ന മണം മൂക്കില്‍ അടിച്ചു; അതും ആസ്വദിച്ചു അവിടെയൊന്ന് ചുറ്റിപറ്റി നിന്നു.
    
വീട് പുലര്‍ത്തുന്നത് മങ്കയാണെങ്കിലും അല്ലറ ചില്ലറ തെരുവ് പണികള്‍ ചെയ്തു അന്നന്നത്തെ അപ്പത്തിനും, വൈകുന്നേരത്തെ പാനീയത്തിനും ഉള്ളവക പപ്പന്‍ ഉണ്ടാക്കും. ചെരിപ്പുകടയിലയും ബാര്‍ബര്‍ഷോപ്പിലെയും പൊടി തുടച്ചു വൃത്തിയാക്കല്‍ ആണ് പ്രധാന പണി, അല്ലറ ചില്ലറ കിട്ടും, ഹോട്ടല്‍ ക്ലീനിംഗ് നടത്തി ശാപ്പാടും തരപ്പെടും.
    
രാവിലത്തെ ഇഡ്ഡലിയെപറ്റിയുള്ള സുന്ദര ഓര്‍മ്മയില്‍ നിന്നപ്പോഴാണ് തങ്കമണി റോഡിന്റെ ഓരത്തുകൂടി വരുന്നതുകണ്ടത്. കണ്ടിട്ട് തലേന്ന് രാത്രി നല്ല കോള് ഒത്തിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു. എണ്ണക്കറുപ്പാണ് പെണ്ണിന്. ചുമന്ന കല്ല് മൂക്കുത്തി പ്രഭാതകിരണമേറ്റ് ഒന്നു തിളങ്ങി. ഷിഫോണ്‍ സാരി അലസമായി ഇട്ടു ഒരു ഹാന്‍ഡ്ബാഗും വീശി പപ്പന് ഒരു ചെറുചിരി സമ്മാനിച്ച് അവള്‍ കടന്നുപോയി.
    
റെയില്‍വേ പുറമ്പോക്കില്‍തന്നെയാണ് തങ്കമണിയുടെയും വീട്. കൃത്യമായി പറഞ്ഞാല്‍ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ഡംപിംങ്ങിന്റെ അടുത്തായിട്ടുവരും. പലപ്രാവശ്യം അവിടംവരെ ഒന്നു പോകണം എന്നുണ്ടായിരുന്നു. കാളീയ മര്‍ദ്ദനത്തിനു തയ്യാറെടുത്തു നില്‍ക്കുന്ന മങ്കയെ ഓര്‍ക്കുമ്പം അതങ്ങു വിഴുങ്ങും. എന്നെങ്കിലും ഒരിക്കല്‍ അവളുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കണം; ഒന്നിനും അല്ല വെറുതെ...
    
പപ്പന്റെ കുഴിമടിമൂലമാണ് ഇനിയും തനിക്ക് സന്താനഭാഗ്യം ഉണ്ടാവാത്തത് എന്നാണ് മങ്കയുടെ കണ്ടുപിടുത്തം. അപ്പോള്‍ പിന്നെ തങ്കമണിയുടെ അതിഥിമന്ദിരത്തില്‍ പപ്പനെ കണ്ടാല്‍ മങ്ക പൂരപ്പാട്ടുപാടിയാല്‍ അവളെ കുറ്റംപറയാന്‍ പറ്റില്ല.
    
തങ്കമണിയുടെ വീടും പരിസരവും ഒന്നു കാണുക എന്ന ഗൂഢലക്ഷ്യത്തില്‍ തന്നെയാണ് അന്നുച്ചയ്ക്ക് കാട്ടുചേമ്പിലക്കാടുകള്‍ വകഞ്ഞു പപ്പന്‍ അവളുടെ കൂരയ്ക്കടുത്തെത്തിയത്. കോലായില്‍ ഒരു പത്തുവയസ്സുകാരി കുന്തംകാലിലിരുന്ന് തലചീകി പേന്‍കൊല്ലുന്നുണ്ട്. നല്ല വെളുത്ത് ആപ്പിള്‍നിറമുള്ള പെങ്കൊച്ച് നിലയും വിലയുമുള്ള ഏതോ മാന്യദേഹത്തിന്റെ സമ്മാനമാകണം. തങ്കമണി ഡ്യൂട്ടികഴിഞ്ഞുള്ള ഉറക്കം തീര്‍ത്ത് കുട്ടിയുടെ അടുത്ത് ദിവാസ്വപ്നവും കണ്ടിരിക്കുന്നു. എല്ലരിച്ച ഒരു തള്ള പുറത്തെ ചതുപ്പില്‍ തപ്പിനടന്ന് ചുള്ളിക്കമ്പുകള്‍ പെറുക്കുന്നുണ്ട്. പപ്പന്‍ ചെറുതായി ചുമച്ചു തന്റെ സാന്നിദ്ധ്യം അറിയിച്ചു. തങ്കമണി ചുമലിനു മുകളിലൂടെ തലതിരിച്ചു "എന്താ' എന്നര്‍ത്ഥത്തില്‍ നോക്കി. പപ്പന്‍ ധൈര്യം സംഭരിച്ചു പറഞ്ഞു. ""ഒന്നൂല്ല... ചുമ്മാതെ ഒന്നു....''
    
എടുത്തടിച്ചതുപോലെയുള്ള മറുപടി പെട്ടെന്നു വന്നു. ""ചേട്ടാ വെറുതെ കൊണ്ടുപോയിട്ടുകാര്യമില്ല. കാശുവല്ലതും ഉണ്ടെങ്കിലേ കാര്യം നടക്കൂ.'' പപ്പന്‍ ഒന്നു പരുങ്ങി; തള്ള എന്തോ പിറുപിറുത്തുകൊണ്ട് കൂരയുടെ പുറകുവശത്തു മറഞ്ഞു. പത്തുവയസ്സുകാരി പേന്‍വേട്ടയില്‍ മുഴുകി ഇരിക്കുന്നു. കുഞ്ഞുങ്ങളെ കണ്ടാല്‍ എന്തൊക്കെയായാലും പപ്പന്റെ ഉള്ളില്‍ ഒരു വിങ്ങലാണ്. മങ്ക കുറ്റപ്പെടുത്തുന്നതുപോലെ തന്റെ പിടിപ്പുകേടുകൊണ്ടു കിട്ടാതെ പോയ കനികള്‍.
    
പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല വെറുതേ തങ്കമണിയുടെ വീടൊന്നു കാണാന്‍ പോയതാണ്. പക്ഷെ മങ്ക അപമാനിച്ചിട്ടിരിക്കുന്ന തന്റെ പുരുഷത്വത്തെ ഇവളും അപമാനിച്ചതുപോലെ തോന്നി പപ്പന്. കുഞ്ഞിന്റെ മുഖത്ത് പപ്പന്റെ കണ്ണ് ഒരു നിമിഷം തങ്ങി, തലതാഴ്ത്തി വന്ന ഊടുവഴിയെ തിരിഞ്ഞു നടന്നു.
    
പിന്നെ പലപ്പോഴായി തങ്കമണിയെ പപ്പന്‍ തെരുവിന്റെ ഓരത്തു ഇടപാടുകാരുമായി വിലപേശിയും, റെയില്‍വേട്രാക്കിലും ഒക്കെ കണ്ടിട്ടുണ്ട്. സന്ധ്യകളില്‍ വിരിഞ്ഞ മന്ദാരംപോലെയും, പുലര്‍ച്ചകളില്‍ തണ്ടൊടിഞ്ഞ ചെന്താമരപോലെയും അവള്‍ നടന്നു നീങ്ങും. പപ്പനെ കാണുമ്പോള്‍ ഒരു പുഛച്ചിരിയാണ് ചുണ്ടുകളില്‍.
    
അഞ്ചുരൂപയ്ക്ക് നിലക്കടലയും കൊറിച്ചുകൊണ്ട് ഇടവഴിയിലൂടെ നടന്നുവരുമ്പോഴാണ് സ്കൂള്‍ വിട്ടുവരുന്ന തങ്കമണിയുടെ മോളെ വീണ്ടും പപ്പന്‍ കാണുന്നത്. കോണുകുത്തിയ നിലക്കടല പപ്പന്‍ അവളുടെ നേര്‍ക്കുനീട്ടി. ഒന്നു മടിച്ചെങ്കിലും അവള്‍ അത് വാങ്ങിതിന്നു. കൗതുകത്തോടെയും വര്‍ദ്ധിച്ച സന്തോഷത്തോടെയും പപ്പന്‍ അതു നോക്കിനിന്നു.
    
അന്നു രാത്രി പപ്പന്‍ മങ്കയോടു പറഞ്ഞു ""മങ്കമ്മോ... നീ എന്റെ കൂടെ പൊറുതിയായിട്ട് പത്തുപന്ത്രണ്ടു വര്‍ഷം ആയില്ലേടീ... നമ്മക്കൊരു കൊച്ചൊണ്ടാരുന്നെങ്കില്‍ ഒരു പത്തുവയസ്സു കണ്ടേനെ അല്ലിയോടീ''. മങ്ക മൂളികേള്‍ക്കുകമാത്രം ചെയ്തു.
    
പിറ്റേന്ന് രാവിലെ റെയില്‍വേട്രാക്കില്‍ ഒരു ആള്‍ക്കൂട്ടം കണ്ടാണ് പപ്പന്‍ ഞൊണ്ടിഞൊണ്ടി അങ്ങോട്ടു ചെന്നത്. ആള്‍ക്കൂട്ടത്തില്‍നിന്ന് ആരോ പറയുന്നു ""കൊന്നു റയില്‍ട്രാക്കില്‍ കൊണ്ടിട്ടതാണെന്നു തോന്നുന്നു''. പപ്പന്‍ ഏന്തിവലിഞ്ഞു നോക്കി. ചുവന്ന മുക്കുത്തിയില്‍ തട്ടിയുള്ള പ്രകാശമാണ് ആദ്യം കണ്ണില്‍ അടിച്ചത്. അടുത്തിരുന്നു കരയുന്ന പത്തുവയസ്സുകാരിയുടെ ഓമന മുഖവും.
    
ചുറ്റുംനിന്ന് സീന്‍കാണുന്ന കഴുകന്‍ കണ്ണുകള്‍ ആ കുഞ്ഞിന്റെ മേലും ആഴ്ന്നിറങ്ങുന്നത് പപ്പന്‍ ഒരു ഉള്‍ക്കിടിലത്തോടെ തിരിച്ചറിഞ്ഞു.
    
തനിയാവര്‍ത്തനം ഉണ്ടാകാനുള്ള ചുറ്റുപാടുകളൊക്കെ ഒരുങ്ങിക്കഴിഞ്ഞു.
    
പപ്പന്‍ മുണ്ടൊന്നു മാടികുത്തി ആളുകള്‍ക്കിടയിലൂടെ ഇറങ്ങിച്ചെന്ന് ആ പത്തുവയസ്സുകാരിയുടെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. അപ്പോഴാണ് കഷണ്ടികയറിയ ഒരു മാന്യദേഹം അവനെ തടഞ്ഞുകൊണ്ട് ചോദിച്ചത്. ""നിങ്ങള്‍ ഈ കുട്ടിയുടെ ആരാ ഇതിനെ കൊണ്ടുപോകാന്‍?'' പെട്ടെന്ന് അവളുടെ അമ്മ പറഞ്ഞതും ആ തന്റേടവും പപ്പന്‍ ഓര്‍ത്തു. സ്വതവേ ഉള്‍വലിഞ്ഞ സ്വഭാവമുള്ള പപ്പന്‍ എല്ലാവരോടുമായി ഉറക്കെ പ്രഖ്യാപിച്ചു. ഞാനാണിവടെ അച്ഛന്‍.
    
കൂരയിലേക്കു തിരികെ കയറിവന്ന അവരെ കുഞ്ഞിന്റെ നെറുകയില്‍ മുത്തമിട്ടാണ് മങ്ക സ്വീകരിച്ചത്. എന്നിട്ടു പപ്പന്റെ ഉള്ളില്‍ കുളിരുകോരിയിട്ടുകൊണ്ട് അവള്‍ പറഞ്ഞു ""ഈ പപ്പേട്ടന്‍ ആദ്യമായിട്ടാണ് ഒരു നല്ലകാര്യം ചെയ്തത്. ഇനി നമുക്ക് ഇവളുണ്ടല്ലോ''.
നിഷ മാവിലശ്ശേരില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

വരുവിൻ, കാണുവിൻ, ധൃതംഗപുളകിതരാകുവിൻ (നർമ്മകഥ: നൈന മണ്ണഞ്ചേരി)

Is Love Real or Does an Arranged Marriage Just Make Sense? (Asha Krishna)

സന റബ്സിന്റെ ഏറ്റവും പുതിയ നോവലെറ്റ് --- വെയിട്രസ്

മഷിക്കുമിളകൾ (രാജൻ കിണറ്റിങ്കര)

ജാതകദോഷം (ചെറുകഥ: സാംജീവ്)

എങ്കില്‍ (കവിത: വേണുനമ്പ്യാര്‍)

കുട്ടൻ (കവിത: ശങ്കരനാരായണൻ മലപ്പുറം)

ജന്മം (കവിത: ദീപ ബിബീഷ് നായര്‍)

അനിത (കഥ : രമണി അമ്മാൾ)

എന്റെ പ്രണയം (ജയശ്രീ രാജേഷ്)

View More